Flash News

125-ാമത് മാരാമണ്‍ കണ്‍‌വന്‍ഷന് ഞായറാഴ്ച തുടക്കം

February 8, 2020 , ഷാജി രാമപുരം

Image Speakersന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്റെ 125-ാമത് മഹായോഗം പമ്പാ മണപ്പുറത്ത് ഫെബ്രുവരി 9 ഞായറാഴ്ച ഉച്ചക്ക് 2.30 ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ബിഷപ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും.

സഭയിലെ ബിഷപ്പുമാരെ കൂടാതെ ആര്‍ച്ച് ബിഷപ് കെയ് മാരി ഗോഡ്‌സ്‌വര്‍ത്തി (ഓസ്‌ട്രേലിയ), ബിഷപ് ഡിനോ ഗബ്രിയേല്‍ (ദക്ഷിണാഫ്രിക്ക), റവ. ഡോ.മോണോദീപ് ഡാനിയേല്‍ (ഡല്‍ഹി), റവ.ഡോ.ജോണ്‍ സാമുവേല്‍ (ചെന്നൈ) എന്നിവരാണ് മുഖ്യ
പ്രാസംഗികര്‍.

Image-Logoശതോത്തര രജത ജൂബിലിയായി നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്റെ 125 വര്‍ഷത്തെ ചരിത്രവും സുവിശേഷ പ്രസംഗസംഘത്തിന്റെ പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന പ്രദര്‍ശനം മണപ്പുറത്ത് ഒരിക്കിയിട്ടുണ്ടെന്ന് കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനറും സുവിശേഷ പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും ആയ റവ.ജോര്‍ജ് എബ്രഹാം കൊറ്റനാട് അറിയിച്ചു.

ഫെബ്രുവരി 9 ഞായറാഴ്ച്ച ആരംഭിക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്‍ 16 ന് ഞായറാഴ്ച സമാപിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചക്ക് 2 നും വൈകിട്ട് 5 നും പൊതുയോഗങ്ങളും, രാവിലെ 7.30 മുതല്‍ 8.30 വരെ ബൈബിള്‍ ക്ലാസും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും.

12 ബുധനാഴ്ച രാവിലെ 10 ന് നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. ഉച്ചക്ക് 2 ന് സാമൂഹിക തിന്മകള്‍ക്ക് എതിരെയുള്ള സമ്മേളനത്തില്‍ മാരാമണ്‍ കണ്‍വെന്‍ഷന്റെ ആഹ്വാനപ്രകാരം പുകയിലയും മറ്റു ലഹരി വസ്തുക്കളും മണപ്പുറത്തു കുഴിച്ചിട്ട മുറുക്കാന്‍പൊതി വിപ്ലവത്തിന്റെ 100 വര്‍ഷം ആയതിന്റെ വാര്‍ഷിക സമ്മേളനം നടത്തും.

13 ന് ഉച്ചയ്ക്കു ശേഷം സന്നദ്ധ സുവിശേഷ സംഘത്തിന്റെയും 14 ന് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും, 15 ന് രാവിലെ 10 ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും ഉച്ചക്ക് ശേഷം സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗവും നടക്കും എന്ന് സംഘം കറസ്‌പോണ്ടന്‍സ് സെക്രട്ടറി സി.വി വര്‍ഗീസ്, സഞ്ചാര സെക്രട്ടറി റവ.സാമുവേല്‍ സന്തോഷം, ഗോസ്പല്‍ ടീം ഡയറക്ടര്‍ റവ.അലക്‌സ് പി.ജോണ്‍, ട്രഷറാര്‍ അനില്‍ മാരാമണ്‍ എന്നിവര്‍ അറിയിച്ചു.

13,14,15 തീയതികളില്‍ ഉച്ചക്ക് 3.30 ന് യുവജനങ്ങള്‍ ആദര്‍ശലോക നിര്‍മ്മിതിയില്‍ എന്ന ചിന്താവിഷയത്തെ അധികരിച്ച് യുവവേദി സമ്മേളനം ഉണ്ടായിരിക്കും. മുന്‍ സുപ്രിം കോര്‍ട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫ്, മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ജയിംസ് തോമസ്, എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിക്കുന്ന പ്രത്യേക സ്റ്റാള്‍ മണപ്പുറത്ത് ഉണ്ടായിരിക്കും. മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസും അനേക വിശ്വാസികളും കേരളത്തിലേക്ക് പുറപ്പെട്ടതായി ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടുക്കുള അറിയിച്ചു.

Image-Maramon


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top