സിസ്റ്റര്‍ ലൂസി സഭയെ ധിക്കരിക്കുന്നവരോടൊപ്പം ഹോട്ടലുകളില്‍ താമസിച്ച് കറങ്ങി നടക്കുകയാണെന്ന് സഭ

lucy-kalapura00സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്റെ അധികൃതരും കോടതിയില്‍. സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടന്ന് സിസ്റ്റര്‍ ഹോട്ടലുകളില്‍ താമസിച്ചെന്നും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റര്‍ക്ക് താല്‍പ്പര്യമെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. എഫ്‌സിസി മഠത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ സഭാ അധികൃതര്‍ക്ക് അയച്ച നോട്ടീസിന് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവും എഫ്‌സിസി സഭാ അധികൃതരും ചേര്‍ന്ന് നല്‍കിയ ഈ സത്യവാങ്മൂലത്തിലാണ് സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ ദ്വയാര്‍ത്ഥത്തോടുകൂടിയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര ജീവിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാനോനിക നിയമങ്ങള്‍ക്കെതിരെയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റര്‍ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.

ചില സമങ്ങളില്‍ സംസ്‌കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. ഇത് സഭാ നിയമങ്ങള്‍ക്ക് കടകവിരുദ്ധമാണ്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി ശരിവെച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ്‌സിസി മഠത്തില്‍ സ്ഥലം കൈയ്യേറിയാണ് സിസ്റ്റര്‍ താമസിക്കുന്നതെന്നും സഭാ അധികാരികളും ബിഷപ്പും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അതേസമയം അന്യായമായി കോടതി തന്നെ അവിശ്വസിക്കില്ലെന്നാണ് കരുതുന്നതെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. നാളെയാണ് സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജി മാനന്തവാടി മുന്‍സിഫ് കോടതി പരിഗണിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment