കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു. ജോണി നെല്ലൂര്‍ വിഭാഗം കേരള കോണ്‍ഗ്രസ് (എം) ജോസഫ് ഗ്രൂപ്പില്‍ ലയിക്കും. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തുടരും. കോട്ടയത്ത് ജോണി നെല്ലൂര്‍ വിഭാഗം വിളിച്ചുകൂട്ടിയ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. അനൂപ് ജേക്കബിന്റെ എതിര്‍പ്പ് മറികടന്ന് ജോസഫ് ഗ്രൂപ്പില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രമേയം. ലയനം വേണ്ടെന്ന നിലപാടിലാണ് അനൂപ് ജേക്കബ്. യോഗം പ്രമേയം അംഗീകരിച്ചു.
ഈ മാസം 29ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ലയനത്തെ എതിര്‍ത്തത്. ടിഎം ജേക്കബിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പള്ളിമുറ്റത്ത് വെച്ച് പിറവം സീറ്റ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അനൂപ് ജേക്കബെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു.
മാണി ഗ്രൂപ്പില്‍ നിന്ന് ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനില തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news