തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി

Saint Elias Manjinikaraവിശ്വാസത്തിന്‍റെ കഠിനപാതയിലൂടെ വിശുദ്ധന്‍റെ കബറിങ്കലേക്ക് പദയാത്രികരായി എത്തുന്ന തീര്‍ത്ഥാടകരുടെ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി മഞ്ഞിനിക്കര ഭക്തിസാന്ദ്രം. സമാധാനത്തിന്‍റെ സന്ദേശവുമായി മലങ്കരയില്‍ എഴുന്നെള്ളി കാലം ചെയ്ത പരിശുദ്ധ എലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 88-ാമത് ദുക്റോനാ പെരുന്നാളാണ് വെള്ളിയാഴ്ച്ചയും ശനിയഴ്ചയും. തീര്‍ത്ഥാടക സംഗമം വെള്ളിയാഴ്ച്ചയാണെങ്കിലും നേരത്തെതന്നെ പതിനായിരക്കണക്കിന് തീത്ഥാടകരെക്കൊണ്ട് മഞ്ഞിനിക്കര ദയറായും ദേശവും തീര്‍ത്ഥാടക സാഗരമാകും.

മധ്യ പൗരസ്ത്യ ദേശം കഴിഞ്ഞാല്‍ പാത്രിയര്‍കീസ് ബാവായുടെ കബറിടമുള്ള ഏക സ്ഥലമാണ് മഞ്ഞിനിക്കര. യാക്കോബായ സുറിയാനി സഭയുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്. ബാവായെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയിലാണ് മഞ്ഞിനിക്കര. ചുട്ടുപൊള്ളുന്ന വെയിലിനേയും വിശ്വാസതീഷ്ണതയില്‍ അവഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നടതീര്‍ത്ഥ യാത്ര പരിശുദ്ധന്‍റെ കബറിങ്കല്‍ എത്തിച്ചേരുന്നത്.

83611641_1383480035194065_4236801077896282112_oബാവായുടെ 88-ാമത് ദുക്റോനോ പെരുന്നാളില്‍ സംബന്ധിക്കുവാനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി മോര്‍ ക്രിസ്റ്റോറ്റമോസ് മീഖായേല്‍ ശെമവൂന്‍ മെത്രാപ്പോലീത്ത എത്തിച്ചേരും. വിശ്വസികള്‍ കാല്‍നട തീര്‍ഥയാത്രയില്‍ പങ്കുചേരുന്നു പുണ്യ പിതാവിന്‍റെ പാദ സ്പര്‍ശം ഏറ്റ മണ്ണില്‍, പരിശുദ്ധ പിതാവ് അന്ത്യ വിശ്രമം കൊള്ളുന്ന മഞ്ഞനിക്കരയില്‍, സങ്കടങ്ങളും വ്യാകുലങ്ങളും സമര്‍പ്പിക്കുവാനും മദ്ധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി കരേറ്റുവാനും എത്തിച്ചേരുമ്പോള്‍ വേണ്ടതായ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു .ഭക്തജനങ്ങള്‍ക്കു ആവശ്യമായ ഭക്ഷണവും പാനീയങ്ങളും നല്‍കി മഞ്ഞനിക്കര തീര്‍ത്ഥാടകരെ സഹായിക്കുന്ന അനേകം സംഘടനകളും വ്യക്തികളും തീര്‍ത്ഥയാത്ര കടന്നു പോകുന്ന വഴികളില്‍ എല്ലാം കാണാന്‍ സാധിക്കും

83850216_10219228630723176_1211743353763266560_nഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെ നടക്കുന്ന 88-ാമത് മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിശദമാക്കുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. മഞ്ഞനിക്കര പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ കോഓര്‍ഡിനേറ്ററായും, കോഴഞ്ചേരി തഹസീല്‍ദാരെ അസിസ്റ്റന്‍റ് കോഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി. പെരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ടു മുതല്‍ എട്ടുവരെയുള്ള കാലയളവില്‍ മഞ്ഞനിക്കര ദയറായുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ആവശ്യമായ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനം ഉറപ്പാക്കുമെന്നും ആംബുലന്‍സ് സൗകര്യം ക്രമീകരിക്കുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നന്ദിനി പറഞ്ഞു. മഞ്ഞനിക്കര ഇലവുംതിട്ട റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നു പി.ഡബ്യൂ.ഡി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ബി. ബിനു പറഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച് പ്ലാസ്റ്റിക്ക് നിരോധന ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഓമല്ലൂര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തുകളാണ്. ആരോഗ്യം, പഞ്ചായത്ത്, റവന്യൂ, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ പെരുനാളിനോടനുബന്ധിച്ചു പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനവും ഉണ്ടായിരിക്കും. ഇതില്‍ ഭക്ഷണ സാധനങ്ങളുടെയും പാനീയങ്ങളുടേയും അളവ്, ഗുണമേന്മ, വില എന്നിവ സ്ക്വാഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.

83887611_1383243651884370_8371742990573502464_nപത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, പന്തളം, കോട്ടയം തിരുവല്ല എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ തവണത്തേക്കാള്‍ അധിക ബസ് സര്‍‌വീസ് കെ.എസ്.ആര്‍.ടി.സി നടത്തും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിനു കുടിവെളളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിട്ടിയും, ക്രമസമാധാനപാലനം, വ്യാജ മദ്യവില്‍പന, ലഹരിവസ്തുക്കളുടെ ഉപയോഗം തടയല്‍ എന്നിവ പോലീസ്, എക്സൈസ് വകുപ്പുകളും നിര്‍‌വഹിക്കും.

ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ബീനാ റാണി, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, മഞ്ഞനിക്കര പെരുന്നാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കമ്മിറ്റി അംഗങ്ങളായ ഇ.കെ മാത്യൂസ് കോര്‍എപ്പിസ്കോപ്പ, ജേക്കബ് തോമസ് കോര്‍ എപ്പിസ്കോപ്പ, ഷെവലിയാര്‍ ജോസ് മാങ്ങാട്ടേത്ത് ബിനു വാഴമുട്ടം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

84081930_10219247189507134_7968350496672972800_nനാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരെ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ നിന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. വൈകിട്ട് ആറിനു തീര്‍ത്ഥാടന യാത്രാ സമാപന സമ്മേളനം പരി. പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ക്രിസ്റ്റോറ്റമോസ് മീഖായേല്‍ ശെമവൂന്‍ തിരുമേനി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ യാക്കോബായ സുറിയാനി എല്ലാ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

8 നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്തെപ്പാനോസ് പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്‍റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. ദയറാ പള്ളിയില്‍ അഞ്ചു മണിക്ക് മോര്‍ ഗ്രിഗോറിയോസ് ജോസഫ്, മോര്‍ പീലക്സിനോസ് സക്കറിയ, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, 8.30 ന് പരി. പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ക്രിസ്റ്റോറ്റമോസ് മീഖായേല്‍ ശെമവൂന്‍ മെത്രാപ്പോലീത്തയും കുര്‍ബ്ബാന അര്‍പ്പിക്കും. കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം10:30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടാകും.

84886015_1383482185193850_1398863220445282304_o

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News