ചില മൗനങ്ങള്‍ (കവിത)

Chila maunangal banner

മൗനം
കാവല്‍ക്കാരനില്ലാത്ത
റെയില്‍ ക്രോസ്സാകുമ്പോള്‍
മനസ്സ്
ഇടം വലം നോക്കാതെ
പാളത്തില്‍ കയറും

മൗനം ചിലപ്പോള്‍
ഒളിച്ചോട്ടമാണ്

മൗനം
സിഗ്നല്‍ ലൈറ്റാകുമ്പോള്‍
പച്ച വെളിച്ചത്തില്‍
തെറ്റും ശരിയും
തിടുക്കത്തില്‍ കടന്നുപോകും
പിന്തുടരുന്ന
നേരന്വേഷകര്‍
ചുവപ്പില്‍ കുടുങ്ങും

ചിലപ്പോള്‍
മൗനം ചതിയാണ്

മൗനം
ഇരുതല മൂര്‍ച്ചയുള്ള
ആയുധമാകുമ്പോള്‍
ഇരയും വേട്ടക്കാരനും
സ്വയം രക്ഷക്ക്
സന്ധി ചെയ്യും

ചിലപ്പോള്‍
മൗനം ഒരു പോംവഴിയാണ്

മനോഗതങ്ങളെ
പൂട്ടിയിട്ട തടവറയുടെ
താക്കോലാണ് മൗനം

അപരാധിയുടെ
അശാന്ത ഹൃദയത്തില്‍
കെട്ടടങ്ങാത്ത പാപചിന്തക്കുമേല്‍
അടയിരിക്കുന്ന
പശ്ചാത്താപമാണ്
ചിലപ്പോള്‍ മൗനം

മൗനം
ഉരുണ്ടുകൂടുമ്പോള്‍
ചിലപ്പോള്‍
ഇടിവെട്ടും
മഴയും ഉണ്ടാകും


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News