Flash News

‘നമസ്തേ ട്രം‌പ്’: അമേരിക്കയുടെ നേട്ടവും ഇന്ത്യയുടെ കോട്ടവും (എഡിറ്റോറിയല്‍)

February 24, 2020 , ചീഫ് എഡിറ്റര്‍

76_20അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇരിക്കുന്ന കസേര വരെ തെറിച്ചു പോയേക്കാവുന്ന അവസ്ഥയില്‍ ഇം‌പീച്ച്മെന്റിനെ നേരിട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ധൃതി പിടിച്ച് ഒരു ഇന്ത്യാ സന്ദര്‍ശനം തല്ലിക്കൂട്ടിയെടുത്തപ്പോള്‍ പലര്‍ക്കും സംശയമായിരുന്നു. ‘ഇങ്ങേരിത് എന്തിന്റെ പുറപ്പാടാണ്’ എന്നുവരെ ചോദിച്ചവരുണ്ട്.

ട്രം‌പിന്റെ ഈ അസാധാരണ സന്ദര്‍ശനം മോദിയുമായുള്ള ചങ്ങാത്തം കൊണ്ടൊന്നുമല്ലെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകും. ഇരുവരും തമ്മില്‍ എട്ടാമത്തെ കൂടിക്കാഴ്ചയാണ് അഹമ്മദാബാദില്‍ നടന്നത്. അടുത്ത കാലങ്ങളില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാറുകളില്‍ യാതൊരു നീക്കുപോക്കും ഉണ്ടാക്കാതെ ഇത്രയും വലിയൊരു രാജ്യാന്തര കൂടിക്കാഴ്ച എന്തിനായിരുന്നു?

വെറും മൂന്ന് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമേറിയ നമസ്‌തേ ട്രംപ് പരിപാടിയ്ക്കായി 120 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പണമെടുത്ത് ഒരു മെഗാ ഷോ നടത്തി ഒരു രാജ്യത്തിന്റെ തലവനെ സ്വീകരിച്ചാനയിക്കുമ്പോള്‍ അതില്‍ ഇന്ത്യന്‍ ജനതയ്ക്ക് എന്ത് നേട്ടമാണുണ്ടാകുക എന്ന ചോദ്യം ഉയരുന്നതില്‍ അസാധാരണമായി ഒന്നുമില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട ട്രംപ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ച് പറയാതെ പകരം നമസ്‌തേ ട്രംപ് പരിപാടിയില്‍ തന്നെ കാണാനെത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ കണക്കാണ് പറഞ്ഞത്. നമസ്‌തേ ട്രംപ് പരിപാടിയാകട്ടെ പരസ്പരം പുകഴ്ത്താനും വാഴ്ത്താനുമുള്ള അവസരമാക്കി ഇരു രാജ്യതലവന്‍മാരും മാറ്റി.

അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. ഒരു ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ട്രംപിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തും ക്ഷയിച്ചു. ഈ സാഹചര്യത്തില്‍ തന്റെ പ്രതിച്ഛായ വീണ്ടെടുക്കേണ്ടത് ട്രംപിന്റെ ആവശ്യകതയാണ്. അമേരിക്കയില്‍ ഏകദേശം 40 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. മാത്രമല്ല, ഗുജറാത്തി വ്യവസായികളുടെ പണമാണ് അമേരിക്കയില്‍ ട്രംപിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പോകുന്നത്. അമേരിക്കയുടെ നയത്തെപ്പോലും സ്വാധീനിക്കാന്‍ ശേഷിയുള്ള അവരുടെ ആതിഥ്യം സ്വീകരിക്കാനാണ് ട്രംപ് എത്തുന്നതെന്ന ഒരു ആക്ഷേപമുണ്ട്.

പരസ്പരം ഗുണം ചെയ്യുന്ന ഒരു നയതന്ത്ര ബന്ധത്തിന് വേണ്ടിയാണ് ഈ 120 കോടി ചെലവാക്കിയിരുന്നതെങ്കില്‍ അതില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഒരു കരാറും പ്രത്യക്ഷത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ഉണ്ടാകുന്നില്ല. മാത്രമല്ല, വ്യാപാരക്കരാറില്‍പ്പോലും തന്റെ നയത്തില്‍ അണുവിട മാറ്റം വരുത്താന്‍ തയ്യാറാകാത്ത പ്രസിഡന്റിന് വേണ്ടിയാണ് രാജ്യം കോടികള്‍ മുടക്കുന്നതും ചുവപ്പ് പരവതാനി വിരിക്കുന്നതും. മാത്രമല്ല, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ താലിബാനുമായി വരുന്ന 29-ാം തിയതി ഉടമ്പടിയ്‌ക്കൊരുങ്ങുകയാണ് അമേരിക്ക.

അമേരിക്കയിലെ പ്രതിരോധ വ്യവസായ ഭീമനായ ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍ ഗ്രൂപ്പ്‌ നിര്‍മിച്ച എംഎച്ച്‌–60 ആര്‍ ഹെലികോപ്‌ടറുകള്‍ വാങ്ങാനുള്ള 21,000 കോടിയുടെ കരാറിലാണ് ഇന്ത്യ ഒപ്പിടുന്നത്. ഇതടക്കം 50,000 കോടിയോളം രൂപയുടെ ആയുധ കരാറിനാണ്‌ ചര്‍ച്ച നടക്കുന്നത്‌. സമുദ്ര നിരീക്ഷണ ഡ്രോണുകള്‍, പി–81 മുങ്ങിക്കപ്പല്‍ വേധ ആയുധ സംവിധാനം, ദീര്‍ഘദൂര നിരീക്ഷണ വിമാനങ്ങള്‍ എന്നിവ വാങ്ങാനും പദ്ധതി തയ്യാറാണ്‌.

അമേരിക്കയിലെ വെസ്റ്റിംഗ്‌ഹൗസില്‍നിന്ന്‌ ആറ്‌ ആണവ റിയാക്ടര്‍ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്‌ച മോഡിയും ട്രംപും ചേര്‍ന്ന്‌ നടത്തുമെന്നാണ്‌ സൂചന. രണ്ടര ലക്ഷം കോടി രൂപയുടെ ഇടപാടിലൂടെ പ്രതിസന്ധിയിലായ അമേരിക്കന്‍ ആണവ വ്യവസായ മേഖലയ്‌ക്ക്‌ പുത്തനുണര്‍വ്‌ പകരനാണ്‌ ട്രംപ്‌ ലക്ഷ്യമിടുന്നത്.

അമേരിക്ക ഫസ്റ്റ് എന്ന് മാത്രം പറയുന്ന പ്രസിഡന്റ് ട്രംപിന്റെ കക്ഷത്തില്‍ കൊണ്ടുപോയി തലവെച്ചുകൊടുക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ഏറ്റവും വലിയ സുഹൃത്തുക്കളെപ്പോലും വെറുപ്പിക്കാനും മടിയ്ക്കുന്നില്ല. റഷ്യയുമായുള്ള ബന്ധം കുറച്ചത് ഉദാഹരണം.

ഇന്ത്യയിലെ 22 കിലോ മീറ്റര്‍ റോഡ് ഷോയിലൂടെ അമേരിക്കയില്‍ രാഷ്ട്രീയമായി ഒരു മൈലേജുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ട്രംപ് എന്നത് അനിഷേധ്യമായ വസ്തുതയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തെക്കന്‍ ഏഷ്യയിലെ മുഴുവന്‍ ജനങ്ങളെയും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. ഇനി അമേരിക്കയിലുള്ള പാക് ജനതയെ ലക്ഷ്യം വെച്ച്ഒരു വലിയ പരിപാടി അമേരിക്കയില്‍ സംഘടിപ്പിക്കാനും ട്രംപ് മടിച്ചേക്കില്ല.

അമേരിക്കയുടെ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുക എന്നതിലുപരി ഒരിക്കലും ഇന്ത്യ എന്ന രാജ്യത്തിന്റെ താല്‍പ്പര്യത്തെ സംരക്ഷിക്കുന്നതല്ല ഈ സന്ദര്‍ശനം എന്നാണ് പ്രത്യക്ഷത്തില്‍ മനസസിലാക്കാന്‍ കഴിയുന്നത്. പലരും ഉള്ളുകളി കുറഞ്ഞ സന്ദര്‍ശനമാണെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം വിശ്വാസ യോഗ്യമാണ് എന്നത് സംശയമാണ്. കെട്ടിപ്പിടുത്തവും കൈപിടിച്ച് നടക്കലും തോളില്‍ തട്ടലുമല്ലാതെ എന്താണ് രാജ്യത്തിന് വേണ്ടി മോദിയും ട്രംപും ചെയ്യുന്നത്? ഇന്ത്യക്കാരുടെ കയ്യില്‍ നിന്നും പണം വാങ്ങിയതിന് ശേഷം അവരെ മതിലടച്ച് ഒളിപ്പിച്ച് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തലവന്റെ കണ്ണ് കുളിര്‍പ്പിക്കുകയാണ് മോദി. എന്നിട്ട് ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി, ട്രംപിനെ വാനോളം പുകഴ്ത്തി മനസ്സും തരളിതമാക്കുന്നു. എന്തിനാണ് ഈ പ്രഹസനം? ഒരു മേളം എന്നതിനപ്പുറം വേറെ എന്തെങ്കിലുമുണ്ടോ? കാത്തിരുന്ന് കാണാം.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top