സെമിത്തേരി ബില്ലിനെ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ

a_10സഭകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനിര്‍ത്താനും അവരെ തമ്മിലടിപ്പിക്കാനും മെനഞ്ഞെടുത്ത ‘സെമിത്തേരി ബില്‍’ യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ. സെമിത്തേരികളെ പൊതുശ്മശാനമാക്കാനാണ് സെമിത്തേരി ബില്‍ എന്നാണ് സഭയുടെ ആരോപണം.

സഭകള്‍ തമ്മിലുള്ള തര്‍ക്കം അവസാനിക്കരുതെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കണമെന്നുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും, ബില്‍ അതിന് വേണ്ടിയാണെന്നും ബസേലിയോസ് പൗലോസ് ദ്വിതീയന് കാതോലിക്ക ബാവ പറഞ്ഞു. തര്‍ക്കം അവസാനിപ്പിക്കണമെങ്കില്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സെമിത്തേരി ബില്ലിനെതിരെ സീറോ മലബാര്‍ സഭയും രംഗത്ത് വന്നിട്ടുണ്ട്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്ന ബില്‍ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചു. ബില്ലിലൂടെ ഭരണഘടന മതങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടും. ഇത് കൂടുതല്‍ സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളിലേ അവസാനിക്കൂവെന്നും ആലഞ്ചേരി പറഞ്ഞു.

പുതിയ ബില്‍ എല്ലാ ക്രിസ്ത്യന്‍ സഭകളെയും ദോഷകരമായി ബാധിക്കും. എല്ലാ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങള്‍ കണക്കിലെടുത്തും എല്ലാവര്‍ക്കും സ്വീകാര്യവുമായ രീതിയിലായിരിക്കണം പുതിയ ബില്‍. യാക്കോബായ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബില്ലിന് സാധിച്ചേക്കും. എന്നാല്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സെമിത്തേരികളെയും മൃത സംസ്‌കാര ശുശ്രൂഷകളെയും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും. അതിനാല്‍ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News