Flash News

അമിത് ഷായുടെ കുമ്പസാരവും ട്രംപിന്റെ വരവും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

February 17, 2020

161640-amfbഡല്‍ഹി തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കുമ്പസാരം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. വിദ്വേഷപ്രസംഗമാണ് ബി.ജെ.പിയെ തോല്‍പ്പിച്ചതെന്ന പ്രസ്താവന ഉള്ളില്‍ തട്ടിയുള്ളതോ സ്വയം വിമര്‍ശനപരമോ അല്ല. ഒരു ചാനല്‍ ഉടമ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ പാര്‍ട്ടിയുടെയും തന്റേയും മുഖം രക്ഷിക്കാന്‍ നടത്തിയ ശ്രമമെന്നുമാത്രം.

അധികാരത്തിലെത്തിക്കഴിഞ്ഞെന്ന വ്യാമോഹം തകര്‍ന്ന് തളര്‍ന്നുവീണുപോയ ഡല്‍ഹിയിലെ പാര്‍ട്ടിപ്രവര്‍ത്തകരേയും അനുഭാവികളേയും സാന്ത്വനിപ്പിക്കാന്‍ കൂടിയാണ് അമിത് ഷാ വിദ്വേഷപ്രചാരണത്തെ തള്ളിപ്പറഞ്ഞത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നതടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒന്നിനൊന്നുവെല്ലുന്ന വിദ്വേഷ പ്രചരണമാണ് ബി.ജെ.പി നടത്തിപ്പോന്നത്. തോക്കെടുക്കാനും വെടിയുതിര്‍ക്കാനും ആഹ്വാനം ചെയ്തിരുന്നി ല്ലെന്നതൊഴിച്ചാല്‍. പാര്‍ട്ടി അധ്യക്ഷനെന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സര്‍വ്വ സംവിധാനങ്ങളും കയ്യിലെടുത്ത് വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും അജണ്ടയൊരുക്കി നാടിളക്കി വോട്ടുപിടിച്ചത് അമിത് ഷാ നേരിട്ടായിരുന്നു. ഈ മിടുക്കിനെ പ്രധാനമന്ത്രി മോദി മുതല്‍ ബി.ജെ.പി നേതൃത്വമാകെയും രാജ്യത്തെ മുഖ്യ മാധ്യമങ്ങളും പ്രകീര്‍ത്തിച്ചു പോന്നതാണ്.

എന്നാല്‍ ആ മിടുക്കിന്റെയും ഇനി പിന്നോട്ടു നോക്കാനില്ലെന്ന മട്ടില്‍ കേന്ദ്രത്തില്‍ ഭരണം ഉറപ്പിച്ചതിന്റെയും പിന്‍ബലത്തില്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും അമിത് ഷാ തന്നെയാണ്. അതിനുള്ള ജനഹിത പരിശോധനയ്ക്കുള്ള അവസരമായാണ് ഡല്‍ഹി തെരഞ്ഞെടുപ്പിനെ ഉപയോഗിക്കാന്‍ ശ്രമിച്ചതും. തെരഞ്ഞെടുപ്പിനെ ഇന്ത്യാ – പാക് മത്സരമായി വിശേഷിപ്പിച്ചതും നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ ഒറ്റുകാരാണെന്നും അവരെ വെടിവെക്കൂ എന്നും ആഹ്വാനം ചെയ്തത് തെരഞ്ഞെടുപ്പു റാലികളിലാണ്. വെടിവെപ്പുണ്ടാകുകയും വോട്ടെണ്ണല്‍ദിവസം ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഒരു മാസത്തോളം നീണ്ടുനിന്ന ഈ വിദ്വേഷ പ്രചാരണത്തിനിടെ അതിനെതിരെ അമിത് ഷാ ഒരക്ഷരം ഉരിയാടിയിട്ടില്ല. അമിത് ഷാ ഇപ്പോള്‍ പറയുന്ന പാര്‍ട്ടി പ്രത്യയശാസ്ത്ര പ്രചാരണമെന്നത് ഈ വിദ്വേഷപ്രചാരണം തന്നെയാണെന്ന് അദ്ദേഹം അംഗീകരിക്കുകയായിരുന്നു.

അങ്ങനെയൊരു കുമ്പസാരംകൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന വിദ്വേഷപ്രചരണം. ഡല്‍ഹി സംസ്ഥാനം ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെങ്കിലും ക്രമസമാധാനം കൈകാര്യംചെയ്യുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അമിത് ഷായും അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസുമാണ്. ജെ.എന്‍.യു, ജാമിയാ മിലിയ തുടങ്ങിയ സര്‍വ്വകലാശാലകളിലും ഷഹീന്‍ ബാഗ് തുടങ്ങി സ്ത്രീകള്‍ നേരിട്ടു സമരം നടത്തുന്ന മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധക്കാര്‍ക്കെതിരെ സംഘ് പരിവാറിന്റെ വ്യാപകമായ ആക്രമണങ്ങളും വെടിവെപ്പും നടന്നു. അത് തടയുന്നതിനുപകരം കാഴ്ചക്കാരായോ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരായോ ആണ് അമിത് ഷായുടെ പൊലീസ് പ്രവര്‍ത്തിച്ചത്. ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും അക്രമികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരുന്നതിലും വലിയ വീഴ്ചയാണ് പൊലീസ് വരുത്തിയത്.

അതെല്ലാം മറച്ചുവെച്ച് വിദ്വേഷപ്രസംഗത്തെ കുറ്റപ്പെടുത്തുന്നതിനെന്തര്‍ത്ഥം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമൊപ്പം കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി യായിരിക്കുന്ന ഒരു വിദ്വാനാണ് രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനംചെയ്തത്. ആ മന്ത്രിക്കെതിരെ കലാപത്തിനും കൊലയ്ക്കും കേസെടുത്ത് നിയമത്തിനുമുമ്പില്‍ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കേണ്ട ഭരണാധികാരിയാണ് അമിത് ഷാ.

തന്റെ കണക്കുകൂട്ടലുകള്‍ തെറ്റി എന്ന് സമ്മതിക്കുന്ന അമിത് ഷാ ജയവും പരാജയവും പതിവുള്ളതാണെന്ന് ന്യായീകരിക്കുന്നു. അഭിപ്രായ സര്‍വ്വേകളെയും എക്‌സിറ്റ് പോളുകളെയും തള്ളിപ്പറഞ്ഞ അമിത് ഷാ വോട്ടെണ്ണിക്കഴിയുമ്പോള്‍ യഥാര്‍ത്ഥ ഫലം വരുമെന്നും 70ല്‍ 45 സീറ്റെങ്കിലും നേടി ബി.ജെ.പി അധികാരത്തില്‍ വരുമെന്നും ഉറപ്പുപറഞ്ഞിരുന്നു.

എ.എ.പിയുമായി നേരിട്ട് ബി.ജെ.പി മത്സരിക്കേണ്ടിവന്നതാണ് തോല്‍വിക്കു കാരണമെന്ന് ഇപ്പോള്‍ ബി.ജെ.പി കണ്ടെത്തുന്നു. ഡല്‍ഹിയിലെ എഴുപതു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുകയും പല മണ്ഡലങ്ങളിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ജനവിധി തേടുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങള്‍ കൂട്ടത്തോടെ വിജയസാധ്യതയുള്ള ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകുകയായിരുന്നു എന്നാണ് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പിക്കും ബോധ്യപ്പെട്ടത്.

ഇതെങ്ങനെ സംഭവിച്ചു? ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനാണ് മത്സരിക്കുന്നതെന്നു പറയുന്ന അമിത് ഷാ ബി.ജെ.പി മുന്നോട്ടുവെച്ച ഹിന്ദുത്വ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായി ഉയര്‍ന്ന വികാരമാണ് ഇതെന്ന് എങ്ങനെ കാണാതെ പോകും. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും അതിനെതിരായ പ്രത്യയശാസ്ത്രവും തമ്മിലാണല്ലോ ഡല്‍ഹിയില്‍ ഏറ്റുമുട്ടിയത്. ഇതാണ് ജനങ്ങളെ പാര്‍ട്ടിയില്‍നിന്നകറ്റി ആം ആദ്മി പാര്‍ട്ടിയിലേക്ക് അടുപ്പിച്ചതെന്ന് അംഗീകരിക്കാന്‍ അമിത് ഷായും ബി.ജെ.പിയും തയാറില്ല എന്നതാണ് പ്രശ്‌നം. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ധ്രുവീകരണവും സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം എന്നതുതന്നെയാണ് ഇതിനു കാരണം.

ഡല്‍ഹി തെരഞ്ഞെടുപ്പിനിടയ്ക്കാണ് പാര്‍ട്ടിയുടെ അധ്യക്ഷപദം ജെ.പി നദ്ദയ്ക്ക് കൈമാറിയത്. എന്നിട്ടും തെരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതല വോട്ടെണ്ണുംവരെ ഷായുടെ കൈയിലായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുകയും എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവരികയും ചെയ്തപ്പോള്‍ അടുത്ത മണിക്കൂറില്‍തന്നെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരായ ഏഴ് പാര്‍ലമെന്റംഗങ്ങളുടേയും പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും അടിയന്തരയോഗം അമിത് ഷാ വിളിച്ചുചേര്‍ത്തു. ഈ വിദ്വേഷ പ്രസംഗങ്ങള്‍ പാര്‍ട്ടിയെ ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിക്കുമെന്നാണ് അമിത് ഷാ വിലയിരുത്തിയത്. കണക്കുകൂട്ടല്‍ തെറ്റിയെന്ന് ഇപ്പോള്‍ പറഞ്ഞതുകൊണ്ടെന്തുകാര്യം.

പൗരത്വനിയമം കൊണ്ടുവന്നതിനുശേഷം ജാര്‍ഖണ്ഡിലും ഹരിയാനയിലുമാണ് ആദ്യം നിയമസഭാ തെരഞ്ഞെടുപ്പു നടന്നത്. ജാര്‍ഖണ്ഡ് കൈവിട്ടു. ഹരിയാനയില്‍ ഭൂരിപക്ഷം പോയി. ഏച്ചുകൂട്ടിയ ഭരണമാണിപ്പോള്‍. പൗരത്വ നിയമത്തിനെതിരായി രാജ്യത്താകെ ഉയര്‍ന്ന പ്രതിഷേധ രാഷ്ട്രീയമാണ് മൂന്നിടത്തും ബി.ജെ.പിയെ തോല്‍പ്പിച്ചതെന്ന് വായിച്ചെടുക്കാന്‍ അമിത് ഷാ തയാറില്ല. ജനവിധി പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരല്ലെന്ന് അമിത് ഷാ തുടര്‍ന്നും പറയുന്നത് ആരെ വിശ്വസിപ്പിക്കാനാണ്.

പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച തോല്‍വി വിലയിരുത്താന്‍ വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നയങ്ങള്‍ രൂപപ്പെടുത്തുകയും ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഭരണം നയിക്കുകയും ചെയ്യുന്ന തന്റെ വ്യക്തിപരമായ വീഴ്ചയല്ല തെരഞ്ഞെടുപ്പു പരാജയമെന്നുകൂടിയാണ് അമിത് ഷാ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഈ തെരഞ്ഞെടുപ്പു തോല്‍വികള്‍ ബി.ജെ.പിക്കകത്ത് ഇതുവരെ നിലനിന്ന മോദി – അമിത് ഷാ കൂട്ടുകെട്ട് അകല്‍ച്ചയിലേക്കും തകര്‍ച്ചയിലേക്കും നീങ്ങുന്നതിന്റെ തുടക്കമാണ്. പാര്‍ട്ടി അധ്യക്ഷന്‍ നദ്ദ മറ്റൊരു അധികാരകേന്ദ്രമായി വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും തമ്മിലുള്ള വൈരുദ്ധ്യം കൂടുതല്‍ പ്രകടവും സങ്കീര്‍ണ്ണവുമാകുന്നതിലേക്ക് ഡല്‍ഹി പരാജയം തീര്‍ച്ചയായും വഴിവെക്കും.

ഡല്‍ഹിയില്‍ ബി.ജെ.പി ഏറ്റുവാങ്ങിയ തോല്‍വി പ്രധാനമന്ത്രി നരേന്ദ്രമോദിക്കേറ്റ രാഷ്ട്രീയ തിരിച്ചടിയായാണ് അമേരിക്കന്‍ മാധ്യമങ്ങളടക്കം വിലയിരുത്തിയത്. മോദിയുടെ പ്രതിച്ഛായ തിരിച്ചുകൊണ്ടുവരാന്‍ സാക്ഷാല്‍ യു.എസ് പ്രസിഡന്റ് ട്രംപിനെതന്നെ മോദി വിളിപ്പിച്ചിരിക്കയാണ്. ഡല്‍ഹിയിലും ഗുജറാത്തിലും മാത്രമായാണ് ട്രംപിന്റെയും കുടുംബത്തിന്റെയും സന്ദര്‍ശനം ഒതുക്കിയിട്ടുള്ളത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാര്‍ പരസ്പര ധാരണയോടെ ഈ സന്ദര്‍ശനവേളയില്‍ ഒപ്പുവെക്കാനുള്ള സാധ്യതയും പെട്ടെന്ന് അനിശ്ചിതത്വ ത്തിലായിട്ടുണ്ട്. ഹൗദി മോദിയില്‍ ചെന്ന് ട്രംപിനെ പ്രകീര്‍ത്തിച്ചപോലെ ഇന്ത്യയിലെത്തി മോദിയുടെ രാഷ്ട്രീയ പ്രതിച്ഛായ ഉയര്‍ത്താന്‍ ട്രംപും കാര്യമായ പ്രകടനങ്ങള്‍ നടത്തിയേക്കും.

അഹമ്മദ്ബാദ് നഗരത്തിലെത്തുന്ന യു.എസ് പ്രസിഡന്റിന്റെ ദൃഷ്ടിയില്‍നിന്ന് വഴിയിലെ ചേരികളുടെ കാഴ്ച മറച്ചുപിടിക്കാന്‍ വന്‍ മതിലുകള്‍ പണിയുന്നുണ്ട്. വികസനത്തിന് ഇന്ത്യയ്ക്ക് മാതൃകയാണെന്നു പറഞ്ഞ ഗുജറാത്തിലേക്ക് മോദി ട്രംപിനെയുമായി പോകുമ്പോള്‍.

ട്രംപിനോടൊപ്പം ഡല്‍ഹിയിലെത്തുന്ന ആയുധ വ്യാപാരികളുടെയും വ്യാപാര കുത്തകകളുടെയും താല്പര്യങ്ങള്‍ക്ക് രാജ്യത്തെ എത്രകണ്ട് വിട്ടുകൊടുക്കും എന്നതാണ് യഥാര്‍ത്ഥപ്രശ്‌നം. കാര്‍ഷികോല്പന്നങ്ങള്‍ അമേരിക്കയില്‍നിന്ന് കൂടുതല്‍ ഇറക്കാനുള്ള കരാര്‍, ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങള്‍ – ഇതിലൊക്കെ എന്തെല്ലാം വിട്ടുവീഴ്ച ചെയ്യുമെന്ന് കാണാനിരിക്കുന്നു.

സി.എ.ജി എന്ന കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണതല നടത്തിപ്പ് സൂക്ഷ്മമായി വിലയിരുത്താനും വഴിവിട്ട പോക്ക് നിയന്ത്രിക്കാനുമുള്ള ഭരണഘടനാ സ്ഥാപനമാണ്. കേരളത്തിലെ പൊലീസ് വകുപ്പിനു മാത്രമല്ല അതിന്റെ മേധാവിയായ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെയും ശക്തമായ ആരോപണങ്ങളുമായി സി.എ.ജി റിപ്പോര്‍ട്ട്.

ഇതെല്ലാം പറയേണ്ടിടത്ത് പറഞ്ഞുകൊള്ളാം എന്ന നിലപാടാണ് സംസ്ഥാന മുഖ്യമന്ത്രി സ്വീകരിച്ചത്. പക്ഷെ, വിശ്വസ്തനും അഭ്യുദയകാംഷിയുമായ വിനീതവിധേയന്‍ ഡി.ജി.പി ബഹ്‌റയെ മുഖ്യമന്ത്രി നേരില്‍ വിളിപ്പിച്ചു. രേഖാമൂലം മറുപടിയും തേടിയെന്നാണ് വാര്‍ത്ത. ഡി.ജി.പി ഗവര്‍ണറെയും കണ്ടു.

തലസ്ഥാന നഗരിയിലെ ഒരു പത്രസുഹൃത്ത് പറഞ്ഞതിങ്ങനെ: ഡി.ജി.പി ബഹ്‌റ എന്നുപറഞ്ഞാല്‍ ഡയറക്ടര്‍ ജനറല്‍ പര്‍ച്ചേയ്‌സ് എന്നാണ് തലസ്ഥാനത്ത് അറിയപ്പെടുന്നത്. അടുത്തമാസം ലണ്ടനില്‍ ബ്രിട്ടീഷ് അന്താരാഷ്ട്ര വ്യാപാര മന്ത്രാലയം സംഘടിപ്പിക്കുന്ന ഒരു പ്രദര്‍ശനത്തിലേക്ക് ബഹ്‌റയെ അയക്കുന്നതായി മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ് അറിയിക്കുന്നു. പ്രദര്‍ശനത്തിലെ മുഖ്യ പരിപാടി വാങ്ങല്‍ എങ്ങനെ എന്നതുതന്നെയാണ്.

പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് വൈദ്യുതി വകുപ്പു ഭരിച്ചതിന്റെ ഭാഗമായ സി.എ.ജി റിപ്പോര്‍ട്ട് വന്നത്. ലാവ്‌ലിന്‍ കേസില്‍ പ്രതിയായത്. ആ കേസ് സുപ്രിംകോടതിയില്‍ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട്. അതുമായി ബന്ധപ്പെട്ട പാലമാണ് ഡി.ജി.പി ബഹ്‌റയെന്നാണ് കഴിഞ്ഞദിവസം ചാനലില്‍ ബി.ജെ.പി വക്താവ് പറഞ്ഞത്.

മുഖ്യമന്ത്രി ഇപ്പോള്‍ കൈകാര്യംചെയ്യുന്ന പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഇനിയും കത്തിപ്പടരാനിടയുള്ളതാണ് ഈ സി.എ.ജി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പൊലീസ് നയവും മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന രമണ്‍ ശ്രീവാസ്തവ, ബഹ്‌റ തുടങ്ങിയ മുന്‍-പിന്‍ പൊലീസ് മേധാവികളും അല്ലെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളിലെ രാഷ്ട്രീയ സമസ്യകളാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top