തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 2019-ലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിച്ചാല്‍ മതിയെന്ന് ഹൈക്കോടതി. 2015-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. 2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പുതുക്കിയ വോട്ടര്‍ പട്ടിക നിലവിലിരിക്കേ എന്തിനാണ് പഴയ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്, വോട്ടര്‍ പട്ടിക തയ്യാറാക്കിയത് പോളിങ് ബൂത്ത് അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ മണ്ഡലത്തിലെ വാര്‍ഡ് അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഒരു വാര്‍ഡിലെ തന്നെ ഭാഗങ്ങള്‍ പല പോളിങ് ബൂത്തുകൡലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല്‍ 2015-ലെ വോട്ടര്‍ പട്ടിക അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ 2019-ല്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരും. 2015-ന് ശേഷം പ്രായപൂര്‍ത്തിയായ, വോട്ടവകാശം നേടിയ നിരവധിപ്പേരുണ്ട്. ഇവരുടെ പേരുകള്‍ 201-5ലെ വോട്ടര്‍ പട്ടികയിലുണ്ടാകില്ല. ഇവര്‍ക്ക് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരുമെന്നതിനാലാണ് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ യുഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍, തദ്ദേശതിരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടര്‍ പട്ടിക പുതിയതായി തയ്യാറാക്കണമെങ്കില്‍ പത്ത് കോടിയോളം രൂപ ചെലവാകുമെന്ന് കമ്മീഷന് വാദിച്ചിരുന്നു. 25,000-ത്തോളം അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥര്‍ പോകണം. വീടുവീടാന്തരം കയറി പരിശോധിക്കണം. വീണ്ടും പട്ടിക തയ്യാറാക്കണം. അങ്ങിനെയാണെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വൈകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി. ഈ നിര്‍ദേശം പരിഗണിച്ചുകൊണ്ടാണ് യുഡിഎഫിന്റെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയത്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കുകയാണ് ഡിവിഷന് ബെഞ്ച് ചെയ്തത്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കാണ് പ്രാമുഖ്യം. അവരുടെ സൗകര്യമാണ് നോക്കേണ്ടത്. ഒരു തവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയ വോട്ടറെ വീണ്ടും വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply