Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 24-ാമത് ടെലകോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

February 22, 2020 , ചാക്കോ കളരിക്കല്‍

KCRMN-LTRHD 2019കെസിആര്‍എം നോര്‍ത്ത് അമേരിക്ക ഫെബ്രുവരി 12 ബുധനാഴ്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്ന 24-ാമത് ടെലകോണ്‍ഫറന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേര്‍ പങ്കെടുത്തു. മോഡറേറ്റര്‍ എ സി ജോര്‍ജിന്റെ ആമുഖത്തിനുശേഷം മൗനപ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജോസഫ് വെളിവില്‍ ആയിരുന്നു. വിഷയം: ‘കേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍.’

വിഷയാവതാരകന്‍ ജോസഫ് വെളിവിലിനെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി ചാക്കോ കളരിക്കല്‍ സംസാരിച്ചു. തുടര്‍ന്ന് ജോസഫ് വെളിവില്‍ ഒരു ആമുഖത്തോടെയാണ് വിഷയാവതരണത്തിലേക്ക് കടന്നത്.

Joseph Velivil

ജോസഫ് വെളിവില്‍

മുന്‍കാലങ്ങളില്‍ ഒരു കുടുംബത്തില്‍ വൈദികനോ കന്യാസ്ത്രീയോ ഉണ്ടെന്നുള്ളത് അഭിമാനമായിരുന്നു. എട്ടും പത്തും മക്കളുള്ള കുടുംബങ്ങളില്‍ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചുവിടുക ബുദ്ധിമുട്ടായിരുന്നു. അക്കാരണം കൊണ്ടുതന്നെ ദരിദ്ര കുടുംബങ്ങളിലെ അനേകം പെണ്‍കുട്ടികള്‍ കന്യാസ്ത്രീളാകാന്‍ മഠങ്ങളില്‍ ചേര്‍ന്നിരുന്നു. പ്രേമനൈരാശ്യം ബാധിച്ചവരും കാണാന്‍ സൗന്ദര്യം കുറഞ്ഞവരും വിദ്യാഭ്യാസത്തിന് വകയില്ലാത്തവരുമെല്ലാം കന്യാസ്ത്രീ ജീവിതം തെരഞ്ഞെടുത്തു. ‘ദൈവവിളി’ എന്നുപറയുന്നത് അര്‍ത്ഥരഹിതമാണ്. കാരണം, പതിനഞ്ചും പതിനാറും വയസുള്ള പെണ്‍കുട്ടികളെ സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് മഠങ്ങളില്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്. എട്ടും പൊട്ടും തിരിയാത്ത പ്രായമാണത്. അവിടെ ചെന്ന് പെട്ടുപോയശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവര്‍ പുറംലോകം എന്തെന്നറിയുന്നത്. ഇന്ന് അതിനെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കേരളത്തില്‍ കന്യാസ്ത്രീകളാകാന്‍ കുട്ടികളെ കിട്ടാനുള്ള പ്രയാസം കാരണം തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ മഠങ്ങളില്‍ ചേരാന്‍ കേരളത്തിലേക്ക് കൂട്ടികൊണ്ടുവരുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ ആമുഖമായി സംസാരിച്ചശേഷം അദ്ദേഹം വിഷയത്തിലേക്ക് കടന്നു. കൈരളി ചാനലില്‍ ‘വിശുദ്ധ കലാപം’ എന്ന പേരില്‍ രണ്ട് എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്തിരുന്നെന്നും അതെല്ലാവരും ഒന്നുകാണണമെന്നും അതു കണ്ടാല്‍ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാകുമെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

തൃശൂര്‍ സെന്റ് മേരീസ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന സിസ്റ്റര്‍ ജസ്മി ‘ആമേന്‍’ എന്ന തന്റെ ആത്മകഥയില്‍ മഠാധികാരികളില്‍നിന്നും അവര്‍ അനുഭവിക്കേണ്ടിവന്ന അനിഷ്ടസംഭവങ്ങളും ചൂഷണങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജനിച്ചുവളര്‍ന്ന നാടിനെയും വീടിനെയും മാതാപിതാക്കളെയും മറ്റ് കുടുംബാഗംങ്ങളെയും സമൂഹത്തെയും ഉപേക്ഷിച്ച് മഠത്തില്‍ ചേരുന്ന ഒരു സഹോദരി ആ മഠത്തിലെ പൂര്‍ണ അംഗമാണ്. അവരെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സഭാധികാരികളുടെ കര്‍ത്തവ്യമാണ്. പക്ഷെ ഇന്ന് സംഭവിക്കുന്നത് നേരെ മറിച്ചാണ്. ഒരു സഹോദരിയ്ക്ക് മഠത്തില്‍ നിന്നുപോകാന്‍ സാധിക്കയില്ലെങ്കില്‍ ചെവിക്കുപിടിച്ച് അവരെ പുറംതള്ളുകയാണ് ചെയ്യുന്നത്. നാല് മതില്‍കെട്ടുകളിലെ അടിമകളാണ് കന്യാസ്ത്രീകള്‍. ആര് എന്തുപറഞ്ഞാലും അതാണ് സത്യം. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമേയില്ല. അധികാരികള്‍ പറയുന്നതു മുഴുവന്‍ അനുസരിക്കണം. അധികാരികള്‍ക്കെതിരായി ശബ്ദിച്ചാല്‍ ശിക്ഷണ നടപടി എടുക്കും. അതല്ലെയെങ്കില്‍ അവരുടെ കണ്ണിലെ കരടാകും, ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും, ഒറ്റപ്പെടുത്തും, മാനസികരോഗിയാക്കും. അനുസരണ എന്ന ഒറ്റ വ്രതത്താല്‍ മഠങ്ങളില്‍ അവര്‍ കന്യാസ്ത്രീകളെ ഒതുക്കിക്കളയും.

കന്യാസ്ത്രീകളെ പുരോഹിതര്‍ക്ക് ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നത് സുപ്പീരിയേഴ്‌സ് ആണ്. മുതിര്‍ന്ന കന്യാസ്ത്രീകളും ചെറുപ്പക്കാരികളായ കന്യാസ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ലൈംഗികമായി പിടിച്ചു നില്‍ക്കാന്‍ എത്ര സന്ന്യാസിനികള്‍ക്ക് സാധിക്കുന്നുണ്ട് എന്ന വിഷയം പഠനാര്‍ഹമാണ്. ദീര്‍ഘകാലമായി കന്യാസ്ത്രീകളെ മെത്രാന്മാരും പുരോഹിതരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ദുഃഖസത്യം മാര്‍പാപ്പ ഈയിടെ സമ്മതിക്കുകയുണ്ടായി. അഭയാ കേസിനു മുമ്പ് കന്യാസ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ഒരു കന്യാസ്ത്രീയും പീഡിപ്പിക്കപ്പെട്ടെന്ന് പുറത്ത് പറയുകയില്ല, മാതാപിതാക്കളോടോ സഹോദരങ്ങളോടോ പോലും. അത് അവരുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. ദേവാലയങ്ങളോട് ചേര്‍ന്ന് ധാരാളം മഠങ്ങള്‍ ഇന്നുണ്ട്. പുരോഹിതര്‍ക്ക് ദാസവേല, തുണി അലക്കി ഇസ്തിരിയിട്ടു കൊടുക്കുക, ഭക്ഷണം പാകം ചെയ്ത് കൊടുക്കുക, മുറ്റം അടിച്ചുവാരി കൊടുക്കുക, മുതലായവ ചെയ്യാന്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ഇതിനൊന്നുമല്ല അവര്‍ മഠത്തില്‍ ചേരുന്നത്. മഠാധികാരികളോട് എതിര്‍ത്താല്‍ അവരെ മാനസിക രോഗിയാക്കി മരുന്ന് കൊടുക്കും. പിന്നീട് ദുരൂഹ മരണം സംഭവിച്ചാല്‍ മനോരോഗം ചാര്‍ത്തി ആ മരണത്തെ ആത്മഹത്യയാക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട് മുപ്പതോളം
കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ മരണപ്പെട്ടിട്ടുള്ളത്. വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍, ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍, കിണറ്റില്‍ വീണ് മരിച്ച നിലയിലെല്ലാം കന്യാസ്ത്രീകളെ കണ്ടിട്ടുണ്ട്. അതുപോലുള്ള അനേകം സംഭവങ്ങളില്‍ കാരണം കണ്ടുപിടിക്കാന്‍ ഇതുവരെയും സഭാധികാരം മെനക്കെട്ടിട്ടില്ല. അത്തരം സംഭവങ്ങളിലെ പ്രതികള്‍ പുരോഹിതരെങ്കില്‍ സഭാധികാരം പുരോഹിതന്റെ കൂടെയെ നില്‍ക്കൂ. കന്യാസ്ത്രീകളുടെ കൂടെ നിന്ന ഒരു ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടില്ല.

അനേകം ഉയര്‍ന്ന തസ്തികകളില്‍ പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, കന്യാസ്ത്രീകള്‍ ജോലി ചെയ്ത് അവരുടെ സഭയ്ക്കുവേണ്ടി സമ്പാദിക്കുന്നുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവര്‍ കൃഷിയിലേര്‍പ്പെട്ടും പോര്‍ക്കിനെ വളര്‍ത്തിയും ആശ്രമം വൃത്തിയാക്കിയും കുശിനിവേല ചെയ്തും മഠത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായി തേനീച്ചകളെപ്പോലെ വേല ചെയ്യുന്നു. കോടാനുകോടിയുടെ വരുമാനമാണ് ഇവരുടെ പ്രയത്നം കൊണ്ട് സഭ സമ്പാദിക്കുന്നത്. കന്യാസ്ത്രീയായ മകള്‍ ഉന്നത ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ച് മഠത്തിന് നല്‍കിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ള അപ്പന്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ പോലും നൂറു രൂപ നല്‍കാന്‍ അവള്‍ക്ക് സാധിക്കുകയില്ല. കന്യാസ്ത്രീകള്‍ക്ക് മാസച്ചിലവിന് നല്‍കുന്ന തുകതന്നെ വളരെ തുഛം. മഠത്തില്‍ കന്യാസ്ത്രീകള്‍ രണ്ടു തട്ടിലാണ്. മെത്രാന്റെയോ, പുരോഹിതന്റെയോ കുടുംബത്തില്‍നിന്നു വരുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍നിന്നു വരുന്നവര്‍, ഉന്നത നിലവാരത്തില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം ഒരു തട്ടിലും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍, വലിയ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവര്‍ എല്ലാം വേറൊരു തട്ടിലുമായിരിക്കും. ഒരു കന്യാസ്ത്രീക്ക് മഠജീവിതവുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാതെ പോയാല്‍ കാര്യം വളരെ ഗുരുതരമാകും. മഠത്തില്‍നിന്നും അവര്‍ക്ക് ജീവിതാംശമൊന്നും കൊടുക്കുകയില്ല. അവര്‍ക്ക് പിന്നീട് പാര്‍ക്കാന്‍ ഒരു ഇടമില്ല. കുടുംബക്കാര്‍ക്ക് അവരെ വേണ്ട. സമൂഹത്തിനും വേണ്ട. ജീവിക്കാനുള്ള വരുമാനമില്ല. ‘മഠം ചാടി’ എന്ന പേരും കിട്ടും. സമീപകാലത്ത് മഠത്തില്‍നിന്നു പോകാന്‍ ഇടയായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഡെല്‍സി, സിസ്റ്റര്‍ ബീന തുടങ്ങിയ കുറെ കന്യാസ്ത്രീകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ജോസഫ്‌ സാര്‍ വിശദമായി പറയുകയുണ്ടായി.

കന്യാസ്ത്രീകള്‍ക്ക് അവരുടെ സുപ്പീരിയറോടോ പ്രൊവിന്‍ഷ്യാളിനോടോ ജനറാളിനോടോ മാത്രമേ പരാതിപ്പെടാന്‍ നിര്‍വാഹമുള്ളൂ. അവിടെനിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ മാത്രമാണ് മെത്രാന്റെയടുത്ത് പരാതിപ്പെടാറുള്ളത്. ഒരു സാധാരണ കന്യാസ്ത്രീയ്ക്ക് ആ അധികാരികളില്‍നിന്നും നീതി ലഭിക്കുന്നില്ല എന്നതിനുള്ള തെളിവുകള്‍ ദിനംപ്രതി നാം കേട്ടുകൊണ്ടാണിരിക്കുന്നത്. ഈ മെത്രാന്മാരും കന്യാസ്ത്രീ മേലധികാരികളും ആണോ ക്രിസ്തുവിന്റെ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നത്? ഇവര്‍ പറയുന്നതു വേറെ പ്രവര്‍ത്തിയ്ക്കുന്നതു വേറെ. കന്യാസ്ത്രീകള്‍ മഠങ്ങള്‍ക്കുള്ളിലായാലും മഠത്തില്‍നിന്ന് പുറംചാടി പോയാലും അവര്‍ക്ക് സുരക്ഷിതത്വം ഇല്ലെന്നുള്ളതാണ് ഈ വിഷയത്തിലെ ഒന്നാമത്തെ ദുരന്തം. സഭാധികാരം ഈ വിഷയത്തില്‍ നീതിപൂര്‍വമായ നിലപാടെടുക്കുന്നില്ല എന്നതാണ് രണ്ടാമത്തെ ദുരന്തം.

സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് സഭാധികാരികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ധീര വനിതയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സിസ്റ്റര്‍ ലൂസിക്ക് കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി നല്ല അറിവും ബോധവും ബോധ്യവുമുണ്ട്. വളരെ ശക്തമായ നിലപാടെടുക്കാന്‍ ധൈര്യമുള്ള സിസ്റ്റര്‍ ലൂസി പയറ്റുന്നത് തനിയ്ക്ക് ലഭിക്കേണ്ട നീതിയ്ക്കുപരി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുന്ന മറ്റ് കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നാണ്. ‘ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി’ എന്ന കൂട്ടയ്മ സിസ്റ്ററിന്റെ ധീരമായ സമരത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കികൊണ്ടാണിരിക്കുന്നത്. ഫ്രാങ്കോ മെത്രാനെതിരായി കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ വഞ്ചീസ്‌ക്വയറില്‍ നടത്തിയ സമരത്തിന് സിസ്റ്റര്‍ ലൂസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ് അനുസരണക്കേടു നടത്തി, ചൂരിദാറിട്ടു, അനുവാദം കൂടാതെ ഭക്തിഗാന സീഡിയിറക്കി എന്നെല്ലാം അവര്‍ക്കെതിരായി കുറ്റം ആരോപിച്ചാലും സഭാമേലധികാരികള്‍ക്ക് അവരോട് പകയുണ്ടാകാന്‍ കാരണമായത്. ഫ്രാങ്കോ വിഷയത്തിലെ പ്രധാന സാക്ഷികള്‍ അഗസ്റ്റിന്‍ കാട്ടുതറ അച്ചനും സിസ്റ്റര്‍ ലിസി വടക്കേലുമാണ്.

ദുരൂഹ സാഹചര്യത്തില്‍ കാട്ടുതറ അച്ചന്‍ മരിച്ചു. സിസ്റ്റര്‍ ലിസി വടക്കേലിനെ ഇപ്പോള്‍ പലവിധത്തില്‍ പീഡിപ്പിക്കുകയും മൊഴിമാറ്റിപ്പറയാന്‍ സമര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോള്‍ സിസ്റ്റര്‍ ലൂസിയെ പുകച്ച് പുറം ചാടിക്കുക എന്ന നയത്തിലേക്കാണ് സഭ നീങ്ങിയത് എന്നതാണ് സത്യം. ഒന്നര ലക്ഷത്തിനുമേല്‍ വിശ്വാസികള്‍ പങ്കെടുത്ത തിരുവനന്തപുരത്തു നടന്ന ‘ചച്ച് ആക്ട് ക്രൂസേഡ്’ യോഗം ഉല്‍ഘാടനം ചെയ്ത് പ്രസംഗിച്ചത് സിസ്റ്റര്‍ ലൂസി കളപ്പുരയാണ്. പൊതുജനം അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ അംഗീകാരമാണത്. സ്വന്തം മകളെ മഠത്തില്‍ വിട്ടാല്‍ അവര്‍ക്കുണ്ടാകാവുന്ന ദുരവസ്ഥകളെപ്പത്തി ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്.

കന്യാസ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരമാര്‍ഗം? ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കുകയാണ് ഇതിനുള്ള ഒരു ഒറ്റമൂലി. ഇരുപത്തൊന്നു വയസും ഡിഗ്രിയുമുള്ള പെണ്‍കുട്ടികളെ മഠങ്ങളിലേക്ക് അര്‍ത്ഥികളായി സ്വീകരിക്കാവൂ. ചുരുങ്ങിയത് അതെങ്കിലുമായിരിക്കണം അവരുടെ മിനിമം യോഗ്യത. യാതൊരു കാരണവശാലും പുരുഷന്മാരെ മഠങ്ങളില്‍ അന്തിയുറങ്ങാനോ താമസിക്കാനോ അനുവദിക്കരുത്. കര്‍ശന നിരോധനത്തിന് വിധേയമാക്കേണ്ട ഒരു കാര്യമാണിത്. ലൈംഗിക പീഡനത്തിനിരയായി നീതി ലഭിക്കാത്ത കന്യാസ്ത്രീകളുടെ പരാതികളെ ഗൗരവപരമായി പരിഗണിച്ച് വേണ്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിക്കണം. മഠങ്ങളില്‍നിന്നും പുറംതള്ളപ്പെടുകയോ സ്വമനസാ പുറത്തോട്ടു പോരുകയോ ചെയ്യുന്നവരെ പുനരധിവസിപ്പിക്കാന്‍ മഠവും സഭ മൊത്തത്തിലും വേണ്ട നടപടികള്‍ സ്വീകരിക്കണം. മഠം വിട്ടുപോകുന്ന കന്യാസ്ത്രീകള്‍ക്ക് മഠത്തില്‍നിന്ന് പെന്‍ഷന്‍ നല്‍കാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവരണം. വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി.

ഇന്ന് കന്യാസ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ നേരില്‍ കണ്ടറിഞ്ഞ് പഠിച്ചിട്ടുള്ള ജോസഫ് വെളിവിലിന്റെ വിഷയാവതരണം വളരെ ഹൃദ്യവും പ്രസക്തവുമായിരുന്നു. സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുന്ന ഈ വിഷയത്തെ സംബന്ധിച്ചുള്ള ആഴമായ പഠനങ്ങള്‍ക്ക് ജോസഫ്‌ സാറിന്റെ വിഷയ സമീപനം വളരെ വിലപ്പെട്ടതാണ്. ചര്‍ച്ചയില്‍ സംബന്ധിച്ച എല്ലാവരും തന്നെ ജോസഫ്‌ സാറിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റര്‍ എ സി ജോര്‍ജ് എല്ലാവര്‍ക്കും പ്രത്യേകിച്ച് ജോസഫ്‌ സാറിനും നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോണ്‍ഫറന്‍സ് മാര്‍ച്ച് 11ബുധനാഴ്ച രാത്രി 9:00 (EST) മണിക്ക് നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് ആര്‍ച്ച്ഡയോസിസന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (Archdiocesan Movement for Transparency) വക്താവ് ഷൈജു ആന്റണി ആയിരിക്കും. വിഷയം: ‘എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും.’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top