പ്രവാസി വോട്ടവകാശം: ഏപ്രിലില്‍ തീര്‍പ്പാക്കമെന്ന് സുപ്രീം കോടതി

pravasi-vote-680x467ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രവാസികളുടെ വോട്ടവകാശത്തിന് തീരുമാനമാകുന്നു. ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ദീപക് ഗുപ്ത അദ്ധ്യക്ഷനും ജസ്റ്റിസ് അനിരുദ്ധ ബോസ് അംഗവുമായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നത് പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്. വോട്ടവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2018 ഓഗസ്റ്റില്‍ ബില്ല് പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്ല് അസാധു ആകുകയായിരുന്നു. ഇക്കാര്യം ഇന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സുപ്രിംകോടതി ഏപ്രിലില്‍ അന്തിമ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് അറിയിച്ചത്.

വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു പുറമെ സ്വന്തം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തിഞ്ഞെടുപ്പ് കമ്മീഷന് അനുകൂല സമീപനമാണെന്നാണ് സൂചന. എന്നാല്‍ ഇന്ന് കോടതിയില്‍ ഉണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി കേന്ദ്രസര്‍ക്കാറിന്റെ നിലപാട് അറിയിച്ചിട്ടില്ല.

പ്രവാസി വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2014ല്‍ ആണ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറായ ഡോ. ഷംസീര്‍ വയലില്‍ സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അതിതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. പ്രവാസികള്‍ക്ക് വോട്ട് ന്യായമായ ആവശ്യമാണ് എന്നും അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷംസീര്‍ വയലില്‍ പ്രതികരിച്ചു.

വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്തെ വിവിധ രാഷ്ട്രങ്ങളിലായി 3.10 കോടി പേരാണ് ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പന്ത്രണ്ടായിരത്തോളം പ്രവാസികള്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment