Flash News

കാരിരുമ്പിന്റെ കരുത്ത് – സര്‍ദാര്‍ പട്ടേല്‍ (ജീവചരിത്രം – 2): കാരൂര്‍ സോമന്‍

February 5, 2020

adhyayam2 bannerആകാശംമുട്ടെ സര്‍ദാര്‍ പട്ടേല്‍

“ഭാവി തലമുറയ്ക്കു പ്രചോദനം ദേശീയ ഐക്യത്തിന്‍റെയും ദേശിയോദ്ഗ്രഥത്തിന്‍റെയും പ്രതീകം”. 2018 ഒക്ടോബര്‍ 31 ന് ഗുജറാത്തില്‍ സര്‍ദാര്‍ സരോവര്‍ രംഗകോട്ടിന് അഭിമുഖമായി നര്‍മദിയിലെ നദീ ദ്വീപില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പടുകൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമേദി പറഞ്ഞു. വദോദര നഗരത്തിന് 100 കി.മി തെക്ക് കിഴക്ക്; കേവാദിയ പട്ടണത്തില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ മാത്രം അകലെ അഹമ്മദാബാദില്‍ നിന്ന് 200 കി.മി അകലെ എന്നൊക്കെ വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗ നിര്‍ദ്ദശമായി ഈ പ്രതിമയെ അഥവാ ശില്പത്തെക്കുറിച്ച് പറയാം.

WRITING-PHOTO-reduced

കാരൂര്‍ സോമന്‍

ലോകത്തിലേറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ന്യൂയോര്‍ക്കിലെ വിശ്വപ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ(സ്വാതന്ത്യത്തിന്‍റെ പ്രതിമ) ഏതാണ്ട് ഇരട്ടി ഉയരം. ‘ചൈനയിലെ സ്രിണ്ട് ടെംപിള്‍ ബുദ്ധയെക്കാള്‍ മുപ്പതോളം മീറ്റര്‍ ഉയരം കൂടുതല്‍. 182 മീറ്റര്‍ (597 അടി) ഉയരമാണ് നമ്മുടെ ‘ഐക്യത്തിന്‍റെ പ്രതിമയ്ക്ക്'(സ്റ്റാച്യു ഓഫ് യൂണിറ്റി) ഉള്ളത്. ചൈനയിലേത് 153 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്നു. ബ്രസീലിലെ ക്രൈസ്റ്റ് (പുനരുദ്ധാനം) പ്രതിമയുടെ നാലിരട്ടി.

റോഡ് മാര്‍ഗം പ്രവേശിക്കുമ്പോഴാണ് പട്ടേല്‍ പ്രതിമ 182 മീറ്ററില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. നദിമാര്‍ഗമായാല്‍ ഇത് 208.54 മീറ്റര്‍ ഉയരരത്തില്‍ വരും. അല്പം പിന്നിലേക്ക് നമുക്ക് സഞ്ചരിക്കാം. 2013 ഡിസംബര്‍ 15 മൂന്നു ലക്ഷം കാലിപ്പെട്ടികളുമായി 1,69,000 ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പ്രചാരണപരിപാടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. പട്ടേല്‍ പ്രതിമ നിര്‍മ്മിക്കുവാനുള്ള മണ്ണും പഴയ ഇരുമ്പും മറ്റും ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

ഒടുവില്‍ പട്ടേല്‍ പ്രതിമ പൂര്‍ത്തിയായപ്പോള്‍ അതിനായി ഉപയോഗിച്ചത് 2,10,000 ക്യുബിക് മീറ്റര്‍ സിമന്‍റ് കോണ്‍ക്രീറ്റ്, 18,500 ടണ്‍ പനരാവിഷ്കരിച്ച ഉരുക്ക്, 6,500 ടണ്‍ പ്രത്യേക ഉരുക്ക്(സ്ട്രക്ചര്‍ സ്റ്റീല്‍) 1,700 ടണ്‍ വെങ്കലം, 1850 ടണ്‍ വിശിഷ്ട(പുരാതന) വെങ്കലം.

മഹാരാഷ്ട്രയിലെ വിഖ്യാത ശില്പി റാം വാഞ്ചി സുന്ധാര്‍ ആണ് പ്രതിമ രൂപകല്പന ചെയ്തത്. നാല് പതിറ്റാണ്ടിനിടയില്‍ അന്‍പതോളം സ്മാരകങ്ങള്‍ നിര്‍മ്മിച്ചു പേരെടുത്ത ശില്പിയാണ് അദ്ദേഹം. 2016 ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ച വ്യക്തി.

ശില്പം നര്‍മദാനദിക്ക് ഒത്ത മദ്ധ്യത്തില്‍ വരുന്നതിനാല്‍ കാറ്റും പ്രളയവും ഭൂമികുലുക്കവും ഒക്കെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ടുള്ള എന്‍ജിനീയറിങ്ങ് വൈദഗ്ദ്ധ്യമാണ് പ്രതിമയുടെ നിര്‍മ്മാണത്തില്‍ പ്രകടമാക്കിയത്.

റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തുന്ന ഭൂമികുലക്കം, 180 മീറ്റര്‍ വരെയുള്ള കൊടുങ്കാറ്റ് എന്നിവയെ അതിജീവിക്കാന്‍ പ്രതിമയ്ക്ക് കഴിയും. ഭൂമികുലുക്കമാകട്ടെ 10 കി.മീ ആഴത്തിലും 12 കി.മീ ചുറ്റളവിലും സംഭവിച്ചാലും പട്ടേല്‍ പ്രതിമ ഇളകില്ല. നര്‍മദ അണക്കെട്ടില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ പ്രളയവും കണക്കിലെടുത്താണ് പ്രതിമയുടെ അടിത്തറയുടെ പൊക്കം ക്രമീകരിച്ചിരിക്കുന്നത്.

പട്ടേല്‍ നടന്നു നീങ്ങുന്ന രീതിയിലാണ് രൂപകല്പന. അഞ്ചു തലങ്ങളിലായി പ്രതിമ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. 135 മീറ്റര്‍ ഉയരത്തിലാണ് കാഴ്ച ഗാലറി. 200 സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നു നര്‍മയും ചുറ്റുമുള്ള പ്രകൃതിഭംഗിയും വീക്ഷിക്കാന്‍ കഴിയും.

പ്രതിമയോട് അനുബന്ധിച്ച് മറ്റ് അഞ്ച് നിര്‍ണമ്മാണങ്ങളുമുണ്ട്. വാക്വേ, ടിക്കറ്റ് കൗണ്ടര്‍, ഫുഡ്കോര്‍ട്ട്, നാലുപാദ അപ്രോച്ച് ഹൈവേ, 52 മുറികളുള്ള ത്രീസ്റ്റാര്‍ ലോഡ്ജിംഗ് -“ശ്രേഷ്ഠ ഭാരത് ഭവന്‍” എന്നിവയാണിത്.

നരേന്ദ്ര മേദി ഗുജറാത്ത് മുഖ്യമന്ത്രിയായി പത്താം വാര്‍ഷത്തോട് പ്രവേശിക്കുമ്പോള്‍, 2010 ഒക്ടോബര്‍ 7 ന് വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മാണം പ്രഖ്യാപിച്ചത്. ‘രാജ്യത്തിന് ഗുജറാത്തിന്‍റെ ഉപഹാരം’ എന്നാണ് അന്ന് മോദി ഇതിനെ വിശേഷിപ്പിച്ചത്. 182 മീറ്റര്‍ ഉയരം നിശ്ചയിച്ചതിലും പ്രത്യേകതയുണ്ട്. ഗുജറാത്തില്‍ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 182 ആണ്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ചെലവായത് 2,989 കോടി രൂപയാണ്. രാജ്യം അര്‍ധപട്ടിണിയില്‍ കഴിയുമ്പോള്‍ ഇതിനെ ധൂര്‍ത്തായി വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനം ഈ നഷ്ടം നികത്തി വലിയ ലാഭത്തില്‍ ഈ പദ്ധതിയെത്തുമെന്നാണ് മറുപക്ഷം പറയുന്നത്. ഒരു കാര്യം പറയാം. പ്രധാനമന്ത്രി ആയ ശേഷം ജവഹര്‍ ലാല്‍ നെഹ്റുവിന്‍റെ സ്ഥാനം കുറച്ചുകാട്ടി സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തികാട്ടാന്‍ നരേന്ദ്രമോദി ആവിഷ്ക്കരിച്ച പദ്ധതിയല്ലിത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ മോദി പ്രധാമന്ത്രിയാകും എന്നൊരു ചിന്തയോ ചര്‍ച്ചയോ രാജ്യത്ത് ഇല്ലായിരുന്നു. ഒരുപക്ഷെ മോദിയുടെ വീക്ഷണത്തില്‍ അഥവാ ലക്ഷ്യത്തിലുണ്ടായിരിക്കാം. സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പേരില്‍ പ്രതിമ ഉയരും മുമ്പ് രാജ്യത്തെ ഏറ്റവും വലിയ സ്മാരകം ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന പട്ടേല്‍ മ്യൂസിയമായിരുന്നു. ഒരു കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഷാഹിബാഗ് മേഖലയിലാണ് ഈ അതിപുരാതന കെട്ടിടം. 1618 -22 കാലയളവില്‍ മുഗള്‍ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായിരുന്ന ഷാജഹാനാണ് ഇത് നിര്‍മ്മിച്ചത്. ആദ്യ കാലങ്ങളില്‍ ‘മോട്ടീഷാ മഹല്‍’ എന്നാണ് അറിയപ്പെട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യനന്തരം 1960 -1978 ല്‍ ഇത് ഗുജറാത്ത് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായിരുന്നു. സര്‍ദാര്‍ പട്ടേലിന്‍റ സ്വാതന്ത്ര്യ പോരാട്ടങ്ങളെ കണക്കിലെടുത്ത് 1980 ല്‍ കെട്ടിടത്തിന്‍റ താഴത്തെ നിലയില്‍ അദ്ദേഹത്തിന്‍റ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി ‘പട്ടേല്‍ മ്യൂസിയം’ സര്‍ക്കാര്‍ ആരംഭിച്ചു.

ഭാരതമണ്ണിനായി പട്ടേല്‍ നല്‍കിയ സംഭാവനകളെ പ്രതിപാദിക്കുന്ന ധീരതയുടെ മുഖചിത്രങ്ങളായ എഴുത്തുകള്‍, ഛായാചിത്രങ്ങള്‍, ബ്രിട്ടീഷ്-ഇന്ത്യക്കാരുടെ വിവിധ ഫോട്ടോകള്‍, പത്രത്താളുകള്‍, പുസ്തകങ്ങള്‍, മേശ, കസേര അങ്ങനെ പട്ടേല്‍ ഉപയോഗിച്ചിരുന്ന പല വസ്തുക്കളും കാണാം. അഭിഭാഷകനായിരുന്ന കാലങ്ങളില്‍ കോടതി മുറികളില്‍ പാവങ്ങള്‍ക്കായി വാദിക്കുന്ന വളരെ ഗാംഭിര്യത്തോട് നില്‍ക്കുന്ന പട്ടേലിന്‍റ പ്രതിമയും കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ മോട്ടീഷാ മഹലിന്‍റ ആദ്യ നിലയില്‍ രവീന്ദ്ര നാഥ് ടാഗോറിന്‍റ പ്രതിമയും ഛായാചിത്രങ്ങളും അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വായനയില്‍ അതിരറ്റ ആനന്ദം കണ്ടിരുന്ന പട്ടേല്‍ സാഹിത്യ രംഗത്തുണ്ടായിരുന്നവരുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ലണ്ടനിലെ ജീവിതമാണ് പട്ടേലിനെ നല്ലൊരു വായനക്കാരനാക്കിയത്. ടാഗോര്‍ ഇവിടെയിരുന്ന് കഥകളും കവിതകളും എഴുതിയതായി രേഖകളുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top