- Malayalam Daily News - https://www.malayalamdailynews.com -

ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ച് കൊന്നു

Untitled-design-2019-07-06T225858.584ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചുകൊന്നു. പീഡനപരാതി പിന്‍വലിക്കാത്തതാണ് കൊലപാതകത്തിന് കാരണം. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരതര വീഴ്ചയുണ്ടായെന്ന് സമ്മതിച്ച ഫിറോസാബാദ് ജില്ലാ പൊലീസ് മേധാവി രണ്ട് ഇന്‍സ്‌പെക്ടമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു.

2019 ഓഗസ്റ്റിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെയുള്ള അജ്മാന്‍ ഉപാധ്യായ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഗാങ്‌സ്റ്റര്‍ നിയമപ്രകാരം വിചാരണ നേരിടുന്നയാളുമാണ്. അങ്ങിനെയുള്ള ഒരാള്‍ക്കെതിരെ പെണ്‍കുട്ടി പീഡനപരാതി നല്‍കിയിട്ടും അന്വേഷണം നടത്താനോ അയാളെ അറസ്റ്റ് ചെയ്യാനോ ആറ് മാസമായിട്ടും പൊലീസ് തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ സ്വൈര്യ ജീവിതം നയിച്ചിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി സഹിക്കാന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ ഫെബ്രുവരി 1-ാം തിയതി പെണ്‍കുട്ടിയുടെ കുടുംബം വീണ്ടും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതിയായ അജ്മാന്‍ ഉപാധ്യായയെ അറസ്റ്റ് ചെയ്യാനോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താനോ പൊലീസ് തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ പെണ്‍കുട്ടിയുടെ വീടിന്റെ മുമ്പില്‍ വെച്ച് പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയത്. എന്നിട്ടും അജ്മാന്‍ ഉപാധ്യായയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെയും തയ്യാറായില്ല. തുടര്‍ന്ന് ആഗ്ര ഐജി സതീഷ് ഗണേഷ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]