ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 18): അബൂതി

Adhyayam 18രാവിന്‍റെ അവസാനയാമങ്ങളെപ്പോഴോ, അവളുടെ കണ്ണുകളില്‍, മാറാല പോലെ പിഞ്ഞിയൊരുറക്കം നെയ്തെടുത്തു. നിഴലോ നിറങ്ങളോ രൂപങ്ങളോ തിരിച്ചറിയാനാവാത്ത പേക്കിനാവുകളുടെ കൂത്തരങ്ങായിരുന്നു ആ വരണ്ട നിദ്ര.

പത്തുമണിയെങ്കിലും ആയപ്പോഴാണ്, അമ്മ അവളെ വിളിച്ചുണര്‍ത്തിയത്. ആശുപത്രിയില്‍ പോകണം. ശാരദക്കുട്ടിയെ ഇന്നാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. കുഞ്ഞിന് ഒരല്പം മഞ്ഞയുണ്ട് എന്നു പറഞ്ഞ്, അവരെ ഇതുവരെ വിട്ടിട്ടില്ല. ഭര്‍ത്താവിന്‍റെ വീട്ടിലേക്കാണ് അവള്‍ പോകുന്നത്. മാമൂലുകളൊന്നും വേണ്ടത്രേ വേണുവിന്. അവന്‍റെ അമ്മയ്ക്കും അതെ.

രണ്ടുമൂന്നു കുഞ്ഞുടുപ്പുകളും, ബേബി പൗഡറും, ഓയിലും, ഒരു കൊച്ചു സ്വര്‍ണവളയും വാങ്ങി, അവര്‍ ആശുപത്രിയിലെത്തി. സിദ്ധുവിന് കുഞ്ഞിനെ പിരിയാന്‍ ഒട്ടും ഇഷ്ടമില്ല. അവര്‍ കയറിയ വണ്ടി അകന്നകന്നു പോകുന്നതും നോക്കി, ആ മൂന്നു പേരും ആശുപത്രി മുറ്റത്ത് വിഷാദം നിറഞ്ഞ മുഖവുമായി നിന്നു.

നാട്ടിലേക്ക് പോകാന്‍ ആഗ്രഹവുമുണ്ടെന്ന്, സിദ്ധു പറഞ്ഞ കാര്യം, വൈകുന്നേരമാണ് അവള്‍ അമ്മയോട് സൂചിപ്പിച്ചത്. അമ്മയുടെ കണ്ണുകള്‍ തിളങ്ങുന്നത് കണ്ടു. ആഗ്രഹം അവളുടെ ഉള്ളിലും ഇല്ലാതെയല്ല. എന്നാല്‍, പറഞ്ഞറിയിക്കാനാവാത്ത ഒരു പേടിയുണ്ട്. ആ നാട്ടുകാര്‍ എങ്ങിനെയാണ്, സിദ്ധുവിനെ സ്വീകരിക്കുക എന്ന പേടി.

എന്നാലും, ഒന്നു പോയിനോക്കണം. ഇപ്പോള്‍ ആ വീട് അവിടെ ഉണ്ടാവുമോ ആവൊ? ഇത്രയും കാലമായില്ലേ?. ചിതല്‍ തിന്നു തീര്‍ത്തിട്ടുണ്ടാകും. അവരങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കെയാണ് ബാബു വന്നത്. അവനു പറയാനുണ്ടായിരുന്നത് വിചിത്രമായ ഒരു കാര്യമായിരുന്നു.

ഫെഡറല്‍ ബാങ്കിന്‍റെ മാനേജര്‍, ഒരു സ്ത്രീ, തന്നെ കാണണം എന്നാവശ്യപ്പെട്ടു വിളിച്ചിരിക്കുന്നു. ഇതെന്താ ഇപ്പോളിങ്ങിനെ ഒരു പുതുമ എന്നാണ് അവള്‍ ആലോചിച്ചത്. അവരെ താനറിയുകയില്ല. വല്ലപ്പോഴും സ്വര്‍ണം പണയം വെക്കാനോ, എടുക്കാനോ, അല്ലാതെ ബാങ്കില്‍ പോകാറില്ല. എങ്ങിനെയാണാവോ, ആ സ്ത്രീക്ക് തന്നെ അറിയുക? എന്തിനാണാവോ കാണണം എന്ന് പറഞ്ഞത്? എന്തായാലും, രാവിലെ ഒന്ന് അത്രടം വരെ ചെല്ലാന്‍ തന്നെ അവള്‍ തീരുമാനിച്ചു.

പത്തുനാല്പത് വയസ്സ് മതിക്കുന്ന സുമുഖിയായൊരു സ്ത്രീ, അവരെ പുഞ്ചിരിയോടെ വരവേറ്റു. ഇരിക്കൂ മാഡം.. ഇരിക്കൂ സാര്‍.. എന്നൊക്കെ ആ സ്ത്രീ പറഞ്ഞപ്പോള്‍, ഒരന്താളിപ്പോടെ അവളും ബാബുവും മുഖത്തോടു മുഖം നോക്കി. ഇതെന്ത് കഥ… ഒരല്പനേരം മാനേജര്‍ പുഞ്ചിരിയോടെ അവരെ മാറിമാറി നോക്കി. അവരുടെ ആ അമ്പരപ്പ് തന്നെയായിരുന്നു അതിനു കാരണം. അവസാനം അതവര്‍ ചോദിക്കുകയും ചെയ്തു…

‘എന്തുപറ്റി… രണ്ടാള്‍ക്കും..? ആകപ്പാടെ ഒരു… കണ്‍ഫ്യൂഷന്‍ പോലെ..

അവര്‍ പിന്നെ ബാബുവിനെ നോക്കി ചോദിച്ചു…

‘സാറല്ലേ ബാബു? ഞാനിന്നലെ വിളിച്ച…’

പൊട്ടനെ പോലെ ബാബു തലകുലുക്കി…

‘ഞാന്‍ വരാന്‍ പറഞ്ഞത്, എന്തിനെന്നു മനസ്സിലായില്ല.. അല്ലേ?’

മാനേജര്‍ ചോദിച്ചപ്പോള്‍ രണ്ടാളും വെളുക്കെ ഒന്നു ചിരിച്ചു കാണിച്ചു…

തന്‍റെ മേശയുടെ അടിഭാഗത്തെവിടെ നിന്നോ തപ്പിത്തിരഞ്ഞൊരു മഞ്ഞ പ്ലാസ്റ്റിക്ക് കവറെടുത്തു, അതു തുറക്കുന്നതിനിടയില്‍ മാനേജര്‍ ചോദിച്ചു.

‘ഈ ഗംഗാ വിഷ്വല്‍ മാജിക്സ് എന്നൊരു സിനിമാ കമ്പനിയില്‍ നിന്നുള്ള കൊറിയറാണ് ഇത്. ഇന്നലെയാണ് വന്നത്. മാഡത്തിന് അവരെ അറിയാമോ?’

സിനിമാ കമ്പനി എന്ന് കേട്ടപ്പോള്‍ അവളും ബാബുവും മുഖത്തോടു മുഖം നോക്കി. ഇപ്പോള്‍ സംഗതി ലേശം തെളിഞ്ഞു വരുന്നുണ്ട്. ബാബുവാണ് ചോദിച്ചത്…

‘ഗ്രാമദേവതയുടെ നിര്‍മാതാക്കളല്ലേ…? അറിയും….’

മാനേജര്‍ അവനെ നോക്കിയൊന്നു പുഞ്ചിരിച്ചു..

‘ആ… മാഡത്തിന്‍റെ പേരില്‍ ഇവിടെയൊരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം… ആ ആധാര്‍ ഒന്ന് തരുമോ?’

മാനേജര്‍ കെ നീട്ടിയപ്പോള്‍ അവള്‍ അതെടുത്തു കൊടുത്തു. ബാബുവിനോട് കൊണ്ടുവരേണ്ടുന്ന രേഖകളുടെ വിവരമൊക്കെ അവര്‍ ഇന്നലെ തന്നെ പറഞ്ഞിരുന്നു. മാനേജര്‍ ബെല്ലടിച്ചപ്പോള്‍ മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ വന്നു. ആധാര്‍ കാര്‍ഡും മറ്റുമൊക്കെ അയാള്‍ക്കു നല്‍കി മാനേജര്‍ അയാളെ പറഞ്ഞയച്ചു. ഒരു മിനിറ്റാകുന്നതിന്‍റെ മുന്‍പേ ചായയും കൊണ്ടൊരു സ്ത്രീ വന്നു. ചായ കുടിച്ചു കൊണ്ടിരിക്കെ മാനേജരുടെ വക ചോദ്യം…. അവളെ നോക്കി..

‘ഗംഗാ മാഡത്തെ എങ്ങിനെയാണ് പരിചയം?’

ഗംഗാ മാഡമോ? ഏതു ഗംഗാ മാഡം? അവള്‍ക്കുത്തരം പറയാനായില്ല. അവളുടെ ആ പ്രയാസം നിറഞ്ഞ മുഖഭാവത്തില്‍ നിന്നും കാര്യം മാനേജര്‍ക്കു മനസ്സിലായി.

‘ഈ ഗംഗാ വിഷ്വല്‍ മാജിക്സിന്‍റെ ഉടമയാണ് ഗംഗാ മാഡം…’

മാനേജര്‍ ബാബുവിനെ നോക്കിക്കൊണ്ട് തുടര്‍ന്നു

‘അറിയുമെന്ന് ബാബു സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി നിങ്ങള്‍ക്ക് പരിചയമുണ്ടെന്ന്.. ഒരു മിനിറ്റേ…’

മാനേജര്‍ തന്‍റെ മൊബൈലില്‍ അവരുടെ വീഡിയോ എടുത്തു… എടുക്കുന്നതിനിടയില്‍ അവളോട് പറഞ്ഞു…

‘സോറി മാഡം.. നിങ്ങള്‍ പരിചയമില്ല എന്ന് പറഞ്ഞപ്പോള്‍, ഈ വീഡിയോ അവര്‍ക്കയച്ചു കൊടുത്ത്, എനിക്കവരുടെ കണ്‍ഫര്‍മേഷന്‍ വേണം. അവരുദ്ദേശിക്കുന്ന ആള്‍, മാഡം തന്നെയാണെന്ന് ഉറപ്പാക്കണമല്ലോ… അതാണ്… മാഡം.. ആ കണ്ണൊന്നു രണ്ടു പ്രാവശ്യം അടച്ചു തുറക്കാമോ?’

അവള്‍ക്കൊന്നും മനസ്സിലായില്ല. ബാബുവിന് അത്രയും. അപ്പോഴേക്കും ആ മെലിഞ്ഞ ചെറുപ്പക്കാരന്‍ അവളുടെ രേഖകളും, കൂടെ വേറെ ചില പേപ്പറുകളുമായി വന്നു. അയാള്‍ ചൂണ്ടിക്കാണിച്ചിടത്തൊക്കെ ഒപ്പിടാന്‍ തുടങ്ങിയ അവളോട് മാനേജര്‍ പ്രത്യേകം പറഞ്ഞു.

‘എല്ലായിടത്തും ഒരേ ഒപ്പു തന്നെ ഇടണം. അത് ഓര്‍മ്മയും വേണം…’

അവള്‍ക്ക് കൈ വിറയ്ക്കുന്ന പോലെ തോന്നി. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല. അയാള്‍ പോയപ്പോള്‍ അവള്‍ മടിച്ചു മടിച്ചു മാനേജരോട് ചോദിക്കുക തന്നെ ചെയ്തു…

‘അല്ല… അവര്‍ക്കെന്തിനാണ്… ഞാനൊരു അക്കൗണ്ടൊക്കെ തുറക്കുന്നത്…’

‘അതവര് മാഡത്തിന് പൈസ തരാന്‍… നിയമമൊക്കെ ഇപ്പൊ സ്ട്രിക്റ്റല്ലേ മാഡം…. അവര്‍ മെന്‍ഷന്‍ ചെയ്തത്രയും പണം ക്യാഷായി തരാന്‍ പറ്റില്ല… അത് മാഡത്തിനും റിസ്കാവും…’

അവള്‍ ബാബുവിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍, അവന്‍ മനോഹരമായി പുഞ്ചിരിക്കുന്നു. അവന്‍റെ കണ്ണുകളില്‍ പുതിയൊരു ജീവന്‍ തിളങ്ങുന്ന പോലെ. അവളൊന്നും പറഞ്ഞില്ല… മാനേജര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മിക്കതും അവള്‍ക്കു മനസ്സിലായില്ല. അവരൊന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. മാനേജര്‍ പറഞ്ഞ സംഖ്യയുടെ വലിപ്പം കേട്ടപ്പോള്‍ അവള്‍ക്കും ബാബുവിനും തല പെരുക്കുന്നുണ്ടായിരുന്നു.

പരവേശം കാരണം തൊണ്ടയിലെ വെള്ളം വറ്റിവരണ്ടാണ് അവര്‍ ബാങ്കില്‍ നിന്നിറങ്ങിയത്. ശരിക്കും ഏതോ ഒരു അത്ഭുതലോകത്ത് എത്തപ്പെട്ട പോലെ. ഇതൊരു സ്വപ്നമല്ലല്ലോ എന്നുറപ്പിക്കാന്‍ അവള്‍ക്ക് ഒരുപാട് സമയമെടുത്തു. നേരെ അടുത്തു കണ്ട കൂള്‍ബാറില്‍ കയറി ഓരോ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ അവള്‍ ബാബുവിനോട് ചോദിച്ചു….

‘ഇതെങ്ങിന്യാ വിശ്വാസിക്ക്യാ…? ഇങ്ങിനെയൊക്കെ നടക്കോ…?’

ബാബു അവളെ നോക്കി. കഴിഞ്ഞതെല്ലാം വിശ്വസിക്കാന്‍ അവനും പ്രയാസപ്പെടുകയാണ്. അവനുത്തരം പറയാന്‍ പ്രയാസപ്പെടവേ അവള്‍ പറഞ്ഞു.

‘ആളെ എനിക്കറിയാം. ഇന്നലെ ഞാങ്കരുതി, അയാളെന്‍റെ ജീവിതം മുഴവന്‍ വിറ്റു തിന്നെന്ന്. ഇതിപ്പോ എന്താ പറയാ. അയാള് വരും… നീ നോക്കിക്കോ..’

ബാബു അന്തം വിട്ടിരിക്കുകയാണ്..

‘ആരെ കാര്യമാ ചേച്ചീ…’

‘നമ്മള്‍ അവസാനം പോയ ആളില്ലേ?… അയാള് തന്നെ… അയാളാണിതൊക്കെ ചെയ്തത്… ആ രാത്രി മുഴുക്കെ അയാളെന്‍റെ കഥ കേട്ടിരുന്നു… അതിങ്ങനെയൊക്കെയാവൂന്ന് സ്വപ്നത്തില്‍ പോലും ഞാങ്കരുതീല..’

തിരികെ മടങ്ങുമ്പോള്‍ വാഹനത്തില്‍ അവളൊന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. രണ്ടുമൂന്നു പ്രാവശ്യം ബാബു നോക്കിയപ്പോള്‍ അവളുടെ ആ ഇരുത്തം കാരണം ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. അവന്‍ വണ്ടി ഓടിക്കുന്നതിലേക്ക് തന്‍റെ മുഴുവന്‍ ശ്രദ്ധയും കൊടുത്തു.

അവള്‍ ആലോചിക്കുകയായിരുന്നു. അയാളെ കുറിച്ച്. ഇരുട്ടിലായിരുന്ന തന്‍റെ ജീവിതം, വെളിച്ചത്തിലേക്ക് മാറ്റുവാനായി അവതരിച്ച ഒരു അവതാര പുരുഷന്‍. ഏട്ടാ എന്നു വിളിക്കാന്‍ പറഞ്ഞപ്പോള്‍, അതില്‍ പിതുതുല്യനായ ഒരു ജ്യേഷ്ഠന്‍റെ മുഴുവന്‍ വാത്സല്യവും ഉണ്ടായിരുന്നു എന്നു തിരിച്ചറിയാനായില്ല. അത്തരം ആണുങ്ങളെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ. ഇനിയെന്നാണ് ഒന്നദ്ദേഹത്തെ കാണുക. ആ ചിന്ത അവളില്‍ ഒരു നെടുവീര്‍പ്പുണ്ടാക്കി.

അത്ഭുതം കാരണം അമ്മയുടെയും സിദ്ധുവിന്‍റെയും കണ്ണുകള്‍ വല്ലാതെ വികസിച്ചിരുന്നു. അമ്മയുടെ കണ്ണുകള്‍ എന്തോ, നിറഞ്ഞു വന്നു. സിദ്ധുവിനെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചവള്‍ അവന്‍റെ മുടിയിഴകളിലൂടെ വിരലോടിച്ചു. എല്ലാം കണ്ടു കണ്ണുകള്‍ നിറച്ച്, ബാബു നോക്കി നിന്നു. അവനെന്തോ ചോദിക്കണമെന്നോ പറയണമെന്നോ ഉണ്ടെങ്കിലും, അവനതിനു നിന്നില്ല. മെല്ലെ യാത്ര പറഞ്ഞു പോയി.

രാത്രി ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അച്ഛനെക്കുറിച്ചോര്‍ത്ത് വ്യസനിച്ചു. പാവം. പണമില്ലാത്ത കാരണം, അത്യാവശ്യ നേരത്ത് മരുന്നും ചികിത്സയും കിട്ടാതെ, ശ്വാസം മുട്ടി മരിച്ചു. ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നൊരു വേള, സിദ്ധുവിനെ കുറിച്ചോര്‍ത്തു. അവന്‍റെ ജീവിതം ഭദ്രമായിരിക്കുന്നു എന്നൊരു തോന്നല്‍, നെഞ്ചിലൊരു കുളിരണിയിക്കുന്നുണ്ട്. ചുണ്ടിലൊരു പുഞ്ചിരിയുണ്ട്.

പതുക്കെ അവളുടെ ചിന്തകളിലേക്ക് അയാള്‍ വീണ്ടും കടന്നു വന്നു. ഒരുപക്ഷെ, ഇങ്ങിനെയും ഉണ്ടാവാം ആണുങ്ങള്‍. പെണ്ണിന്‍റെ കണ്ണുകള്‍ നിറഞ്ഞാല്‍ പൊതിരുന്ന ഹൃദയങ്ങളുള്ളവര്‍. ഇന്നോളം കണ്ടത്, ശരീരം കൊതിച്ചു വന്നവരെയല്ലേ?. ദൈവമേ… ഏത് ജന്മത്തിലാണ് ഞാനയാള്‍ക്ക് പ്രിയപ്പെട്ടവളായിരുന്നത് എന്നൊന്ന് അറിഞ്ഞിരുന്നെങ്കില്‍… ഏതോ ഒരു ജന്മത്തില്‍ അയാളെന്‍റെ അച്ഛനായിരുന്നോ? ഏട്ടനായിരുന്നു? അതല്ല, സിദ്ധുവിനെ പോലെ ഞാന്‍ നൊന്തുപെറ്റ എന്‍റെ മകനായിരുന്നോ?

അവള്‍ തുളുമ്പിയ കണ്ണുകള്‍ മെല്ലെയടച്ചു. അകക്കണ്ണിന്‍ ആ മുഖം തെളിഞ്ഞു. ആ ചെറിയ കണ്ണുകളും, വെളിച്ചമുള്ള, എന്നാല്‍, അങ്ങേയറ്റം ഗൂഢഭാവമുള്ള പുഞ്ചിരിയും.

മൊബൈലിന്‍റെ നിര്‍ത്താതെയുള്ള ബെല്ലവളെ ഉണര്‍ത്തി. അറിയാതെ ഒന്ന് മയങ്ങിപ്പോയിരുന്നു. നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍. സ്വന്തം നമ്പര്‍, വളരെ വേണ്ടപ്പെട്ട ചിലര്‍ക്കല്ലാതെ, ആര്‍ക്കും കൊടുക്കാറില്ല. അപ്പോള്‍ പിന്നെ ഇതാരാണ്? അങ്കലാപ്പോടെയാണ് ഹലോ എന്നു പറഞ്ഞത്. അപ്പുറത്ത് നിന്നും ആദ്യം വന്നതൊരു ചോദ്യമായിരുന്നു.

‘ഉം.. ഉറങ്ങി അല്ലേ? ഉണ്ടാവില്ലെന്ന് കരുതി… ഈ രാത്രി എന്നെ ഒന്ന് കണ്ടെങ്കിലെന്നായിരിക്കും.. നിന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്നുറപ്പുണ്ടായിരുന്നു… അപ്പോള്‍ പിന്നെ വിളിക്കാതിരിക്കാന്‍ എനിക്കാവില്ലല്ലോ… അല്ലേ?..’

പേരറിയാത്തൊരു സുഖമവളുടെ നെഞ്ചില്‍, ഒരു കൊച്ചുകുഞ്ഞിന്‍റെ കാല്‍പാദങ്ങള്‍ പോലെ, സുഖമെഴുന്നൊരു തണുപ്പുണ്ടാക്കി. ഒരു പൂവിടരുന്നത് പോലെ അവളുടെ ചുണ്ടുകള്‍ വിടര്‍ന്നു. ആ കണ്ണുകളില്‍ പ്രകാശം പരന്നു.. ഒരു കൊച്ചു കുഞ്ഞിന്‍റെ കൗതുകം നിറഞ്ഞ, നേര്‍ത്ത, കൊഞ്ചുന്ന ശബ്ദത്തില്‍ ചോദിച്ചു..

ഏട്ടാ… ഏട്ടനാണോ?

‘ഹ.. ഈ ഏട്ടാന്നുള്ള വിളിക്ക്.. എത്ര ചന്തമുണ്ടെന്നറിയുമോ നിനക്ക്?’

മറുതലയ്ക്കല്‍ നിന്നുള്ള ചോദ്യത്തിന് മറുപടിയൊന്നും പറയാനായില്ല. അവളാകെ ഒരു അമ്പരപ്പിലായിരുന്നു.

‘എന്താ ഒന്നും മിണ്ടാത്തത്….?’

‘എനിക്ക്,,, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല… ഒന്നു കാണാന്‍ എത്ര കൊതിയുണ്ടെന്നറിയാമോ?’

‘ശരിക്കും…. എന്നെ കാണണോ?’

ആ ചോദ്യത്തിന് ആലിപ്പഴത്തിന്‍റെ തണുപ്പുണ്ടായിരുന്നു.

‘പിന്നെ.. കാണണ്ടെ?’ അവളുടെ ശബ്ദം ഇടറിയിരുന്നു…

‘എന്നാല്‍ മുറ്റത്തൊന്ന് വന്നു നോക്കൂ.. ഞാനിവിടെയുണ്ട്….’

അവള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വിശ്വസിക്കാനായില്ല. ഓടിച്ചെന്ന് വാതില്‍ തുറന്നു നോക്കിയപ്പോള്‍, നല്ല നിലാവെളിച്ചത്തില്‍ തന്‍റെ കറുത്ത കാറിലേക്ക് ചാരി അയാള്‍ നില്‍ക്കുന്നു. ചുണ്ടില്‍ കൊതിപ്പിക്കുന്ന ആ പുഞ്ചിരിയുമായി. അവള്‍ ഫോണ്‍ വലിച്ചെറിഞ്ഞ് ഓടിച്ചെന്ന്, അയാളുടെ നെഞ്ചിലേക്കൊരു പൈതലിനെ പോലെ വീണു. എന്‍റെ ഏട്ടന്‍ വന്നൂലോ.. ന്നെ കാണാന്‍… എന്നിങ്ങനെ അവള്‍ പുലമ്പിക്കൊണ്ടിരുന്നു. ആ നെഞ്ച് പിളര്‍ന്ന്, അകത്തേയ്ക്ക് കയറാണെന്ന വണ്ണം അവള്‍ അയാളെ പിന്നെയും പിന്നെയും തന്നിലേക്ക് ഞെരുക്കിച്ചേര്‍ത്തു. അപ്പോള്‍, അയാള്‍ അവളുടെ തോളില്‍ തട്ടി വിളിച്ചു.

‘എഴുന്നേല്‍ക്ക്… മോളെ… എന്തൊരൊറക്കമാ ഇത്…’

അവളെഴുനേറ്റ് കണ്ണു മിഴിച്ച് നോക്കുമ്പോള്‍ അമ്മയായിരുന്നു. ‘നേരം വെളുത്തു. എന്തൊരൊറക്കമാ ഇത്. എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. വല്ല അലവലാതി കിനാവും കണ്ടോ?’

അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. എപ്പോഴാ ഉറങ്ങിയത്? അപ്പൊ, ഈ കണ്ടതൊരു സ്വപ്നമായിരുന്നോ? ഒരു പുലര്‍കാല സ്വപ്നം. ദൈവമേ എന്തൊരു സ്വപ്നം. എത്ര സുന്ദരമായ സ്വപ്നം. അവള്‍ അറിയാതെ ഒന്ന് നെടുവീര്‍പ്പിട്ടു.

പിന്നെയും സംശയം തീരാതെ, അവള്‍ മെല്ലെ മൊബൈല്‍ ഫോണ്‍ എടുത്തു നോക്കി. മിസ്സ്ഡ് കാളൊന്നും ഇല്ല. കാള്‍ ഹിസ്റ്ററിയില്‍ ആരും വിളിച്ചിട്ടുമില്ല. അതെ. ഇതൊരു കേവല സ്വപ്നം മാത്രം. ഉണരുമ്പോള്‍ കുളിരറ്റ് പോകുന്ന, ഓര്‍ക്കാന്‍ സുഖമുള്ള ഒരു പേക്കിനാവ് മാത്രം.

കഥ കേട്ട വേണു വായും പൊളിച്ചിരുന്നു. കഥ എന്ന് പറയുമ്പൊള്‍, അവള്‍ വേണുവിനോട് എല്ലാം പറഞ്ഞിട്ടില്ല. പലതും മറച്ചു വെക്കേണ്ടി വന്നു. അല്ലെങ്കിലും, ജീവിതത്തിന്‍റെ പകുതി മറച്ചു വച്ചാണല്ലോ, അവള്‍ സ്വന്തക്കാര്‍ക്ക് മുന്‍പില്‍ വേഷമാടുന്നത്.

വേണു ആലോചിക്കുകയായിരുന്നു. കൂട്ടുകാരൊക്കെ പറഞ്ഞു. ഗ്രാമദേവത ഒരു അസാമാന്യ പടമാണെന്ന്. കാണണം എന്നു കരുതിയിരുന്നതാണ്. ഇതിപ്പോള്‍, ഇങ്ങിനെ ഒരു ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. താന്‍ ഏറെ ബഹുമാനത്തോടെ, ഒരല്പം ആരാധനയോടെ കണ്ടിരുന്ന ഒരാളാണ് ചേച്ചി. ഈ ചേച്ചിയുടെ കഥയാണോ, ആ സിനിമ?

ചേച്ചി എന്നും വേണുവിന് ഒരു അത്ഭുതം തന്നെയായിരുന്നു. ശാരദക്കുട്ടിയെ പരിചയപ്പെട്ട ആദ്യ നാളുകളിലൊന്നില്‍, പ്രണയം അവര്‍ക്കിടയില്‍ പൂചൂടി നിന്നൊരു വൈകുന്നേറ്റം, ഇരമ്പുന്ന കടല്‍ക്കരയിലിരുന്ന്, അതിനേക്കാള്‍ ഇരുമ്പുന്ന കണ്ണുകളുമായി, ശാരദക്കുട്ടി പറഞ്ഞുകൊടുത്തതാണത്. അവളെ കുറിച്ച്… തന്‍റെ ചേച്ചിയെ കുറിച്ച്… ചേച്ചിയുടെ ജീവിതം വീണുടഞ്ഞ ഗ്രാമവും, അച്ഛന്‍റെ രോഗം മരണമായിമാറിയ വീടും, പിന്നെ അവരുടെ ജീവിതം പുക പാളിയ അടുക്കളയിലെ അര്‍ദ്ധപട്ടിണിയുടേയുമൊക്കെ നീറുന്ന കഥകള്‍… അന്ന് തൊട്ടിന്നോളം, തനിക്കും അമ്മയ്ക്കും സിദ്ധുവിനും വേണ്ടി മാത്രം ജീവിക്കുന്ന ചേച്ചി എന്ന അത്താണിയെ കുറിച്ച്… ആ കഥ പറഞ്ഞവള്‍ അന്നേറെ വിതുമ്പിയിരുന്നു. അന്നുമുതല്‍ വേണുവിന് ആ ചേച്ചിയോട് ഒരു ആരാധനയായിരുന്നു. വലിയ ബഹുമാനമായിരുന്നു.

ഇന്നവരിതാ, ഒരത്ഭുത കഥയിലെ കഥാപാത്രം പോലെ, ഒന്നിരുട്ടി വെളുത്തപ്പോള്‍, സമ്പന്നയായിരിക്കുന്നു. ഇതൊക്കെ ലോകത്ത് നടക്കുന്ന കാര്യമാണോ? അറിയില്ല. ചില മനുഷ്യരുടെ ജീവിതത്തില്‍ നടക്കുന്നത് ഫിക്ഷനെക്കാള്‍ വിചിത്രമായ സംഗതികളാണല്ലോ? അതിവിചിത്രമായ സംഗതികള്‍.

ഇപ്പോഴവര്‍ വന്നിരിക്കുന്നത്, ആ പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് തന്നോട് ചോദിക്കാനാണ്. അത്രയും ഭീമമായ ഒരു സംഖ്യ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് അവര്‍ക്കൊരിക്കലും അറിയാന്‍ സാധ്യതയില്ല. അവരിപ്പോഴും ആ ഗ്രാമത്തിലെ പെണ്‍കുട്ടി മാത്രമാണ്. ആയിരങ്ങള്‍, മേലേ തല പോയാല്‍ പതിനായിരങ്ങള്‍ മാത്രം കൈകാര്യം ചെയ്തു പരിചയമുള്ളവള്‍.

വേണുവിന്‍റെ നിര്‍ദേശം വളരെ കൃത്യമായിരുന്നു. ഉള്ളതില്‍ നേര്‍പകുതി സിദ്ധുവിന്‍റെ പേരില്‍ ഒരു പത്തു വര്‍ഷത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ഇടുക. അപ്പോള്‍ അവനൊരു ഇരുപത്തഞ്ച് വയസ്സാകുമ്പോള്‍ അവന്‍റെ ജീവിതം സെറ്റിലാവാന്‍ അത് മതി. ആ കാര്യം പിന്നെ ചിന്തിക്കുകയെ വേണ്ട. ബാക്കിയുള്ളതു കൊണ്ട്, ചെറിയ എന്തെങ്കിലും ബിസിനസ്സ് ചെയ്യുക.

എന്ത് ബിസിനസാണ് ചെയ്യുക എന്നതായി പിന്നെ ചര്‍ച്ച. ബാബുവും, അവളും, വേണുവും, ശാരദക്കുട്ടിയും, എന്തിനധികം, സിദ്ധു പോലും ഓരോ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. രണ്ടമ്മമാര്‍ക്ക് മാത്രം അതില്‍ അഭിപ്രായമൊന്നും ഇല്ലായിരുന്നു. മക്കള്‍ വലിയ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ആ അമ്മമാര്‍.

അവസാനം വേണു തന്നെയാണ്, ഒരു ചെറിയ ടെലറിംഗ് യൂണിറ്റ് എന്ന ആശയം മുന്നോട്ട് വച്ചത്. നഗരത്തിലെ വലിയ വലിയ തുണിക്കടകളിലേക്ക്, നൈറ്റിയും, ചെറിയ കുട്ടികളുടെ ഉടുപ്പുകളും തയ്ച്ചുകൊടുക്കുന്ന, ഒരു ചെറിയ യൂണിറ്റ്. വലിയ ചിലവില്ല. അത്യാവശ്യം ഒന്ന് ഓടി നടന്നാല്‍ നല്ല നല്ല ഓര്‍ഡറുകള്‍ കിട്ടും. കേട്ടപ്പോള്‍ അവള്‍ക്കും അത് താല്പര്യമായി.

നിറഞ്ഞ കണ്ണുകളോടെ അവള്‍ വേണുവിനെയും ബാബുവിനെയും നോക്കിപ്പറഞ്ഞു.

‘എന്നാ പിന്നെ നമുക്ക് അതങ്ങുറപ്പിക്കാം… നിങ്ങള് വേണം എല്ലാറ്റിനും കൂടെ.. ഇതിപ്പോ വീണുകിട്ട്യ പോലത്തെ കുറെ
പൈസയുണ്ടെന്നെല്ലാതെ… എനിക്കൊന്നും അറിയൂല… നമുക്കിത് മൂന്ന് ഷെയറായിട്ട് നടത്താം… നിങ്ങളും ഞാനും.. മൂന്നാള്‍ക്കും ഒരേ പോലെ…’

അവള്‍ അവരെ മാറി മാറി നോക്കി….

‘അയ്യോ ചേച്ചീ….’ അന്താളിപ്പോടെ ബാബു വിളിച്ചു… ഒരു വലിയ ശ്വാസം എടുത്തു വിട്ടാണ് അവന്‍ തുടര്‍ന്നത്..

‘എനിക്ക് ചേച്ചീടെ ഡ്രൈവറായാ മതി….’

ആദ്യം ഒന്നമ്പരന്ന വേണു, ആലോചിച്ചിട്ട് പറയാമെന്നായി. പക്ഷെ അവള്‍ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ, അവരെക്കൊണ്ട് അവളെല്ലാം സമ്മതിപ്പിച്ചു. അമ്മമാരും, ശാരദക്കുട്ടിയും സിദ്ധുവുമൊക്കെ ഇടം വലം നിന്ന് നിര്‍ബന്ധിച്ചപ്പോള്‍, അവര്‍ക്ക് മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു.

ഇനി സൗകര്യം പോലെ നാട്ടിലേക്കൊന്നു പോകണം എന്നവള്‍, പറഞ്ഞപ്പോള്‍ വേണുവിന് അത്ഭുതമായി. ഇത്രയും കാലമായിട്ടും ആ ഗ്രാമത്തെ കുറിച്ച് അവരാരും സംസാരിച്ചിട്ട് പോലുമില്ല. അന്ന് ശാരദക്കുട്ടി കഥപറഞ്ഞതില്‍ പിന്നെ ഒരിക്കലും വേണു അതേപറ്റി ചോദിച്ചിട്ടേ ഇല്ല. ആ ഗ്രാമത്തെ എല്ലാവരും മറന്നിരിക്കും എന്നാണ് അവന്‍ കരുതിയത്. ഇന്നിപ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും ആ ഗ്രാമത്തിലേക്ക് പോകാനാഗ്രഹമുണ്ട്.

ദൂരങ്ങളെത്ര താണ്ടിയാലും സ്വന്തം കൂടു തേടി തിരികെ പറക്കുന്ന ദേശാടനപ്പക്ഷിയാകുന്നു മനസ്സ്. അത് ഗ്രാമത്തിലേക്ക് തിരികെ പറക്കുകയാണ്. മുറ്റത്തെ ചെമ്പരത്തിപ്പൂക്കളും, തൊടിയതിരിലെ കോളാമ്പിപ്പൂക്കളും, കിണറ്റു കരയിലെ കുറ്റിമുല്ലയും, കുറുക്കന്‍ കുണ്ടിലെ തണുത്ത തെളിവെള്ളവും, നട്ടുച്ചയ്ക്കും കുളിര്‍പുതയ്ക്കുന്ന ആശാരിക്കവും, പിന്നെയാ ഗ്രാമത്തില്‍ ശലഭങ്ങളെ പോലെ പറന്നു നടക്കുന്ന ഒരായിരം ഓര്‍മകളും തിരികെ വിളിക്കുകയാണ്. ഒരു തിരിച്ചു മടക്കം പ്രതീക്ഷിച്ചതല്ല. മുമ്പൊന്നും ആഗ്രഹിച്ചതുമല്ല. പക്ഷെ ഇന്ന്, ഇപ്പോളെന്തോ വല്ലാത്തൊരാഗ്രഹം. തിരികെ പോകുവാന്‍. ചെറുപ്പത്തിലെന്ന പോലെ വീടിന്‍റെ ഇറയത്തിരുന്ന്, പാടത്തെ കാഴ്ച്ചകള്‍ കാണാന്‍. ആ ആഗ്രഹം അവളുടെ നെഞ്ചില്‍ അടയിരിക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായിരിക്കുന്നു.

വേണു അതിസമര്‍ത്ഥനായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ അവന്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ തുടങ്ങി. സ്ഥാപനത്തിനൊരു പേരിടണം. എന്നാലെ ലൈസന്‍സ് കിട്ടൂ. ഒരു രാത്രി അവന്‍റെ വീട്ടില്‍ എല്ലാവരും കൂടിയിരുന്ന് ആലോചിച്ച്, ‘സിദ്ധാര്‍ത്ഥ സ്റ്റിച്ചസ്’ എന്ന പേരില്‍ അതുറപ്പിച്ചു. പേപ്പറുകളൊക്കെ ശരിയാക്കി. വാടക വീടിന്‍റെ ഒരു ഭാഗത്ത് ഉടമസ്ഥനോട് പറഞ്ഞ് ഒരു ഷെഡുണ്ടാക്കി. അഞ്ച് തയ്യല്‍കാരികളെയും ഒരു ഫാഷന്‍ ഡിസൈനറേയും ജോലിക്കെടുത്തു. ഇന്ത്യയിലെ പല പല സ്ഥലങ്ങളില്‍ പോയി റോ മെറ്റീരിയല്‍ വാങ്ങിച്ചു. നഗരത്തിലെ നാലഞ്ച് തുണിക്കടകളില്‍ നിന്നും മോശമല്ലാത്ത ഓര്‍ഡറും കിട്ടി. ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ വേണു മുന്നോട്ട് നീക്കി. അവള്‍ക്ക് അത്ഭുതമായിരുന്നു. ശാരദക്കുട്ടി ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് അവള്‍ മനസ്സിലോര്‍ത്തു.

വേനല്‍ കടുത്ത് കത്തുകയാണ്. വര്‍ഷക്കാലത്തേക്ക് രണ്ടുമൂന്നാഴ്ച മാത്രമേ ഉള്ളൂ. സിദ്ധുവിന്‍റെ റിസല്‍റ്റ് അറിഞ്ഞ ദിവസം ആ വീട്ടില്‍ ഉത്സവമായിരുന്നു. മുഴുവന്‍ വിഷയങ്ങളിലും എ+. ജീവിതം അതിന്‍റെ വെള്ളി വെളിച്ചം കാണിച്ച് തുടങ്ങിയിരിക്കുന്നു. അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നവള്‍ വേദനയോടെ ഓര്‍ത്തു. സന്തോഷവും സങ്കടവും കൂടിക്കലര്‍ന്നപ്പോള്‍ അവളുടെ മിഴികളില്‍ ഊറിയ നീര്‍ത്തുള്ളിക്ക് വൈഡൂര്യം പോലെ പ്രഭയുണ്ടായിരുന്നു. ആകസ്മികമായാണ് വേണു ചോദിച്ചത്.

‘മറ്റന്നാള്‍ ഞായറാഴ്ചയല്ലേ? നമുക്ക് നിങ്ങളുടെ നാട്ടിലേക്കൊന്നു പോയാലോ? അവിടെ എന്തായാലും കുറച്ച് സ്ഥലമൊക്കെ ഇല്ലേ? തീരെ തിരിഞ്ഞു നോക്കാതിരുന്നാല്‍ അതാരെങ്കിലും കൈയ്യേറും.’

ഒരു പിടച്ചിലോടെ അവള്‍ വേണുവിനെ നോക്കി. പകച്ച് നോക്കുന്ന ശാരദക്കുട്ടിയും, അമ്മയും, ബാബുവും. എന്നാല്‍, മുഷ്ടി ചുരുട്ടി
കൈമടക്കി താഴോട്ട് വലിച്ച് സിദ്ധു മാത്രം വിളിച്ചു പറഞ്ഞു..

യെസ്.. അങ്കിള്‍… യു ആര്‍ സൊ ഗ്രേറ്റ്…

മായക്കാഴ്ചയിലെ അത്ഭുത വര്‍ണ്ണരാജികള്‍ പോലെ, മാറിയ ഗ്രാമത്തിന്‍റെ മുഖം അവരുടെ കണ്ണുകളില്‍ ഛായാചിത്രങ്ങള്‍ വരച്ചു. അവളുടെ ഹൃദയം തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്കുള്ള റോഡ് വീതി കൂടിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ കാടും പടലും പിടിച്ചു കിടന്നിരുന്ന റോഡരികുകള്‍ ഇപ്പോള്‍ വീടുകളും കച്ചവട സ്ഥാപനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മിക്കപ്പോഴും ഇതേതാ സ്ഥലം എന്നതിശയിച്ച് പോകുന്നു. പണ്ടത്തെ ഓടിട്ട കെട്ടിടങ്ങള്‍ക്ക് പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞ ഗ്രാമത്തിലെ പഴയ അങ്ങാടി അമ്പരപ്പ് നിറഞ്ഞ മിഴികളോടെ അവള്‍ നോക്കിക്കണ്ടു. തോടിന്‍റെ പൊടിപോലുമില്ലായിരുന്നു. നല്ല വീതിയുള്ള ടാറിട്ട റോഡിലൂടെ കാര്‍ പതുക്കെ നീങ്ങിയപ്പോള്‍ അവളുടെ ഹൃദയം ഒരു പെരുമ്പറ പോലെ രുദ്രതാളത്തില്‍ കൊട്ടാന്‍ തുടങ്ങിയിരുന്നു. തൊലിപ്പുറങ്ങളിലൂടെ ഓടിനക്കുന്ന വികാരഹര്‍ഷങ്ങള്‍ രോമരാജികളെ തഴുകിയുണര്‍ത്തി.

ഇടവഴിക്ക് പകരം ടാറിട്ട റോഡ് കണ്ട അവളും അമ്മയും മുഖത്തോട് മുഖം നോക്കിയപ്പോള്‍ ശാരദക്കുട്ടി മാത്രം അത്ഭുതത്തോടെ പറഞ്ഞു.

‘ഈശ്വരാ.. ദെന്തൊരു മാറ്റാ ഇവിടെ. എട്ടനറ്യോ, ഇതൊക്കെ വെറും ഇടവഴി മാത്രമായിരുന്നു. ദാ, ഇതൊക്കെ തോടായിരുന്നു.
ദൈവമേ, അവിടെ ഒരു ചീനിമരമില്ലായിരുന്നോ? ദുഷ്ടന്മാര്‍. ഒക്കെ വെട്ടി. അല്ലേ.. ഏട്ടാ.. ഇവിടെയൊക്കെ ഇല്ലിക്കൂട്ടമായിരുന്നു. എനിക്കൊക്കെ എന്ത് പേടിയായിരുന്നെന്നോ? പാമ്പുണ്ടാകും.. അയ്യോ.. ഇവിടെയൊക്കെ നിറയെ വീടായല്ലോ…’

‘അത്, കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടല്ലേ നാട്ടുമ്പുറങ്ങളൊക്കെ മാറുന്നത്.’ വാഹനമോടിക്കുന്നതിനിടയില്‍ ബാബു പറഞ്ഞു. അതെ എന്നര്‍ത്ഥത്തില്‍ തല കുലുക്കുന്നുണ്ടായിരുന്നു വേണു.

പഴയ ഇല്ലിക്കൂട്ടം നിന്നിരുന്ന ഭാഗത്തെത്തിയപ്പോള്‍ അവളില്‍ ഓര്‍മ്മകളുടെ പെരുമഴപ്പെയ്ത്തായിരുന്നു.. അതില്‍ സ്വപ്നങ്ങളുടെ ആലിപ്പഴക്കുളിരുണ്ടായിരുന്നു. കണ്ണുനീരിന്‍റെ ഉപ്പുരസമുണ്ടായിരുന്നു…

ഇടിഞ്ഞുപൊളിഞ്ഞു നുരുമ്പിച്ച ആ കൂര, തകര്‍ന്ന ചിതല്പുറ്റു പോലെ നില്‍ക്കുന്നു. കാടുംപടലും പിടിച്ച തൊടിയുടെ നടുവില്‍, സ്വപ്നങ്ങളും, സുഖങ്ങളും, സന്തോഷങ്ങളും, ദുഃഖങ്ങളും, ശരീരങ്ങളും പങ്കിട്ട ആ പഴയ വീട്ടിലേക്ക് നോക്കുമ്പോള്‍, അമ്മയുടെ കണ്ണുകള്‍ രണ്ടരുവികളായി മാറിയിരുന്നു. കഴുത്തിലൊരു താലിച്ചരട് കെട്ടി, അമ്പലത്തില്‍ നിന്നും നടന്നു വന്ന ഒരു കൊച്ചു ഘോഷയാത്രയില്‍, നമ്രമുഖിയായി വാസ്വേട്ടന്‍റെ കൂടെ ഇവിടേയ്ക്ക് വന്നത് ഇന്നലെയെന്ന പോലെ അമ്മ ഓര്‍ത്തുപോയി. പിന്നെ എല്ലാം നഷ്ടപ്പെട്ട, ജീവിതം അതിന്‍റെ കറുത്ത നിഴലുകളില്‍ തങ്ങളെ നിര്‍ത്തിയതും, ഈ വീട്ടില്‍ തന്നെയല്ലേ അമ്മയുടെ ഓര്‍മ്മകള്‍ തേങ്ങിക്കരഞ്ഞു.

വേണുവും സിദ്ധുവും ശാരദക്കുട്ടിയുമാണ് ആദ്യം ഇറങ്ങിയത്. വാഹനം വന്നു നിന്നപ്പോള്‍ അയല്‍വാസികളായ ചില ആളുകള്‍ അവിടെവിടെ നിന്ന് എത്തി നോക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ആരെയും തിരിച്ചറിഞ്ഞില്ല. സിദ്ദുവിന്‍റെ കണ്ണുകളില്‍ കൗതുകവും, ശാരദക്കുട്ടിയുടെ കണ്ണുകളില്‍ ഒരു റാന്തല്‍ വിളക്ക് പോലെ സന്തോഷവും തെളിഞ്ഞു നില്‍ക്കുന്നു. അനിര്‍വചനീയമായ വികാരത്തള്ളിച്ചയിലായിരുന്നു എല്ലാവരും.

ആകാംക്ഷയോടെ, അതിനേക്കാള്‍ കൗതുകത്തോടെ അയല്‍വാസികള്‍ ചിലരൊക്കെ അങ്ങോട്ടേക്ക് വന്നു. സിദ്ധു അതിനോടകം തന്നെ പുല്ലുകള്‍ തിങ്ങിയ മുറ്റത്തേക്ക് കയറിയിരുന്നു. ശാരദക്കുട്ടി വണ്ടിയിലേക്ക് നോക്കി, അപ്പോഴും വാനില്‍ അന്തം വിട്ടിരിക്കുന്ന അവളെയും അമ്മയെയും വിളിച്ചു..

‘വാ അമ്മാ… വാ ചേച്ചി… വാ… ദാ കണ്ടോ… നമ്മുടെ ആ പഴേ ചെമ്പരത്തിയാ… എന്തോരമായി അല്ലേ?…’

വിറയ്ക്കുന്ന കാലുകളോടെ അവര്‍ ആ മണ്ണിലേക്കിറങ്ങി. അവള്‍ മൂക്ക് വിടര്‍ത്തി ആ മണ്ണിന്‍റെ ഗന്ധം ഒന്നാഞ്ഞു വലിച്ചു. ദൈവമേ… അച്ഛന്‍റെ മണമാണല്ലോ ഇവിടെയെങ്ങും നിറഞ്ഞു നില്‍ക്കുന്നത്…

രാധേച്ചീ എന്ന ശാരദക്കുട്ടിയുടെ വിളി കേട്ടാണ് ഞെട്ടിപ്പിടഞ്ഞു നോക്കിയത്. തൊടിയതിരില്‍ നിന്നും എത്തി നോക്കുന്ന രാധേച്ചിക്ക്, അങ്ങേയറ്റം കൗതുകമായി. അത്ഭുതം നിറഞ്ഞ ശബ്ദത്തോടെ അവര്‍ ചോദിക്കുന്നത് കേട്ടു…

‘അഅആ.. ശാരദക്കുട്ട്യേ… എന്‍റീശ്വരാ… ഈ കുട്ടി ഇത്രേം വളര്‍ന്നോ…’

അവര്‍ അതിവേഗം നടന്നു വന്നു. ആദ്യം അവളുടെ മുഖത്തേയ്ക്ക് നോക്കി കുറച്ചു നേരം നിന്നു.. അവളുടെ കൈകളില്‍ കൂട്ടിപ്പിടിച്ചു.. നോക്കിനില്‍ക്കെ ആ മുഖത്തൊരു സുന്ദരമായ പുഞ്ചിരി തെളിഞ്ഞുവന്നു. പിന്നെ ഉടുമ്പിനെ പോലെ അവളെ കെട്ടിപ്പിടിച്ചു.

കൂടിക്കൂടി വരുന്ന ആളുകള്‍ക്കിടയില്‍ പരിചയമുള്ള ഒരുപാട് മുഖങ്ങള്‍ തെളിഞ്ഞു വന്നു. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പത്തു കൊല്ലമായില്ലേ പോയിട്ട്. പിന്നെ ഈ വഴി ഒന്ന് വന്നിട്ട് പോലുമില്ലല്ലോ. ഇപ്പോള്‍ ദാ, പെട്ടെന്നൊരീസം, ഇങ്ങനെ മാനത്തു നിന്നും പൊട്ടി വീണപോലെ വന്നിരിക്കുന്നു. എല്ലാ മുഖങ്ങളിലും സന്തോഷമുണ്ടായിരുന്നു. പരിചയമില്ലാത്ത പുതുമുഖങ്ങളില്‍ വലിയ കൗതുകവും..

എവിടെയായിരുന്നു? എന്തായിരുന്നു? ഓരോരുത്തര്‍ക്കും ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു. ഇതുവരെ തൊടിയിലേക്കൊന്നു ശരിക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് സിദ്ധു പേടിച്ചരണ്ട മുഖവുമായി അങ്ങോട്ട് ഓടിവന്നത്. വീടിന്‍റെ പിന്‍ഭാഗത്തേക്ക് കൈ ചൂണ്ടി അവന്‍ വിറച്ചു കൊണ്ട് പറഞ്ഞു..

‘അമ്മാ.. ദേ… ഒരു മാഡ്മാന്‍…’

എല്ലാവരും അങ്ങോട്ട് നോക്കി. അവിടെ ഒരു വീടൊന്നും അവള്‍ക്ക് കാണാനായില്ല. ഇടിഞ്ഞു പൊളിഞ്ഞു നിലം പൊത്തിയ ഒരു കൂരയുടെ വീഴാനാഞ്ഞു നില്‍ക്കുന്ന മണ്‍ചുവരുകള്‍ മാത്രം. ശൂന്യതയിലേക്ക്, ദൂരെ മാനത്തേക്ക് നോക്കി അനാഥമായി നില്‍ക്കുന്ന ഒരു സ്മാരകം മാത്രമാണത്. നോക്കി നില്‍ക്കെ ചുമരുകള്‍ക്കപ്പുറത്ത് നിന്നും, മേനിയാകെ കരിയും മണ്ണും പുരണ്ടൊരു രൂപം മുന്‍വശത്തെ മുറ്റത്തേക്ക് വന്നു. ആ രൂപം ആ കൊച്ചു സംഘത്തെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു.

അതൊരു വല്ലാത്ത രൂപമായിരുന്നു. ജട കുത്തിയ മുടിയും താടിമീശയും. കറുത്തിരുണ്ട്, മെലിഞ്ഞുണങ്ങിയ ശരീരം. അങ്ങേയറ്റം മുഷിഞ്ഞ വേഷവിധാനങ്ങള്‍. എല്ലാം കൊണ്ടും, ഒരു ചലിക്കുന്ന കറുത്ത കങ്കാളം. അയാള്‍ കുറെ നേരം അവരെ അങ്ങിനെ നോക്കി നിന്നു. പിന്നെ ആടിയാടി അവരുടെ അരികത്തേയ്ക്ക് വന്നു. നേരിയ ഭയപ്പാടോടെ, ആ കവിളൊട്ടിയ മുഖത്തേയ്ക്ക്, കുഴിഞ്ഞ കണ്ണുകളിലേക്ക് അവള്‍ പകച്ചു നോക്കി. ഓര്‍മയുടെ വിദൂര തീരത്തേതോ ഒരു നിഴലാട്ടമുണ്ട്. ആരെന്ന് തീര്‍ത്ത് പറയാനാവാത്ത ഒരു കേവല നിഴലാട്ടം.

അയാളോരോരുത്തരെയും മാറിമാറി നോക്കി. അവസാനം അവളുടെ കണ്ണുകളിലേക്ക് അയാള്‍ തന്‍റെ കുഴിഞ്ഞ കണ്ണുകള്‍ തറച്ചു വച്ചു. പിന്നെ, കറുത്ത കറ വീണ പല്ലു കട്ടി ഇളിച്ചു കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു…

‘കറുത്ത മാനം, കറുത്ത മണ്ണ്, കൂടെ.. കറുത്തവന്‍റെ കരിഞ്ഞു പോയ കറുത്ത സ്വപ്നങ്ങളും.. കറുത്ത മനസ്സുള്ള പെണ്ണൊരുത്തിയും… ഹഹഹ…’

ഭയമരിക്കുന്ന മനസ്സുമായി അവള്‍ അമ്പരന്നിരിക്കെ, വിഷാദം ഘനീഭവിച്ച ശബ്ദത്തോടെ ആ ഭ്രാന്തന്‍ തുടര്‍ന്നു…

‘അവള്‍ പോയീ…. അവള്‍ പോയീ…. ഒന്നും മിണ്ടാതെ പോയീ…. ചത്താണ് പോയിരുന്നെങ്കില്‍…. കൊറേ കരഞ്ഞാല്‍ സങ്കടം തീരൂലേ… ഉം…. ഇതിപ്പോ, ചത്തല്ലല്ലോ പോയത്….. ചത്തല്ലല്ലോ പോയത്…..’

അവളുടെ മുഖത്തേയ്ക്ക് കൈ ചൂണ്ടി അയാള്‍ കൈകള്‍ കൊണ്ടെന്തോക്കെയോ ആംഗ്യം കാണിച്ചു.. പിന്നെ അവസാന വാചകം ആവര്‍ത്തിച്ചു പറഞ്ഞ് റോഡിലൂടെ താഴേക്ക് നടന്നു….

ആളെ മനസ്സിലായോ എന്ന രാധേച്ചിയുടെ ചോദ്യം കേട്ടാണ് അവള്‍ നോക്കിയത്. എല്ലാ മുഖങ്ങളും രാധേച്ചിയിലേക്ക് തിരിഞ്ഞു.

‘മേലേപ്രത്തെ സുകുവാ… പ്രാന്താ.. പെരും പ്രാന്ത്… എത്ര കൊല്ലായീന്നോ.. എത്ര ആട്ടിയാലും പോവൂല. ഇവിടെ വന്നാ കെടത്തം. ആരിം ഉപദ്രവിക്കൊന്നൂല്ല. ന്നാലും കുട്ട്യാള്‍ക്ക് പേട്യാ…’

അവളത് മുഴുവനും കേള്‍ക്കുന്നില്ലായിരുന്നു. ആടിയാടി പോകുന്ന ആ കറുത്ത രൂപത്തെ നോക്കി ശില പോലെ നിന്നു. ബാബു വളരെ അടുത്തു വന്ന്, സ്വകാര്യമായി ചോദിച്ചു.

‘ചേച്ചീ, അയാളാണോ ആ മറ്റേ സുകു?’

നിറഞ്ഞ കണ്ണുകളുമായി അവളവനെ ദയനീയമായി നോക്കി. അവളെ ചാരി നില്‍ക്കുകയായിരുന്ന സിദ്ദുവിന്‍റെ മുഖത്തപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.

തുടരും

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment