ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്. ഭാനുമതി തളര്‍ന്നുവീണു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ആര്. ഭാനുമതി തളര്‍ന്നുവീണത്. ഉടന്‍തന്നെ ചേംബറിലേക്കു കൊണ്ടുപോയി. കടുത്ത പനി മൂലം അവര്‍ അവശനിലയിലായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പിന്നീട് അറിയിച്ചു. ചേംബറില്‍ ഡോക്ടര്‍മാരെത്തി ജസ്റ്റിസ് ആര്. ഭാനുമതിയെ പരിശോധിച്ചു.
അതേസമയം, ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജയിലില്‍ അനുഭവിക്കേണ്ടിവന്ന മാനസിക സ്ഥിരതയില്ലായ്മ ദയാഹര്‍ജി തള്ളുന്ന വേളയില്‍ രാഷ്ട്രപതി പരിഗണിച്ചില്ലെന്നാണ് വിനയ് കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ കേന്ദ്രം ഈ വാദം നിഷേധിച്ചു. വിനയ് കുമാറിന്റെ മാനസിക നിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിന്റെ സാങ്കേതികത്വം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്നും അത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും അടക്കം കേസിലെ പ്രതികള്‍ക്കുള്ള അവകാശങ്ങളെല്ലാം ഇനിയുള്ള ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ വിനിയോഗിക്കണമെന്ന് ഫെബ്രുവരി 5-ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കാലയളവിന് ശേഷം വിചാരണക്കോടതിക്ക് ഉചിതമായ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു .
ഒരോരുത്തരായി പുന:പരിശോധാ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതിലൂടെ ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം നീട്ടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. അതിനാൽ ഓരോ പ്രതികളുടെയും ശിക്ഷ വെവ്വേറെ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഹര്‍ജിയിലെ ആവശ്യം.
2012 ഡിസംബര്‍ 16-നാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 23-കാരി ന്യൂദല്‍ഹിയില്‍ ഒരു ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ക്രൂരമായ പീഡനത്തിനു ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വഴിയില്‍ തള്ളി. ബലാത്സംഗത്തില്‍ യുവതിയുടെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ആദ്യം ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് യുവതി മരണത്തിന് കീഴടങ്ങി.
ആറ് പേരായിരുന്നു ‘നിര്‍ഭയ’ക്കേസിലെ കുറ്റവാളികള്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടു. ഒന്നാം പ്രതി രാം സിംഗ് ജയിലില്‍ തന്നെ തൂങ്ങിമരിച്ചു.
ബാക്കിയുള്ള പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു.
പ്രതി മുകേഷ് കുമാര്‍ സിങിന്റെ (32) ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഈയിടെ തള്ളിയിരുന്നു . രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.
എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിങ് സുപ്രീംകോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍ താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടെന്നുമൊക്കെ മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജിയും പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
മറ്റൊരു പ്രതി വിനയ് ശര്‍മ്മയുടെ അഭിഭാഷകന് നല്കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി നേരത്തെ തള്ളിയിരുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളായ പവന് ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷനും സുപ്രീംകോടതി തള്ളിയിരുന്നു . 2012-ല്‍ കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന് ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്.ഭാനുമതി, അശോക് ഭൂഷണ്, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്.
കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ദല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുകേഷ് സിങ്ങ് (29), പവന് ഗുപ്ത (22), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിങ്ങ് താക്കൂർ (31) എന്നീ പ്രതികളെ ഫെബ്രുവരി 1-ന് രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്. വധശിക്ഷ വിധിച്ച ശേഷം ഏഴുവർഷം കഴിഞ്ഞാണ് വിധി നടപ്പാക്കാനൊരുങ്ങുന്നത്..
ഇവരെ ജനുവരി 22-ന് രാവിലെ 7 മണിയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നായിരുന്നു പട്യാല കോടതിയുടെ ആദ്യത്തെ മരണ വാറണ്ട്. വിധി നടപ്പാക്കേണ്ട സമയം അടുത്തപ്പോഴാണ് പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നത്. സമയം നീട്ടിക്കൊണ്ടുപോകാനുള്ള ഉപായമാണ് ഇതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.
കുറ്റവാളികളെ തൂക്കിലേറ്റുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12-ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനസുരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.
രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗ സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്മിച്ചുനല്കാന് ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികളെ തൂക്കിലേറ്റുന്നതില്‍ മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന് ജല്ലാദ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. “കേസിലെ നാല് പ്രതികളും വധശിക്ഷ അര്‍ഹിക്കുന്നവരാണ്, ഇതുപോലുള്ള ചില ക്രൂരകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് മറുപടി”- പവൻ ജല്ലാദ് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply