- Malayalam Daily News - https://www.malayalamdailynews.com -

ചെകുത്താന്‍ കുടിപാര്‍ക്കുന്ന പാര്‍ലമെന്റ്: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

chekuthan parliament bannerചിലരുടെ തലയില്‍ വെളിച്ചമെത്താന്‍ സമയം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജീവ് ഗാന്ധിയെ പരിഹസിച്ച് വ്യാഴാഴ്ച ലോകസഭയില്‍ പറഞ്ഞത്. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ തലയില്‍ വെളിച്ചം കയറാന്‍ ഇരുപത്തിനാല് മണിക്കൂറെങ്കിലും കഴിയേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വെള്ളിയാഴ്ച ലോകസഭയില്‍ തെളിയിച്ചത്.

ബുധനാഴ്ച രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ തെരഞ്ഞെടുപ്പു യോഗത്തില്‍ മോദിക്കെതിരെ നടത്തിയെന്നു പറയുന്ന പരാമര്‍ശത്തിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിതന്നെ മറുപടി പറഞ്ഞ് അവസാനിപ്പിച്ചതായിരുന്നു. ആറുമാസം കഴിഞ്ഞാല്‍ പ്രധാനമന്ത്രിയെ രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കള്‍ വടികൊണ്ടടിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് പരോക്ഷമായി മോദി സൂചിപ്പിച്ചത്. ആറുമാസത്തിനകം സൂര്യ നമസ്‌ക്കാരത്തിലൂടെ മുതുകിന്റെ കരുത്തുകൂട്ടി അതിനെ നേരിടുമെന്നാണ് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞത്. അത് ആസ്വദിച്ച് രസിക്കുകയായിരുന്നു ഭരണകക്ഷിക്ക് ഒരു ദിവസംകൂടി കഴിഞ്ഞപ്പോഴാണ് അരിശം കയറിയത്.

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ് സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ തൊഴിലില്ലായ്മയെപ്പറ്റി പറയാന്‍ ആവശ്യപ്പെടുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ വടിയെടുക്കണമെന്ന് രാഹുല്‍ ഗാന്ധി യുവാക്കളെ ആഹ്വാനംചെയ്‌തെന്നും സഭയില്‍ ഈ വിഷയമുന്നയിച്ച മന്ത്രി ഹര്‍ഷ് വര്‍ദ്ധനെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൈയ്യേറ്റം ചെയ്‌തെന്നുമുള്ള നിലയിലേക്ക് ബി.ജെ.പി അംഗങ്ങള്‍ വിഷയം വെള്ളിയാഴ്ച വളര്‍ത്തി. രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

anurag-thakur-

കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍

വ്യാഴാഴ്ച പ്രധാനമന്ത്രി സഭയില്‍ പ്രശ്‌നം പരാമര്‍ശിക്കുംവരെ ശൂന്യവേളയിലോ അല്ലാതെയോ ഭരണപക്ഷത്തുനിന്നാരും രാഹുലിന്റെ പരാമര്‍ശം ഗൗരവമായി കണ്ടില്ല. ഡല്‍ഹിയിലെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ അവസാന ആയുധമായി ഇതും കിടക്കട്ടെ എന്ന് നാട്ടുകാരന്‍കൂടിയായ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ധരിച്ചെന്നു തോന്നുന്നു. നേരത്തെ സഹപ്രവര്‍ത്തകനായ മന്ത്രി അനുരാഗ് ഠാക്കൂര്‍ രാജദ്രോഹികള്‍ക്കെതിരെ തോക്കെടുക്കാന്‍ ഡല്‍ഹി നിവാസികളെ ആഹ്വാനം ചെയ്തത് വന്‍ വിവാദമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കു നേരെ രണ്ട് യുവാക്കള്‍ വെടിവെച്ചതും അതിനെത്തുടര്‍ന്നാണ്. ഗാന്ധി വധത്തിലേക്കു നയിച്ചതിനു സമാനമായ നിലയിലാണ് ഇത്തവണ വര്‍ഗീയ വിഷം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഡല്‍ഹിയില്‍ ബി.ജെ.പി വ്യാപകമായി പരത്തിയത്.

കേന്ദ്ര മന്ത്രിമാരടക്കം രാഷ്ട്രീയ മദമിളകി സര്‍വ്വ സീമയും ലംഘിക്കുന്നതിന്റെ പുതിയ ഉദാഹരണമായി മന്ത്രി ഹര്‍ഷ് വര്‍ദ്ധനെപ്പോലൊരാള്‍ സഭയുടെ ചട്ടവും കീഴ് വഴക്കവും കാറ്റില്‍ പറത്തി പ്രകോപനം സൃഷ്ടിച്ചത്. ചോദ്യോത്തരവേള കഴിയാതെ സഭയില്‍ മറ്റൊരു വിഷയവും ചര്‍ച്ചചെയ്യാന്‍ അനുവദിക്കില്ലെന്ന ചട്ടമാണ് മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ലംഘിച്ചത്. തന്റെ മണ്ഡലമായ വയനാടിനെകുറിച്ചുള്ള ചോദ്യമാണ് രാഹുല്‍ സഭയില്‍ ഉന്നയിച്ചത്. അതിനു മറുപടി പറയുന്നതിനു പകരം മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാഷ്ട്രീയ വടി എറിഞ്ഞതാണ് കോണ്‍ഗ്രസ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ബി.ജെ.പി അംഗങ്ങളും അവരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമെന്നായപ്പോള്‍ സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടിവന്നതും.

തൊഴിലില്ലായ്മ റിക്കാര്‍ഡ് ഭേദിച്ച് ഉയരുകയാണെന്ന പ്രശ്‌നം കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രതിപക്ഷം ഉന്നയിച്ചുപോരുന്നതാണ്. തൊഴിലില്ലായ്മ എക്കാലത്തേയും അവസ്ഥയെ മറികടന്ന് കുതിക്കുമ്പോള്‍ പാര്‍ലമെന്റിലും പുറത്തും ഇക്കാര്യം ഉന്നയിച്ചിട്ടും പ്രധാനമന്ത്രി മറുപടി പറയുന്നില്ല. പാക്കിസ്താന്‍, രാജ്യദ്രേഹികള്‍, ആയുധകയറ്റുമതി, പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ നീട്ടിപ്പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രധാനമന്ത്രി. ഈ സാഹചര്യത്തില്‍ യുവാക്കള്‍ പ്രധാനമന്ത്രിക്കെതിരെ വടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് പറയേണ്ട സ്ഥിതി രാഹുലിനുണ്ടായി.

health-minister-harsh-vardhan

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍

രാഹുലിനെ പരിഹസിച്ച് വിഷയം വഴിതിരിച്ചുവിടാന്‍ നോക്കുന്ന പ്രധാനമന്ത്രിപോലും പ്രതിപക്ഷം ഉന്നയിക്കുന്ന ഈ വിഷയത്തില്‍ അസ്വസ്ഥനാണ്. അതുകൊണ്ടാണ് വെള്ളിയാഴ്ച അസമില്‍ സംസാരിക്കവെ പ്രധാനമന്ത്രി വീണ്ടും ഈ വിഷയം പരാമര്‍ശിച്ചത്. തന്നെ കാണാനും കേള്‍ക്കാനും വരുന്ന ജനങ്ങളാണ് തനിക്ക് സുരക്ഷ തീര്‍ക്കുകയെന്ന് പറഞ്ഞത്. എന്നിട്ടും തൊഴിലില്ലായ്മ, മാന്ദ്യം, വിലക്കയറ്റം തുടങ്ങി ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ കുറിച്ചോ പരിഹാരം കാണുന്നതിനെകുറിച്ചോ പ്രധാനമന്ത്രി ഒരക്ഷരം പറയുന്നില്ല.

ജനാധിപത്യത്തില്‍ ഇത്തരമൊരു അവസ്ഥ സംജാതമായാല്‍ ഭരണഘടനയ്ക്ക് തീകൊളുത്തുമെന്ന് ഭരണഘടനാശില്പിയെന്ന് രാജ്യം ആദരിക്കുന്ന ഡോ. ബി.ആര്‍ അംബേദ്ക്കര്‍തന്നെ പറഞ്ഞിട്ടുണ്ട്. ജനപിന്തുണയുടെ പേരില്‍ അധികാരത്തില്‍ വന്നവര്‍ ജനങ്ങളെയും ജനാധിപത്യത്തെയും മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അംബേദ്ക്കറെപ്പോലെ ഒരാള്‍ പറഞ്ഞതിനപ്പുറമൊന്നും രാഹുല്‍ ഗാന്ധി ഇപ്പോള്‍ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് തനിക്കങ്ങനെ പറയേണ്ടിവന്നു എന്ന് അംബേദ്ക്കര്‍തന്നെ പാര്‍ലമെന്റില്‍ വിശദീകരിച്ചിട്ടുണ്ട്. ദൈവം ഇരിക്കേണ്ട ക്ഷേത്രത്തില്‍ പിശാച് കുടിയിരുന്നാല്‍ തീവെക്കുകയല്ലാതെ മറ്റെന്തുചെയ്യാന്‍ എന്ന് ചോദിച്ച്.

നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പിക്ക് ലോകസഭയില്‍ മുന്നൂറിലേറെ സീറ്റ് കിട്ടിയതോടെ ഭരണഘടനാ സ്ഥാപനങ്ങളിലൊക്കെ ചെകുത്താന്‍ കുടിയേറിയ സ്ഥിതിയായി. ഗാന്ധിജിയേയും അംബേദ്ക്കറെയും ബി.ജെ.പി വത്ക്കരിക്കാന്‍ ശ്രമിക്കുക, അതേസമയം നാഥുറാം ഗോഡ്‌സെയെപോലുള്ളവരെ വാഴ്ത്തുക, ഗാന്ധിജിയും മറ്റും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യവും അക്രമരാഹിത്യവും തുല്യനീതിയും മതനിരപേക്ഷതയും നിയമ ഭേദഗതികളിലൂടെ നിഷേധിക്കുക, തങ്ങള്‍ക്കിഷ്ടമില്ലാത്ത പൗരന്മാരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുക, ഇല്ലെങ്കില്‍ വെടിവെച്ചു കൊല്ലാന്‍ മതത്തിന്റെ പേരില്‍ മന്ത്രിമാര്‍പോലും ആഹ്വാനം ചെയ്യുക – ഇതാണിപ്പോള്‍ നടക്കുന്നത്. യു.പിയിലെ മുഖ്യമന്ത്രിയാണ് തന്റെ സംസ്ഥാനത്ത് ഇത്തരക്കാര്‍ക്ക് വെടിയുണ്ടയാണ് കൊടുക്കുന്നതെന്ന് പ്രസംഗിച്ചത്.

ജമ്മു-കശ്മീര്‍ സ്വന്തം നിയമസഭയും ഭരണഘടനയും നിലനിര്‍ത്തി പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയില്‍ ലയിക്കുകയാണെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് നെഹ്‌റുവായിരുന്നില്ല, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പട്ടേല്‍ ആയിരുന്നു. പട്ടേലിനെ ബി.ജെ.പിവത്ക്കരിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി ജമ്മു-കശ്മീരിന്റെ ഇരട്ട ഭരണഘടനയും 370 എന്ന പ്രത്യേക പദവിയും മാത്രമല്ല ഇല്ലാതാക്കിയത്. ആ ജനതയുടെ സ്വന്തം സംസ്ഥാനവും നിയമസഭയുമാണ്. ജമ്മു-കശ്മീരിനെ വിഭജിച്ച് ടുക്കടാ ടുക്കടാ കേന്ദ്രഭരണ പ്രദേശങ്ങളാക്കി.

ഇത് സാധ്യമാക്കാനാണ് ഇന്ത്യന്‍ ജനത എടുത്തു ദൂരെയെറിഞ്ഞ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കഴിഞ്ഞ ആറുമാസമായി ജമ്മു-കശ്മീരില്‍ അടിച്ചേല്‍പ്പിച്ചത്. പുറംലോകവുമായി ബന്ധപ്പെടാന്‍ ജമ്മു-കശ്മീലെ പൗരന്മാര്‍ക്ക് അവകാശമില്ല. അവിടെ ഇതിനകം എത്രപേര്‍ കൊല്ലപ്പെട്ടു, എത്രപേര്‍ തടവറകളിലായി എന്ന് ആര്‍ക്കുമറിയില്ല. വീട്ടുതടങ്കലിലായിരുന്നു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ എം.എല്‍.എമാരും. ഇവരില്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെയും ഒമര്‍ അബ്ദുള്ളയുടെയും പേരില്‍ കഴിഞ്ഞദിവസം പൊതു സുരക്ഷാ നിയമം കൂടി രണ്ടുവര്‍ഷത്തേക്ക് ചുമത്തിയിരിക്കയാണ്.

കേന്ദ്ര മന്ത്രിമാര്‍ കൂട്ടത്തോടെ ജമ്മു-കശ്മീരില്‍ പ്രചാരണം നടത്തുകയും ബി.ജെ.പി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേന്ദ്ര നടപടികള്‍ക്കെതിരെ ജമ്മു-കശ്മീര്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസുകള്‍ നീണ്ടുപോകുകയാണ്. ഇന്നത്തെ ജമ്മു-കശ്മീരിന്റെ അവസ്ഥ നാളെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അവിടത്തെ സവിശേഷ സ്ഥിതിക്കനുസരിച്ച് നടപ്പാക്കാന്‍ നരേന്ദ്രമോദി ഗവണ്മെന്റിന് ഇനി ബുദ്ധിമുട്ടില്ല. അതിനുള്ള ഭരണ സംവിധാനങ്ങള്‍ കൈപ്പിടിയിലായി. അതിനനുസൃതമായി ജനങ്ങള്‍ക്കിടയില്‍ സുസംഘടിതമായ സംഘ് പരിവാര്‍ പ്രസ്ഥാനവും സജീവമായി രംഗത്തുണ്ട്.

എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന ഭരണഘടനാപരമായ തുല്യത കശ്മീരിലെപോലെ മറ്റിടങ്ങളിലും ക്രമേണ നിഷേധിക്കും. പൗരന്റെ അന്തസും സാഹോദര്യവും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഢതയുമാണ് ഇതിലൂടെ തകര്‍ക്കപ്പെടുക.

നാളെ ഏതുതരം ആളുകളെ ജനങ്ങള്‍ തെരഞ്ഞെടുക്കും? അവര്‍ അധികാരത്തില്‍ വന്നാല്‍ ഭരണഘടനാ ലക്ഷ്യങ്ങള്‍ക്ക് എന്തു സംഭവിക്കും? അംബേദ്ക്കര്‍തന്നെ ഭരണഘടനാ സഭയില്‍ ആശങ്കപ്പെട്ടിരുന്നു. അത് ശരിവെക്കുന്ന കാലം രാജ്യത്ത് സംജാതമായിരിക്കുന്നു. അതാണ് പാര്‍ലമെന്റില്‍ കാണുന്ന ഇത്തരം അസാധാരണ കാഴ്ചകള്‍. ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പി ഇടപെടലുകള്‍. ദൈവം ഇരിക്കേണ്ട ക്ഷേത്രത്തില്‍ ചെകുത്താന്‍ കുടിയിരുന്നാലുള്ള അവസ്ഥ.

പരിതാപകരമായ പ്രശ്‌നം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അവരെ വെടിവെച്ചുകൊല്ലണമെന്നും ആഹ്വാനംചെയ്ത കേന്ദ്ര ധനസഹമന്ത്രി അനുരാഗ്‌ ഠാക്കൂര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് സ്തംഭിപ്പിക്കാനും യു.പി മുഖ്യമന്ത്രിയടക്കം ഇത്തരം പ്രചാരണങ്ങള്‍ തുടരുന്നതു തടയാന്‍ പ്രക്ഷോഭമുയര്‍ത്താനും പ്രതിപക്ഷത്തിനു കഴിഞ്ഞില്ലെന്നതാണ്. ഇത്തരമൊരവസ്ഥ പ്രതിപക്ഷത്തിനുണ്ടാകുമെന്ന് നമ്മുടെ ഭരണഘടനാ ശില്പികളും ദീര്‍ഘവീക്ഷണം നടത്തിയില്ല.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]