ബ്രിട്ടന്‍ ധനമന്ത്രിയായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ചുമതലയേറ്റു

ok_3ലണ്ടന്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനിലെ രണ്ടാമത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ പദവിയിലാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനാക് എത്തുന്നത്. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണിത്. മന്ത്രിസഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിയ്ക്ക് സുപ്രധാന ചുമതല നല്‍കിയത്.

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിന് ശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് ഋഷി സുനാക്. റിച്ച്മണ്ടിലെ എംപിയാണ് ഇദ്ദേഹം. ധനമന്ത്രിയായി ചുമതലയേല്‍ക്കുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ഓഫീസിലേക്ക് ഇദ്ദേഹം മാറും. ഹൈന്ദവ വിശ്വാസിയായ ഋഷി 2017ല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

39 കാരനായ ഋഷി നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയാണ്. തദ്ദേശ ഭരണവകുപ്പില്‍ ജൂനിയര്‍ മന്ത്രിയായിരുന്ന സുനകിനെ കഴിഞ്ഞ വര്‍ഷമാണ് ട്രഷറി ചീഫ് സെക്രട്ടറിയായി നിയമിച്ചത്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ രണ്ടാമനാവുകയണ് മന്ത്രി സഭയില്‍ സുനക്. ഇന്ത്യന്‍ വംശജയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സര്‍ക്കാരിന്‍റെ ഉന്നത സമിതിയില്‍ ഇനി ഋഷി സുനകും അംഗമാകും. ഋഷിയുടെ വരവോടെ, മന്ത്രിസഭയിലെ രണ്ടാമത്തെയും മൂന്നാമത്തെയും പദവി വഹിക്കുന്നവര്‍ ഇന്ത്യാക്കാരായി എന്ന സവിശേഷതയുമുണ്ട്.

rishi4നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. 2015 ല്‍ യുകെ പാര്‍ലമെന്‍റില്‍ ആദ്യം പ്രവേശിച്ചത് മുതല്‍ ഋഷിയുടെ ഔദ്യോഗിക പദവിയില്‍ വന്‍കുതിപ്പാണ് സംഭവിച്ചത്. ബ്രക്സിറ്റിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബോറിസ് ജോണ്‍സന്‍റെ നയതന്ത്രത്തെ പൂര്‍ണമായി പിന്തുണച്ച ഋഷി, റിച്ച്മണ്ടില്‍ (യോര്‍ക്സ്) നിന്ന് 2015ലാണ് ആദ്യമായി പാര്‍ലമെന്‍റിലെത്തുന്നത്. ഓക്സഫോര്‍ഡില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തു. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.എ.യും എടുത്തു. പിന്നീട് കുറച്ചുകാലം ഗോള്‍ഡ്മാന്‍ സാക്സില്‍ ജോലി ചെയ്തു.

ഋഷിയുടെ നിയമനം ബ്രിട്ടനിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ മരുമകന്‍ എന്നതാകും ഇന്ത്യക്കാര്‍ക്ക് ഋഷിയെ സുപരിചിതനാക്കുന്ന ഘടകം. നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു ബംഗ്ലാവിലാണ് ഋഷിയുടെയും അക്ഷതയുടെയും താമസം. 2015ല്‍ വാങ്ങിയ ഈ ബംഗ്ലാവിന് 15 ലക്ഷം പൗണ്ടാണ് വില. പ്രദേശവാസികള്‍ ഋഷിയെ വിശേഷിപ്പിക്കുന്നത് ഡെയ്ല്‍സിലെ മഹാരാജാവ് എന്നാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് വില്യം ഹേഗ് 25 വര്‍ഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെയാണ്.

സ്വന്തം നിലയിക്ക് ഋഷിയുടെ വളര്‍ച്ച കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത്രയും ഉത്തരവാദപ്പെട്ട പദവി അദ്ദേഹത്തിന് നല്‍കിയതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ ഋഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.

rishi4 (1)ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ടയാളാണ് ഋഷി. എന്‍എച്ച്എസില്‍ ജിപിയായിരുന്നു ഋഷിയുടെ പിതാവ്. അമ്മ ഒരു ഫാര്‍മസിയും നടത്തിയിരുന്നു. സതാംപ്ടണില്‍ ജനിച്ച ഋഷി ഓക്സ്ഫഡിലെ പഠനത്തിനുശേഷം യു എസിലെ കാലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനത്തിനെത്തിയപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009ല്‍ വിവാഹത്തിലേക്കെത്തി. ബംഗളൂരുവില്‍ രണ്ടുനാള്‍ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്.

നിക്ഷേപക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഋഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാര്‍ട്ണേഴ്സ് എന്ന സ്ഥാപനം 2010ലാണ് തുടങ്ങിയത്. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. 700 മില്യണ്‍ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളര്‍ന്ന് വികസിച്ചതോടെ, ഋഷി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്.

ഇന്‍ഫോസിസില്‍ 185 ദശലക്ഷം പൗണ്ടിന്‍റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈന്‍സ് എന്ന പേരില്‍ സ്വന്തമായൊരു ഫാഷന്‍ ബ്രാന്‍ഡ് അവര്‍ക്കുണ്ട്. ഇതിന് പുറമെ, നാരായണമൂര്‍ത്തി 2010ല്‍ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് അക്ഷത.

Print Friendly, PDF & Email

Leave a Comment