വാഷിംഗ്ടണ്‍: തന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് യാത്രയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അടുത്ത സുഹൃത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹവുമായി ഈ അടുത്തിടെ സംസാരിച്ചെന്നും ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകള്‍ തന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞെന്ന് ട്രംപ് വ്യക്തമാക്കി.
ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദും ഡല്‍ഹിയും അദേഹം സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച മോദിയോട് സംസാരിച്ചെന്നും വിമാനത്താവളത്തില്‍ നിന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് തന്നെ സ്വീകരിച്ചാനയിക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടാകുമെന്ന് മോദി അറിയിച്ചതായും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശരിയായ ധാരണകളില്‍ എത്തിയാല്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.
അതിനിടെ, ട്രംപ് ഇന്ത്യയിലേക്ക് വരുന്നതോടെ മോദിയും ട്രംപുമായുള്ള ചര്‍ച്ചയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്തിലായിരിക്കും ഇരുവരും ചര്‍ച്ചയില്‍ പങ്കെടുക്കുക. അതിന്റെ ഒരുക്കങ്ങളും ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മോട്ടേര പ്രദേശത്തെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും.
2019 സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ ട്രംപുമായി വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സന്ദര്‍ശനം ഇരു രാജ്യങ്ങളും പങ്കിട്ട സ്വപ്നങ്ങള്‍ക്ക് പുതിയ ഉയരം നല്‍കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്രംപിനെ സന്ദര്‍ശിച്ചപ്പോഴും ക്ഷണം ആവര്‍ത്തിച്ചിരുന്നു. ഗുജറാത്തിലും സമാനമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. 1.10 ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം. ട്രംപും മോദിയും ചേര്‍ന്നാണ് ഈ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply