- Malayalam Daily News - https://www.malayalamdailynews.com -

ഡല്‍ഹിയില്‍ അക്രമം തുടരുന്നു; 13 പേര്‍ കൊല്ലപ്പെട്ടു; 150 പേര്‍ക്ക് പരിക്കേറ്റു

delhi violenceന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളില്‍ 150 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ 13 ആയി ഉയര്‍ന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും കലാപകാരികള്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.

വിവാദപരമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ചെറിയ തോതില്‍ ഞായറാഴ്ച ആരംഭിച്ചെങ്കിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ന്യൂഡല്‍ഹിയിലെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടങ്ങളിലേക്ക് വഴി തുറക്കുകയായിരുന്നു. കല്ലും വാളും തോക്കുകളും ഉപയോഗിച്ച് ആയുധധാരികളായ കലാപകാരികള്‍ അക്രമം തുടരുകയാണ്.

കല്ലേറും തീ വെയ്പും വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പ്രദേശത്ത് സമ്മേളനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. 13 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 150 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് ഗുരു തേജ് ബഹാദൂര്‍ ആശുപത്രി ഉദ്യോഗസ്ഥന്‍ രാജേഷ് കല്‍റ ചൊവ്വാഴ്ച വൈകീട്ട് പറഞ്ഞു. അവരില്‍ ഒരു ഡസനിലേറെ പേരുടെ നില ഗുരുതരമാണ്. ഇപ്പോഴും പരിക്കുകളോടെ ആളുകള്‍ എത്തുന്നുണ്ട്, കൂടുതലും വെടി കൊണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കലാപബാധിത പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു എന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച പറഞ്ഞു.

ഗുരു തേഗ് ബഹാദൂര്‍ ആശുപത്രി സന്ദര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ‘ഭ്രാന്തന്‍ അക്രമം’ നിര്‍ത്താന്‍ കലാപകാരികളോട് ആഹ്വാനം ചെയ്തിരുന്നു.

ആരും നിയമം കൈയിലെടുക്കരുതെന്ന് ഡല്‍ഹി പോലീസ് വക്താവ് മന്ദീപ് രന്ധാവ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു.

delhi violence1തലസ്ഥാന മേഖലയിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നലെ മുതല്‍ പ്രദേശത്ത് കര്‍ഫ്യൂ നടപ്പാക്കാനും പോലീസിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും ഞങ്ങള്‍ ആവശ്യപ്പെട്ടു എന്നാല്‍ മൂന്നു പോലീസുകാരൊഴികെ ആരും വന്നില്ലെന്ന് കലാപബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥി സൗരഭ് ശര്‍മ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അക്രമ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് മുതിര്‍ന്ന പോലീസുകാരന്‍ അലോക് കുമാര്‍ ചൊവ്വാഴ്ച പറഞ്ഞു. പ്രതിഷേധക്കാര്‍ എവിടെയായിരുന്നാലും പോലീസിനെ ആക്രമിക്കുകയും പോലീസ് ഇല്ലാത്ത സ്ഥലത്ത് പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്നു… കുമാര്‍ പറഞ്ഞു.

20 ദശലക്ഷം ആളുകളുള്ള നഗരത്തിന്‍റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ജനക്കൂട്ടം മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതായി എന്‍ഡി ടിവി അറിയിച്ചു.

പുതിയ പൗരത്വ നിയമത്തിലൂടെ രാജ്യത്തിന്‍റെ 200 ദശലക്ഷം മുസ്ലിംകളെ പാര്‍ശ്വവത്കരിക്കുന്നതിനിടയില്‍ മതേതര ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ മോദി ആഗ്രഹിക്കുന്നുവെന്ന വാര്‍ത്ത അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ട്രം‌പിന്റെ അഭിപ്രായത്തില്‍ കലാപം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യമാണെന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്.

വിദ്വേഷത്തിന് ആക്കം കൂട്ടുന്നതും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതുമായ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ ഉടന്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നാണ് ആഗോള മനുഷ്യാവകാശ ഗ്രൂപ്പായ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ട്വീറ്റ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]