Flash News

പോലീസില്‍ അഴിമതിയും സ്വകാര്യവത്ക്കരണവും

February 23, 2020 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Policil azhimathiyum bannerഇനി ചോദിക്കാതെ വയ്യ, കേരള മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സി.പി.എം പാര്‍ട്ടിയും സംസ്ഥാനത്തെ ഇപ്പോള്‍ എങ്ങോട്ടാണ് നയിക്കുന്നത്. കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതും പറയുന്നതും.

ഭരണഘടനാ സ്ഥാപനമായ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നിയമസഭയില്‍ വെച്ചു. ഭയപ്പെടുത്തുന്നതും ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമായ വിവരങ്ങള്‍ അതില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന വെളിപ്പെടുത്തല്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നതാണ്.

PHOTOഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പിറ്റേന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വിഷയം അജണ്ടയായില്ല. മൂന്നുമിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ചു. അന്നുതന്നെ ചേര്‍ന്ന സി.പി.എം സംസ്ഥാനകമ്മറ്റി യോഗത്തിലും സി.എ.ജി റിപ്പോര്‍ട്ട് അജണ്ടയാകുകയോ ആരെങ്കിലും പ്രശ്‌നം ഉന്നയിക്കുകയോ ചെയ്തില്ല. യു.എ.പി.എ നിയമം പ്രയോഗിച്ച് പന്തീരാങ്കാവില്‍ പാര്‍ട്ടിയംഗങ്ങളായ രണ്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്ന വിഷയംപോലും യോഗത്തില്‍ അജണ്ടയായില്ല. പൊലീസ് വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന കമ്മറ്റി യോഗത്തില്‍ പങ്കെടുത്തുപോലുമില്ല. ഉദ്ഘാടന പരമ്പരകള്‍ക്കായി അദ്ദേഹം തലസ്ഥാനംവിട്ടു. തലേദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലര്‍ സി.എ.ജി റിപ്പോര്‍ട്ടിലെ അതിഗൗരവമായ വിഷയങ്ങളും അതോടുചേര്‍ത്ത് പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ ഉയര്‍ന്ന പൊലീസിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ആരോപണങ്ങളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വിഷയത്തില്‍ തല്ക്കാലം ആരും പ്രതികരിക്കേണ്ടെന്നും പിന്നീട് താന്‍ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി തടയിട്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

രണ്ടുദിവസം ചേരാന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാനകമ്മറ്റി അജണ്ട തീര്‍ന്നതുകൊണ്ട് ഒരുദിവസംകൊണ്ട് അവസാനിപ്പിച്ചു. ഷഹീന്‍ബാദ് സമരം, ഡല്‍ഹി തെരഞ്ഞെടുപ്പിലെ ബി.ജെ.പി തോല്‍വി, ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും അതോടുചേര്‍ന്നുള്ള ഇന്ത്യാ-അമേരിക്ക വ്യാപാര-ആയുധ കരാറടക്കമുള്ള വിഷയങ്ങള്‍ – ഇത്തരം നിര്‍ണ്ണായക ദേശീയ- സാര്‍വ്വദേശീയ കാര്യങ്ങള്‍ സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയാകാതെപോയി.

ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍നിന്നെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടു. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ കേന്ദ്രാന്വേഷണം ആവശ്യമില്ലെന്നും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി പരിശോധിച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. പൊലീസില്‍ വെടിയുണ്ടകള്‍ കാണാതായത് ആദ്യമല്ലെന്നും തിരക്കില്‍ സംഭവിക്കുന്നതാണെന്നും മുന്‍ ആഭ്യന്തരമന്ത്രികൂടിയായ കോടിയേരി ന്യായീകരിച്ചു. സി.എ.ജി റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് ഭരിച്ച 2013 മുതല്‍ എല്‍.ഡി.എഫ് ഭരിച്ച 2018 വരെയുള്ള കാര്യങ്ങളുണ്ട്. നാല് ഡി.ജി.പിമാര്‍ പൊലീസ് മേധാവികളായിരുന്നിട്ടുമുണ്ട്.

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഒരു സര്‍ക്കാറിന്റെ പ്രധാന ബാധ്യത. അത് ചെയ്യേണ്ടത് പൊലീസ് സംവിധാനമാണ്. അതിനുവേണ്ടി സൂക്ഷിക്കുന്ന തോക്കും വെടിയുണ്ടകളും കാണാനില്ലെന്നും കള്ളത്തിരകളാണ് പകരം സൂക്ഷിച്ചിട്ടുള്ളതെന്നും സി.എ.ജി പറയുമ്പോള്‍ പൊലീസിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. നിയമസഭയില്‍ വെച്ച രേഖ ജനങ്ങളുടെ മുമ്പില്‍സമര്‍പ്പിച്ച രേഖയാണ്. ഡി.ജി.പിയുടെ വിശ്വാസ്യതയെപോലും അതിലെ പരാമര്‍ശങ്ങള്‍ വാദിക്കുമ്പോള്‍ ക്രമപ്രകാരം പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി മുമ്പാകെ കൈകാര്യംചെയ്താല്‍ മതി എന്ന് പുതിയ നിലപാട് സ്വീകരിക്കുകയാണ് സി.പി.എം.

ഡി.ജി.പിയുടെ നേതൃത്വത്തില്‍ വകമാറി ചെലവുചെയ്തതിന്റെയും പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനത്തിന് ലാഭംകൊയ്യാന്‍ കരാര്‍ നല്‍കുന്നതിന്റെയും സ്വകാര്യവത്ക്കരണംതന്നെ പൊലീസ് വകുപ്പിലൂടെ നടപ്പാക്കുന്നതിന്റെയും അവിശ്വസനീയമായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് പൊലീസ് മേധാവികള്‍തന്നെ ഡി.ജി.പിയ്‌ക്കെതിരെ ചോര്‍ത്തിക്കൊടുക്കുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകര്‍തന്നെ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്നത്. തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതാണ് ന്യായീകരണങ്ങളുടെ പട്ടുതൂവാലകൊണ്ട് സി.പി.എം മൂടിവെക്കാന്‍ ശ്രമിക്കുന്നത്. പൊലീസിനും ആഭ്യന്തരവകുപ്പിനും എതിരെ ഈ സ്വകാര്യവത്ക്കരണം രാജ്യസുരക്ഷപോലും അപകടത്തിലാക്കിയെന്ന ആരോപണമാണ് ഉയരുന്നത്.

എന്നാല്‍ പൊലീസ് മേധാവിക്കു കീഴിലുള്ള ക്രൈംബ്രാഞ്ച് മേധാവി അന്വേഷിച്ചാല്‍ മതി എന്ന നിലപാടാണ് എന്നിട്ടും മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാമോയില്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിനോട് സി.പി.എം എടുത്ത നിലപാട് മറിച്ചായിരുന്നു. ജ്യോതിര്‍മയി ബസുവും പി രാമമൂര്‍ത്തിയുമൊക്കെ പാര്‍ലമെന്റില്‍ സി.എ.ജി റിപ്പോര്‍ട്ടുകള്‍ സഭയില്‍ വെക്കുന്നതിനുമുമ്പും വെച്ചശേഷവും തരാതരം ആയുധമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിലെ സി.പി.എമ്മിന്റെ അഴിമതിക്കെതിരായ പോരാട്ടം എന്നും ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു.

സഭയില്‍ വെക്കുന്നതിനുമുമ്പാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍തന്നെ വിഴിഞ്ഞം പദ്ധതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പത്രസമ്മേളനം വിളിച്ച് അഴിമതിവിഷയമാക്കിയത്.

അത്തരം സാങ്കേതികത്വത്തില്‍ പിടിച്ചുതൂങ്ങി ജനങ്ങള്‍ക്കു ബോധ്യമാകുന്ന ഒരന്വേഷണത്തില്‍നിന്ന് മാറിനില്‍ക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. അത് ശരിയല്ലെന്നു പറയാന്‍ മന്ത്രിമാര്‍ക്കോ സി.പി.ഐയ്ക്കുപോലുമോ കഴിയുന്നില്ല.

മുന്‍ സര്‍ക്കാറിന്റെ അഴിമതികള്‍ക്കെതിരെ ജനവിധി നേടി അധികാരത്തില്‍ വന്നതാണ് പിണറായി വിജയന്‍ ഗവണ്മെന്റ്. തങ്ങളുടെ ഭരണത്തിനുകീഴില്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നെന്ന ആരോപണത്തെ മൂടിവെക്കാനോ ന്യായീകരിക്കാനോ സര്‍ക്കാറിനും മുന്നണിക്കും ധാര്‍മ്മികമായ അവകാശമില്ല. കുറ്റംചെയ്തവര്‍ ആരായാലും ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുന്നത് കാണിച്ചുകൊടുക്കേണ്ട ബാധ്യത ഈ സര്‍ക്കാറിനുണ്ട്.

തോക്കുകളുടെയും വെടിയുണ്ടകളുടെയും കാര്യത്തില്‍ ഇതിനകം ആഭ്യന്തര വകുപ്പുതന്നെ അന്വേഷണം നടത്തി. 25 തോക്കുകള്‍ നഷ്ടപ്പെട്ടെന്ന സി.എ.ജി കണ്ടെത്തല്‍ ക്രൈംബ്രാഞ്ച് മേധാവി നേരില്‍ നടത്തിയ പരിശോധനയില്‍ തെറ്റെന്നു കണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണവിഭാഗം നടത്തിയ മറ്റൊരു പരിശോധനയില്‍ 350 വ്യാജ വെടിയുണ്ടകളും ഒഴിഞ്ഞ തോക്കിന്‍തിരയും വെടിയുണ്ടയും ചേര്‍ത്ത് ഉരുക്കിനിര്‍മ്മിച്ച സായുധപൊലീസ് മുദ്രയും തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍നിന്ന് പിടിച്ചെടുത്തു. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കിമാറ്റുന്ന കവര്‍ച്ചക്കാരും ജ്വല്ലറിക്കാരും തമ്മിലുള്ളതിലും വലിയ വ്യാജനിര്‍മ്മിതി ആയുധങ്ങളുമായി ബന്ധപ്പെട്ട് കേരളാ പൊലീസില്‍ നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പൊലീസ്തന്നെ ഇതിലൂടെ വെളിപ്പെടുത്തുന്നത്. സൂക്ഷിപ്പില്‍നിന്നെടുത്ത ഉണ്ടകള്‍ കണക്കെഴുതാതെപോയതാണെന്ന കോടിയേരിയുടെ വിദഗ്ധാഭിപ്രായത്തെ തള്ളിപ്പറയുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. തോക്കും വെടിയുണ്ടകളും ഭദ്രമായുണ്ടെന്ന ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ അവകാശവാദവും പൊളിയുന്നു.

പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍നിന്ന് വെടിയുണ്ടകള്‍ മോഷണംപോയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ സി.പി.എം മന്ത്രി കടകംപള്ളിയുടെ പഴ്‌സണല്‍ സെക്യൂരിറ്റിയിലാണ് ഇപ്പോഴും ജോലിചെയ്യുന്നത്. പ്രതിയായതുകൊണ്ട് കുറ്റംചെയ്‌തെന്ന് അര്‍ത്ഥമുണ്ടോ. കുറ്റം തെളിയുംവരെ ആള്‍ തന്റെ കൂടെയുണ്ടാകുമെന്നാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചത്.

സി.എ.ജി റിപ്പോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിലും ചീഫ് സെക്രട്ടറി പ്രതികരിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വെക്കുംമുമ്പ് ചോര്‍ത്തി, ഡി.ജി.പിയെക്കുറിച്ച് പേരെടുത്തുപറഞ്ഞ് വിമര്‍ശനമുയര്‍ത്തി തുടങ്ങിയ ആരോപണങ്ങളാണ് സി.എ.ജിക്കും മാധ്യമങ്ങള്‍ക്കുമെതിരെ ചീഫ് സെക്രട്ടറി ഉന്നയിച്ചത്. മുഖ്യമന്ത്രി സി.എ.ജി റിപ്പോര്‍ട്ടിനെപ്പറ്റി പ്രതികരിക്കാതിരുന്നിട്ടും സര്‍ക്കാര്‍ നയമാണ് ചീഫ് സെക്രട്ടറി പറഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണയ്ക്കുന്നു. ചീഫ് സെക്രട്ടറിയാണോ സര്‍ക്കാര്‍നയം തീരുമാനിക്കുന്നതെന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

ഡി.ജി.പി കേന്ദ്രഫണ്ട് വകമാറ്റി 41 ആഡംബര വാഹനങ്ങള്‍ വാങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡി.ജി.പിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ആഡംബരവാഹനങ്ങളാണ് പൊലീസ് അടയാളം പതിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്കും ഡി.ജി.പി ബഹ്‌റ സമ്മാനിച്ചത്. സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കാന്‍ ബഹ്‌റ പോയത് രമണ്‍ ശ്രീവ്‌സ്തവയെ ഒപ്പംകൂട്ടിയായിരുന്നു. ഒന്നര മണിക്കൂറാണ് ആ കൂടിക്കാഴ്ച നീണ്ടുനിന്നത്. പതിവുപോലെ തന്റെ ഭരണഘടനാ ബാധ്യത നിറവേറ്റുമെന്നൊന്നും തുടര്‍ന്ന് പത്രലേഖകരെ വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചില്ല.

രമണ്‍ ശ്രീവാസ്തവയ്ക്കും ഡി.ജി.പി ബഹ്‌റയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലുള്ള പിടിപാട് പരസ്യമാണ്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതിചെയ്യുന്ന നര്‍മ്മദാ തീരത്തും ഡല്‍ഹിയിലെ രാജ്ഘട്ടിലും കേരളാ പൊലീസ് സംഘങ്ങളെ പരേഡിനയച്ചത് ഈയിടെയാണ്. മുണ്ടുമുറുക്കി ചെലവ് കുറയ്ക്കണമെന്ന് ധനമന്ത്രി ബജറ്റിലൂടെ ആഹ്വാനംചെയ്യുമ്പോള്‍.

2013 മുതല്‍ 18 വരെ ബഹ്‌റയ്ക്കുമുമ്പ് മൂന്ന് ഡി.ജി.പിമാര്‍ ഉണ്ടായിരുന്നു എന്ന് കോടിയേരിയും ചീഫ് സെക്രട്ടറിയും ഒരുപോലെ ന്യായീകരിക്കുന്നു. മറ്റു ഡി.ജി.പിമാര്‍ക്കൊക്കെ സ്വന്തമായി ചെലവഴിക്കാന്‍ ഒരുകോടിരൂപയുടെ അനുമതിയാണ് ഉണ്ടായിരുന്നത്. ബഹ്‌റ അത് ആഭ്യന്തരവകുപ്പിനെഴുതി. ആദ്യം മൂന്നുകോടിയായും പിന്നീട് അഞ്ചുകോടിയായും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ പണം ചെലവഴിക്കുകയും ആഭ്യന്തരവകുപ്പിന് എഴുതി ചട്ടലംഘനം നിയമവിധേയമാക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കൊരുപോലെ മറ്റുള്ളവരില്‍നിന്നു ഭിന്നനായ ഒരു സ്പഷ്യല്‍ ഡി.ജി.പിയാണ് ഒഡീഷക്കാരനായ ബഹ്‌റ.

അതുകൊണ്ട് സമയമെടുത്ത് അതിരുവിട്ടുകളിച്ച എല്ലാ കളികളും നിയമവിധേയ മാക്കാനാണ് കീഴുദ്യോഗസ്ഥന്മാരെ വെച്ചുകൊണ്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം. മുമ്പ് രാജന്‍കേസില്‍ ഡി.ഐ.ജി മധുസൂദനന്‍ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കല്‍, എസ്.പി ലക്ഷ്മണ തുടങ്ങിയ പ്രതികള്‍ക്കെതിരെ ഡി.ഐ.ജി രാജ്‌നാരായണന്റെ മേല്‍നോട്ടത്തില്‍ എസ്.പി മൊയ്തീന്‍ കുഞ്ഞാണ് അന്വേഷണം നടത്തിയത്. കേസിന്റെ കുന്തമുന ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി കരുണാകരനുനേരെ തിരിയുന്നതു തടയാന്‍. കരുണാകരനെ രക്ഷിക്കാനുള്ള പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ആന്റണിക്കെതിരെ സി.പി.എം ആഞ്ഞടിച്ചിരുന്നു. രാജന്‍കേസിലെ പൊലീസ് ഉദ്യോഗസ്ഥരെല്ലാം അപ്പീലുകളില്‍ രക്ഷപെട്ടു. കേസില്‍നിന്ന് കരുണാകരനും. ഇന്നു അതേ രാഷ്ട്രീയ നാടകം സി.പി.എം ഭരണത്തിലിരുന്ന് അവതരിപ്പിക്കുകയാണ്.

ഏറ്റവുമൊടുവില്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസിനും സര്‍ക്കാറിനും സി.എ.ജിക്കും കോടതി നോട്ടീസ് അയച്ചു. ആരൊക്കെ മൗനം തുടര്‍ന്നാലും കാര്യങ്ങള്‍ മൂടിവെക്കാനാവില്ലെന്ന് കോടതി ഇടപെടല്‍ സൂചിപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top