Flash News

ഇന്ത്യന്‍ ജനാധിപത്യത്തിലെ അലങ്കാര മത്സ്യങ്ങള്‍

January 30, 2020 , കാരൂര്‍ സോമന്‍

Indian alankara malsyangal bannerകേരള നിയമസഭയിലും പുറത്തും നടക്കുന്ന പൊറാട്ട് നാടകങ്ങള്‍ ലോക മലയാളികള്‍ ആശങ്കയോടെയാണ് കാണുന്നത്. ആരാണ് അപഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിടുക്കര്‍ എന്നതും പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നു. സി.പി.എം. മാത്രമല്ല ഇന്ത്യയിലെ ഭൂരിഭാഗമാളുകളും പറയുന്നത് ഈ ഗവര്‍ണര്‍ പദവി ഒരു ബാദ്ധ്യതയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുള്ളപ്പോള്‍ പാവങ്ങളുടെ നികുതി പണം എന്തിനിങ്ങനെ ചിലവഴിക്കണം? ബ്രിട്ടീഷ്കാര്‍ ആകര്‍ഷകങ്ങളായ ധാരാളം അലങ്കാര മത്സ്യങ്ങളെ നമ്മുക്ക് തന്നിട്ടാണ് മടങ്ങിയത്. അത് ഗവര്‍ണര്‍ പദവിയില്‍ മാത്രം ചുരുക്കരുത്. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ ഒരു ഗവര്‍ണറെ മാറ്റുന്നതിനെക്കാള്‍ ഇന്ത്യയിലുള്ള ജമ്പോ മന്ത്രിസഭകളെ പിരിച്ചു വിട്ട് സംസ്ഥാനത്തിന്റ പരമാധികാര0 ഒരു ഗവര്‍ണര്‍ക്ക് കൊടുത്തിട്ട് ഓരോ ജില്ലകള്‍ ഭരിക്കാന്‍ കളക്ടര്‍മാര്‍ പോരായോ? അങ്ങനെയുണ്ടായാല്‍ പാവങ്ങളുടെ നികുതി പണം ധൂര്‍ത്തടിച്ചു കളയാതിരിക്ക മാത്രമല്ല അഴിമതിയും സ്വജനപക്ഷവാദവും, അനീതിയും ദാരിദ്യവും മാറി രാജ്യം പുരോഗതിയിലേക്ക് ഉയരുക തന്നെ ചെയ്യും. എഴുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായമയും തുടച്ചു മാറ്റാന്‍ കഴിയാത്ത വ്യവസ്ഥിതി ഇങ്ങനെ എന്തിന് തുടരണം? യൂവ ജനങ്ങള്‍ ഇത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. അലങ്കാര മത്സ്യങ്ങളെ ചില്ലിലടച്ചു സൂക്ഷിക്കുന്നതുപോലെ ഇവരെ പോലീസ് വലയത്തില്‍ സൂക്ഷിക്കുന്നത് ആര്‍ക്കുവേണ്ടി?

WRITING-PHOTO-reducedവികസനത്തില്‍ ഇന്ത്യന്‍ ജനാധിപത്യം കുറെ സമ്പന്നന്മാരെ വളര്‍ത്തി വലുതാക്കി നമുക്ക് തന്നു. അവരൊക്കെ തെരെഞ്ഞുടുപ്പുകളില്‍ കോടികളാണ് മുടക്കുന്നത്? ആര്‍ക്ക് വേണ്ടി? എന്തിന് വേണ്ടി? ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ കാലമായിരിക്കെ അധികാരമെന്ന ആനന്ദസാഗരത്തില്‍ മുങ്ങികുളിക്കുന്ന ഈ അലങ്കാരമത്സ്യങ്ങളെക്കുടി ഉള്‍പ്പെടുത്താവുന്നതാണ്. ആനയുടെ പിറകെ കുട്ടികള്‍ പോകുന്നതുപോലെയാണ് പാവങ്ങള്‍ മാത്രമല്ല കലാ സാംസ്കാരിക കായിക രംഗത്തുള്ളവരും തിരുവായ്‌ക്കെതിര്‍വായില്ലെന്ന ഭാവത്തില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത്. ഒന്ന് നിന്നുകൊടുത്താല്‍ മതി മധുരം ഇരട്ടിയാണ്. ഇത് കേരളം മാത്രമല്ല ഇന്ത്യയാനുഭവിക്കുന്ന ദുരവസ്ഥയാണ്. എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍.

സര്‍ക്കാര്‍ തെറ്റ് ചെയ്താല്‍ തിരുത്തേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. നിയമപരമായി കടലാസിന്റ് വിലയില്ലാത്ത ഒരു പ്രമേയത്തില്‍ കഥാപാത്രങ്ങളായത് ജനങ്ങള്‍ മാത്രമല്ല 163244 (2) റൂള്‍ 18 (3) 356 തുടങ്ങി ധാരാളം വകുപ്പുകളാണ്. ഒരു ഫോണില്‍, കത്തില്‍ അല്ലെങ്കില്‍ ഒരു കൂടിക്കാഴ്ചയില്‍ തീരേണ്ട വിഷയത്തെ കാട്ടുതീപോലെയാണ് ലോകമെങ്ങും കത്തിച്ചുവിട്ടത്.

ആര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി നിന്നത് രാജ്യത്തിന് മാതൃകയായി. ഗവര്‍ണര്‍ എതിര്‍പ്പുകളൊന്നും കൂടാതെ സര്‍ക്കാരിന്റ നയപ്രഖ്യാപന0 വായിച്ചതും നന്ന്.

ഇന്ന് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ച നയപ്രഖ്യാപനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ഏതാനം ആഴ്ചകളായി അദ്ദേഹവും സര്‍ക്കാരും നടത്തിക്കൊണ്ടിരുന്ന പരസ്യവിവാദങ്ങള്‍ എത്ര വേഗത്തിലാണ് കെട്ടടങ്ങിയത്. ഈ വിവാദങ്ങള്‍ സജീവമായി നിലനിര്‍ത്തിയത് എന്തിനാണ്? ഇതിലൂടെ മുട്ടുമടക്കിയത് ആരാണ്? പറഞ്ഞതെല്ലാം വെറും പാഴ്വാക്കുകളോ? ബി.ജെ.പി. മുന്നോട്ട് വെച്ച പൗരത്വ നിയമം കോടതിയുടെ മുന്നിലുള്ള കാര്യമാണ്. പരസ്പരം പോരടിച്ചതല്ലാതെ എന്ത് നേട്ടമാണ് കേരള ജനതക്കുണ്ടായത്? എല്ലാം വോട്ടിന് വേണ്ടിയെന്ന് തുറന്നു പറയുമോ? ഒന്നും നേടിയെടുക്കാതെ അബദ്ധജടിലങ്ങളായ വിവാദങ്ങളുണ്ടാക്കിയവര്‍ കേരള ജനതയോട് മാപ്പു പറയാന്‍ തയ്യാറാണോ?

കേരള നിയമ നിര്‍മ്മാണസഭ 1957 മാര്‍ച്ച് 16 ന് നിലവില്‍ വന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് 1888 ല്‍ തിരുവിതാംകൂറില്‍ ആദ്യമായിയുണ്ടാക്കിയ നിയമനിര്‍മ്മാണ സഭയാണ് പിന്നീട് കേരള നിയമസഭയായി മാറിയത്. ജനാധിപത്യത്തില്‍ നിയമസഭകള്‍ക്ക് പരമോന്നതസ്ഥാനമുള്ളതുപോലെ സംസ്ഥാനത്തിന്റ പരമാധികാരി ഗവര്‍ണറാണ്. കേരള സംസ്ഥാനം ജന്മമെടുത്തതിന് ശേഷം 22 സര്‍ക്കാരുകളും 21 ഗവര്‍ണറന്മാരും കേരളം ഭരിച്ചു. ഇ.എം.എസിന്റ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1959 ജൂലൈ 31 ന് രാഷ്ട്രപതി വിമോചന സമരത്തിന്റ പേരില്‍ പിരിച്ചുവിട്ടു. അന്ന് കാണാത്ത ഒരു പോരാട്ട വീര്യമാണ് ഇന്ന് എല്ലാം മാധ്യമങ്ങളിലും കണ്ടത്. ഒടുവിലത് പൊറാട്ട് നാടകമായി മാറുകയും ചെയ്തു. ഇതിനുള്ളിലെ ഗുഢലക്ഷ്യം ലാവലിന്‍ കേസെന്ന് പ്രതിപക്ഷം പറയുന്നു. ഇതിലൂടെ ജനത്തിന് നല്‍കുന്ന സന്ദേശമെന്താണ്? അധികാരികള്‍ കോടതികളെക്കുടി കാല്‍ചുവട്ടിലാക്കിയോ? കുറ്റവാളികളെ സൃഷ്ഠിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് നല്ലൊരു പങ്കുള്ളത് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഗുരുതരമായ കേസുകളില്‍ അധികാരികള്‍ എന്തിനാണ് ഇടപെടുന്നത്? എന്തിനാണിവര്‍ പ്രതിബന്ധം സൃഷ്ഠിക്കുന്നത്? എതിര്‍ശബ്തങ്ങളെ എന്തിന് ഭയക്കുന്നു?കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അതിനല്ലേ ഒരു ജനപ്രിയ സര്‍ക്കാര്‍ കൂട്ടുനില്‍കേണ്ടത്?

കേരള രാഷ്ട്രീയം കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്നത് കാണുമ്പൊള്‍ മൈതാനത്തു് നടക്കുന്ന പന്തുകളിപോലുണ്ട് . റഫറിമാരായി വരുന്നത് ഭരണപക്ഷവും പ്രതിപക്ഷവുമാണ്. കളിക്കാരായി വരുന്നത് ജാതി മത, സമുദായ നേതാക്കന്മാര്‍. കളി കണ്ടിരുന്ന് കയ്യടിക്കുന്നത് ജാതിമതങ്ങളില്‍ മുങ്ങിപോയവര്‍. ഗോളടിച്ചു ജയിച്ചാല്‍ ഭരണം കിട്ടും. കേസുകളുണ്ടെങ്കില്‍ അതില്‍ നിന്ന് രക്ഷപ്പെടുത്തും. പരീക്ഷ എഴുതിയില്ലെങ്കിലും പാസാക്കും. പദവിയും പത്രാസും കിട്ടും. എന്തും സര്‍ക്കാര്‍ ചിലവില്‍ നടത്തി കൊടുക്കും. അവരുടെ മുന്നില്‍ പാവങ്ങളുടെ കണ്ണീര്‍പ്രവാഹത്തിന് എന്ത് വില. വോട്ടിനും അധികാരം നിലനിര്‍ത്താനും എന്തെല്ലാം അഭ്യാസങ്ങളാണ് നടക്കുന്നത്. സമൂഹത്തില്‍ എതിര്‍ത്ത് തോല്‍പ്പിക്കേണ്ട എത്രയോ തിന്മകള്‍, നീറുന്ന പ്രശ്‌നങ്ങളുണ്ട്. രാഷ്ട്രം നേരിടുന്ന സാമുഹ്യ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ എല്ലാവര്ക്കും വലുത് രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. അധികാരമാണ് ഇവരുടെയെല്ലാം ഏക ലക്ഷ്യ0. അതിന് ഏത് ചെകുത്താനെയും കുട്ടുപിടിക്കും. പാവങ്ങളുടെ ദുഃഖ ദുരിതങ്ങള്‍ എന്തിനറിയണം? ഇത് സമൂഹത്തിന് നല്‍കുന്നത് അരക്ഷിതാവസ്ഥയാണ്. ഗാന്ധിജി മുതല്‍ പടുത്തുയര്‍ത്തിയ ജനാധിപത്യ സൗന്ദര്യ ബോധം ജാതിമതങ്ങളുടെ ഉല്പന്നങ്ങളായി മാറിയിരിക്കുന്നു. ഇതെല്ലം നിര്‍വികാരതയോടെയാണ് വിവേകമുള്ള മനുഷ്യര്‍, നിഷ്പക്ഷമതികള്‍, മതേതര ജനാധിപത്യവാദികള്‍ കാണുന്നത്.

രണ്ട് അധികാര കേന്ദ്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനി എഴുതി “ഗവര്‍ണറുടെ രാഷ്ട്രീയക്കളി”. ഈ പത്രം ഇങ്ങനെ പലരെപ്പറ്റിയും എഴുതാറുണ്ട്. ഗവര്‍ണര്‍ അങ്ങനെയൊരു രാഷ്ട്രീയക്കളി നടത്തിയെങ്കില്‍ ആ കളി എന്തുകൊണ്ട് നിയമസഭയില്‍ കണ്ടില്ല? മുന്‍പ് പറഞ്ഞ ശക്തമായ വികാരം അവിടെ നിന്നപ്പോള്‍ ഒലിച്ചുപോയോ? അദ്ദേഹത്തെ നിയമ സഭയില്‍ തടഞ്ഞത് നാണക്കേടെന്ന് മുതിര്‍ന്ന ബി.ജെ.പി. അംഗം ഒ.രാജഗോപാല്‍ പറഞ്ഞത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്ന കാര്യമല്ല. അതെ സമയം നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്ക്കരിച്ചതും ഒരു കുറ്റമായി കാണാനാകില്ല. ഏത് പാര്‍ട്ടിയായാലും എന്തിനും ജനപിന്തുണയാണ് പ്രധാനം. പല ജനകിയ വിഷയങ്ങളിലും പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിഗുഢതകള്‍ അവര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നു. ജനത്തിന് മുന്നില്‍ നിസ്വാര്‍ത്ഥ സേവകരെന്ന് തോന്നിപ്പിക്കു0 വിധമാണ് നല്ലൊരു പറ്റം സാമുഹ്യ പ്രവര്‍ത്തകരും രംഗത്തു വരുന്നത്. സമൂഹം നേരിടുന്ന വെല്ലുവിളികളേക്കാള്‍ അധികാരത്തിലിരിന്ന് സമ്പത്തുണ്ടാക്കുന്ന വെല്ലുവിളിയാണ് ഇവര്‍ ഏറ്റെടുക്കുന്നത്. അവരുണ്ടാക്കിയ സമ്പത്തു പരിശോധിച്ചാല്‍ നിസ്വാര്‍ത്ഥ സേവനത്തേക്കാള്‍ സ്വാര്‍ത്ഥന്മാരെന്ന് മനസ്സിലാകും. എത്രയോ രാഷ്ട്രീയ തൊഴിലാളികള്‍ മുതലാളിമാരായി വാഴുന്ന കാലമാണ്. അനാവശ്യങ്ങളായ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന അടുത്ത പൊറാട്ട് നാടക0 ഏത് ഗോദയിലാണ് അരങ്ങേറുക. കണ്ടതെല്ലാം പറയുന്നതിനേക്കാള്‍ കാണാനിരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി മാറ്റത്തിന് ആരാണ് മുന്നിട്ടിറങ്ങുക?

www.karoorsoman.netLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top