ഇംപീച്ച്മെന്‍റ്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെ കുറ്റവിമുക്തനാക്കി

97499-donald-trumpവാഷിംഗ്ടണ്‍: അധികാരം ദുര്‍‌വിനിയോഗം ചെയ്തുവെന്നും കോണ്‍ഗ്രസിനെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് ഇം‌പീച്ച്മെന്റിനെ നേരിട്ട ട്രം‌പിനെ സെനറ്റ് കുറ്റവിമുക്തനാക്കി.

വിചാരണയ്ക്ക് വിധേയനായ മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ട്രം‌പ്. 2020 ലെ തന്‍റെ തിരഞ്ഞെടുപ്പ് ശ്രമങ്ങള്‍ക്ക് കരുത്തേകാന്‍ ഉക്രെയിനില്‍ നിന്ന് അനധികൃതമായി സഹായം തേടിയതിന്‍റെ പേരില്‍ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് പുറത്താക്കാനുള്ള ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള ശ്രമത്തെയാണ് ട്രംപ് പരാജയപ്പെടുത്തിയത്.

ശക്തമായ തെളിവുകള്‍ നേരിടേണ്ടി വന്നിട്ടും, റിപ്പബ്ലിക്കന്‍സ് വിശ്വസ്തരായി നിലകൊള്ളുകയും ഭൂരിപക്ഷം വോട്ടുകളും ശേഖരിക്കുകയും ചെയ്തു.

അധികാര ദുര്‍വിനിയോഗ കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. ട്രംപിനെതിരായ ആദ്യ ഇംപീച്ച്മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. മിറ്റ് റോംനിയാണ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്.

‘മൂന്നില്‍ രണ്ട് സെനറ്റര്‍മാരും പ്രമേയത്തില്‍ അടങ്ങിയിരിക്കുന്ന ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല, അതിനാല്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് കുറ്റവിമുക്തനാക്കപ്പെടുന്നു,’ അധ്യക്ഷനായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് പറഞ്ഞു.

100 അംഗങ്ങളുള്ള സെനറ്റില്‍ 67 പേരുടെ പിന്തുണ കിട്ടിയാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാല്‍ ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ അതിന് സാദ്ധ്യതയില്ല.

53 അംഗങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങളാണുള്ളത്. യു.എസിന്‍റെ ചരിത്രത്തില്‍ സെനറ്റില്‍ ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ട്രംപ്.

ഇതേ സഭയാണ് 2019 ഡിസംബറില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ കരു നീക്കിയത്. ഇംപീച്ച്മെന്‍റ് മാനേജര്‍മാരായി നിയോഗിക്കപ്പെട്ട ഡെമോക്രാറ്റ് അംഗങ്ങളുടെയും ട്രംപിന്‍റെ അഭിഭാഷകരുടെയും വാദപ്രതിവാദങ്ങളാണ് രണ്ടാഴ്ചയോളമായി സെനറ്റില്‍ നടന്നത്. സാക്ഷികളെ വിസ്തരിക്കാനും തെളിവുകള്‍ ഹാജരാക്കാനുമുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിയിരുന്നു. അതിനാല്‍ അന്തിമഘട്ട വോട്ടെടുപ്പിലും ഡെമോക്രാറ്റുകളുടെ പ്രമേയം അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായിരുന്നു. ഇതിനിടെ നവംബറിലെ യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അയോവയില്‍ നടത്തിയ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പില്‍ 97% പേരുടെ പിന്‍ന്തുണയുമായി ട്രംപ് ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

അതേസമയം ഇംപീച്ച്മെന്റ് നടപടിയിലെ തന്റെ വിജയത്തെ കുറിച്ച് നാളെ പ്രതികരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി എക്കാലവും താന്‍ തന്നെ തുടരുമെന്ന് സൂചിപ്പിക്കുന്ന വീഡിയോയും‍‍‍ ഡോണള്‍ഡ് ട്രംപ് ഷെയര്‍ ചെയ്തിട്ടുണ്ട്.

https://twitter.com/realDonaldTrump/status/1225179058000089090


Print Friendly, PDF & Email

Related News

Leave a Comment