തിരുവനന്തപുരം: പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൊലീസ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള തുക വകമാറ്റി ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ക്ക് വില്ല പണിയുന്നുവെന്ന് സിഎജി കണ്ടെത്തിയ ചട്ടലംഘനം അവിടം കൊണ്ട് നില്ക്കുന്നില്ല. വില്ലകള്‍ നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചത് പൊലീസ് ഹൗസിങ് കണ്സ്ട്രഷന് കോര്പ്പറേഷന് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനിയ്ക്കാണ്. ഡിജിപിയ്ക്കും ഉന്നത ഉദ്യേഗസ്ഥര്ക്കുള്ള വില്ലകള്‍ നിര്‍മ്മിച്ച ഹാബിറ്റാറ്റിനെ കരിമ്പട്ടികയില്പ്പെടുത്തിക്കൊണ്ടുള്ള കോര്പ്പറേഷന് എംഡി പുറത്തിറക്കിയ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.
പാലക്കാട് അഗളി സിഐ ഓഫീസ് നിര്‍മ്മിച്ചത് ഹാബിറ്റാറ്റായിരുന്നു. ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ ഈ ഓഫീസ് ചോര്‍ന്നൊലിച്ചു. കൂടാതെ നിര്‍മ്മാണ അപാകതകള്‍ ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് കത്തും നല്കി. അറ്റകുറ്റപ്പണി ചെയ്യണമെന്നാവശ്യപ്പെട്ട് കരാറുകാരനായ ഹാബിറ്റാറ്റിനെ കോര്പ്പറേഷന് സമീപിച്ചുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പൊലീസ് ആസ്ഥാനത്ത് നിന്നും കോര്പ്പറേഷന് എംഡിയ്ക്ക് നിര്‍ദേശം ലഭിച്ചത്.
2015 ഒക്ടോബര്‍ 17നാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയില്‍പ്പെടുത്തി കോര്‍പ്പറേഷന്റെ എംഡിയായിരുന്ന എഡിജിപി അനില്‍കാന്ത് ഉത്തരവിറക്കിയത്. ഈ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് ടെന്‍ഡര്‍ പോലും വിളിക്കാതെ ഹാബിറ്റാറ്റിനെ കരാര്‍ ഏല്‍പ്പിച്ചത്. സര്‍ക്കാര്‍ പട്ടികയില്‍പ്പെട്ട കമ്പനിയായതുകൊണ്ടാണ് കരാര്‍ നല്‍കിയതെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply