Flash News

ഒ.എന്‍.വി.ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സര്‍ഗവേദി

February 25, 2020 , പി.ടി. പൗലോസ്

ONV Sradhanjaliന്യൂയോര്‍ക്ക് സർഗവേദിയുടെ ആഭിമുഖ്യത്തില്‍ 2020 ഫെബ്രുവരി 16 ഞായര്‍ വൈകീട്ട് 6:30 ന് എല്‍മോണ്ടിലുള്ള കേരളാ സെന്‍ററില്‍ ഒ.എന്‍.വി സ്മൃതി ആചരിച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ വര്‍ഗീസ് ചുങ്കത്തില്‍ അദ്ധ്യക്ഷനായി . മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യന്‍ ഒ.എന്‍.വി ഓര്‍മ്മയായിട്ട് ഫെബ്രുവരി 13 ന് നാല് വര്‍ഷം തികയുമ്പോള്‍ ഈ ഓര്‍മ്മപുതുക്കലിന് പ്രസക്തിയുണ്ടെന്നും മനുഷ്യത്വം തുളുമ്പുന്ന ഗൃഹാതുരത്വത്തിലേക്ക് നമ്മെ കൊത്തിവലിച്ച മറ്റൊരു കവി ഒഎന്‍വി അല്ലാതെ മലയാളത്തിലില്ല എന്ന് പി. ടി. പൗലോസ് തന്‍റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് എഴുത്തുകാരനും സർഗവേദിയുടെ ആത്മബന്ധുവുമായ കെ.കെ. ജോണ്‍സണ്‍ “ഒ.എന്‍.വി മാനവികതയെ ചേര്‍ത്തുനിര്‍ത്തിയ കവി” എന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിച്ചു. ഒരു കവിത മനുഷ്യരാശിക്കാകെ നന്മയും ശാന്തിയും നേരുന്നൊരു പ്രാര്‍ത്ഥനയാവാം, ഹൃദയങ്ങളെ ഇണക്കിചേര്‍ക്കുന്ന ഒരു മന്ത്രമാവാം, ആസന്നമായ കൊടുങ്കാറ്റിനെക്കുറിച്ചൊരു മുന്നറിയിപ്പാകാം, നിണമൊലിക്കുന്ന മുറിവിലൊരു സ്വാന്തന സ്പര്‍ശമാവാം, വേര്‍പാടിന്‍റെ വേദനയാവാം, ഒത്തുചേരലിന്‍റെ നിര്‍വൃതിയാകാം, ഭാഷാതീതമായി ഭൂമിശാസ്ത്രപരമായ അതിരുകളെ ലംഘിച്ചുകൊണ്ട് കവിത എന്നും നിലനില്‍ക്കുമെന്ന് ഒഎന്‍വി ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഉരുവിട്ടുകൊണ്ടാണ് കെ.കെ. ജോണ്‍സണ്‍ തന്‍റെ പ്രസംഗമാരംഭിച്ചത്.

1946-ല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായിയിരുന്ന കാലത്തെഴുതിയ “മുന്നോട്ട്” എന്ന ആദ്യകവിത മുതല്‍ ഇന്നോളമെഴുതിയ ഒഎന്‍വി രചനകളെല്ലാം ഈ ദര്‍ശനത്തിലും വെളിപാടിലും അധിഷ്ടിതമാണ്. തന്‍റെ കവിത തന്നെയാണ് തന്‍റെ ജീവിതം എന്ന് വിശ്വസിച്ച വിശ്വമാനവികതയുടെ ഗാഥാകാരനായ ഒഎന്‍വി എന്ന കവിയുടെ ഭാവനയില്‍നിന്നും മയില്‍പ്പീലി, അഗ്നിശലഭങ്ങള്‍, ഉപ്പ് , ഭൂമിക്കൊരു ചരമ ഗീതം, മൃഗയ, ഉജ്ജയിനി, സ്വയംവരം, സ്നേഹിച്ചു തീരാത്തവര്‍, ചോറൂണ്, ഭൈരവന്‍റെ തുടി, വെറുതെ, ക്ഷണികം, പക്ഷേ തുടങ്ങി ആയിരത്തിലേറെ കവിതകളും അത്രത്തോളം ചലച്ചിത്ര ഗീതങ്ങളും നാടകഗാനങ്ങളും പിറന്നുവീണു.

Sargaകേരളത്തെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക വിപ്ലവത്തിന്‍റെ സംഗീതവും സന്ദേശവുമായിരുന്നു ഒഎന്‍വിയുടെ ആദ്യകാല കവിതകള്‍. പ്രണയവും വിപ്ലവവും നവോത്ഥാനാനന്തര രാഷ്ട്രീയവും മണ്ണും മഴയും സ്വപ്നങ്ങളും ഒഎന്‍വിയുടെ രചനകളില്‍ പ്രമേയങ്ങളായി. ഇന്നും അസ്തമിച്ചിട്ടില്ലാത്ത കേരളീയ പ്രബുദ്ധതയെ വളര്‍ത്തിയവരില്‍ ചുവന്ന കവിത്രയങ്ങള്‍ എന്ന് വിളിക്കുന്ന ഒഎന്‍വി, വയലാര്‍ പി. ഭാസ്കരന്‍ എന്നിവര്‍ വഹിച്ച പങ്ക് കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ എന്നും നിറപ്പകിട്ടോടെ നിലനില്‍ക്കും.

കീഴാളന്മാരുടെയും പണിയാളുകളുടെയും ഭാഷയും ബിംബങ്ങളും ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഒഎന്‍വി ഉള്‍പ്പടെയുളള പുരോഗമനപക്ഷ കവികളുടെ കടന്നുവരവോടെയാണ്. കവിതയുടെ സംഗീതാത്മകതയും വായനാസുഖവുമാണ് ഒഎന്‍വി കവിതകളെ ജനപ്രിയമാക്കിയത്. കാലിക തീവ്രതയുള്ള സാമൂഹിക രാഷ്ട്രീയ സമസ്യകളെ കവിതയ്ക്ക് വിഷയമാക്കിയ ഈ കവി ബോധപൂര്‍വ്വം തന്നെയായിരിക്കണം ഇങ്ങനെയൊരു വഴി സ്വീകരിച്ചത്. ഏറ്റവും സാധാരണക്കാരന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത് എന്നതിനാല്‍ തന്‍റെ കവിതകളും അങ്ങനെ ആയിരിക്കട്ടേ എന്ന് കവി നിശ്ചയിച്ചിരിക്കാം. ഭൂമിയേയും മനുഷ്യരേയും ഉഷസന്ധ്യകളേയും പൂക്കളേയും ശലഭങ്ങളേയും ഋതുഭേദങ്ങളേയും സ്നേഹിച്ചുതീരാത്ത കവി വിഷാദാത്മകനാവുമ്പോഴും നീതിബോധത്താല്‍ ജ്വലിക്കുമ്പോഴും അന്യദുഖങ്ങളില്‍ ഉലയുമ്പോഴും ജീവിതത്തിന്‍റെ വിരിമാറില്‍ പറ്റിപ്പിടിച്ചുകിടന്നു. നാം അധിവസിക്കുന്ന ഭൂമിതന്നെ മൃത്യുവിനെ അഭിമുഖീകരിക്കുന്ന ആപല്‍ക്കരകാലത്താണ് നാം ജീവിക്കുന്നതെന്ന ആഴമേറിയ ദാര്‍ശിനികതയോടെ നമ്മെ അനുഭവപ്പെടുത്തുകയും നമ്മുടെ ചിന്തകളെ ഉണര്‍ത്തുകയും ചെയ്ത കവിതയാണ് “ഭൂമിക്കൊരു ചരമഗീതം.” നമ്മുടെ കൊച്ചു കേരളത്തില്‍ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സ്നേഹാനുഭൂതികളുടെ വന്‍കര തീര്‍ത്ത് കടന്നുപോയ ഒഎന്‍വി എന്ന കാവ്യ തേജസ്സിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ജോണ്‍സണ്‍ തന്‍റെ പ്രസംഗമവസാനിപ്പിച്ചു.

Sarga1ഒഎന്‍വി, വയലാര്‍, പി. ഭാസ്കരന്‍ എന്ന ഇടതുപക്ഷ കവിത്രയങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട കീഴാളന്മാര്‍ക്കുവേണ്ടി തൂലിക എടുത്ത ഭാവഗായകനായ കവിയാണ് ഒഎന്‍വി എന്നും കാല്പനികമായ മനുഷ്യബന്ധങ്ങളുടെ സരളമായുള്ള കഥ പറച്ചിലുകളാണ് ഒഎന്‍വി കവിതകള്‍ എന്നും ജയന്‍ കെ.സി. അഭിപ്രായപ്പെട്ടു. “കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നും ഏറെയിഷ്ടം…..” കുഞ്ഞേടത്തി എന്ന ഒഎന്‍വി കവിതയുടെ ഭാവസുന്ദരമായ ഈ വരികളെ ഹൈലൈറ്റ് ചെയ്തുകൊണ്ടായിരുന്നു സന്തോഷ് പാലാ സംസാരിച്ചത്. കാവ്യതലത്തിലും സിനിമ നാടക ആത്മീയ ഗാനതലങ്ങളിലും ഒഎന്‍വി വേറിട്ടുനിന്നു. തന്‍റെ ശൈലി വിടാന്‍ തയ്യാറാകാത്തതുകൊണ്ടാകണം പുതുമക്കാരുടെ നിരൂപണങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സന്തോഷ് ചൂണ്ടിക്കാട്ടി. ഇരുപത്തൊന്നാം വയസ്സുമുതല്‍ കവിതയെഴുതി കവിതയിലൂടെ ജീവിച്ച ഈശ്വര വിശ്വാസമുള്ള കമ്മ്യൂണിസ്റ്റുകാരനായ കവിയായിരുന്നു ഒഎന്‍വി കുറുപ്പ് എന്ന് മോണ്‍സി കൊടുമണ്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ ഒഎന്‍വി പല പ്രാവശ്യം അതിഥി ആയി എത്തിയിട്ടുണ്ട്. സംസാര ഭാഷയില്‍ കവിതയെഴുതി മനുഷ്യ മനസ്സില്‍ മൃദുല വികാരങ്ങളെ ഉണര്‍ത്തുന്ന ഒരു കവി ആയിരുന്നു ഒഎന്‍വി എന്നായിരുന്നു ജോസ് ചെരിപുറത്തിന്‍റെ അഭിപ്രായം. അലക്സ് എസ്തപ്പാന്‍റെ സംശയം മറ്റൊന്നായിരുന്നു. കവികള്‍ ഭൂരിപക്ഷവും ഇടതുപക്ഷ ചിന്താഗതിക്കാരാണ്. എന്നാല്‍ ഇടതുപക്ഷം തെറ്റ് ചെയ്താല്‍ വിമര്‍ശിക്കപ്പെടുമോ എന്നായിരുന്നു അലക്സിന്‍റെ ചോദ്യം.

Sarga2മാമ്മന്‍ സി. മാത്യു തന്‍റെ ഹൃസ്വമായ പ്രസംഗത്തില്‍ പറഞ്ഞത് ഗഗനമായ തത്വശാസ്ത്രമില്ലാതെ സരളമായ ഭാഷയില്‍ വേണ്ടിവന്നാല്‍ ആര്‍ക്കും കവിതയെഴുതാം എന്ന് തോന്നിപ്പിക്കുന്നവിധം കവിതകളെഴുതിയ, തോന്ന്യാക്ഷരങ്ങള്‍ തന്നെയാണ് കവിതയെന്നു പറഞ്ഞ, താന്‍ സൂര്യോദയവും സൂര്യാസ്തമയവും കണ്ട ചവറയുടെ മണല്‍ തരികള്‍ക്ക് തന്‍റെ ജ്ഞാനപീഠം സമര്‍പ്പിച്ച പ്രതിഭാധനനായ കവിയായിരുന്നു ഒഎന്‍വി എന്നാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് കമ്മ്യുണിസ്റ്റ് സഹയാത്രികനായി മലയാള ഭാഷയുടെ സൗന്ദര്യം മലയാളിക്ക് ബോധ്യപ്പെടുത്തിയ എക്കാലത്തെയും വലിയ കവിയാണ് ഒഎന്‍വി എന്ന് രാജു തോമസ് അഭിപ്രായപ്പെട്ടു. ഒരു എഴുത്തുകാരന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ ആകണമെങ്കില്‍ അവന്‍ ഇടതുപക്ഷത് ആയിരിക്കണം എന്നായിരുന്നു ഇ.എം. സ്റ്റീഫന്‍റെ അഭിപ്രായം.

ഒരു നുറുങ്ങു വെളിച്ചമായി ആരുടേയും ആത്മാവിലേക്ക് അരിച്ചിറങ്ങുന്ന വരികളുടെ ലാളിത്യം ഒട്ടും വിടാതെ ഭാവസാന്ദ്രമായി സന്തോഷ് പാലായും കെ.കെ. ജോണ്‍സണും ഒഎന്‍വി കവിതകള്‍ ആലപിച്ചതോടെ ഒരു സര്‍ഗ്ഗസായാഹ്നത്തിന് തിരശീല വീണു. അത് മലയാള കവിതയുടെ പര്യായമായ ഒ.എന്‍.വി. എന്ന ത്രയാക്ഷര പ്രതിഭക്ക് ശ്രദ്ധാഞ്ജലിയുമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top