- Malayalam Daily News - https://www.malayalamdailynews.com -

വിവേചനത്തിന്റെ കഥ പറയുന്ന ഡോ. എസ് സുനിലിന്റെ പുതിയ ചിത്രം ‘വിശുദ്ധ രാത്രികള്‍’ കപട സദാചാരത്തിനെതിരെയുള്ള നേര്‍കണ്ണാടി

IMG-20200202-WA0005വിവേചനത്തിന്റെ കഥ പറയുന്ന ഡോ. എസ് സുനിലിന്റെ പുതിയ ചിത്രം ‘വിശുദ്ധ രാത്രികള്‍’ കപട സദാചാരത്തിനെതിരെ തൊടുത്തുവിട്ട അമ്പുപോലെ വിമര്‍ശനാത്മകമായ ഹാസ്യത്തോടെ അവതരിപ്പിക്കുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫൈന്‍ ആര്‍ട്സ് വിഭാഗം ഡീനുമായ ഡോ. എസ്. സുനില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിശുദ്ധ രാത്രികള്‍’ (Moral Nights). ജാതീയതയേയും അപകടകരമായ സാന്മാര്‍ഗികതയേയും ലിംഗവിവേചനത്തെയും കുറിച്ചുള്ള അഞ്ച് കഥകള്‍ പറയുന്ന ഒരു ചലച്ചിത്ര സമാഹാരമാണിത്.

നമുക്ക് ചുറ്റുമുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് കണ്ടെത്തിയ സംഭവങ്ങളാണ് ‘വിശുദ്ധ രാത്രികള്‍ ‘ എന്ന ചിത്രത്തിനു വിഷയമാകുന്നതെന്നും സമൂഹത്തിന്‍റെ കപട സദാചാരബോധത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ‘വിശുദ്ധ രാത്രികള്‍ ‘ എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അഞ്ചു രാത്രികളിലായി സംഭവിക്കുന്ന ചില കാര്യങ്ങളെ വിമര്‍ശനാത്മകമായ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ് ഈ ചലച്ചിത്രത്തില്‍.

ട്രാന്‍സ്ജന്‍ഡേഴ്സിന്‍റെ ജീവിതാനുഭവം പറയുന്നതാണ് അഞ്ചു കഥകളിലൊന്ന്. ഈ കഥയില്‍ ട്രാന്‍സ്ജന്‍ഡേഴ്സ് ആയ ശീതള്‍ ശ്യാം, ഹണി വിനു, സാന്ദ്ര ലാര്‍‌വിന്‍, ദീപ്തി കല്യാണി, മോനിഷ എന്നിവര്‍ തന്നെ കഥാപാത്രങ്ങളായി എത്തുന്നുവെന്നത് പ്രത്യേകതയാണ്.

സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ശ്രീജയ നായര്‍, ശരത് സഭ തുടങ്ങി മലയാള ചലച്ചിത്രനാടക മേഖലയിലെ കലാകാരന്‍മാര്‍ക്കു പുറമെ കൊല്‍ക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കള്‍, നാഷണല്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ പ്രിയങ്ക പഥക്, കണ്ണനുണ്ണി, ചലച്ചിത്രനാടക സംവിധായകനായ ഡോ. തുളസീധരക്കുറുപ്പ്, നടനും സംവിധായകനും കോളമിസ്റ്റുമായ കെ.ബി. വേണു, സ്കൂള്‍ ഓഫ് ഡ്രാമ അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ഷിബു എസ് കൊട്ടാരം, വിനോദ് നാരായണ്‍ തുടങ്ങിയവരും വിശുദ്ധരാത്രികളില്‍ അഭിനയിക്കുന്നു.

IMG-20200202-WA0006(1)ദേശീയ അവാര്‍ഡു ജേതാവായ ക്യാമറാമാന്‍ സണ്ണി ജോസഫ് നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. ലൈവ് സൗണ്ട് റെക്കോര്‍ഡിംഗ് ചെയ്തിട്ടുള്ള ഈ സിനിമയുടെ ശബ്ദസംവിധായകന്‍ നിരവധി ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ടി. കൃഷ്ണനുണ്ണിയാണ്. എഡിറ്റിംഗ് വിജി എബ്രഹാം നിര്‍വ്വഹിക്കുന്നു. കവി അന്‍വര്‍ അലിയാണ് ചിത്രത്തിനു സംഗീതം നല്‍കിയിട്ടുള്ളത്.

വാഗമണ്‍, തൊടുപുഴ, എന്നിവയ്ക്കു പുറമെ കൊല്‍ക്കത്തയും പ്രധാന ലൊക്കേഷനായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഫിലിം നൊമാഡ്സ്, പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് കാഞ്ഞിരക്കാടന്‍, ലതീഷ് കൃഷണന്‍, ജയ്സണ്‍ മാത്യു എന്നിവരാണ് പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സിന്‍റെ പിന്നണിയില്‍. ചരിത്രാദ്ധ്യാപികയായ റീന റ്റീ.കെ, നാടകനടനായ സുധി പാനൂര്‍, ചലച്ചിത്ര സംവിധായകനായ എബ്രു സെമണ്‍, നാടക ഗവേഷകനായ ജെബിന്‍ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ്സിന്‍റെ അണിയറ പ്രവര്‍ത്തകര്‍.

കണ്ണപുരം ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച ‘കളിയൊരുക്കം’ എന്ന തന്‍റെ ആദ്യ ചിത്രത്തിന് 2007ല്‍ കുട്ടികള്‍ക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഡോ. എസ് സുനില്‍ നേടിയിരുന്നു. 2016ല്‍ രണ്ടാമത്തെ ചിത്രമായ ‘മറുഭാഗ’ത്തിന് പതിനെട്ടാമത് ജോണ്‍ എബ്രഹാം സ്പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ക്ഷണിക്കപ്പെട്ട സദസ്സിനുമുന്‍പാകെ വിശുദ്ധരാത്രികളുടെ പ്രത്യേക പ്രദര്‍ശനം നടന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]