ഐസിസി വേള്‍ഡ് കപ്പ്: ഇന്ത്യന്‍ താരങ്ങളും ബംഗ്ലാദേശ് താരങ്ങളും ഫീല്‍ഡില്‍ ഏറ്റുമുട്ടി

BeFunky_Collage_322പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  ഫൈനലിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത് വിവാദമായി.

റാക്കിബുള്‍ ഹസന്‍ വിജയറണ്‍ നേടിയ ശേഷം ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മൈതാനത്തേക്ക് ഓടിയെത്തിയിരുന്നു. ഇതിനിടെ ഒരു ബംഗ്ലാ താരം ഇന്ത്യന്‍ താരത്തോട് മോശം വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പരസ്പരം പോരടിച്ച താരങ്ങളെ അമ്പയര്‍മാരും സ്റ്റാഫും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

വളരെ വൃത്തികെട്ട രീതിയിലാണ് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് പെരുമാറിയതെന്ന് മത്സരത്തിനു ശേഷം മാദ്ധ്യമങ്ങളെ കാണവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് പറഞ്ഞു.

”ചില കളികള്‍ നിങ്ങള്‍ ജയിക്കും ചിലത് തോല്‍ക്കും. ഇതെല്ലാം ഈ കളിയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ബംഗ്ലാദേശ് താരങ്ങളുടെ പ്രതികരണം വൃത്തികെട്ടതായിരുന്നു. അത്തരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു”- ഗാര്‍ഗ് പറഞ്ഞു.

അതേസമയം, എതിരാളികളോട് ആദരവ് കാണിക്കണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലി പറഞ്ഞു.

”ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഏത് സ്ഥാനത്തായാലും ഏത് രീതിയിലായാലും എതിരാളികളെ ബഹുമാനിക്കണം. കളിയോടും ആ ബഹുമാനമുണ്ടായിരിക്കണം”- അക്ബര്‍ അലി പറഞ്ഞു.

ഞായറാഴ്ച നടന്ന ഫൈനലില്‍ ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴപെയ്തതിനാല്‍  ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നടന്ന മത്സരത്തിൽ  ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ ലോകകിരീടമാണിത്.

47.2 ഓവറില്‍ ഇന്ത്യ 177 റണ്‍സിന് പുറത്തായിരുന്നു. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴപെയ്തതിനാല്‍ വിജയലക്ഷ്യം 46 ഓവറില്‍ 170 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. 42.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു. ഇതിനു പിന്നാലെയായിരുന്നു മൈതാനത്തെ ഏറ്റുമുട്ടൽ.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment