ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 20)

adhyayam 20 bannerഎസ്.ഐ. യുടെ കണ്ണുകള്‍ അങ്ങേയറ്റം തീഷ്ണമായിരുന്നു. മിഴികളിലൂടെ അയാള്‍ നോക്കുന്നത് ഹൃദയത്തിലേക്കാണെന്ന് അവര്‍ക്ക് തോന്നി. നെറ്റിയിലും മൂക്കിന്‍ തുമ്പത്തും പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ തുടക്കാന്‍ മറന്ന്, അവളിരുന്നു. ജീവിതത്തിലിന്നോളം ഇത്തരം നിമിഷങ്ങളിലൂടെ കടന്നു പോയിട്ടില്ല. അവള്‍ മാത്രമല്ല. വേണുവും. ബാബുവും. ഇതേ സമയം സ്റ്റേഷന്‍ വളപ്പിന്‍റെ പുറത്ത്, ചീനിമരത്തിന്റെ തണലില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പ്രാര്‍ത്ഥനയോടെ ഇരിക്കുന്നു മൂന്നാത്മാവുകള്‍. സ്റ്റേഷന്‍റെ ഗേറ്റിങ്കലേയ്ക്ക് നീട്ടിയ, ഇമ വെട്ടാത്ത മിഴികളുമായി.

എസ്.ഐ.യുടെ ക്യാബിനില്‍ അവരെ കൂടാതെ റൈറ്ററും വിനോദും ഉണ്ടായിരുന്നു. ആദ്യം തന്നെ വേണുവിനോടാണ് കാര്യങ്ങള്‍ ചോദിച്ചത്. ഇടയ്ക്കു കയറി എന്തോ പറയാന്‍ തുനിഞ്ഞ ബാബുവിനോട്, കര്‍ക്കശ സ്വരത്തിലാണ് അദ്ദേഹം ഇടയ്ക്ക് കയറി സംസാരിക്കരുത്, എന്നു പറഞ്ഞത്. ആ സ്വരം കേട്ടപ്പോള്‍ തന്നെ അവരെല്ലാം ചൂളിപ്പോയി. പിന്നെ ബാബുവിന്‍റെ ഊഴമായിരുന്നു. തത്ത പറയുന്ന പോലെ ബാബു നടന്നത് മുഴുവന്‍ പറഞ്ഞു. എസ്.ഐ.യുടെ കണ്ണുകള്‍ അവസാനം അവളുടെ പേടിച്ചരണ്ട കണ്ണുകളെ ചൂഴ്ന്നെടുത്തു.

അദ്ദേഹത്തിന്റെ ആദ്യ ചോദ്യം, ആ സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നായിരുന്നു. അവള്‍ തല കുലുക്കി. റൈറ്റര്‍ക്ക് എഴുതിയെടുക്കാനായി അതൊന്നു പറയാന്‍ പറഞ്ഞപ്പോള്‍, അവള്‍ക്കാകെ വിഷമമായി. വേണുവിന്‍റെ സാനിധ്യത്തില്‍ എങ്ങിനെയാ അതൊക്കെ പറയുക. അവളുടെ ആ വിമ്മിഷ്ടം അദ്ദേഹം തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. വേണുവിനോടും ബാബുവിനോടും വിനോദിനോടും പുറത്തു നില്‍ക്കാന്‍ പറഞ്ഞു. ഒരു വനിതാ കോണ്‍സ്റ്റബിളിനെ അകത്തേക്ക് വിളിപ്പിച്ചു. അങ്ങിനെ ഒരിക്കല്‍ കൂടി ആ കഥ അവളുടെ മുഖം നനച്ചു കടന്നു പോയി. പറഞ്ഞു കഴിഞ്ഞപ്പോള്‍ കുറെ നേരം എസ്.ഐ. ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവളെയും കൂട്ടി സ്വന്തം ക്യാബിനിന്‍റെ പുറത്തു വന്നു. അവരെ ഒരു കഠാരി കാണിച്ചു കൊടുത്തു. അത് തിരിച്ചറിയുമോ എന്ന് ചോദിച്ചു. അവര്‍ക്കത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. രാജേട്ടന്‍റെ കൈയ്യില്‍ ഉണ്ടായിരുന്ന കഠാരിയായിരുന്നു അത്. ഇന്ന്, ഈ പകല്‍ വെളിച്ചത്തില്‍ അത് വ്യക്തമായി കണ്ടപ്പോള്‍, അവളുടെ മുഖം രക്തശുന്യമായിപ്പോയി. അവളുടെ മനസ്സിലൂടെ അച്ഛനും, കണാരേട്ടനും, രാജേട്ടനും, ആ നശിച്ച വീടുമൊക്കെ മിന്നല്‍പിണര്‍ പോലെ കടന്നുപോയി. ഒന്നും പറയാനാവാതെ അവള്‍ തരിച്ചു നില്‍ക്കെ എസ്.ഐ. യുടെ വാക്കുകള്‍ കേട്ടു.

‘സ്റ്റേറ്റ്മെന്‍റില്‍ ഒപ്പിട്ട്, ഇപ്പോഴത്തെ അഡ്രസ്സും കൊടുത്ത്.. വേണുവിനും ബാബുവിനും പോകാം. സി.ഐ. സാറു വന്നു കണ്ടിട്ട് ഇവള്‍ക്കും പോകാം… ആ.. പിന്നെ വിളിക്കുമ്പോള്‍ വരണം. നാളെ നിങ്ങളുടെ അടുത്ത പോലീസ് സ്റ്റേഷനില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യണം. ജില്ല വിട്ട് പുറത്തു പോകുമ്പോള്‍ അവിടെ പറഞ്ഞിട്ട് വേണം പോകാന്‍. കുറച്ചു കാലത്തേക്ക് ഈ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. മനസ്സിലായോ?’

അവര്‍ തലയാട്ടി. ചീനിമരത്തിന്‍റെ തണലില്‍ വാഹനത്തിന്‍റെ പുറത്ത് അവരെല്ലാവരും കൂടിയിരുന്നാലോചിച്ചു. അവള്‍ കൂടി ഫ്രീയായിട്ട് ഒരുമിച്ച് പോയാല്‍ മതി എന്നമ്മയും വേണുവും ബാബുവും സിദ്ധുവും പറഞ്ഞെങ്കിലും, വിനോദ് സമ്മതിച്ചില്ല. അതിന്‍റെ ആവശ്യമില്ലെന്നവന്‍ പറഞ്ഞു. മാത്രമല്ല, ടി.ബി. യില്‍ റവന്യു മന്ത്രി വരുന്നുണ്ട്. സി.ഐ. അവിടത്തെ തിരക്കൊക്കെ കഴിഞ്ഞ് എപ്പോഴാണെത്തുക എന്നൊരു വിവരവുമില്ല. അതുവരെ ആ കൊച്ചു കുഞ്ഞിനേയും കൊണ്ട് ഇവിടെ നില്‍ക്കേണ്ട ഒരു കാര്യവുമില്ല. ഇവിടെ ഒരു പ്രശ്നവും ഇല്ല. സി.ഐ.യ്ക്ക് ആളെ ഒന്ന് നേരിട്ട് കാണാനാണ്. അവളെ പ്രതിയാണല്ലോ ഇതൊക്കെ നടന്നത്. അതാണ് കാര്യം. ഒരു പ്രശ്നവും കൂടാതെ, അവളെ ഞാന്‍ വീട്ടിലെത്തിച്ചോളാം എന്നവന്‍ പറഞ്ഞപ്പോള്‍, അവളും വിനോദിനെ പിന്താങ്ങുകയാണ് ചെയ്തത്. അതിന്‍റെ കാരണം. ഇനി സി.ഐ വേണുവിന്‍റെ മുന്‍പില്‍ വച്ച്, വല്ലതും ചോദിക്കുമോ എന്ന ഭയമായിരുന്നു.

ഒട്ടും സമ്മതിക്കാതിരുന്ന അമ്മയുടെ കാതില്‍ അവള്‍ക്ക് പറയേണ്ടി വന്നു. വേണുവിന്‍റെ മുന്‍പില്‍ വച്ച് അവരെന്തെങ്കിലും ചോദിച്ചാല്‍, എനിക്കത് ബുദ്ധിമുട്ടാണമ്മേ എന്ന്. അപ്പോള്‍ മാത്രമാണ് അമ്മയ്ക്കത് മനസ്സിലായത്. അകന്നു പോകുന്ന ആ വാഹനത്തെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ക്ക് വല്ലാത്ത സങ്കടം വരുന്നുണ്ടായിരുന്നു. ആ വാഹനം കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ കണ്ണുകള്‍ തുടച്ചു കൊണ്ടവള്‍ അരികില്‍ നില്‍ക്കുന്ന വിനോദിനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ സ്റ്റേഷന്‍റെ വരാന്തയിലെ ബഞ്ചില്‍ വന്നിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വിനോദുമെത്തി. വിനോദിന്‍റെ സാമീപ്യം അവള്‍ക്കെന്തോ അസ്വസ്ഥത ഉണ്ടാക്കി. എങ്കിലും, അവനവിടെ ഉള്ളത് ഒരാശ്വാസം തന്നെ. സ്റ്റേഷനിലൊക്കെ നല്ല പിടിപാടുണ്ടെന്ന് തോന്നുന്നു. പോലീസുകാര്‍ക്കൊക്കെ നല്ല പരിചയം. നാട്ടിലെ ഒരു പൊതുകാര്യ പ്രവര്‍ത്തകനാവും. അവളൊന്നും അങ്ങോട്ടു മിണ്ടാന്‍ പോയില്ല. ഇടയ്ക്കവള്‍ ഇടങ്കണ്ണിട്ട് നോക്കുമ്പോള്‍ തല ചുമരിലേക്ക് ചാരി, കണ്ണടച്ചിരുന്ന്, എന്തോ ആലോചിക്കുകയാണവന്‍. വിനോദ് ചെറുപ്പത്തിലും തന്നോടധികം മിണ്ടാറില്ലായിരുന്നല്ലോ എന്നവളോര്‍ത്തു. താനങ്ങോട്ടും…

ചെറുപ്പകാലത്തെ കുറിച്ചുള്ള ചിന്തകള്‍ സുകുവിലെത്തി. നോവിന്‍റെ തീപ്പൊരികള്‍ വീണു പൊള്ളിയ മനസ്സിലേക്ക്, രാജേട്ടന്‍റെ ഓര്‍മ്മകളെത്തിയപ്പോള്‍, അവള്‍ക്ക് മനസ്സിലായില്ല… മനസ്സിനെ ഭരിക്കുന്ന വികാരമേതാണെന്ന്. ആ മനുഷ്യന്‍ മരിച്ചുപോയി. ആ സിനിമയാണ് രാജേട്ടനെ ഭ്രാന്തനാക്കിയത്. നാട്ടിലും വീട്ടിലും രാജേട്ടന്‍ ശരിക്കും അപമാനിതനായി. മിനിയെ കെട്ടിച്ചു വിട്ടിടത്തും ആ സിനിമ ഒരു പ്രശ്നം തന്നെയായിരുന്നു. കൂടെ മാളുവേട്ടത്തിയുടെ ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള നാവു കൂടിയായപ്പോള്‍ അയാള്‍ ശരിക്കും ഭ്രാന്ത് പിടിച്ച പോലെയായി. അതവസാനം ഇങ്ങിനെയൊക്കെയായി. അവള്‍ക്കതില്‍ ഒട്ടും സങ്കടം തോന്നുന്നില്ല. സങ്കടം മുഴുവന്‍ സുകുവിനെ ഓര്‍ത്തായിരുന്നു. പറഞ്ഞു കേട്ടിടത്തോളം ഇനിയൊരിക്കലും അവനൊരു രക്ഷയുണ്ടാവില്ല. ഒരു സര്‍ക്കാര്‍ ഭ്രാന്താശുപത്രിയിലെ ഇരുണ്ട അറയില്‍ ഒടുങ്ങും അവന്‍റെ ജീവിതം. അങ്ങിനെ ആവരുതായിരുന്നു അവന്‍റെ വിധി. അവനേല്‍പ്പിച്ച മുറിവില്‍ നിന്നും ഇന്നും രക്തം കിനിയുണ്ടെങ്കിലും, അവനെ പാടേ വെറുക്കാനാവുന്നില്ലല്ലോ തനിക്കെന്നവള്‍ അത്ഭുതപ്പെട്ടു. തൊട്ടടുത്ത് വിനോദിന്‍റെ മുരടനക്കം കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്. അവള്‍ നോക്കിയപ്പോള്‍ വിനോദ് പറഞ്ഞു..

‘നേരം ഒന്നരയായില്ലേ.. നമുക്ക് വല്ലതും കഴിച്ചിട്ട് വരാം…’

‘ഒന്നും വേണ്ട… വെശപ്പില്ല.. വിനോദ് പോയിട്ട് വാ…’

‘ആ.. എന്നാ എനിക്കും വേണ്ട…’

പുറം‌കൈ കൊണ്ട് വായ മറച്ചൊരു കോട്ടുവായിട്ടു വിനോദ്. ശേഷം പഴയ പോലെ കണ്ണടച്ച് ചുമരിലേക്ക് തല ചായ്ചിരുന്നു. അതവളില്‍ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി. ഒന്നുരണ്ടുമിനിറ്റങ്ങിനെ ഇരുന്നിട്ടവള്‍ പതുക്കെ വിനോദിനെ വിളിച്ചു…

‘അതേയ്… എന്നാ നമുക്കെന്തെങ്കിലും കഴിക്കാം…’

കണ്ണ് തുറന്നവളെ നോക്കിയ വിനോദ് ഒന്ന് പുഞ്ചിരിച്ചു. അവര്‍ നേരെ പോയത് സ്റ്റേഷന്‍റെ എതിര്‍വശത്തുള്ള ഒരു ഹോട്ടലിലേക്കാണ്. ക്യാഷ് കൗണ്ടറിലിരിക്കുന്നയാള്‍ വിനോദിനോടൊന്നു പുഞ്ചിരിച്ചു.

‘അല്ല മാഷെ? കഴിഞ്ഞില്ലേ?’

‘സി.ഐ. സാറിനെ ഒന്ന് കാണണം..’

ഒരു ജീവനക്കാരന്‍ കാണിച്ചു കൊടുത്ത ഫാമിലി ക്യാബിനിലിരിക്കുമ്പോള്‍ അവള്‍ കൂടുതല്‍ അസ്വസ്ഥയാണ്. അതെന്ത് കൊണ്ടാണെന്ന് അവള്‍ക്കൊട്ടു മനസ്സിലായതുമില്ല. രണ്ട് ഊണാണ് വിനോദ് ആവശ്യപ്പെട്ടത്. കൂടെ അയക്കൂറ പൊരിച്ചതും. അതാ ഹോട്ടലിലെ സ്പെഷ്യല്‍ ആണത്രേ. ഭക്ഷണം മുന്നിലെത്തി. അവള്‍ക്ക് രുചിയൊന്നും തോന്നിയില്ല. കഴിക്കുന്നതിനിടയില്‍ വിനോദ് അവളെ ശ്രദ്ധിച്ചു.

‘ഹ… താനെന്താ ഇങ്ങിനെ ആലോചിച്ചിരുന്നത്.. കഴിക്കാന്‍ നോക്ക്… ഒരു കാര്യത്തെ കുറിച്ചും ആലോചിക്കേണ്ട.. കഴിക്ക്…’

അവള്‍ അവനെ നോക്കി. ഒരല്‍പം നന്ദിയോടെ തന്നെ. ഒന്ന് നെടുവീര്‍പ്പിട്ടു. ഒരു ഉരുള ചോറ് ചവച്ചു കൊണ്ടിരിക്കെയാണ് അവന്‍ ചോദിച്ചത്…

‘സത്യം പറഞ്ഞാല്‍ രാജേട്ടന്‍ മരിച്ചതില്‍ നിനക്ക് സന്തോഷമില്ലേ? ആ സിനിമ കണ്ട അന്നൊക്കെ എനിക്കയാളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എന്തായാലും എനിക്ക് സന്തോഷമായി… ഒരുപാട്…’

അവള്‍ അത്ഭുതത്തോടെ അവനെ നോക്കി. ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തി. പിന്നെ പറഞ്ഞു..

‘എനിക്കറിയില്ല…’

അവളവിടെ നിര്‍ത്തിയപ്പോള്‍ പെട്ടെന്നാണ് വിനോദ് ചോദിച്ചത്…

‘സുകു ഇപ്പോഴും നെഞ്ചില്‍ ഒരു കനലാണ്. അല്ലേ…?’

അവള്‍ക്ക് ശ്വാസം വിലങ്ങുന്ന പോലെയായി. അവളുടെ മുഖത്തു നിന്നും തന്‍റെ പാത്രത്തിലേക്ക് കണ്ണുകള്‍ മാറ്റി അവന്‍ തുടര്‍ന്നു..

‘അതവന്‍റെ വിധിയാണ്… രണ്ടു പ്രാവശ്യം ഞങ്ങള്‍ ഹോസ്പിറ്റലൈസ് ചെയ്തതാണ്. ഒരു കാര്യവുമില്ല. അവനോടിപ്പോരും. പിന്നെ ആര്‍ക്കും താല്പര്യമില്ലാതായി. ഈ സിനിമ ഇറങ്ങിയതിന്‍റെ ശേഷമാണു അവനെന്തിനാണ് നിന്‍റെ വീടിന്‍റെ അവിടെ വന്നു കിടക്കുന്നത് എന്നെനിക്ക് മനസ്സിലായത്. അല്ല, നിങ്ങള്‍ തമ്മിലിഷ്ടമായിരുന്നു എന്ന് അന്നേ അറിയാമായിരുന്നു… അവനോടൊരല്പം അസൂയയുമുണ്ടായിരുന്നു എന്ന് കൂട്ടിക്കോ.. പാവം.. അവനെ ആരും മനസ്സിലാക്കിയില്ല.. അവന്‍ പോലും… എപ്പോഴോ അവനവന്‍റെ വേദനകളില്‍ നിന്നും ഭ്രാന്തിന്‍റെ ലോകത്തേയ്ക്ക് ഓടിപ്പോയി… ഇനിയിപ്പോള്‍ ഒരു തിരിച്ചു മടക്കം അവനുണ്ടാവില്ല… ഒരിക്കലും…’

പറഞ്ഞു കഴിഞ്ഞാണ് വിനോദ് മുഖമുയര്‍ത്തിയത്.. നോക്കുമ്പോള്‍ അവളുടെ കവിളില്‍ രണ്ടു നീര്‍ചാലുകളുണ്ടായിരുന്നു. അവന്‍ വല്ലാതായി. പെട്ടെന്ന് ഇടങ്കൈ നീട്ടി, വിരല്‍ കൊണ്ട്, ആ നേര്‍രേഖകള്‍ മുറിച്ചു കളഞ്ഞു. അടുത്ത നിമിഷം കൈ പിന്‍വലിച്ചു. അതൊരു അറിയാതെ ചെയ്ത പ്രവര്‍ത്തിയെന്ന പോലെ. ആ പ്രവര്‍ത്തി കാരണം അമ്പരന്നുപോയ അവളുടെ മുഖത്തേയ്ക്ക് നോക്കാതെ തലതാഴ്ത്തി പറഞ്ഞു…

‘സോറി… ഞാന്‍ അറിയാതെ… കരയുന്ന കണ്ടപ്പോ…. സോറി…’

ആരുമൊന്നും മിണ്ടാതെ കുറെ സമയം കഴിഞ്ഞുപോയി. ചവയ്ക്കുന്ന ശബ്ദം പോലും കേള്‍പ്പിക്കാതെ വിനോദ് കഴിക്കുന്നത് അവള്‍ കൗതുകത്തോടെ നോക്കിയിരുന്നു. ഒരുവേള തന്‍റെ പാത്രത്തില്‍ നിന്നും മുഖമുയര്‍ത്തിയ വിനോദ് കണ്ടത് തന്നെ നോക്കിയിരിക്കുന്ന അവളെയാണ്. അവന്‍ പുഞ്ചിരിയോടെ പറഞ്ഞു..

‘കഴിക്ക്.. പോണ്ടെ നമുക്ക്… സി.ഐ വന്നോ ആവൊ…?’

അവള്‍ വീണ്ടും കഴിക്കാന്‍ തുടങ്ങി.. അവനുമായിപ്പോള്‍ ഒരു പരിചയമുണ്ടായ പോലെ. ഇതുവരെ ഏതോ ഒരു അപരിചിതനായ മനുഷ്യനെ പോലെയായിരുന്നു വിനോദ്. തന്നെക്കുറിച്ചൊരുപാട് കാര്യങ്ങളറിയുന്ന, ഒരു അപരിചിതന്‍. ഒരു മര്യാദ എന്ന നിലയിലാണ് അവള്‍ ചോദിച്ചത്… ഒരു വെറും ചോദ്യം…

‘ഇന്നലെ കണ്ടപ്പോള്‍ ചോദിക്കാന്‍ മറന്നു… മോളെ പേരെന്താ…?’

അവളൊരു ഉരുള ചോറ് വായിലേക്ക് കൊണ്ട് പോകവെയാണ് വിനോദ് പറഞ്ഞത്… അത് പറയുമ്പോള്‍ അവനൊരു ചമ്മലുണ്ടായിരുന്നു..

‘അത്… അത് നിന്‍റെ പേരാണ്..’

ആ ഉരുള ചോറ് വായിലേക്ക് വെക്കാതെ അവള്‍ പാത്രത്തിലേക്ക് തന്നെയിട്ടു. അത്ഭുതരസം തുളുമ്പുന്ന കണ്ണുകളോടെ അവനെ നോക്കി. മനസ്സിലെ മുഴുവന്‍ അമ്പരപ്പും അവളുടെ ചോദ്യത്തില്‍ മുഴച്ചു നിന്നിരുന്നു..

‘എന്‍റെ പേരോ…?’

‘ഉം..’

വിനോദ് തല കുലുക്കി.. അവള്‍ക്കൊന്നും പറയാനായില്ല. എന്താണ് സംഭവിക്കുന്നത് എന്നും അവള്‍ക്ക് മനസ്സിലായില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരത്ഭുതത്തോടെ അവള്‍ നോക്കവേ, വിഷാദം കലര്‍ന്ന ശബ്ദത്തോടെ വിനോദ് പറഞ്ഞു…

‘അതെ… വറ്റി വരണ്ട് പോയാലും പുഴകളുടെ പേര് മാത്രം പിന്നെയും ബാക്കിയാവില്ലേ? അത് പോലെ, തുറന്നു പറയാന്‍ കഴിയാതെ പോയ ഒരു പ്രണയ സ്വപ്നത്തിന്‍റെ പേര് മാത്രമേ എനിക്ക് ബാക്കി കിട്ടിയുള്ളൂ.. ഒരു പേരു മാത്രം…’

പിന്നെ ഒന്നും പറയാതെ ഇരുന്നു. ഒന്നും പറയാനാവാതെ അവളും. അവരുടെ കൗമാരം കാല്‍മുദ്രകള്‍ ചാര്‍ത്തിയ ഗ്രാമവീഥികളെ തേടിപ്പറക്കുന്ന ഓര്‍മ്മകള്‍, ഉഷ്ണമൗനങ്ങള്‍ വീണുടഞ്ഞ നിമിഷങ്ങള്‍, അവര്‍ക്കിടയിലൂടെ കടന്നു പോയി. അവന്‍റെ കണ്ണുകളുടെ ആഴങ്ങളില്‍ ഉറങ്ങി മടുത്തൊരു സ്വപ്നത്തിന്‍റെ ക്ഷീണവും തളര്‍ച്ചയും അവള്‍ കണ്ടുവോ?

അല്പ നേരം വിനോദിന്‍റെ കണ്ണുകളില്‍ അങ്ങിനെ നോക്കി നിന്നപ്പോഴാണ് അവള്‍ക്ക് സ്ഥലകാല ബോധമുണ്ടായത്. പെട്ടെന്നവള്‍ കണ്ണുകള്‍ പിന്‍വലിച്ചു. അവളുടെ മനസ്സ്, അനുഭവങ്ങളുടെ അഗ്നിശിലകള്‍ പാകിയ പാതയിലൂടെ അതിവേഗം ഓടുകയായിരുന്നു.

മറ്റേതൊരു പുരുഷനെയും പോലെ വിനോദും, അവസരം മുതലാക്കാന്‍ നോക്കുകയാണോ? ചിലപ്പോള്‍ ആവും. പക്ഷെ, അവന്‍റെ ശബ്ദത്തിലെ ശോകം അങ്ങിനെ വിശ്വസിക്കാനും സമ്മതിക്കുന്നില്ല. അവന്‍ സത്യം പറയുകയാണെങ്കിലോ? ആണെങ്കില്‍ തന്നെയെന്ത്? ആണെങ്കിലും അല്ലെങ്കിലും തനിക്കിപ്പോള്‍ അത് സമയമാണ്.

അവളുടെ മൗനത്തിനിടയിലവന്‍ തുടര്‍ന്നു. ‘താനിതൊന്നും കാര്യമാക്കണ്ടാട്ടോ.. അതെക്കെ വിട്ടേക്കൂ. നീ കഴിക്കാന്‍ നോക്ക്. മോളുടെ പേര് ചോദിച്ചില്ലായിരുന്നെങ്കില്‍, ഞാനിത് പറയില്ലായിരുന്നു… അല്ലെങ്കിലും.. ഇനിയത് പറയേണ്ട ആവശ്യമില്ലല്ലോ’

അവള്‍ മുഖമുയര്‍ത്തി അവനെ നോക്കി. അവന്‍ നല്ല തെളിച്ചമുള്ളൊരു പുഞ്ചിരി മുഖത്ത് പിടിപ്പിച്ചിട്ടുണ്ട്. അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ തുടര്‍ന്നു.

‘വര്‍ഷാന്തരങ്ങളുടെ പൊടിപിടിച്ചൊരു മോഹത്തെ, പാടേ മറക്കാന്‍ കഴിയാത്തൊരു മനസ്സിന്‍റെ വികൃതിയായി… മോളുടെ പേര് കണ്ടാല്‍ മതി. ചില സ്വപ്നങ്ങള്‍ സൂര്യനെ പോലെയാണ്. അത് നഷ്ടപ്പെട്ടതിന്‍റെ ശേഷം കിട്ടുന്നത് എണ്ണയാല്‍ കത്തുന്ന ദീപങ്ങള്‍ പോലെയും. അസ്തമയത്തിന്‍റെ ശേഷം ദീപങ്ങള്‍ കൊളുത്തും. പക്ഷെ അതൊരിക്കലും സൂര്യന് പകരമാവില്ല. എന്നാലും ദീപങ്ങള്‍ നമ്മളുപേക്ഷിക്കാറില്ലല്ലോ…’

അവള്‍ നിശബ്ദം കേട്ടിരുന്നു. ഒരു സ്കൂള്‍ മാഷായത് കൊണ്ടാവും, വിനോദ് നന്നായി സംസാരിക്കുന്നു. അവന്‍റെ സംസാരം കേട്ടിരിക്കാനൊരു രസമുണ്ട്.

‘ഇനിയിപ്പോളതൊന്നും പറഞ്ഞിട്ട് കാര്യമില്ല… നീ കഴിക്ക്..’

വിനോദ് പറഞ്ഞു നിര്‍ത്തി തന്‍റെ ഭക്ഷണത്തളികയിലേക്ക് മുഖം താഴ്ത്തി. പക്ഷെ പിന്നെ ഭക്ഷണം രുചി തോന്നിയില്ല; രണ്ടാള്‍ക്കും. രണ്ടു പേരും ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേല്‍ക്കുകയാണ് ചെയ്തത്.

അവള്‍ക്ക് നല്ല മൂത്രശങ്കയുണ്ടായിരുന്നു. കേരളം സംഗതിയൊക്കെ നമ്പര്‍ വണ്‍ ആണത്രേ. ഒരു പെണ്ണിന് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍, അടിനാഭി പൊട്ടുമ്പോലെ വേദനിച്ചാലും കൊള്ളാവുന്ന ഒരു മൂത്രപ്പുര പോലും പബ്ലിക്കായി ഇല്ല. ഇനി വല്ല പെട്രോള്‍ പമ്പിലോ ഹോട്ടലിലോ മറ്റോ സാധിക്കാമെന്നു വച്ചാലോ? അവിടെ വല്ലവനും ക്യാമറ വച്ചിട്ടുണ്ടോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവള്‍ ഹോട്ടലിലെ ടോയ്‌ലറ്റില്‍ ഒന്ന് കയറി. സൂക്ഷ്മമായി ഒന്ന് പരിശോധിച്ചു. സംശയാസ്പദമായതൊന്നും കണ്ടില്ല.

പുറത്തേക്കിറങ്ങി വരുമ്പോള്‍ ഒരു സൈന്‍ ബോര്‍ഡിലേക്ക് ചാരിനിന്ന്, സിഗരറ്റ് വലിച്ചൂതുന്ന വിനോദിനെ കണ്ടപ്പോള്‍, കൗതുകമായി. അവളെ കണ്ടപ്പോള്‍ അവന്‍ സിഗരറ്റ് താഴെയിട്ട് ചവിട്ടിക്കെടുത്തി. പോലീസ് കണ്ടാല്‍ ഫൈനടിക്കില്ലേ എന്ന അവളുടെ ചോദ്യത്തിന്, സര്‍ക്കാരിനും വേണ്ടേ എന്തെങ്കിലുമൊരു വരുമാനം എന്നവന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഒരുമിച്ച് റോഡ് മുറിച്ച് കടന്നു. സ്റ്റേഷനില്‍ ചെന്നു. സി.ഐ എത്തിയിട്ടില്ല. പിന്നെയും മുഷിഞ്ഞ കാത്തിരിപ്പ്. വീട്ടില്‍ നിന്നും ഇടവേളകളില്ലാതെ വിളിക്കുന്നു അമ്മയും വേണുവും ബാബുവും. സിദ്ധുവിന്‍റെ മെസേജുകള്‍ കൊണ്ട് വാട്ട്സ് ആപ്പിന്‍റെ ഇന്‍ബോക്സ് നിറഞ്ഞു.

സമയം നാലുമണിയാകാനായപ്പോഴാണ് സി.ഐ വന്നത്. നല്ല തിരക്കുള്ളത് കൊണ്ടായിരിക്കും, കൂടുതല്‍ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. ചില ക്ലാരിഫിക്കേഷന്‍സ്. അത്രമാത്രം. നാലര മണിക്ക് ആ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് അവള്‍ക്ക് ശ്വാസം ശരിക്കൊന്ന് വീണത്.

വിനോദിന് സ്റ്റേഷനില്‍ നല്ല പിടിപാടുണ്ട് എന്നവള്‍ക്ക് മനസ്സിലായി. വിനോദ് ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര ഈസിയാവില്ലായിരുന്നു. അവള്‍ക്കവനോട് നന്ദി തോന്നി. ഒരേകാന്ത സഞ്ചരിക്കൊരു കൂട്ടുകാരനെ കളഞ്ഞു കിട്ടിയാലെന്ന പോലെ, ഒരു സന്തോഷമുണ്ട് ഉള്ളില്‍.

സ്റ്റേഷന്‍റെ പുറത്തേയ്ക്കിറങ്ങാന്‍ നേരമാണ് വിനോദ് ചോദിച്ചത്..

‘സുകുവിനെ കാണണോ നിനക്ക്?’

അവള്‍ക്ക് പെട്ടെന്ന് മറുപടി പറയാന്‍ കഴിഞ്ഞില്ല. അവള്‍ പെട്ടെന്നവന്‍ അങ്ങിനെ ചോദിച്ചതിന്‍റെ ഒരു അമ്പരപ്പിലായിരുന്നു. അവള്‍ക്ക് വിനോദിനെ തീരെ മനസ്സിലായില്ല. കുറച്ച് മുന്‍പവന്‍ സംസാരിച്ചത്, അവന്‍റെ നഷ്ട പ്രണയത്തെ കുറിച്ചായിരുന്നു. തന്നോടൊരിക്കലും പറയാതിരുന്ന പ്രണയത്തെ കുറിച്ച്. ഇപ്പോഴവന്‍ ചോദിക്കുന്നത് സുകുവിനെ കുറിച്ചാണ്. തന്‍റെ മനസ്സ് തൊട്ടറിഞ്ഞത് പോലെ..

അവള്‍ ഉത്തരം പറയാനാവാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.

‘ആ… അല്ലെങ്കില്‍ വേണ്ട. നമുക്കവനെ ഹോസ്പിറ്റലില്‍ ചെന്നു കാണാം. കുറച്ചീസം കഴിഞ്ഞാലും, അതാവും നന്നാവുക. ഇവരുടെ ഈ സെല്ലില്‍… അവന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ദൈവത്തിനെ അറിയൂ. കണ്ടാല്‍ ചിലപ്പോള്‍ നമുക്ക് സഹിക്കില്ല…’

അവള്‍ വിഷമത്തോടെ അവനെ നോക്കി. നീയെന്തിനെന്‍റെ മനസ്സിങ്ങനെ വേദനിപ്പിക്കുന്നു എന്ന് ചോദിക്കാന്‍ ആഗ്രഹിച്ചു. ചോദിച്ചില്ല. അതൊന്നും വിനോദ് ശ്രദ്ധിക്കുന്നില്ലായിരുന്നു.

‘നല്ലൊരു വക്കീലിനെ ഏര്‍പ്പാടാക്കണം. അവനു നല്ല ചികിത്സയെങ്കിലും കിട്ടണം. ഈ ഇരുട്ടിലേക്കവനെ വലിച്ചെറിഞ്ഞാല്‍ പിന്നെ.. ഉറങ്ങാനാവില്ല നമുക്ക്. മരണം വരെ…’

നീര്‍പൊടിയാന്‍ വെമ്പല്‍ കൊള്ളുന്ന കണ്ണുകളില്‍ നിറയെ നന്ദിയെന്ന രണ്ടക്ഷരത്തിന്‍റെ മണ്‍ചെരാതുകള്‍ തെളിഞ്ഞു. ഇവന്‍… ഇവനൊരു കൂട്ടുകാരനാണ്. കൂടെ നടക്കുമ്പോള്‍, ധൈര്യമായി കൈപിടിക്കാന്‍ പറ്റുന്നൊരു കൂട്ടുകാരന്‍.

അവള്‍ വെറുതെ തലകുലുക്കി. അവര്‍ സ്റ്റേഷനില്‍ നിന്നിറങ്ങി. സ്റ്റേഷന്‍ വളപ്പിന്‍റെ പുറത്തെ ചീനിമരത്തിന്‍റെ ചുവട്ടിലേക്കവള്‍ തനിയെയാണ് വന്നത്. വിനോദ് ഇപ്പൊ വരാമെന്നു പറഞ്ഞു പോയി. അവള്‍ വേണുവിനെ വിളിച്ച് പറഞ്ഞു; ഞങ്ങള്‍ ഇറങ്ങി, പ്രശ്നമൊന്നുമില്ല എന്ന്. അവര്‍ക്ക് സമാധാനമായിക്കോട്ടെ. വാട്ട്സ് ആപ്പില്‍ സിദ്ധുവിന് ഒരുപിടി ചുംബനങ്ങള്‍ അയച്ചു. ഇറങ്ങി എന്നൊരു വോയ്സ് മെസ്സേജും.

വിനോദ് തന്‍റെ മോട്ടോര്‍ സെക്കിളില്‍ അവളുടെ അടുത്തെത്തി. അവള്‍ അമ്പരന്നു. അവനവളോട് കയറാന്‍ പറഞ്ഞപ്പോള്‍, അവള്‍ അമ്പരപ്പോടെ പറഞ്ഞു.

‘എനിക്ക് പേടിയാണ്.. ഞാന്‍ ജീവിതത്തിലിന്നോളം ഈ കുന്ത്രാണ്ടത്തില്‍ കേറീട്ടില്ല… സത്യായിട്ടും..’

വിനോദിന് ചിരിയാണ് വന്നത്. അതേ ചിരിയോടെ അവന്‍ പറഞ്ഞു.

‘നീ കേറ് പെണ്ണെ… നിന്ന് കൊഞ്ചാതെ…. ഇനി നിന്നെ കേറ്റാന്‍ വേണ്ടി എനിക്ക് വിമാനം വാങ്ങാന്‍ പറ്റുമോ?’

അവളൊരു ചെറുപുഞ്ചിരിയോടെ അവനെ നോക്കി…

‘അതേയ്.. ഞാന്‍ ബസ്സിലങ്ങോട്ടു പൊയ്ക്കൊള്ളാം.. വിനോദ് പൊയ്ക്കോ…’

‘ഹ… അതെങ്ങിനെ ശരിയാവും.. നിന്നെ വീട്ടില്‍ കൊണ്ടുചെന്നാക്കാം എന്നു പറഞ്ഞത് ഞാനല്ലേ…? എന്നിട്ട് ബസ്സ് കേറ്റിവിട്ടാല്‍ പിന്നെ ഞാനാരാ? നീയിങ്ങോട്ട് കേറെടീ വെള്ളക്കൊക്കേ…’

ഒരൊറ്റ നിമിഷം കൊണ്ടവളുടെ മുഖമാകെ ചുവന്നു തുടുത്തു. ലജ്ജയോ, കൗതുകമോ, സന്തോഷമോ, കുസൃതിയോ, പിണക്കമോ എന്നൊന്നും ആര്‍ക്കും തിരിച്ചറിയാനാവാത്തൊരു വികാരം കണ്ണുകളില്‍ ഇരമ്പിയാര്‍ത്തു. ശ്വാസം പിടിച്ചവള്‍ അവനെ തുറിച്ചു നോക്കി നിന്നു. അവനൊരു കുസൃതിച്ചിരിയോടെ അവളെ നോക്കി, പിരിക്കമിളക്കിക്കാണിച്ചു. പിന്നെ മെല്ലെ, സ്വകാര്യം പറഞ്ഞു…

‘വേറെയാരും കേട്ടിട്ടില്ല… ഇനിയും ഇങ്ങോട്ടു കേറിയില്ലെങ്കില്‍ എല്ലാരും കേള്‍ക്കെ വിളിക്കും… വേണോ…’

പിണക്കം നിറഞ്ഞു നില്‍ക്കുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു…

‘നീ പോടാ… അപ്പക്കാളെ…’

വിനോദ് അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ചിരിയടക്കാന്‍ അവന്‍ പാടുപെട്ടു. അപ്പുറത്തും ഇപ്പുറത്തുമൊക്കെ നില്‍പ്പുണ്ടായിരുന്ന ചിലരൊക്കെ അവരെ തുറിച്ചു നോക്കി. ഒരാണും പെണ്ണും ഒരുമിച്ചു നില്‍ക്കുന്നത് കണ്ടാല്‍ തന്നെ അസ്വസ്ഥമാവുന്ന സമൂഹഹൃദയത്തിന്, ആ പൊട്ടിച്ചിരി എങ്ങിനെ സഹിക്കനാവും?

‘അപ്പോള്‍ നീ മറന്നിട്ടില്ല…. ഞാന്‍ കരുതി നീയാ പേരൊക്കെ മറന്നെന്ന്..’

‘മറന്നിരുന്നു…. ഒരുപാട് കാര്യങ്ങള്‍… ഇപ്പോളോര്‍ത്തു…’ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു. ഇപ്പോളാ മുഖത്ത് പരിഭവമൊന്നുമില്ലായിരുന്നു. ഓര്‍ക്കാന്‍ സുഖമുള്ള എന്തൊക്കെയോ ഓര്‍മ്മകള്‍ അവളുടെ മനസ്സില്‍ തിരയിളകുന്നുണ്ടെന്നാ, കണ്ണുകള്‍ കണ്ടാല്‍ അറിയാം.

‘ഉം… മറക്കേണ്ടതൊക്കെ മറക്കാനും, ഓര്‍ക്കേണ്ടതൊക്കെ ഓര്‍ക്കാനും വേണം… നമുക്ക് ചിലസഹായങ്ങള്‍.. അല്ലെ…? നീയിങ്ങോട്ട് കേറ്…’

അവള്‍ക്ക് അതിന്‍റെ മേലേക്ക് കയറുന്നത് തന്നെ പ്രയാസമായി തോന്നി. വീഴുമോ എന്ന പേടിയില്‍ അവളവന്‍റെ ചുമലില്‍ അള്ളിപ്പിടിച്ചപ്പോള്‍, അവളുടെ നഖം തട്ടി, അവനു വേദനിച്ചു. തമാശ രൂപത്തിലവന്‍ പറഞ്ഞു.

‘ഇതെന്താടീ കരടിനഖമോ…..?’

അവള്‍ക്ക് ജാള്യമായി. അവള്‍ കൈ പിന്‍വലിച്ചു. അപ്പോള്‍ പിന്നെയും വിനോദ് പറഞ്ഞു.

‘തീരെ പിടിക്കാതിരിക്കണ്ടടോ… മോന്തേം കുത്തി വീണാലുമ്മറത്തെ പല്ലു പോകും. പിന്നെ കാണാനൊരു വര്‍ക്കത്തുണ്ടാവില്ല… ആ.. പറയാന്‍ മറന്നു. നിന്‍റെ സൗന്ദര്യം ഇങ്ങിനെ കൂടുന്നതിന്‍റെ രഹസ്യം എന്നോടും കൂടിയെന്ന് പറയണേ… ഞാനൊക്കെ കണ്ടില്ലേ.. മൂത്തു മുതുകാളയായി. നിന്നെക്കാള്‍ ഒരു മൂന്നോ നാലോ വയസിന്‍റെ മൂപ്പേ ഉള്ളൂ…. എന്നാലും ഇപ്പൊ കണ്ടാ, ഞാനച്ഛനും നീ മോളുമാണ്…’

‘ആ…..’ ഈര്‍ഷ്യയോടെ അവള്‍ അമറിക്കൊണ്ട്, അവനെയൊന്നു പിച്ചാന്‍ തുനിഞ്ഞു. പിന്നെ വേണ്ടെന്നു വച്ചു..

‘നീ മനുഷ്യനെ കളിയാക്കാനാണോ ഇതിന്‍റെ മൂട്ടില്‍ കയറ്റിയത്… ചെലക്കാതെ വണ്ടി വിടെടാ…. അപ്പക്കാളെ…’

ചിരിച്ചുകൊണ്ട് വിനോദ് വണ്ടി മുന്നോട്ടെടുത്തു. തങ്ങളെ തന്നെ തുറിച്ചുനോക്കി നില്‍ക്കുന്ന പ്രായമായൊരു സ്ത്രീയെ നോക്കി അവനൊന്നു കണ്ണിറുക്കികാണിച്ചപ്പോള്‍, അവര്‍ വെറുപ്പോടെ മുഖം തിരിച്ചു. സാവധാനം മുന്നോട്ട് പോകുന്ന ബൈക്കില്‍, അവരുടെ മനസ്സുകള്‍ ബാല്യത്തോളം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

അവളുടെ മനസ്സിലൊരു വെള്ളിപ്പാദസരം കിലുങ്ങി. സ്കൂളില്‍, താഴ്ന്ന ക്ലാസില്‍ പഠിക്കുമ്പോള്‍, ഏതോ ഒരു കുസൃതിക്കാരന്‍ സമ്മാനിച്ചതാണ്, വെള്ളക്കൊക്കെന്ന ഇരട്ടപ്പേര്. ആരെങ്കിലും അങ്ങിനെ വിളിച്ചാല്‍ അവള്‍ ദേഷ്യം കൊണ്ടു വിറയ്ക്കുമായിരുന്നു. അവളെയങ്ങിനെ ശുണ്ഠി പിടിപ്പിക്കുന്നത്, ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ക്കൊക്കെ ഒരു രസമായിരുന്നു. ശലഭങ്ങള്‍ പോലെ ചന്തമുള്ള ഓര്‍മ്മകളും തനിക്കുണ്ടല്ലോ എന്നവളോര്‍ത്തു. ഒന്ന് വിളിച്ചുണര്‍ത്താനാരെങ്കിലും വരുന്നതും കാത്തിരിക്കുന്ന, ചന്തമുള്ള ഓര്‍മ്മകള്‍.

വിനോദ്, ഇടത്തെ നെറ്റിയിലെ മുറിപ്പാടിലൂടെ ഒന്ന് വിരലോടിച്ചു. അവന്‍റെ ഉള്ളില്‍ ആര്‍പ്പു വിളിക്കുന്ന സ്കൂള്‍ കുട്ടികളുടെ കൂട്ടത്തിനു നടുവില്‍, മൂച്ചിക്കലെ മൂസാന്‍ കുട്ടിയുമായി ഉരുണ്ടുമറിയുന്ന, തന്‍റെ തന്നെ ബാല്യം, വെള്ളിത്തിരയിലെന്ന വണ്ണം തെളിഞ്ഞു. അപ്പക്കാള എന്നവന്‍ വിളിച്ചതാണ് കാരണം. കൂടുതല്‍ സംസാരിക്കാതെ ചിരിച്ചു കാണിക്കുന്നതിന്, അവനിട്ട വട്ടപ്പേര്.. അതാണ് അപ്പക്കാള.

അവരെയും കൊണ്ട് നഗരത്തിലേക്ക്, ആ വാഹനം, അതിവേഗം സഞ്ചരിക്കുമ്പോള്‍, അവര്‍ രണ്ടു കുഞ്ഞുങ്ങളായി മാറിയിരുന്നു. ഓര്‍മ്മകള്‍ അമ്മയും. അമ്മയുടെ മടിത്തട്ടില്‍, കുസൃതിച്ചിരിയുമായി കിടക്കുന്ന രണ്ടു കുഞ്ഞുങ്ങള്‍… അപ്പക്കാളയും വെള്ളക്കൊക്കും…

തുടരും


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News