Flash News

ഷഹീന്‍ ബാഗിലെ സമരം സമാധാനപരമാണെന്ന് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മദ്ധ്യസ്ഥ സംഘം

February 23, 2020

● ഫെബ്രുവരി 17 ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാത്ത് ഹബീബുള്ള എന്നിവരെ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയമിക്കുകയും പ്രതിഷേധിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്താന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

Shaheen-Bagh-Reutersന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ ചര്‍ച്ചാ സംഘത്തില്‍ ഒരാളായ വജാഹത്ത് ഹബീബുള്ള റോഡ് അടച്ചതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി. എന്നാല്‍, ഷഹീന്‍ബാഗിനു ചുറ്റും പൊലീസ് തീര്‍ത്തിരിക്കുന്ന അനാവശ്യ ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിനു കാരണമെന്നും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ഏക ആവശ്യത്തിനായി വ്യത്യസ്ത വിശ്വാസധാരകള്‍ സംഗമിച്ചുള്ള പ്രതിഷേധം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമാണ് വജാഹത്ത് ഹബീബുള്ള. പ്രതിഷേധക്കാരെയും പൊലീസ് ബാരിക്കേഡുകളും സന്ദര്‍ശിച്ചശേഷമാണ് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രതിഷേധ വേദിയില്‍ നിന്ന് ഏറെ അകലെ സമാന്തര പാതകളും സമീപ വഴികളും പൊലീസ് തടഞ്ഞു. വഴിതിരിച്ചുവിടാനാകാത്ത ഈ റോഡുകളിലെ ബാരിക്കേഡുകളാണ് ഗുരുതര സാഹചര്യത്തിന് വഴിവെച്ചത്. ഷഹീന്‍ബാഗിലും യുപിയിലും വഴിതടഞ്ഞതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വെളിപ്പെടുത്താന്‍ പൊലീസിനോട് ആവശ്യപ്പെടണം. ജാമിയ, ന്യൂഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡ്, കാളിന്ദി കുഞ്ച് മെട്രോസ്റ്റേഷന്‍ റോഡ്, ഓഖ്‌ല, നോയിഡ എക്സ്പ്രസ്വേയിലേക്കും യമുനാ ബ്രിഡ്ജ് വഴി അക്ഷര്‍ധാം ക്ഷേത്രത്തിലേക്കുമുള്ള വഴികളിലും പൊലീസ് തടസം സൃഷ്ടിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധം ക്ഷണിച്ചുവരുത്തിയ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന സമീപനം ഭരണഘടയ്ക്ക് വിരുദ്ധമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ പ്രതിഷേധക്കാരില്‍ പൗരത്വ ഭേദഗതി നിയമം കടുത്ത ഭയം ഉണ്ടാക്കിയിട്ടുണ്ട്. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ തങ്ങളുടെയും തങ്ങളുടെ ഭാവിതലമുയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്ന ചിന്തയാണ് ഇവരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. എതിര്‍ശബ്ദത്തിന്റെ പേരില്‍ ജീവന് വലിയ ഭീഷണി നേരിടുമ്പോഴും അവര്‍ പ്രതിഷേധം തുടരുന്നു. അവരുടെ അതിജീവനവും പ്രതിസന്ധിയിലാണ്. പ്രദേശവാസികളും കടക്കാരും എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല ഈ ആവശ്യത്തോട് താദാത്മ്യം പ്രാപിച്ചു. ഇന്ത്യന്‍ പൗരന്മാരാണെന്നതില്‍ അഭിമാനിക്കുന്ന ഇവരെ ദേശദ്രോഹികളും പാകിസ്ഥാന്‍കാരുമാക്കി ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും മുദ്രകുത്തുന്നതില്‍ തീവ്ര മനോവിഷമം നേരിടുന്നു. എല്ലാ വശങ്ങളില്‍നിന്നും സുരക്ഷ നല്‍കുന്ന പ്രദേശമാണ് ഷഹീന്‍ബാഗ്, അവശ്യ സര്‍വീസുകള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കുന്നുണ്ടെന്നും വജാഹത്ത് ഹബീബുള്ള ചൂണ്ടിക്കാട്ടി.

ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാണെന്ന് വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരില്‍ ഒരാളും സുപ്രീം കോടതി നിയോഗിച്ച മൂന്ന് മദ്ധ്യസ്ഥരില്‍ ഒരാളുമായ ഹബീബുള്ളയുടെ റിപ്പോര്‍ട്ടില്‍ ഷഹീന്‍ ബാഗിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങള്‍ തടഞ്ഞിട്ടുള്ളതായി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഡല്‍ഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന റോഡ് 13-എ കഴിഞ്ഞ 68 ദിവസമായി അടച്ചിരിക്കുകയാണ്. തന്മൂലം ആശ്രാമം – ദക്ഷിണ ഡല്‍ഹി പ്രദേശങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഫെബ്രുവരി 17 ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാത്ത് ഹബീബുള്ള എന്നിവരെ ചര്‍ച്ചകള്‍ക്കായി നിയമിക്കുകയും പ്രതിഷേധിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്താന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

ഫെബ്രുവരി 19 മുതല്‍ ഷഹീന്‍ ബാഗില്‍ നാല് തവണ ചര്‍ച്ചക്കാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചു. റോഡ് 13-എയുടെ ഒരു വശം തുറന്നാല്‍ സുപ്രീം കോടതി അവരുടെ സുരക്ഷയ്ക്ക് ഉറപ്പ് നല്‍കണമെന്ന് ശനിയാഴ്ച പ്രതിഷേധക്കാര്‍ തങ്ങളുടെ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 ന് നടന്ന തര്‍ക്ക പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ജാമിയ നഗറിലെ താമസക്കാര്‍ക്കെതിരെ പോലീസ് സമര്‍പ്പിച്ച കേസ് പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു. ഷഹീന്‍ബാഗില്‍നിന്ന് പ്രക്ഷോഭകരെ നീക്കി ഗതാഗതതടസം ഒഴിവാക്കണമെന്നുള്ള ഹര്‍ജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

സാധന രാമചന്ദ്രനും, സഞ്ജയ് ഹെഗ്ഡെയും ഇക്കാര്യത്തില്‍ അവരുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top