സര്‍ദാര്‍ പട്ടേല്‍ (അദ്ധ്യായം നാല്): പ്രത്യക്ഷത്തില്‍ എന്നും നിര്‍വികാരന്‍

adhyamam 4 bannerസര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിര്‍വികാരനായൊരു വ്യക്തിയാണെന്നു പൊതുവേ അഭിപ്രായമുണ്ട്. അധികം സംസാരിക്കില്ല. പക്ഷെ, അദ്ദേഹം എന്തെങ്കിലും പറഞ്ഞാല്‍ അതു മറ്റുള്ളവര്‍ ക്ഷമയോടെ കേള്‍ക്കും. പട്ടേലെന്ന മനുഷ്യന്‍ പക്ഷെ, വികാരങ്ങെല്ലാം ഉള്ളില്‍ ഒതുക്കി മറ്റൊരുഭാവം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് “സ്വാതന്ത്രം അര്‍ധരാത്രിയില്‍ “(ഫ്രീഡം അറ്റ് മിഡ്നൈറ്റ്) എന്ന പുസ്തകത്തില്‍ ലാരികോളിന്‍സും ഡൊമിനിക് ലാപ്പിയറും പറയുന്നത്.

ഒരു സംഭവം അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. പട്ടേല്‍ അഭിഭാഷകനായിരുന്ന കാലം. ബോംബെ കോടതിയില്‍ വാദം പൂര്‍ത്തിയാക്കിക്കൊണ്ട് സംസാരിക്കുമ്പോഴാണ് കോടതി ജീവനക്കാരന്‍ ഒരു കേബിള്‍ സന്ദേശം അദ്ദേഹത്തിന് കൈമാറുന്നത്. ആ കുറിപ്പ് വായിച്ച് പോക്കറ്റിലിട്ടിട്ട് അദ്ദേഹം വാദം പൂര്‍ത്തിയാക്കി. പട്ടേലിന്‍റെ ഭാര്യ ഝാവെര്‍ബായി മരിച്ചു എന്നായിരുന്നു കേബിളില്‍.

ഭാര്യയുടെ അകാല വിയോഗം, അതും കുട്ടികള്‍ പിച്ചവച്ചു തുടങ്ങിയ കാലത്ത് സംഭവിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചില്ല എന്ന് അല്ല ഈ സംഭവം വ്യക്തമാക്കുന്നത്. സ്വകാര്യ ദു:ഖം അദ്ദേഹം ഉള്ളില്‍ ഒതുക്കി. അത് തന്‍റെ മാത്രം കാര്യം എന്നദ്ദേഹം കണക്കുകൂട്ടി. ജീവിതത്തില്‍ എപ്പോഴും പട്ടേല്‍ അങ്ങനെയായിരുന്നു.

മകള്‍ മഹിബായ് വളര്‍ന്ന ശേഷം അവരായിരുന്നു വല്ലഭായ് പട്ടേലിന് ആശ്രയം. രണ്ടു പതിറ്റാണ്ടോളം പട്ടേലിന്‍റെ എ.ഡി.സിയും സെക്രട്ടറിയുമൊക്കയായി പ്രവര്‍ത്തിച്ചു. വീട്ടുകാര്യങ്ങളു നോക്കി. പക്ഷെ മഹിബായ്യുമായും പട്ടേല്‍ ഒരു ദിവസം ഏതാനും വാചകങ്ങളില്‍ ആശയം വിനിമയം ഒതുക്കിയരുന്നു.

പുലര്‍ച്ച നാലിന് എഴുനേല്‍ക്കുന്ന പട്ടേല്‍ രാത്രി 9.30 നു കിടക്കും. ഇതായിരുന്നു സാധാരണ ജീവിതചര്യ. രാവിലെ ശുചിമുറിയില്‍ ഏറെ സമയം ചെലവഴിക്കുന്ന പട്ടേല്‍ പത്രങ്ങള്‍ വായിച്ചിരുന്നത് അവിടെയായിരുന്നത്രെ. ദിവസം ധാരാളം പത്രങ്ങളിലൂടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നീങ്ങിയിരുന്നു. കിട്ടുന്ന പത്രങ്ങളെല്ലാം മറിച്ചെങ്കിലും നോക്കുമായിരുന്നു. വേണ്ടതൊക്കെ പൂര്‍ണ്ണമായിതന്നെ വായിച്ചിരിക്കണം. കാര്യമായി ഗൃഹപാഠം ചെയ്താണ് അദ്ദേഹം ഒരോ ദിവസവും പൊതുവേദികളില്‍ എത്തിയിരുന്നത് എന്നു വേണം ചിന്തിക്കുവാന്‍.

സര്‍ദാര്‍ പട്ടേല്‍ അടിമുടി ഒരു ഇന്ത്യനായിരുന്നെന്നു കോളിന്‍സും ലാപ്പിയറും സമര്‍ഥിക്കുന്നു. ഇന്ത്യന്‍ മണ്ണില്‍ വളര്‍ന്ന ഏക ഇന്ത്യന്‍ നേതാവായാണ് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അഭിഭാഷകനായി ജോലി ചെയ്തു സമ്പാദിച്ച പണവുമായി ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി മടങ്ങിയ പട്ടേല്‍ അതിനു മുമ്പും ശേഷവും ഇന്ത്യ വിട്ടിട്ടില്ല എന്ന് ഓര്‍ക്കണം. ലണ്ടനില്‍ പഠിക്കുമ്പോള്‍ താമസസ്ഥലത്തു നിന്നും കോടതിയിലേക്ക് ദിവസവും 10 കി.മി (അങ്ങോട്ടും ഇങ്ങോട്ടും) നടക്കുമായിരുന്നു. ബസ് ചാര്‍ജ്ജ് ലാഭിക്കാനായിരുന്നത്. ഈ കഠിനാധ്വാനവും സ്വാശ്രയശീലവും ആകും അദ്ദേഹത്തെ ഉരുക്കു മനുഷ്യനാക്കിയത്.

ലണ്ടന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നിയമത്തിലെ പൊരുളുകള്‍ തേടുന്ന ഒരു ഗവേഷണ കേന്ദ്രമാണ് ‘ഇന്‍സ് ഓഫ് കോര്‍ട്ട് ലൈബ്രറി’. അഭിഭാഷക തൊഴിലിലുള്ളവര്‍ക്കും നിയമവിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണം ചെയ്യുന്ന സ്ഥാപനമാണിത്. പട്ടേല്‍ ഈ ലൈബ്രറിയിലെ അംഗമായതിനെ തുടര്‍ന്ന് അത് വളരെ ഗുണം ചെയ്തു. പതിനാലാം നുറ്റാണ്ടിലാരംഭിച്ച ഈ ലൈബ്രറി ഭുഗര്‍ഭ റയില്‍ സ്റ്റേഷനുകളായ ടെംപിള്‍, ബ്ലാക്കഫ്രിയര്‍സ്, ചാന്‍സറിക്കടുത്താണ്. ഇന്‍സ് ഓഫ് കോര്‍ട്ട് ലൈബ്രറി അദ്ദേഹം ഏറെ പ്രയോജനപ്പെടുത്തി. ഡല്‍ഹിയില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ വലിയ പുസ്തക ശേഖരമുണ്ടായിരുന്നു. പക്ഷെ എല്ലാം ഇന്ത്യയെക്കുറിച്ച് ഇന്ത്യക്കാര്‍ എഴുതിയ പുസ്തകം മാത്രം.

1857 ലെ പോരാട്ടത്തില്‍ ഝാന്‍സി റാണിയോടൊപ്പം പൊരുതിയ പിതാവിന്‍റെ പാരമ്പര്യവും ബാല്യകാലത്ത് പിതാവിന്‍റെ സുഹൃത്തുക്കളായ പട്ടാളക്കാരില്‍ നിന്നും കേട്ടറിഞ്ഞ പോരാട്ട കഥകളുമെല്ലാം വല്ലഭായ് പട്ടേലിനെ തികഞ്ഞ രാജ്യസ്നേഹിയാക്കിയത്.

വിഭജിക്കപ്പെട്ടപ്പോള്‍ ‘ഇന്ത്യ’ എന്ന പേര് നിലനിര്‍ത്താനായതില്‍ ഏറ്റവും സന്തോഷിച്ച സ്വാതന്ത്രസമര സേനാനികളിലും ദേശീയ നേതാക്കളിലും ഒരാള്‍ പട്ടേല്‍ ആയിരിക്കണം. ഇന്ത്യ എന്ന വികാരം അദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നുള്ളതാണ്. മരണംവരെ അദ്ദേഹം ഇന്ത്യക്കാരന്‍ എന്ന അഭിമാനത്തോടെ ജീവിച്ചു. ഒരു പക്ഷെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനും പോലീസ് സര്‍വീസിനും (ഐ.എ.എസും, ഐ.പി.എസും) നമ്മുടേതായുള്ള മുഖം നല്‍കാന്‍ ഭരണത്തിലേറിയ ഉടന്‍ അദ്ദേഹം തയ്യാറായതും ഈ രാജ്യസ്നേഹം കൊണ്ടാകാം.

ഇന്ന് സിവില്‍ സര്‍വീസില്‍ കൂടുതല്‍ വിഭാഗങ്ങള്‍ എത്തി. അതി പ്രഗല്‍ഭരുടെ പല ബാച്ചുകള്‍ ആയി. ഈ നേട്ടത്തില്‍ സര്‍ദാര്‍ പട്ടേലിന്‍റെ ആത്മാവ് അഭിമാനിക്കുന്നുണ്ടാകും. തീര്‍ച്ചയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News