കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിലെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പ്രതി. ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ കോടതിയില്‍ നില്ക്കുന്ന ദൃശ്യമാണ് അഞ്ചാം പ്രതി സലീം പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ സലീമിന്റെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
കോടതിയില്‍ വെച്ച് സലീം ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പ്രോസിക്യൂഷനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. ഉടന്‍ പൊലീസ് ഇയാളില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഫോണിലുണ്ടായിരുന്നു.
അന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. കര്‍ശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ പ്രതികള്‍ പകര്‍ത്തിയ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആക്രമിക്കപ്പെട്ട നടിയും വനിതാ ജഡ്ജിയും പരിശോധിച്ചു. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയില്‍ നിന്ന് ഒഴിവാക്കിയാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്.
വാഹനം ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ നടി തിരിച്ചറിഞ്ഞു. താന്‍ സഞ്ചരിച്ച കാറിനെ ഇടിച്ച ടെമ്പോ ട്രാവലറും ആഭരണത്തിന്റെ ഭാഗങ്ങളുമാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയല്‍ നടപടികള്‍ക്ക് വേണ്ടി ടെമ്പോ ട്രാവലര്‍ കോടതിയ്ക്ക് പുറത്ത് എത്തിച്ചിരുന്നു. കമ്മലിന്റെയും മാലയുടെയും ഒരു ഭാഗവും നടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നും കോടതിയില്‍ വിചാരണ തുടരുകയാണ്. എതിര് വിസ്താര സമയത്ത് അഭിഭാഷകര്‍ക്കൊപ്പം മാത്രമേ പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കൂ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply