ഫോക്സ്കോണ്‍ ചൈനയില്‍ ഉല്പാദനം പുനരാരംഭിക്കുന്നു

Appleകൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ ആപ്പിളിന്‍റെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്കോണിന് ചൈനയിലെ പ്രധാന പ്ലാന്‍റില്‍ ഉല്പാദനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍, ഫാക്ടറിയുടെ 10 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ഇതുവരെ തിരിച്ചെത്താന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ കരാര്‍ ഇലക്‌ട്രോണിക്സ് നിര്‍മാതാക്കളായ തായ്‌വാവാനിലെ ഫോക്സ്കോണിന് കിഴക്കന്‍ മധ്യ ചൈനീസ് നഗരമായ ഷെങ്‌ഷൗവില്‍ ഉല്‍പാദനം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചതായി കമ്പനി വക്താവ് പറഞ്ഞു. അതേസമയം, തെക്കന്‍ നിര്‍മാണ കേന്ദ്രമായ ഷെന്‍ഷെനില്‍ ഉല്പാദനം പുനരാരംഭിക്കാന്‍ കമ്പനിയെ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് ഫാക്ടറികളും ചേര്‍ന്നാണ് ആപ്പിളിന്‍റെെ ഐഫോണുകള്‍ക്കായുള്ള ഫോക്സ്കോണിന്‍റെ അസംബ്ലി ലൈനുകളില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്. ഇപ്പോഴത്തെ കാലതാമസം ആഗോള കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

900 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 40,000 ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്ത വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പുതന്നെ വര്‍ഷത്തിലെ ആദ്യത്തെ ക്വാര്‍ട്ടറില്‍ ആപ്പിള്‍ തങ്ങളുടെ വിറ്റുവരവിന്റെ ഏകദേശ കണക്ക് പ്രവചിച്ചിരുന്നു.

ആപ്പിളിന്റെ എതിരാളിയും ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുമായ ഹുവാവേ കഴിഞ്ഞ ആഴ്ച ഉപഭോക്തൃ ഉപകരണങ്ങളുടെയും മറ്റു ഉപകരണങ്ങളുടെയും ഉത്പാദനം പുനരാരംഭിച്ചതായും പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു.

തെക്കുകിഴക്കന്‍ ജിയാങ്സുവിലെ കുന്‍ഷാന്‍ ഉള്‍പ്പെടെയുള്ള ചൈനയുടെ മറ്റ് ഭാഗങ്ങളില്‍ ഉല്പാദനം പുനരാരംഭിക്കുന്നതിന് 16,000 പേരെ, അല്ലെങ്കില്‍ ഷെങ്ഷൗവിലെ ഫോക്സ്കോണിന്‍റെ 10% ത്തില്‍ താഴെ തൊഴിലാളികള്‍ പ്ലാന്‍റിലേക്ക് മടങ്ങിയെത്തി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് നിര്‍മ്മാണ മേഖലയില്‍ തടസ്സങ്ങളുണ്ടായെന്ന് മാത്രമല്ല, ചില ഫാക്ടറികളിലെ കാറുകളുടെ ഉത്പാദനം നിര്‍ത്താന്‍ ഹ്യൂണ്ടായ് മോട്ടോര്‍ പോലുള്ള കമ്പനികളെ നിര്‍ബന്ധിക്കുകയും ചെയ്തു.

സാംസങ് ഇലക്‌ട്രോണിക്സ് ഉള്‍പ്പടെയുള്ള ചില കമ്പനികളിലെ തൊഴിലാളികള്‍ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ചൈനയിലുടനീളം നൂറുകണക്കിന് ഫാക്ടറികളും സ്റ്റോറുകളും അടച്ചിരിക്കുകയാണ്.

ജീവനക്കാരുടെ സുരക്ഷയാണ് മുന്‍ഗണനയെന്നും ചൈനയിലുടനീളം ഉല്പാദനം പുനരാരംഭിക്കുന്നതിനുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനായി അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഫോക്സ്കോണ്‍ (മുന്‍ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി ലിമിറ്റഡ്) ഔദ്യോഗികമായി പ്രസ്താവനയില്‍ പറഞ്ഞു.

ചാന്ദ്ര പുതുവത്സര അവധി ദിനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ജോലിയില്‍ തിരിച്ചെത്തിയ ഫോക്സ്കോണ്‍ ജീവനക്കാര്‍ക്ക് മാസ്ക് ധരിക്കാനും താപനില പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദ്ദിഷ്ട ഭക്ഷണശീലങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.

ചൈനയിലേക്ക് മടങ്ങുന്നത് ഒഴിവാക്കാന്‍ തായ്‌വാനിലെ മിക്ക മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെല്ലേണ്ടവര്‍ക്ക് ചെയര്‍മാന്‍ ലിയു യംഗ്വേയുടെ മുന്‍‌കൂര്‍ അനുമതി ആവശ്യമാണ്.

ആഗോള ഇലക്‌ട്രോണിക്സ് സ്ഥാപനങ്ങള്‍ക്കായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഫോക്സ്കോണ്‍, തെക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങില്‍ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് വേണ്ടി മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം രണ്ട് ദശലക്ഷം മാസ്കുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment