Flash News

ട്രംപിന് വേണ്ടി മറ്റൊരു മതില്‍ ഉയരുന്നു; ഇത്തവണ ഗുജറാത്തില്‍

February 13, 2020

wallയുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അഹമ്മദാബാദിലെ ചേരികള്‍ കാണാതിരിക്കാന്‍ മതില്‍ കെട്ടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ട്രം‌പിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡില്‍ സുരക്ഷാ കാരണങ്ങളാലാണ് മതില്‍ പണിയുന്നത്, അല്ലാതെ ചേരി മറച്ചു വെക്കാനല്ല എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ അഹമ്മദാബാദിലെ വിമാനത്താവളം വഴി ട്രംപ് കടന്നുപോകുമ്പോള്‍ ചേരി കാണുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും, ട്രം‌പ് കാണാതിരിക്കാനാണ് ഈ മതില്‍ നിര്‍മ്മിക്കാന്‍ തന്നെ ഏല്പിച്ചതെന്നും കരാറുകാരന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 24ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ട്രംപ് സബര്‍മതി ആശ്രമം വരെ 10 കിലോമീറ്റര്‍ മോദിക്കൊപ്പം റോഡ് ഷോ നടത്തുന്നുണ്ട്.

എത്രയും വേഗം മതില്‍ പണിയാന്‍ എനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, പദ്ധതി പൂര്‍ത്തിയാക്കുന്നതിന് 150 ലധികം മേസണ്‍മാര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരാറുകാരന്‍ പറഞ്ഞു. മതില്‍ ‘സൗന്ദര്യവല്‍ക്കരണവും ശുചിത്വവും’ നടത്തുന്നതിന്‍റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഷ്യം.

532444_85725942കാരണം എന്തുതന്നെയായാലും, അരകിലോമീറ്റര്‍ ദൂരത്തില്‍ മതില്‍കെട്ടാനായി പെട്ടെന്നുവന്ന തീരുമാനം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റേതാണ്. ട്രംപിന്റെ റോഡ് ഷോ കടന്നുപോകുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ രാജ്യന്തര വിമാനത്താവളവും ഇന്ദിര പാലവും ചേരുന്നിടത്ത് ഏഴടിയോളം ഉയരമുള്ള മതിലാണ് നിര്‍മിക്കുന്നത്. 2500 പേര്‍ താമസിക്കുന്ന ദേവ് ശരണ്‍/ ശരണ്യവാസി ചേരി പ്രദേശത്തിലുള്ള 800 ലധികം കുടിലുകള്‍ ഇതിലൂടെ മറയ്ക്കാന്‍ സാധിക്കും.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായും ഗുജറാത്തില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 2017-ല്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഹൈദരാബാദ് സന്ദര്‍ശനത്തിലും ഇത്തരത്തിലുള്ള സൗന്ദര്യവല്‍ക്കരണം അരങ്ങേറിയിരുന്നു. അന്ന് നഗരത്തിലെ യാചകരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.

തന്‍റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യു.എസ്.-മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയാമെന്ന് സമ്മതിദായകര്‍ക്ക് വാക്കുകൊടുത്ത ട്രം‌പ് മതില്‍ പണിയല്‍ ആരംഭിച്ചു കഴിഞ്ഞു. ഫെബ്രുവരി 24-25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രം‌പ് വ്യാപാര തര്‍ക്കങ്ങള്‍ക്കിടയാക്കിയ തന്ത്രപരമായ ബന്ധങ്ങള്‍ വീണ്ടും പുനരാരംഭിക്കും.

കഴിഞ്ഞ സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി അദ്ദേഹം ആതിഥേയത്വം വഹിച്ച ‘ഹൗഡി മോദി’ ആഘോഷത്തിന്‍റെ മാതൃകയില്‍ അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ ‘കെം ചോ ട്രംപ്’ (“How are you, Trump”) എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ ട്രം‌പ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ് മോദിയെ ഉദ്ധരിച്ച് ‘ദശലക്ഷക്കണക്കിന് ആളുകള്‍’ റാലിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു.

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷക്കണക്കിന് ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ നേടാനുള്ള അവസരം ഡിസംബറില്‍ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിന് ഈ ഇന്ത്യാ സന്ദര്‍ശനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിലെ ചേരികളില്‍ താമസിക്കുന്ന സാധുക്കളെ ട്രം‌പിന്റെ കണ്‍‌വെട്ടത്തുനിന്ന് മറച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നികുതിദായകരുടെ പണം പാഴാക്കുകയാണെന്ന് ചേരി നിവാസികള്‍ പറയുന്നു.

‘ദാരിദ്ര്യവും ചേരികളുമാണ് ഞങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യം. പക്ഷേ ദരിദ്രരെ മറയ്ക്കാനാണ് മോദിയുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്,’ മൂന്ന് പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം ചേരിയില്‍ താമസിക്കുന്ന ഡേ വര്‍ക്കര്‍ പാര്‍വത്ഭായ് മാഫാഭായ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ട്രം‌പിന്റെ സന്ദര്‍ശനം ആരംഭിക്കുന്ന ദിവസം സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സിപിഐ‌എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ട്രംപ് പര്യടനം നടക്കുന്നിടത്തെല്ലാം ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തും. ഡല്‍ഹിയിലോ ഗുജറാത്തിലോ ആകാം ട്രംപ് വരുന്നത്, എന്നാല്‍ അവിടെയെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീര്‍ച്ചയായും പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളില്‍ ആണ് പ്രതിഷേധം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. “ആദ്യം അമേരിക്ക മോദിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു, സിഎഎ, ആര്‍ട്ടിക്കിള്‍ 370, തുടങ്ങിയ വിഷയങ്ങളില്‍ മോദിക്ക് പിന്തുണ നല്‍കുന്നത് വഴി അവര്‍ നേടാന്‍ ആഗ്രഹിക്കുന്ന നേട്ടമാണ് ലഭിക്കുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണ്ണമായും അവര്‍ക്കായി തുറക്കാന്‍ മോദി വഴങ്ങുകയാണ്. അത് ഇന്ത്യയുടെ താല്‍പ്പര്യത്തിന് നിരക്കാത്തതാണ്. ഇതുകൂടാതെ, യുഎസ് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും യുഎസ് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും നമ്മുടെ സ്വന്തം സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നതിനും ആണ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നത് ,” എന്നും യെച്ചൂരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top