കൊറോണ വൈറസ് വ്യാപനം നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

desperate-residents-of-coronavirus-hotspot-wuhan-describe-doomsday-scenesകൊറോണ വൈറസ് ചൈനയില്‍ തീപോലെ പടര്‍ന്നു പിടിക്കുകയും ദിനം‌പ്രതി മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അതിന്റെ വ്യാപനം നിസ്സാരമായി കാണരുതെന്ന് ലോകാര്യോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

വൈറസ് ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 910 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40,171 ആയതായും തിങ്കളാഴ്ച ചൈനീസ് അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് 97 പേരാണ്.

ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ‘മഞ്ഞുമലയുടെ അറ്റം’ മാത്രമായിരിക്കാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് മുന്നറിയിപ്പ് നൽകി.

“ചൈനയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ എണ്ണം മാത്രമാണ് ഇതെങ്കിലും മറ്റു പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വലിയ തോതില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ചൈനയ്ക്കു പുറത്ത് 25 രാജ്യങ്ങളിലായി മുന്നൂറിലധികം കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് രണ്ടു മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്; ഹോങ് കോങ്ങിലും ഫിലപ്പീന്‍സിലും. നിലവില്‍ ചൈനയ്ക്കു പുറത്ത് വളരെ പതുക്കെയാണ് വൈറസിന്റെ വ്യാപനം കാണപ്പെടുന്നത്. എന്നാല്‍ ഇത് വേഗത കൈവരിച്ചുകൂടെന്നില്ല”- , ടെഡ്രോസ് പറഞ്ഞു.

കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് ചൈന ഇതുവരെ നീക്കിവെച്ചിരിക്കുന്നത് 71.85 ബില്യണ്‍ യുവാന്‍ (ഏകദേശം 10.3 ബില്യണ്‍ ഡോളര്‍) ആണ്. ഇതില്‍ പകുതിയോളം തുക ഇതുവരെ ഉപയോഗിച്ചുകഴിഞ്ഞതായി ചൈനീസ് ധനകാര്യമന്ത്രി ലിയു കുന്‍ പറഞ്ഞു.

കൊറോണ മരണ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ തിങ്കളാഴ്ച ചൈനയിലേക്ക് തിരിച്ചു. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വൈറസ് ബാധ നേരിടാൻ ചൈനയ്ക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിന് അയച്ച കത്തിൽ കൊറോണ വൈറസ് തടയാൻ ഏതുവിധത്തിലുള്ള സഹായവും നൽകാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. രോഗബാധ മൂലം ഇത്ര അധികം ആളുകൾക്ക് ജീവൻ നഷ്ടമായതിൽ നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റിനെ അനുശോചനം അറിയിക്കുകയും ചെയ്തു.

കേരളത്തിൽ കൊറോണ വൈറസ് ബാധയുടെ ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3,252 പേരാണ് കേരളത്തിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment