പൗരത്വ നിയമ ഭേദഗതി രാഷ്ട്ര നിര്‍മ്മാതാക്കളുടെ സ്വപ്നമായിരുന്നുവെന്ന് രാഷ്ട്രപ്തി രാം‌നാഥ് കോവിന്ദ്

befunky-collage-jpg_710x400xtന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പൗരത്വനിയമ ഭേദഗതിയിലൂടെ രാഷ്ട്രനിര്‍മ്മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. ഭേദഗതിയിലുടെ ആ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായതെന്ന് രാഷ്ട്രപതി പറഞ്ഞു.

“പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തും. ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടത്. ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണ്. അയോദ്ധ്യ വിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ നടപ്പാക്കി. മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി. ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്.

എട്ട് കോടി പാവപ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി. ഗ്രാമീണ മേഖലയില്‍ വികസനം കൊണ്ടുവരാന്‍ സാധിച്ചു. ജലസംരക്ഷണത്തിന് നടപടികള്‍ സ്വീകരിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ വിജയമായി.ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് വളര്‍ച്ചയുണ്ടായി. റെയില്‍വേയുടെ വികസനം ത്വരിത ഗതിയില്‍ മുന്നോട്ട് പോവുന്നു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് സർക്കാർ പരിഗണന നല്‍കും. ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന് അനുമതി നല്‍കി. പ്രതിരോധ രംഗത്തിന് മുന്തിയ പരിഗണനയാണ് . തീവ്രവാദത്തിനെതിരായ നടപടികള്‍ ശക്തമാക്കി.”- രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.

പുതിയ ഇന്ത്യ നിര്‍മിക്കാന്‍ ഈ സര്‍ക്കാറിന് അനുകൂലമായ ജനവിധിയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. സോണിയ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ മുന്‍നിര ഒഴിവാക്കി സഭയുടെ പിന്‍ നിരയിലാണ് ഇരിക്കുന്നത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പെ വെള്ളിയാഴ്ച പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment