ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. നേരത്തെ ബിഷപ്പ് പ്രതിയായ പീഡനക്കേസില്‍ സാക്ഷിയായ ഒരു കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പ് ഒരിക്കല്‍ തന്നെ കടന്ന് പിടിച്ചെന്നും വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ ആരോപിക്കുന്നു. കേസിലെ പതിനാലാം സാക്ഷിയായ കന്യാസത്രീ പൊലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. വീഡിയോകോളില്‍ തന്റെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ബിഷപ്പ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്. ബിഷപ്പ് ലൈംഗിച്ചുവയോടെ സംസാരിച്ചപ്പോള്‍ താന്‍ അത് വിലക്കി. പിന്നീട് തന്നെ കേരളത്തിലെ മറ്റൊരു മഠത്തിലേയ്ക്ക് മാറ്റി. ഇവിടെ സഹായിയോടൊപ്പം എത്തിയ ഫ്രാങ്കോ രാത്രിയില്‍ മുറിയിലേക്ക് തന്നെ വിളിപ്പിച്ചു. സംസാരത്തിനു ശേഷം പോകാനൊരുങ്ങിയ തന്നെ ബലമായി കയറിപ്പിടിച്ച് ഉമ്മ വെച്ചതായും മൊഴിയില്‍ പറയുന്നു. പേടി കൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ബിഷപ്പിന്റെ സ്വാധീനത്തെ കുറിച്ച് അറിയാവുന്നതു കൊണ്ടാണിത്.
കന്യാസ്ത്രീയുടെ മൊഴിയില്‍ ബിഷപ്പിനെതിരെ പോലീസ് ഇതുവരെ പ്രത്യേകം കേസ് എടുത്തിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാന്‍ താൽപ്പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചതുകൊണ്ടാണ് കേസ് എടുക്കാത്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും ഒഴിവാക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക എഫ്ഐആര്‍ ഇടണമെന്നും സേവ് ഔര്‍ സിസ്റ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ 2018 സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. 2018 ജൂണിലാണ് ഒരു കന്യാസ്ത്രീ തന്നെ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചു എ്ന്ന് പരാതിപ്പെട്ടിരുന്നത്. 2014-16 കാലയളവില്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഏപ്രില്‍ 9ന് ബിഷപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ 5 മുതല്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും, രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്ട്രേട്ടുമാരും കേസില്‍ പ്രധാന സാക്ഷികളാണ്.
കാത്തോലിക്ക ചരിത്രത്തില്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പ് ആണ് ഇദ്ദേഹം.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news