കലാവേദി യു എസ് എ യ്ക്ക് പുതിയ നേതൃത്വം

kalavediന്യൂയോര്‍ക്ക്:സജീവമായ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ 16 വര്‍ഷങ്ങള്‍ പിന്നിടുന്ന കലാവേദി ഇന്റര്‍ നാഷണല്‍ എന്ന സംഘടനക്ക് അടുത്ത രണ്ടു വര്‍ഷങ്ങളിലേക്ക് ഫെബ്രുവരി 8 ആം തീയതി കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഔദ്യോഗികമായി സ്ഥാനമേറ്റു.

സജി മാത്യു (പ്രസിഡന്റ്), മാമ്മന്‍ എബ്രഹാം (വൈസ് പ്രസിഡന്റ്), ഷാജി ജേക്കബ് (സെക്രട്ടറി), ജോയ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), മാത്യു മാമ്മന്‍ (ട്രഷറര്‍), ബിജു സാമുവേല്‍ (ജോയിന്റ് ട്രഷറര്‍), ഷാജു സാം (ഫിനാന്‍ഷ്യല്‍ ഓഫീസര്‍), എന്നിവരാണ് പുതുതായി സ്ഥാനമേറ്റത്. 2021 ഡിസംബര്‍ 31 വരെയാണ് ഇവരുടെ പ്രവര്‍ത്തനകാലഘട്ടം. കൂടാതെ, കലാവേദിയുടെ സ്ഥാപകന്‍ സിബി ഡേവിഡിനെ ചെയര്‍മാനായും നിയമിച്ചു. 2018 2019 കാലഘട്ടത്തില്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ച ക്രിസ് തോപ്പിലിന് സമുചിതമായ ഉപഹാരവും ഈ ചടങ്ങില്‍ വച്ച് സമര്‍പ്പിക്കുകയുണ്ടായി. ന്യൂ യോര്‍ക്കിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സജി മാത്യു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരാണ് ഭാരവാഹികള്‍ എല്ലാവരും. കേരളസമാജത്തിന്റെ മുന്‍ പ്രസിഡന്റ്, വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ യു എസ് ഏരിയ പ്രസിഡന്റ് ഇലെക്ട് എന്നി സ്ഥാനങ്ങള്‍ ഷാജു സാം നിര്‍വഹിക്കുന്നു.

2004 ല്‍ സ്ഥാപിതമാകുകയും തുടര്‍ന്ന് കേരളത്തിലും, അമേരിക്കയിലും കലാ സാംസ്കാരിക, സാമുഹ്യ രംഗങ്ങളില്‍ ഗണ്യമായ തോതില്‍ സേവനങ്ങള്‍ നല്‍കി വരികയും ചെയ്യുന്ന കലാവേദിയുടെ പ്രവര്‍ത്തനം, നടന്‍ ശ്രീനിവാസനാണ് ഉത്ഘാടനം ചെയ്തത്. ഇതിനോടകം ശ്രദ്ധേയമായ പല കലാപരിപാടികളും അവതരിപ്പിച്ചു കലാസ്‌നേഹികളുടെ പ്രശംസ നേടുവാന്‍ കലാവേദിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ അശരണരായ കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച ‘ആര്ട്ട് ഫോര്‍ ലൈഫ്’ എന്ന ജീവ കാരുണ്യ പദ്ധതിയിലൂടെ ദീര്‍ഘ വീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ പല സംഭാവനകളും നല്കാന്‍ ഇതിനോടകം കലാവേദിക്ക് സാധിച്ചു. മാധ്യമരംഗത്തും സജീവ സാന്നിധ്യമായ കലാവേദിയുടെ കലാവേദിഓണ്‍ലൈന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ചുരുക്കം ചില മലയാളം പോര്‍ട്ടലുകളില്‍ ഒന്നായിരുന്നു. സാങ്കേതിക മാറ്റം ഉള്‍ക്കൊണ്ട്, കലാവേദി ടി വി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുന്ന ‘വാല്‍ക്കണ്ണാടി’ എന്ന ടോക്ക് ഷോ പരിപാടി കലാവേദിയുടെ സംഭാവനയാണ്. പ്രശസ്ത എഴുത്തുകാരന്‍ കോരസണ്‍ വര്‍ഗീസ് ആണ് വാല്‍ക്കണ്ണാടിയുടെ അവതാരകന്‍. വാല്‍ക്കണ്ണാടി, റിപ്പോര്‍ട്ടര്‍ ടി വി യിലൂടെ ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. അറിയപ്പെടുന്ന കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയ ഹരി നമ്പൂതിരി (ടെക്‌സാസ്) കലാവേദി ടി. വി. യുടെ ഡയറക്ടര്‍മാരിലൊരാളാണ്.

വിഭാഗീയതകള്‍ക്കതീതമായി മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് കലാവേദിയുടെ ആപ്തവാക്യം. വെല്ലുവിളി നിറഞ്ഞ ഇന്നത്തെ സാമൂഹ്യ ക്രമത്തില്‍ ജാതി മത വിഭാഗീയതകള്‍ക്കു അതീതമായി ചിന്തിക്കുവാനും, സഹോദരതുല്യരായി കണ്ട്, പ്രേത്യകിച്ചു അശരണരായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുവാന്‍ പുതുതായി സ്ഥാനമേറ്റ ചെയര്‍മാന്‍ സിബി ഡേവിഡ് അംഗങ്ങളെ ആഹ്വനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News