യു.യു.സി വോട്ട് : സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ കോടതി വിധി പോരാട്ടങ്ങളുടെ വിജയം: കെ എം ഷെഫ്റിന്‍

downloadകോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളേജുകളിലെ യു യു സിമാരുടെ വോട്ടവകാശം നിഷേധിച്ചു കൊണ്ടുള്ള സിന്‍ഡിക്കേറ്റ് നിയമാവലി പൂര്‍ണമായി റദ്ദാക്കിയ ഹെക്കോടതി നടപടി വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ വിജയവും ഇടതു സിന്‍ഡിക്കേറ്റിന്‍റെ ജനാധിപത്യ അട്ടിമറിക്കേറ്റ തിരിച്ചടിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്റിന്‍. പുതിയ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് പഴയ നിയമപ്രകാരം തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

യൂണിവേഴ്സിറ്റിക്ക് കീഴിലെ സ്വാശ്രയ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട യു യു സിമാരുടെ വോട്ടവകാശം സംബന്ധിച്ച് സിന്‍ഡിക്കേറ്റ് നടപ്പാക്കാന്‍ ഒരുങ്ങിയ പുതിയ പരിഷ്കാരം സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികളോടുള്ള തികഞ്ഞ നീതി നിഷേധമായിരുന്നു. ഗവണ്‍മെന്‍റ് /എയ്ഡഡ് കോളേജുകളിലെ യുയുസിമാര്‍ക്ക് ഒരു യു യു സിക്ക് ഒരു വോട്ടും അതേ സമയം അണ്‍ എയ്ഡഡ് കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു വരുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്ക് ഒന്നിലധികം കൗണ്‍സിലര്‍മാരെ ചേര്‍ത്ത് മണ്ഡലം മാതൃകയില്‍ പ്രാതിനിധ്യ വോട്ടവകാശം നല്‍കുന്നതുമായിരുന്നു സിന്‍ഡിക്കേറ്റിന്റെ പുതിയ നിയമ ഭേദഗതി. സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികളെ രണ്ടാം കിട പൗരന്‍മാരാക്കുന്ന നിയമ ഭേദഗതിക്കെതിരെ ഫ്രറ്റേണിറ്റി ഉള്‍പ്പെടെ നടത്തിയ പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും വിജയമാണിത് അദ്ദേഹം പറഞ്ഞു.

ഈ വിഷയമുന്നയിച്ച് ഫ്രറ്റേണിറ്റി നടത്തിയ സര്‍വകലാശാലാ മാര്‍ച്ചിനെ പോലീസ് ക്രൂരമായാണ് നേരിട്ടത്. സമരക്കാരെ മര്‍ദിക്കുകയും സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മുന്നില്‍ കണ്ട് എസ്എഫ്ഐയും ഇടതു സിന്‍ഡിക്കേറ്റും ചേര്‍ന്ന് നടത്തിയ അട്ടിമറിയാണ് കോടതി വിധിയിലൂടെ പൊളിഞ്ഞത്. വിദ്യാര്‍ഥി അവകാശങ്ങള്‍ അട്ടിമറിക്കുന്ന ഇടതുപക്ഷ സിന്‍ഡിക്കേറ്റ് നീക്കങ്ങള്‍ക്കെതിരെ ഒന്നായി പോരാടിയ വിദ്യാര്‍ത്ഥികളുടെ പോരാട്ട വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment