പൗരത്വ ബില്‍ വെട്ടിലാക്കിയത് ബിജെപിയെ; ന്യൂനപക്ഷങ്ങള്‍ നെഞ്ചിലേറ്റിയത് എ‌എ‌പിയെ; ഉത്തരം മുട്ടി കോണ്‍ഗ്രസ്

aap1ന്യൂഡല്‍ഹി: പുതിയ പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്ട്രേഷനും ബിജെപിയെ തിരിഞ്ഞു കൊത്തിയതാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് മേധാവിത്വമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ നെഞ്ചിലേറ്റിയത് ആം ആദ്മി പാര്‍ട്ടിയെ. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഏഴു മണ്ഡലങ്ങളും ഇത്തവണ ആം ആദ്മിയോടൊപ്പമാണ് നിന്നത്.

കഴിഞ്ഞ രണ്ടു മാസമായി സി.എ.എ വിരുദ്ധ പ്രതിഷേധ സമരം തുടരുന്ന ഷാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെട്ട ഓഖ്‌ലയില്‍ 81.64 ശതമാനം വോട്ടും കിട്ടിയത് ആം ആദ്മിക്കാണ്. ആം ആദ്മിക്കായി സിറ്റിങ് എം.പി അമാനത്തുല്ല ഖാനാണ് മത്സരരംഗത്തുണ്ടായിരുന്നത്. 88,000 വോട്ടുകള്‍ക്കാണ് ഇവിടെ ഖാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബ്രഹം സിങിനെ തോല്‍പ്പിച്ചത്. 2015ലെ 64,532 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാന്‍ തിരുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബ്രഹംസിങ് മുന്നിട്ടു നിന്ന ശേഷമാണ് ഏറെ പിന്നോട്ടു പോയത്. കോണ്‍ഗ്രസിനായി പര്‍വേസ് ഹാഷ്മിയാണ് മത്സരിച്ചിരുന്നത്.

ഷാഹീന്‍ബാഗ് എന്ന ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചുള്ള വിഭജന രാഷ്ട്രീയമാണ് ഇത്തവണ പ്രചാരണത്തില്‍ ഉടനീളം ബി.ജെ.പി പയറ്റിയിരുന്നത്. ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് പരിക്കേല്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണവും ബി.ജെ.പി നടത്തിയിരുന്നു. ഈ പ്രചാരണങ്ങളെ മറികടന്നുള്ളതാണ് എ.എ.പിയുടെ വിജയം.

മറ്റൊരു മണ്ഡലമായ മതിയ മഹലില്‍ ആം ആദ്മിയുടെ ഷുഹൈബ് ഇഖ്ബാലാണ് വിജയിച്ചത്. 1993 മുതല്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ഇദ്ദേഹം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എ.എ.പിയിലേക്ക് ചേക്കേറിയിരുന്നത്. മണ്ഡലത്തിലെ 76.05 ശതമാനം വോട്ടും ആം ആദ്മിക്കാണ് കിട്ടിയത്

ചാന്ദ്‌നി ചൗക്കില്‍ വിജയിച്ച പര്‍ലാദ് സിങ് സാഹ്നിക്ക് പോള്‍ ചെയ്തതിന്റെ 66.94 ശതമാനം വോട്ടുകിട്ടി. എ.എ.പിയില്‍ നിന്നെത്തിയ സിറ്റിങ് എം.എല്‍.എ അല്‍ക ലാംബ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ മത്സരിച്ചിരുന്നു എങ്കിലും അവര്‍ മൂന്നാമതായി. അഞ്ചു ശതമാനം വോട്ടു മാത്രമാണ് ഇവര്‍ക്ക് കിട്ടിയത്.

മറ്റൊരു മണ്ഡലമായ ബാബര്‍പൂരില്‍ 65.26 ശതമാനം വോട്ടാണ് ആം ആദ്മിക്ക് കിട്ടിയത്. മന്ത്രി ഗോപാല്‍ റായിയാണ് ഇവിടെ നിന്ന് സഭയിലെത്തിയത്. 10500 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ നരേഷ് ഗൗറിനെ റായ് പരാജയപ്പെടുത്തിയത്. റായിക്ക് 24,409 ഉം ഗൗറിന് 13,905 ഉം വോട്ടു കിട്ടി.

മധ്യഡല്‍ഹിയിലെ ബല്ലിമരണ്‍ മണ്ഡലത്തില്‍ 64.65 ശതമാനം വോട്ടാണ് ആം ആദ്മി സ്ഥാര്‍ത്ഥി ഇംറാന്‍ ഹുസൈന് കിട്ടിയത്. ഇവിടെ കോണ്‍ഗ്രസിനായി മത്സരിച്ച ഹാറൂണ്‍ യൂസഫിന് 4797 വോട്ടു മാത്രമേ കിട്ടിയുള്ളൂ. ബി.ജെ.പിയുടെ ലാലാ സോധിക്ക് 29434 വോട്ടു കിട്ടി. ഇംറാന്‍ ഹുസൈന്റെ സിറ്റിങ് സീറ്റാണിത്.

സീലാംപൂരില്‍ എ.എ.പിയുടെ അബ്ദുല്‍ റഹ്മാനാണ് വിജയിച്ചത്. റഹ്മാന് 56.1 ശതമാനം വോട്ടു കിട്ടി. കൗശല്‍ കുമാര്‍ മിശ്ര ആയിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനായി ചൗധരി മതീന്‍ അഹ്മദും. 36000 വോട്ടുകള്‍ക്കാണ് ഇവിടെ റഹ്മാന്റെ ജയം. ശക്തമായ സി.എ.എ വിരുദ്ധപ്രതിഷേധം അരങ്ങേറിയ മുസ്തഫബാദില്‍ 53.47 ശതമാനം വോട്ടോടെയാണ് എ.എ.പിയുടെ ഹാജി യൂനുസ് വിജയിച്ചത്. ബി.ജെ.പിക്കായി ജഗ്ദീഷ് പ്രധാന്‍, കോണ്‍ഗ്രസിന് വേണ്ടി അലി മെഹ്ദി എന്നിവരാണ് കളത്തിലുണ്ടായിരുന്നത്.

Print Friendly, PDF & Email

Related News

Leave a Comment