അമിത് ഷായുടെ അടവ് എട്ടു നിലയില്‍ പൊട്ടി; 240 എം പിമാരെ കളത്തിലിറക്കിയത് പാഴ്‌വേലയായി

Amitന്യൂഡല്‍ഹി: ഡല്‍ഹി പിടിച്ചെടുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശപഥം ചെയ്ത ബിജെപിയ്ക്ക് പരാജയത്തിന്റെ രുചി അറിയേണ്ടി വന്നത് തികച്ചും യാദൃഛികം മാത്രം. ‘വിതച്ചറതെ കൊയ്യൂ’ എന്ന ആപ്ത വാക്യം അന്വര്‍ത്ഥമായതുപോലെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

ബി.ജെ.പിയുടെ ചാണക്യനായ അമിത് ഷാ തന്നെ രംഗത്തിറങ്ങിയത് ഡല്‍ഹി പിടിച്ചെടുക്കാനായിരുന്നു. രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയതിലകമണിയിച്ച രാഷ്ട്രീയ ചാണക്യന് പക്ഷേ, ഇന്ദ്രപ്രസ്ഥത്തില്‍ വീണ്ടും തിരിച്ചടി നേരിട്ടു.

മൊത്തം 46 പൊതുയോഗങ്ങളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ സംസാരിച്ചത്. വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചോദിച്ചു. പാര്‍ട്ടി ലഘുലേഖലയും പിടിച്ച് റോഡിലിറങ്ങി വോട്ടര്‍മാരെ കാണുന്ന അമിത് ഷായുടെ കാഴ്ച കാണേണ്ടതു തന്നെയായിരുന്നു.

തനിക്കൊപ്പം ഷാ രംഗത്തിറക്കിയത് 240 ബി.ജെ.പി എം.പിമാരെയാണ്. 70 സീറ്റുകള്‍ മാത്രമുള്ള, താരതമ്യേന ചെറിയൊരു സംസ്ഥാനമായ ഡല്‍ഹിയില്‍ പ്രചാരണ ഘട്ടത്തില്‍ ബി.ജെ.പി ദേശീയ നേതാക്കളെ കൊണ്ടുള്ള തല്ലായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നക്ഷത്രശോഭയുള്ള നിരവധി നേതാക്കള്‍ ബി.ജെ.പിക്കായി വോട്ടു ചോദിച്ച് ഗോദയിലിറങ്ങി. അധികാരത്തിന്റെ സര്‍വ്വ സന്നാഹങ്ങളുടെയും തിണ്ണമിടുക്കില്‍ നടത്തിയ പ്രചാരണത്തിന് പക്ഷേ, വോട്ടര്‍മാരുടെ മനസ്സു മാറ്റാനായില്ല എന്ന് ജനവിധി തെളിയിക്കുന്നു.

അടിസ്ഥാന വികസനം മുന്നില്‍ വെച്ചുള്ള ആം ആദ്മി പാര്‍ട്ടിയുടെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും തന്ത്രങ്ങള്‍ക്കു മു്മ്പില്‍ അമിത് ഷാക്കും കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. >

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ നടക്കുന്ന സമരത്തെ ചുറ്റിപ്പറ്റിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടായിരുന്നു ബി.ജെ.പിയുടെ എല്ലാ പ്രചാരണവും.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വിളമ്പുകയാണ് എന്ന് യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെജ്‌രിവാള്‍ സ്വീകരിക്കുന്നത് എന്ന പ്രചാരണം ബി.ജെ.പി അഴിച്ചു വിട്ടു.

പ്രസ്താവനകള്‍ കൊണ്ട് ഷാഹീന്‍ബാഗിന് ഒപ്പം നിന്നും എന്നാല്‍ അവിടം സന്ദര്‍ശിക്കാതെയുമാണ് കെജ്‌രിവാള്‍ ഇതിനെ പ്രതിരോധിച്ചത്.

ഷാഹീന്‍ബാഗിനെ കുറിച്ച് കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കമ്മിഷന് നടപടികള്‍ എടുക്കേണ്ടി വന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment