Flash News

ആ അപകടം ഒഴിവാക്കാമായിരുന്നു (എഡിറ്റോറിയല്‍)

February 21, 2020

editorial-.1582225982സേലം കോയമ്പത്തൂര്‍ ബൈപാസില്‍ അവിനാശിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ബസപകടത്തില്‍ 19 യാത്രക്കാര്‍ മരണമടഞ്ഞുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നിരിക്കണം. വെളുപ്പിന് മൂന്നു മണിയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവാകും. എറണാകുളത്തുനിന്ന് നിറയെ ടൈലുകളും കയറ്റി പുറപ്പെട്ട കണ്ടെയ്നര്‍ ലോറിയുടെ മുന്‍വശത്തെ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്‍റെ ആഘാതത്തില്‍ മീഡിയനും മറികടന്നെത്തിയ കണ്ടെയ്നര്‍ ലോറി എതിരെ വന്ന ബസിന്‍റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണമടഞ്ഞവരെല്ലാം ആ ഭാഗത്ത് ഇരുന്നവരാണെന്നാണു വിവരം. 48 യാത്രക്കാരുണ്ടായിരുന്ന ബസിലെ 42 പേരും മലയാളികളായിരുന്നു. മരണമടഞ്ഞവരില്‍ ഏറെപ്പേരും മലയാളികള്‍ തന്നെ. മരിച്ചവരില്‍ ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടുന്നു. രാവിലെ ഏഴിന് എറണാകുളത്തെത്തേണ്ട ബസ് ബുധനാഴ്ച രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത്. ഷെഡ്യൂള്‍ പ്രകാരം ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച രാവിലെ എറണാകുളത്ത് എത്തേണ്ടതായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ പ്രസ്റ്റീജ് സര്‍വീസുകളിലൊന്നായ ഈ ബസ്. ചൊവ്വാഴ്ച യാത്രക്കാര്‍ കുറവായതിനാല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി ബുധനാഴ്ചയാക്കുകയായിരുന്നു. ആ മാറ്റം വലിയ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നാണല്ലോ പറയാറുള്ളത്.

വാഹനാപകടങ്ങളും അവയിലെ മരണങ്ങളും സംസ്ഥാനത്ത് നിത്യസംഭവമാണ്. ഒട്ടേറെ ജാഗ്രതയും കരുതലുകളുമെടുത്തിട്ടും വാഹനാപകടങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ശരാശരി ഒരു ഡസന്‍ പേരെങ്കിലും പ്രതിദിനം വാഹനാപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണക്ക്. പരിക്കേറ്റ് ആശുപത്രിയിലാകുന്നവര്‍ അനവധിയാണ്. വാഹനപ്പെരുപ്പം മാത്രമല്ല അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്ന് പൊലീസ് രേഖകള്‍ പരിശോധിച്ചാലറിയാം. വലിയ അപകടങ്ങളിലധികവും ഉണ്ടാകുന്നത് രാത്രികാലങ്ങളിലാണെന്ന് സ്ഥിതിവിവരക്കണക്കുണ്ട്. രാത്രികാലത്ത് മിക്കവാറും വിജനമായിത്തീരുന്ന ഹൈവേകളില്‍ എല്ലാ വാഹനങ്ങളും പരമാവധി സ്പീഡിലാകും. ശ്രദ്ധ ഒന്നു പാളുകയോ ഉറക്കച്ചടവു ബാധിക്കുകയോ ചെയ്താല്‍ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. പരിചയമില്ലാത്ത റോഡുകളിലെ രാത്രി യാത്ര അതീവ അപകട സാദ്ധ്യതകള്‍ നിറഞ്ഞതാണ്. കുടുംബാംഗങ്ങളുമൊത്തുള്ള രാത്രിയാത്ര എത്രയെത്ര കുടുംബങ്ങളെയാണ് ഇല്ലാതാക്കിയിട്ടുള്ളത്.

Bus accidentഅവിനാശിയിലുണ്ടായ ബസപകടം ബസ് ജീവനക്കാരുടെ പിഴവുമൂലം സംഭവിച്ചതല്ല. ഇരുദിശകളിലേക്കും പ്രത്യേകം പ്രത്യേകം പോകാവുന്ന റോഡാണ് ഇവിടെയുള്ളത്. കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറുഭാഗത്തെ റോഡില്‍ വന്നുപെട്ടതാണ് അപകടം സൃഷ്ടിച്ചത്. അമിതഭാരം വഹിച്ചിരുന്ന കണ്ടെയ്നര്‍ ലോറിയുടെ അമിത വേഗവും അപകടത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചിരിക്കാം. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ പരിശോധനകളിലൂടെ മാത്രമേ അപകട കാരണം കണ്ടെത്താനാവൂ. വിജനമായ സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും താമസമുണ്ടായെന്നാണ് കേള്‍ക്കുന്നത്. നാട്ടുകാരും അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇതുപോലുള്ള ദുരന്ത സ്ഥലങ്ങളില്‍ ആദ്യം ഓടി എത്താറുള്ളതും സ്ഥലവാസികള്‍ തന്നെയാണ്. വിവരം അറിഞ്ഞ മാത്രയില്‍ സംസ്ഥാനത്തെ രണ്ട് മന്ത്രിമാരും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതന്മാരുമൊക്കെ സ്ഥലത്തെത്തി അനന്തര നടപടികള്‍ക്കു നേതൃത്വം നല്‍കിയത് വളരെ സഹായമായി. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം ഏറെ സഹായകമായി. ഏറെ പരിചയസമ്പന്നരായിരുന്നു അപകടത്തില്‍പ്പെട്ട വോള്‍വോയുടെ ഡ്രൈവറും കണ്ടക്ടറും എന്നാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ടവരില്‍ നിന്നു ലഭിച്ച വിവരം. തങ്ങളുടേതല്ലാത്ത കാരണം കൊണ്ടുണ്ടായ വന്‍ ദുരന്തത്തില്‍ സ്വജീവനുകള്‍ നല്‍കിയാണ് ഇരുവരും ഒപ്പം നിന്നതെന്നത് ദുരന്തസ്മരണയായി എന്നും അവശേഷിക്കും.

ഐ.ടി നഗരമായ ബംഗളൂരുവില്‍ പതിനായിരക്കണക്കിനു മലയാളികളാണ് ജോലിചെയ്യുന്നത്. നാട്ടിലേക്കുള്ള ഇവരുടെ യാത്രാദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. ട്രെയിനുകള്‍ ഏറെ ഉണ്ടെങ്കിലും അതൊന്നും മതിയാകാത്തവണ്ണമാണ് യാത്രക്കാരുടെ ബാഹുല്യം. വലിയ സംഖ്യ നല്‍കി ബസുകളിലാണ് പലരും ഈ റൂട്ടില്‍ യാത്ര ചെയ്യുന്നത്. ബന്ദിപ്പൂര്‍ വഴി രാത്രിയാത്രാ വിലക്കുള്ളത് കൂടുതല്‍ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ബസിലെ തിരക്കും യാത്രാക്ളേശവും കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് ഓടിക്കുക മാത്രമാണ് പരിഹാരമാര്‍ഗം. അതിനാകട്ടേ ഒരു നടപടിയുമില്ലതാനും. രാത്രി യാത്രയുടെ അപകടം അറിഞ്ഞുകൊണ്ടു തന്നെയാകും പലരും അതു തിരഞ്ഞെടുക്കുന്നത്. ഒരു രാത്രി യാത്രയുടെ ദുരന്തത്തില്‍ സ്വന്തം വീടുകളിലെത്താന്‍ തിരിച്ച എത്രയോ പേരുടെ യാത്രയാണ് അവിനാശിയിലെ പൊതുനിരത്തില്‍ അവസാനിച്ചത്. ആ കുടുംബങ്ങളുടെ തീരാദുഃഖം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.

ചീഫ് എഡിറ്റര്‍Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top