- Malayalam Daily News - https://www.malayalamdailynews.com -

ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് കാമുകനോടൊപ്പം ജീവിക്കാനാണെന്ന് അമ്മ ശരണ്യ; അവള്‍ എവിടെ കുഞ്ഞിനെ എറിഞ്ഞുവോ അവളെ അവിടെ ഞങ്ങള്‍ എറിഞ്ഞു കൊല്ലുമെന്ന് അമ്മമാര്‍

Saranya2കണ്ണൂരില്‍ ഒന്നര വയസ്സുകാരനായ പിഞ്ചുമകനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞുകൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്. ശരണ്യ തനിച്ചാണ് കൊലപാതകം നടത്തിയതെന്നും ഭര്‍ത്താവിനും കാമുകനും കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറഞ്ഞു. വൈകിട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കും.

ഭര്‍ത്താവ് പ്രണവാണ് കൊലപാതകിയെന്നായിരുന്നു ശരണ്യ പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. പ്രണവിനെതിരെ ശരണ്യയുടെ ബന്ധുവും പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പ്രണവിനെയും ശരണ്യയെയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതോടെ പൊലീസ് ഇവര്‍ സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശേഖരിച്ചു. ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തി. ഇതോടെ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യുകയും താനാണ് കൊല ചെയ്തതെന്ന് ശരണ്യ സമ്മതിക്കുകയുമായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊന്നതെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്.

ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ ഏറെ നാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഈ സമയം ശരണ്യ മറ്റൊരാളുമായി പ്രണയത്തിലാവുകയും ഇയാളോടൊപ്പം ജീവിക്കാന്‍ ഒന്നര വയസ്സുള്ള വിയാനെ കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അച്ഛനോടൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേയ്ക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ശരണ്യയ്ക്കെതിരെ ആക്രോശിച്ച് നാട്ടുകാര്‍

Saranya‘ഞങ്ങളുടെ നാടിനെ അവള്‍ നാണം കെടുത്തി. ഞങ്ങള്‍ അമ്മമാരുടെ നെഞ്ചത്തടിച്ചിട്ടാണ് അവള്‍ പോയത്. ഞങ്ങള്‍ അവളെ വെറുതെ വിടില്ല. ഈ കല്ലിന്റെ മുകളിലാണ് അവളുടെ അവസാനം. കുഞ്ഞിനെ അവള്‍ എവിടെ എറിഞ്ഞുവോ അവിടെ എറിഞ്ഞ് ഞങ്ങള്‍ അവളെ കൊല്ലും. ഇത് ഞങ്ങള്‍ ദേശവാസികളുടെ പ്രതിജ്ഞയാണ്’- ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. എന്തൊരു പെണ്ണാണത് എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം.

കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ നിന്നും ശരണ്യയെ പുറത്തിറക്കിയപ്പോള്‍ തന്നെ സ്റ്റേഷന് സമീപം താമസിക്കുന്ന വീട്ടമ്മമാരും മറ്റും ആക്രോശവുമായി പാഞ്ഞടുത്തിരുന്നു. കടപ്പുറത്തും വീട്ടിലും പൊലീസ് കൊണ്ടുവന്നപ്പോള്‍ ശരണ്യ ഭാവഭേദങ്ങളൊന്നുമില്ലാതെ എങ്ങനെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതെന്ന കാര്യം പൊലീസിന് വിവരിച്ചു കൊടുത്തു.

ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് അഛന്‍

mother-killed-the-childക്രൂരകൃത്യം ചെയ്ത തന്റെ മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛന്‍ വത്സരാജ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നത്. കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് കണ്ണീരോടെ പറഞ്ഞു.

ശരണ്യ പോലീസ് കസ്റ്റഡിയിലിരിക്കേ മൊബൈല്‍ ഫോണിലേക്ക് കാമുകന്‍ നിരന്തരം വിളിച്ചതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനിടെ, ശരണ്യയുടെ ഫോണിലേക്ക് വാരം സ്വദേശിയായ യുവാവില്‍ നിന്നും 17 മിസ്ഡ് കോളുകളാണ് വന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്ന് ശരണ്യ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശരണ്യയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു.

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുത്തത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാം എന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Saranya1കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രഥമിക കണ്ടെത്തല്‍. എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

തുടക്കത്തില്‍ ശരണ്യയെയും പ്രണവിനെയും കൊലപാതകത്തില്‍ സംശയിച്ച പൊലീസ് സംഭവദിവസം രാത്രി ഇരുവരും ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയില്‍ ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും മണലിന്റെയും അംശങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. ‘ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു തെളിവ്’ എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്നാണ് ഇതോടായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരന്‍ വിവാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുഞ്ഞ്. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]