തിരുവനന്തപുരം: വാദിയെ പ്രതിയാക്കി ചീഫ് സെക്രട്ടറി. പോലീസ് ആസ്ഥാനത്തുനിന്ന് തോക്കുകളും വെടിക്കോപ്പുകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്കി. അതേസമയം തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ്എപി ബറ്റാലിയനില്‍ നിന്ന് 25 തോക്കുകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തിയത്. ഇക്കാര്യം പരിശോധിച്ച ക്രൈംബ്രാഞ്ച് ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനില്‍ നിന്ന് തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലേക്ക് നല്‍കിയതായി കണ്ടെത്തി. ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടില്ലെന്നും അവ സ്റ്റോറില്‍ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 660 ഇന്‍സാസ് 5.56 എംഎം തോക്കുകള്‍ പൊലീസ് ചീഫ് സ്റ്റോറില്‍ നിന്നും എസ്ഐ ക്യാമ്പിലേയ്ക്ക് നല്‍കിയതായും 616 തോക്കുകള്‍ പല ബറ്റാലിയനുകളിലേക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാക്കി വരുന്ന 44 ഇന്‍സാസ് തോക്കുകള്‍ എസ്എപി ബറ്റാലിയനിലുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നാണ് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കുന്നത്.
സായുധ ബാറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ കൂടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇവയുടെ വിവരങ്ങള്‍ കംപ്യൂട്ടറൈസ് ചെയ്യും. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാല്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply