വിപിന്‍ രാജ് ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

vipin rajവാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി.റീജിയണിലെ യുവതുര്‍ക്കി വിപിന്‍ രാജ് 2020-2022 ഭരണസമിതിയിലേക്ക് അസോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു. ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി. മേഖലയിലെ അറിയപ്പെടുന്ന യുവ നേതാവായ വിപിന്‍ രാജ് ഡി.സി. മേഖലയിലെ എല്ലാ സംഘടനകളുടെയും പൂര്‍ണ പുന്തുണയോടെയാണ് മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 16 വര്‍ഷമായി വിവിധ മേഖലകളില്‍ ഫൊക്കാനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ യുവ നേതാവ് ഡി,സി മേഖലയിലെ മലയാളികളുടെ ഇടയില്‍ ഏറെ അറിയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകനാണ്.

2004 ല്‍ ഫൊക്കാനയുടെ യൂത്ത് വിഭാഗത്തില്‍ കമ്മിറ്റി അംഗമായാണ് ഫൊക്കാന നേതൃത്വത്തിലേക്കു കടന്നു വരുന്നത്. തുടര്‍ച്ചയായി രണ്ടു വട്ടം യൂത്ത് വിഭാഗത്തില്‍ നിന്ന് നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ശേഷം 2008 -2010 ല്‍ വീണ്ടും നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-2012 കാലയളവില്‍ ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി. റീജിയണല്‍ വൈസ് പ്രസിഡണ്ടായിരുന്നു. പിന്നീട് 2014 മുതല്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയില്‍ വീണ്ടും അംഗമായി പ്രവര്‍ത്തിച്ച വിപിന്‍ 2014 – 2018 വരെ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറും ആയിരുന്നു. നിലവില്‍ ഫൊക്കാനയുടെ ഫൗണ്ടേഷന്‍ സെക്രട്ടറിയാണ്.

കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ (കെ.എ ജി .ഡബ്യു) വിന്റെ എക്സിക്യൂട്ടീവ് അംഗമായിട്ടാണ് സംഘടനാ രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വാഷിംഗ്ടണ്‍ ഡി.സി. ചാപ്റ്ററിന്റെ സജീവ പ്രവര്‍ത്തകനായ വിപിന്‍ ഒരു തികഞ്ഞ സ്പോര്‍ട്സ് പ്രേമി കൂടിയാണ്. മെരിലാന്‍ഡ് ഡി.സി.കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ‘കില്ലാഡിസ്’ സ്പോര്‍ട്സ് ക്ലബിന്റ്റെ സ്ഥാപക അംഗവും കോര്‍ഡിനേറ്ററുമാണ്.

ഫൊക്കാനയുടെ ഡി.സി. റീജിയണില്‍ നിന്ന് വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിലാണ് വിപിന് അസ്സോസിയേറ്റ് ട്രഷറര്‍ ആയി മത്സരിക്കാനുള്ള അംഗീകാരം ലഭിച്ചത്. വാഷിംഗ്ടണ്‍ ഡി.സി റീജിയണില്‍ നിന്നുള്ള എല്ലാ അംഗ സംഘടനകളിലെയും മുതിര്‍ന്ന ഫൊക്കാന നേതാക്കന്മാരുടെ പിന്തുണയും അനുഗ്രഹവവും വിപിന്‍ രാജിനുണ്ട്. ഡി. സി റീജിയണിലെ മൂന്നു സംഘടനകളിലെ പ്രസിഡന്റുമാരായ പെന്‍സ് ജേക്കബ്(കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ ) അനില്‍ കുമാര്‍(കേരള കല്‍ച്ചറര്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍) ബിജു മാത്യു (കൈരളി ഓഫ് ബാള്‍ട്ടിമോര്‍) എന്നിവര്‍ വിപിന്‍ ദാസിന് പൂര്‍ണ പിന്തുണ നല്‍കി.

വാഷിംഗ്ടണ്‍ സെയിന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ട്രസ്റ്റീ കൂടിയായ കോട്ടയം പള്ളം സ്വദേശിയായ വിപിന്‍ എസ് എസ് എല്‍ സി കഴിഞ്ഞയുടന്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. വളര്‍ന്നത് അമേരിക്കയില്‍ ആണെങ്കിലും മനസു മുഴുവന്‍ ഇപ്പോളും ജന്മനാട്ടില്‍ തന്നെ. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ആരാധകനായിരുന്ന വിപിന്‍ താന്‍ പഠിച്ച കോട്ടയത്തെ എം.ടി. സെമിനാരി ഹൈസ്‌കൂളിലെ കെ.എസ്.യൂ.വിന്റെ പാനിലില്‍ 1995 ല്‍ മത്സരിച്ചു പ്രസിഡന്റ് ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളോടുള്ള ആരാധനമൂലം പല നേതാക്കന്മാരുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് വിപിന്‍.

കമ്പ്യൂട്ടര്‍ ഇന്‍ഫോ ടെക് ബിരുദപഠനത്തില്‍ ചേര്‍ന്ന് അവിചാരിതമായി ബാങ്കിങ് മേഖലയിലേക്ക് കടന്നുവന്ന വിപിന്‍ ഡി.സി.ആസ്ഥാനമായുള്ള സാന്‍ഡി സ്പ്രിംഗ് മോര്‍ട്ടഗേജ് കമ്പനിയില്‍ മോര്‍ട്ടഗേജ് ഓഫീസര്‍ ആയി പ്രവര്‍ത്തിക്കുന്നു. മൈക്രോ ബിയോളജിസ്റ് ആയ സുജു സാമുവേല്‍ ആണ് ഭാര്യ.മക്കള്‍: സനരാജ്, ഇഷാന്‍രാജ്.

വിപിന്‍ രാജിന്റെ സ്ഥാനാര്ഥിത്വത്തിനു ഫൊക്കാന 2020-2022 ലേക്കുള്ള സ്ഥാനാര്‍ത്ഥികളായ സ്ഥാനാര്‍ത്ഥികളായി ജോര്‍ജി വര്ഗീസ് (പ്രസിഡണ്ട്-ഫ്‌ലോറിഡ), സജിമോന്‍ ആന്റണി (സെക്രട്ടറി-ന്യൂ ജേഴ്‌സി), സണ്ണി മറ്റമന (ട്രഷര്‍ ഫ്‌ലോറിഡ), കലാ ഷാഹി (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ -വാഷിംഗ്ടണ്‍ ഡി,സി), ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക്)-നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ (ചിക്കാഗോ), ജോര്‍ജി കടവില്‍ (ഫിലാഡല്‍ഫിയ)-റീജിയണല്‍ വൈസ് പ്രസിഡണ്ട്മാര്‍ എന്നിവരും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment