കേരളത്തെ വിശപ്പ് രഹിത സംസ്ഥാനമാക്കും; അഞ്ചാം സംസ്ഥാന ബജറ്റില്‍ ഡോ. തോമസ് ഐസക്കിന്റെ വാഗ്ദാനം

344372-tm-thomas-isaacതിരുവനന്തപുരം: പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു.

വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1,000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുകയെന്ന് ധനമന്ത്രി ബജറ്റവതരിപ്പിച്ച് പറഞ്ഞു.

“വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന് കിടപ്പും” എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നല്‍കിയ നിര്‍വചനം. ഈ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി, സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും. അതല്ലെങ്കില്‍ പരമാവധി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണ ശാലകള്‍ തുടങ്ങും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്‌പോണ്‍സര്‍മാരെ ഉപയോഗിച്ച് നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താല്‍ റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും.

ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം പ്രഖ്യാപിക്കും. 2020-21 വര്‍ഷം ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ:-

അതിവേഗ റെയില്‍: 1,457 രൂപയ്ക്ക് തിരു-കാസര്‍കോട് യാത്ര.

ഊബര്‍ മാതൃകയില്‍ പഴം-പച്ചക്കറി വിതരണത്തിന് പദ്ധതി.

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതല്‍ പുറത്തിറങ്ങും.

ഫലവൃക്ഷ-പച്ചക്കറി വ്യാപനത്തിന് 1000 കോടി .

എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപകൂട്ടി.

നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിയായി നല്‍കാന്‍ 40 കോടി.

ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകള്‍കൂടി.

പ്രവാസി ക്ഷേമത്തിന് 90 കോടി.

ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകള്‍കൂടി.

കേരള ബാങ്കില്‍ അനാവശ്യ ചാര്‍ജുകള്‍ ഈടാക്കില്ല.

2020 നവംബര്‍മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കും.

കുടുംബശ്രീക്ക് 600 കോടി.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അധ്യാപകരില്ലാത്ത കോഴ്‌സുകള്‍ക്ക് ആയരിത്തോളം തസ്തികകള്‍ സൃഷ്ടിച്ച് മാര്‍ച്ചില്‍ ഉത്തരവിറക്കും.

ASAP ന് 50 കോടി രൂപ വകയിരുത്തും.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി രൂപ വായ്പയായി നല്‍കും. പലിശ സര്‍ക്കാര്‍ നല്‍കും.

കെ എഫ് സി 2000 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് വായ്പ സമാഹരിക്കും.

കെഎഫ്‌സിയുടെ ഓഹരി മൂലധനം ഉയര്‍ത്തുന്നതിന് 200 കോടി രൂപ വകയിരുത്തും.

കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും.

16 റൂട്ടുകളിൽ 76 കിലോ മീറ്റർ ജലപാത നിർമ്മിക്കും. 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി ബജറ്റിൽ അനുവദിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം 5,000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. 1,000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടത്തും.

ടൂറിസം പ്രോത്സാഹനത്തിന് 320 കോടി ബജറ്റിൽ വിലയിരുത്തി. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.

ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി ബജറ്റൽ വിലയിരുത്തി.

പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും.

വയനാട്ടില്‍ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തും.

വയനാട് പദ്ധതിക്ക് കിന്‍ഫ്രയുടെ 100 ഏക്കറില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കും.

ഓഖി ഫണ്ട് ചിലവാക്കിയത് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും. പരാതിയുള്ളവര്‍ക്ക് സമീപിക്കാം.

ലൈഫ് മിഷന്റെ ഭാഗമായി മത്സ്യബന്ധന മേഖലയില്‍ 280 കോടി രൂപ ചെലവില്‍ 7000 വീടുകള്‍ നിര്‍മിക്കും.

ടൂറിസത്തിൽ കേരളത്തിന് വളർച്ച ഉണ്ടായെന്നും ധനമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തിയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം നടത്തിയത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബജറ്റിനു മുന്നോടിയായി തോമസ് ഐസക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment