രോഗങ്ങള്‍ വരരുതെന്നാണ് നമ്മള് ആഗ്രഹിക്കുന്നത്. അഥവാ വന്നാലും കൃത്യമായ ചികിത്സ കിട്ടണം. രോഗം ഭേദമാകണം.
പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങളും ഉണ്ട്. അക്കാര്യം അറിഞ്ഞാലും കഴിയുന്നത നല്ല ചികിത്സ തേടി രോഗവിമുക്തി നേടാനാകും നമ്മള് ആഗ്രഹിക്കുന്നത്. ശ്രമിക്കുന്നത്. എന്നാല്‍ രോഗ ചികിത്സ എല്ലാവര്ക്കും ഒരുപോലെ സാദ്ധ്യമല്ല. പ്രാപ്യമല്ല. ചികിത്സയ്ക്കുള്ള കാശ് കണ്ടെത്തുക എപ്പോഴും എളുപ്പമല്ല.
ലോകാരോഗ്യ സംഘടനയിലും വിദേശത്തുമൊക്കെ ജോലി ചെയ്തിട്ടും എന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയുമൊക്കെ വലിയ ചികിത്സകള്‍ എന്നെ വലച്ച കാര്യം എനിക്കറിയാം. ചില സുഹൃത്തുക്കളില്‍ നിന്നും അത്യാവശം കടം വാങ്ങേണ്ടിയും വന്നിട്ടുണ്ട്. അച്ഛനും അനിയത്തിയും അകാലത്തില്‍ മരിച്ചും പോയി. എനിക്കും സന്ധ്യക്കും മക്കള്‍ക്കും ജോലി സ്ഥലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ ഞങ്ങളുടെ ചികിത്സാവശ്യങ്ങള്‍ കയ്യില്‍ നിന്നും കാര്യമായ ചെലവില്ലാതെ നടക്കും. അതൊരു വലിയ ആശ്വാസമാണ്.
ചികിത്സയ്ക്ക് പണം കണ്ടെത്തുക ഒരുപാട് പേര്‍ക്ക് എളുപ്പമല്ല. സ്വന്തം കൈയിലെ കാശു കൊടുത്ത് ചികിത്സിക്കാന്‍ കഴിയാത്ത ചിലര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവരായിരിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് പ്രിമീയത്തിനായി മാറ്റിവയ്ക്കാന്‍ ധനമുള്ളവരുടെ ശതമാനം നമ്മുടെ നാട്ടില്‍ കുറവാണ്. ജീവിതത്തിലെ നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരാണ് കൂടുതലും. വീട്, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ പ്രാഥമിക പരിഗണനകള്‍ തന്നെ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ഒരുപാടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ ധനസ്ഥിതി മെച്ചമായിരിക്കണം എന്നര്‍ത്ഥം.
ഇന്‍ഷുറന്‍സ് എടുക്കാന്‍ കഴിയാത്തവരാണ് അടുത്ത വിഭാഗം. അതില്‍ സര്‍ക്കാരാശുപത്രികളെ ആശ്രയിക്കുന്ന ഒരു വിഭാഗമുണ്ട്. പക്ഷേ നമുക്കിയാവുന്നതുപോലെ പൊതുവേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള കുറഞ്ഞ കാര്യക്ഷത സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബാധകമാണ്. മാസത്തില്‍ ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രം ഡോക്ടര്‍ വരുന്ന സര്‍ക്കാരാശുപത്രികള്‍ ഇപ്പോഴും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ സ്ഥിതി വളരെ മെച്ചമാണ്. എങ്കിലും സര്‍ക്കാരാശുപത്രികളിലെ തിരക്കും ചികിത്സകരുടെ കുറവും നീണ്ട കാത്തിരിപ്പിന്റെ ആവശ്യകതയുമൊക്കെ കാരണം കൈയില്‍ കാശില്ലാത്തവരും സ്വകാര്യാശുപത്രികളെ ആശ്രയിക്കും.
അസുഖം വരുമ്പോള്‍ രാജ്യത്ത് എഴുപത് ശതമാനത്തിലധികം മനുഷ്യര്‍ ആദ്യം സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതായാണ് പല പഠനങ്ങളും കാണിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും ദരിദ്രരാണെന്ന് പറഞ്ഞാല്‍ അതിശയം തോന്നുന്നുണ്ടോ? ദിവസേന പണിയെടുത്ത് ജീവിക്കുന്ന മനുഷ്യര്‍ക്ക് അതിരാവിലെ പണിക്ക് പോകേണ്ടി വരും. തിരികെയെത്തുമ്പോള്‍ രാത്രിയാകും. അത്തരക്കാര്‍ക്ക് ചികിത്സക്കായി തുറന്നിരിക്കുന്നത് സാധാരണ ഗതിയില്‍ സ്വകാര്യാശുപത്രികള്‍ മാത്രമാണ്. കൂടാതെ സ്വകാരാശുപത്രിയിലെ ഭേദപ്പെട്ട പെരുമാറ്റവും ബഹുമാനവും വൃത്തിയുമൊക്കെ അടുത്ത തവണയും അവിടെത്തന്നെ വരാന്‍ അവരെ പ്രേരിപ്പിക്കുന്നു. വലിയ അസുഖങ്ങള്‍ക്ക് അവിടെ ചികിത്സ ലഭിക്കാതെ വരുമ്പോഴോ ചികിത്സാ ചെലവ് താങ്ങാനാകാതെ വരുമ്പോഴോ ആണ് അത്തരം മനുഷ്യര്‍ വീണ്ടും സര്‍ക്കാരാശുപത്രിയെ സമീപിക്കുന്നത്.
സര്‍ക്കാരിന്റെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പലതും ഉണ്ട്. ദരിദ്രര്‍ക്ക് കുറയൊക്കെ സഹായം അതുവഴി ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പൂര്‍ണ്ണമായ പരിഹാരമല്ല. വലിയ ചികിത്സകള്‍ക്കുള്ള ചെലവ് ഈ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നില്ല എന്നതാണ് ഒരു കാര്യം. ഉള്ള സൗകര്യങ്ങളെപറ്റി ജനങ്ങള്‍ക്കുള്ള അറിയില്ലായ്മയാണ് മറ്റൊരു പ്രശ്നം. ഇന്ഷുന്സ് സഹായങ്ങള്‍ ലഭിക്കുന്ന സര്‍ക്കാരാശുപത്രികളിലേക്ക് രോഗികളെ പറഞ്ഞുവിടുന്നതില്‍ സ്വകാര്യാശുപത്രകള് പരാജയപ്പെടുന്ന സാഹചര്യങ്ങളും ഉണ്ട്.
നിര്‍ദ്ധനര്‍ക്കും സ്വന്തം ജീവന് വിലയുണ്ട്. അന്നത്തിന് വക കൊണ്ടുവരുന്ന കുടുബനാഥനാഥനോ നാഥയാ മരിച്ചു പോയാല്‍ പട്ടിണിയാകുന്ന വീടുകള്‍ നിരവധിയാണ്. അതുകൊണ്ട് അവര്‍ക്ക് അസുഖം വന്നാല്‍ സകലതും വിറ്റും കടം വാങ്ങിയും വിലയേറിയ ചികത്സകള്‍ തേടും. പലപ്പോഴും അവരെത്തുന്നത് വലിയ സ്വകാര്യാശുപത്രികളില്‍ ആയിരിക്കും. ആശുപത്രിയുടെ പ്രശസ്തി കാരണം അവിടെയെത്തിപ്പെടുന്ന ദരിദ്രരും ഉണ്ട്. സര്‍ക്കാരാശുപത്രിയില്‍ ചികിത്സയ്ക്ക് പോകാന്‍ ഏര്‍പ്പാടാക്കി ഞാന്‍ വളരെ നിര്‍ബന്ധിച്ചിട്ടും പോകാത്ത നിര്‍ധനരായ സുഹൃത്തുക്കളും പരിചയക്കാരും എനിക്കുമുണ്ട്. സകല വഴിക്കും കടം വാങ്ങിയിട്ടും സ്വകാര്യാശുപത്രിയിലെ ബില്ലടയ്ക്കാന്‍ കഴിയാതെ ഒടുവില്‍ അവര്‍ പ്രതിസന്ധിയിലാകും. എന്നാല്‍ പകുതിയായ ചികിത്സ വഴിയില്‍ നിര്‍ത്തി സര്‍ക്കാരാശുപത്രിയിലേയ്ക്ക് പോകാനും വയ്യാതാകും.
ദരിദ്രരായ മനഷ്യര്‍ക്ക് വേഗത്തില്‍ അസുഖങ്ങള്‍ വരാം. അസുഖങ്ങള്‍ മൂലം പണിയെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഭാരിദ്ര്യം കൂടുതലാകും. അതിനൊപ്പം വിലയേറിയ ചികിത്സ കൂടി തേടിയാല്‍ പരമ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴും. രോഗ ചികിത്സ കൊണ്ട് പരമദരിദ്രരാകുന്നത് ഇപ്പോള്‍ ആഗോള തലത്തില്‍ വലിയ ചര്‍ച്ചയാണ്. Catastrophic health expenditures എന്ന പേരിലാണ് ഈ വിഷയം അറിയപ്പെടുന്നത്.
സ്വന്തം മരണം ആരും ആഗഹിക്കുന്നില്ല, എന്നെങ്കിലും അത് അനിവാര്യമാണെന്നു് അറിയുമ്പോഴും. മരിക്കാതെ കഴിയുന്നിടത്തോളം കാലം എങ്ങനെയും ജീവിച്ചിരിക്കാനാണ് നമ്മള് പൊതുവേ ആഗ്രഹിക്കുന്നത്. എന്നാല്‍ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത തരത്തിലുള്ള ഗുതുതരമായ രോഗങ്ങള്‍ വന്നാല്‍ ചിലര്‍ മരണം ആഗ്രഹിക്കും. വാര്‍ദ്ധക്യത്തിന്റെ കാര്യത്തിലും ഇതു പോലെയാണ്. പ്രത്യേകിച്ചും ഒറ്റപ്പെടുമ്പോള്‍. സ്വന്തം ജീവിതം തനിക്കും കുടുംബത്തിനും സമൂഹത്തിനും ബാദ്ധ്യതയാണെന്ന് തോന്നുമ്പോഴും മരിച്ചുപോകണമെന്ന് മനുഷ്യര്‍ ആഗ്രഹിച്ചുപോകാം.
ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മരിച്ചു പോകുകയും മരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ ജീവിച്ചിരിക്കുകയും ചെയ്യുന്നത് നമ്മള് കാണാറുണ്ട്. സാധാരണ മനുഷ്യര്‍ക്കിടയില്‍ പലപ്പോഴും ഇതൊന്നും അവരുടെ നിയന്ത്രണത്തിലായിരിക്കില്ല. എന്നാല്‍ ധനിക രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെയും ഇതര രാജ്യങ്ങളിലെ ധനികരുടെയും അവസ്ഥ മിക്കപ്പോഴും വ്യത്യസ്തമാണ്. ആധുനിക ചികിത്സകളുടെയും മരുന്നുകളുടെയും ബലത്തില്‍ മനുഷ്യര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കും. കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതിനൊപ്പം കൂട്ടിക്കിട്ടുന്ന ജീവിതത്തിന്റെ ഗുണനിലവാരവും മനുഷ്യര്‍ക്ക് പ്രധാനമാണ്. വിലയേറിയ വലിയ ചികിത്സകള്‍ സ്വീകരിക്കാനും ജീവിതകാലം തുടര്‍ ചികിത്സകളോ സംവിധാനങ്ങളോ ഏര്‍പ്പെടുത്താനും ധനികര്‍ക്ക് കഴിയും. വാര്‍ദ്ധക്യവും ചികിത്സയും ദുരന്തമാകുമ്പോള്‍ ജീവിതം തുടരേണ്ട എന്നാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായത്തോടെ മരിക്കാന്‍ കഴിയുന്ന രാജ്യങ്ങളും പ്രദേശങ്ങളുമുണ്ട്.
സ്വകാര്യാശുപത്രികള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു അവസരമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഒരു അനിവാര്യതയുമാണ്. പക്ഷേ സ്വകാര്യ സംവിധാനങ്ങള്‍ കൃത്യമായും ഫലപ്രദമായും ഉപയോഗിക്കുന്ന കാര്യത്തില്‍ നമ്മള് പരാജയപ്പെടുന്നു. അതും യാഥാര്‍ത്ഥ്യമാണ്. സ്വകാര്യ മേഖലയോട് സര്‍ക്കാര്‍ ഇനി മത്സരിക്കുകയല്ല വേണ്ടത്. ശത്രുവായിക്കണ്ടിട്ടും കാര്യമില്ല. അതിന്റെ വിഭവങ്ങള്‍ നിര്‍ദ്ധനര്‍ക്ക് താങ്ങാനാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
ചികിത്സ എവിടെ തുടങ്ങണം എവിടെ അവസാനിപ്പാക്കണം എവിടെ നടത്തണം എവിടന്ന് കാശ് വരും എന്ന കാര്യത്തിലൊക്കെ നമുക്കിടയില്‍ എപ്പോഴും വലിയ ആശയക്കുഴപ്പമാണ്. രോഗികളെയും ബന്ധുക്കളെയും ഇക്കാര്യങ്ങളില്‍ കൃത്യമായി ഉപദേശിക്കാന്‍ സര്‍ക്കാരിനും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും കഴിയണം. ഇതിന് സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാകണം. നാട്ടിലെ ആരോഗ്യ നയത്തില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരിക്കണം. നടപ്പിലാക്കുകയും ചെയ്യണം.
ഒരു വലിയ വിഷയത്തിന്റെ മുഖവുര മാത്രമാണിത്. ഇക്കാര്യങ്ങള്‍ വരുന്ന ദിവസങ്ങളില്‍ തുടര്‍ന്നും ഞാന്‍ എഴുതുന്നുണ്ട്. ഇത് വായിക്കുന്നവര്‍ നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പരിഹാരങ്ങളും ഇവിടെ പറയാന്‍ ശ്രമിക്കണം. ഈ വിഷയങ്ങള്‍ എന്നെപ്പോലെയോ എന്നെക്കാളുമോ അറിയുന്ന സുഹൃത്തുക്കള്‍ ഉണ്ട്. അവരില്‍ ചിലരെ ഞാന്‍ ടാഗ് ചെയ്യുന്നുണ്ട്. അവരും ഇവിടെ അഭിപ്രായങ്ങള്‍ പറയണം. കഴിയുമെങ്കില്‍ ലേഖനങ്ങള്‍ എഴുതണം. പരിഹാരങ്ങളും. നല്ല ലേഖനങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കാനും നമുക്ക് ശ്രമിക്കാം. ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ ചികിത്സകള്‍ തേടുന്നവര്‍ക്കും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊക്കെ ഉറപ്പായും ഉപയോഗപ്പെടും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news