ദേശീയ സാമ്പത്തിക പുരോഗതിക്കായുള്ള ആസൂത്രണമാണ് പഞ്ചവത്സര പദ്ധതികള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഓരോ പദ്ധതികളും നടപ്പിലാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലായിരിക്കും. 1928ല്‍ ജോസഫ് സ്റ്റാലിന് പഞ്ചവത്സര പദ്ധതികള്‍ റഷ്യയില്‍ ആവിഷ്ക്കരിച്ചിരുന്നു. അനേക കമ്മ്യുണിസ്റ്റ് രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങളും പഞ്ചവത്സര പദ്ധതികള്‍ തങ്ങളുടെ ദേശീയ നയങ്ങളായും സ്വീകരിച്ചു. ചൈനയും പഞ്ചവത്സര പദ്ധതികളിലൂടെയാണ് ദേശീയ സാമ്പത്തിക പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. 1951ല്‍ ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയ്ക്ക് തുടക്കമിട്ടു. ജവഹര്‍ലാല്‍ നെഹ്രു വിഭാവന ചെയ്ത പഞ്ചവത്സര പദ്ധതികള്‍ തികച്ചും സോഷ്യലിസ്റ്റ് ആശയങ്ങളുള്ക്കൊണ്ടതായിരുന്നു.
പഞ്ചവത്സര പദ്ധതികള്‍ 1951 മുതലാണ് തുടങ്ങിയതെങ്കിലും അതിന് വളരെ മുമ്പ് മുതലേ താത്ത്വികമായി പദ്ധതികള്‍ക്കു തുടക്കമിട്ടിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് 1938ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 1944ല്‍ ബോംബെ പ്ലാനും ഗാന്ധിയന്‍ പ്ലാനും ആവിഷ്ക്കരിച്ചു. 1945ല്‍ യുദ്ധത്തിനു ശേഷമുള്ള രാജ്യത്തിന്റെ പുരോഗതിക്കായി ജനകീയ പദ്ധതി തയാറാക്കിയിരുന്നു. 1950ല്‍ ജയപ്രകാശ് നാരായന് സര്‍വോദയ പ്ലാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യം സാമ്പത്തിക വളര്ച്ചയെന്നുള്ളതാണ്. അതുവഴി രാജ്യത്തെ സമ്പന്നമാക്കുകയെന്നതാണ്. ആദ്യകാലഘട്ടങ്ങളില്‍ ഇന്ത്യക്കാരന്റെ ആളോഹരി വരുമാനം വളരെ പരിതാപകരമായിരുന്നു. നിയന്ത്രാണാതീതമായ ജനസംഖ്യയും ദാരിദ്ര്യവും രാജ്യം അഭിമുഖീകരിച്ചിരുന്നു. സാധാരക്കാര്‍ക്കും പങ്കാളികളാകാവുന്ന വിധത്തിലുള്ള നിരവധി സേവിംഗ് പദ്ധതികളും വ്യവസായിക മുതല്‍ മുടക്കുകളും ഓരോ പഞ്ചവത്സര പദ്ധതികളിലും പ്രോത്സാഹിപ്പിക്കേണ്ടതായുണ്ടായിരുന്നു.
രണ്ടു നൂറ്റാണ്ടുകളിലെ ബ്രിട്ടീഷ് ഭരണം മൂലം നിശ്ചലമായിരുന്ന ഇന്ത്യന്‍ സാമ്പത്തികത്തെ കര കയറ്റുകയെന്നതും സ്വതന്ത്രാനന്തര ഇന്ത്യയുടെ വെല്ലുവിളികളായിരുന്നു. ആസൂത്രണ ചിന്തകര്‍, സാമ്പത്തിക പുരോഗമനത്തിനായി ഗഹനമായി പഠിക്കുകയും ചെയ്തിരുന്നു. കൃഷി, വ്യവസായം, വൈദ്യുതി, യാത്രാ സൗകര്യങ്ങള്‍ എന്നിവകള്‍ക്കു മുന്‍ഗണന നല്‍കിയിരുന്നു. ദേശീയ വരുമാനവും ആളോഹരി വരുമാനവും വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ദാരിദ്ര്യം ഇന്ത്യയില്‍ നിന്ന് ഉച്ഛാടനം ചെയ്തുകൊണ്ടു ജനങ്ങളുടെ ക്ഷേമ നിലവാരം ഉയര്‍ത്തുവാനുള്ള ലക്ഷ്യങ്ങളും ആസൂത്രണ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സാമ്പത്തിക പുരോഗമനം കൂടാതെ സാമൂഹികമായ നീതിയും പദ്ധതിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. വരുമാനത്തിനനുസരിച്ച് ചെലവുകള്‍ നിര്‍വഹിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലുള്ള സാമ്പത്തികം വിഭാവനയും ചെയ്തിരുന്നു. സമ്പത്തു മുഴുവന്‍ ഏതാനും പേരുടെ കൈകളില്‍ മാത്രമെന്നുള്ള സ്ഥിതിവിശേഷമായിരുന്നു സ്വതന്ത്രാനന്തര ഇന്ത്യയിലുണ്ടായിരുന്നത്. മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തില്‍ക്കൂടി ദേശീയ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രക്രിയയെയും എതിര്‍ത്തു. സ്വത്തു സമ്പാദിക്കുന്നതിലുള്ള അസമത്വവും ഇല്ലാതാക്കാനുള്ള ചിന്തകളുമുണ്ടായിരുന്നു. ഓരോ പൗരനുമുള്ള വരവു ചെലവുകളും നീതിയുക്തമായിരിക്കണമെന്നും കണക്കാക്കിയിരുന്നു. സാമ്പത്തിക പദ്ധതികളുടെ ഗുണോഭാക്താക്കള് ദരിദ്രര്‍ ആയിരിക്കണമെന്ന ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ദാരിദ്ര്യം തുടച്ചു നീക്കണമെന്ന പദ്ധതികള്‍ക്കു മുന്‍ഗണന നല്‍കിയത് അഞ്ചാം പദ്ധതി കാലത്തായിരുന്നു.
തൊഴിലില്ലായ്മ പരിഹരിക്കാനുള്ള തീവ്ര പദ്ധതികളൂം പരിഗണിച്ചിരുന്നു. എങ്കിലും തൊഴിലില്ലായ്മ രൂക്ഷമായതല്ലാതെ ദേശീയമായി ഒന്നും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. 1978-83ല്‍ ആറാം പദ്ധതിയില്‍ ജനതാ സര്‍ക്കാരിന്റ കാലത്ത് തൊഴില്‍ പദ്ധതികള്‍ക്ക് പ്രാധാന്യം നല്കി. എന്നാല്‍ ഏഴാം പദ്ധതി (1985-90) തൊഴില്‍ നയങ്ങളെ അവഗണിക്കുകയായിരുന്നു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും അനേകായിരങ്ങള്‍ തൊഴിലില്ലാത്തവരുമായി തീരുകയും ചെയ്തു. തൊഴില്‍ അന്വേഷിക്കുന്നവരുടെ എണ്ണം 34.24 ലക്ഷത്തില്‍ നിന്ന് 1999-ല്‍ 402 ലക്ഷമായി വര്‍ദ്ധിക്കുകയുമുണ്ടായി.
രാജ്യം സ്വയം പര്യാപ്തി നേടുകയെന്നത് ഓരോ പഞ്ചവത്സരപദ്ധതികളുടെയും പ്രകടന പത്രികളിലുണ്ടായിരുന്നു. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ നാം സ്വയം മുന്നേറണമെന്നുള്ള തത്ത്വമാണ് ഇതിലുള്ളത്. ഒന്നാം പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഇന്ത്യ വന്‍തോതില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. അതുപോലെ കൃഷിക്കാവശ്യമുള്ള വളവും അസംസ്കൃത സാധനങ്ങളും വ്യാവസായിക മെഷീനുകളും അതിനോടനുബന്ധിച്ച ഉപകരണങ്ങളും പുറം രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. അതിനാല്‍, വ്യവസായ നയങ്ങളില്‍ ഇന്ത്യക്ക് എന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പോരായ്മകളുണ്ടായിരുന്നു. വിദേശ നാണയങ്ങളും അപര്യാപ്തമായിരുന്നു. ഇറക്കുമതി കുറച്ചുകൊണ്ടുള്ള സാമ്പത്തിക സ്വയം പര്യാപ്തതയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നാലു പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കിയിട്ടും ഇന്ത്യ വിഭാവനം ചെയ്ത ലക്ഷ്യം നേടാന്‍ സാധിച്ചിരുന്നില്ല.
പഞ്ചവത്സര പദ്ധതികളില്ക്കൂടിയുള്ള വ്യവസായ നവീകരണം മൂലം നിരവധി നിലവിലുള്ള വ്യവസായങ്ങളെ പുനരുദ്ധരിക്കേണ്ടി വരുന്നു. വിദേശ സഹായത്തോടെയുള്ള നവീകരണ ടെക്നോളജികളും ആവശ്യമായി വരുന്നു. കൃഷി കാര്യങ്ങളിലും ഊര്‍ജത്തിലും ആധുനിക ടെക്നോളജികള്‍ നടപ്പിലാക്കിയെന്നുള്ളത് ശരി തന്നെ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പൂര്‍ണ്ണമായ വ്യവസായ ആവശ്യത്തിനുള്ള ടെക്നോളജി നടപ്പാക്കുക എളുപ്പമല്ല. രാജ്യം മുഴുവന്‍ ഗുരുതരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നു. ദാരിദ്യം അങ്ങേയറ്റവും. വ്യവസായങ്ങള്‍ ആധുനിവല്ക്കരിക്കുമ്പോള് തൊഴില്‍ മേഖലകള്‍ ഇല്ലാതാകും. തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യും. ഒരിടത്ത് നവീകരണത്തിനു ശ്രമിക്കുമ്പോള്‍ മറ്റൊരിടത്ത്, തൊഴിലില്ലായ്മയും ദാരിദ്ര്യവും നീക്കപ്പെടുന്നതില്‍ പരാജയപ്പെടുന്നു.
പന്ത്രണ്ടു പദ്ധതികളാണ് നാളിതു വരെ നടപ്പാക്കിയിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ പഞ്ചവത്സര പദ്ധതികളുടെ അന്തഃസത്ത ഇല്ലാതാക്കിയിരിക്കുന്നു. പന്ത്രണ്ടാം പദ്ധതിയെ ഇന്ത്യയുടെ അവസാനത്തെ പദ്ധതിയെന്ന് പറയാം. പതിമൂന്നാം പദ്ധതി രാജ്യക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കു പകരം രാജ്യത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കാനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഓരോ പഞ്ചവത്സര പദ്ധതികളുടെയും രത്നച്ചുരുക്കം താഴെ വിവരിക്കുന്നു:
1. 1951 ഡിസംബര്‍ എട്ടാം തിയതി ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി നെഹ്റു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആദ്യ പഞ്ചവത്സര പദ്ധതി നടപ്പാക്കിയത് 1951 മുതല്‍ 1956 വരെയുള്ള കാലഘട്ടത്തിലായിരുന്നു. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, ഭക്ഷണം അപര്യാപ്തത, വിലപ്പെരുപ്പം എന്നീ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ജനപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കുടുംബാസൂത്രണ പദ്ധതികളും ആവിഷ്ക്കരിച്ചു. ഇന്ത്യ പാകിസ്ഥാന് മൂലമുണ്ടായിരുന്ന വിഭജന കെടുതികളില്‍ നിന്നും ഇന്ത്യക്ക് മോചനം നേടേണ്ടതുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങളിലും കരകയറേണ്ട ആവശ്യമുണ്ടായിരുന്നു. അഭയാര്‍ഥികളെ പാര്‍പ്പിക്കുക എന്നുള്ള പ്രശ്നങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിരുന്നു. കൃഷികള്‍ വികസിപ്പിക്കുകയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും വിലപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഭക്രാനംഗല്‍, ഹിരാക്കുഡ് എന്നീ അണക്കെട്ടുകള്‍ പണി കഴിപ്പിച്ചു. കൂടാതെ ദാമോദര്‍ വാലി പദ്ധതിക്ക് രൂപകല്‍പ്പന ചെയ്തു. 1953ല്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന് രൂപീകരിച്ചു. ഒന്നാം പഞ്ചവത്സര പദ്ധതി വളരെയേറെ വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ടിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷം താറുമാറായ ഇന്ത്യയുടെ ആവിഷ്ക്കാര പദ്ധതികള്‍ നടപ്പാക്കുന്നതും ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. രാഷ്ട്രത്തിനു മൊത്തം പുനര്‍ നിര്‍മ്മാണത്തിന്റെ ആവശ്യവുമുണ്ടായിരുന്നു.
2. രണ്ടാം പദ്ധതി 1956 മുതല്‍ 1961 വരെയുള്ള കാലഘട്ടത്തിലായിരുന്നു. വ്യവസായവല്‍ക്കരണമായിരുന്നു ലക്ഷ്യം . പൊതു മേഖലയ്ക്ക് പ്രാധാന്യം കല്പിച്ചുകൊണ്ട് സമ്മിശ്രിത സാമ്പത്തികവല്‍ക്കരണത്തിനു പ്രാധാന്യം നല്‍കിയിരുന്നു. സ്വകാര്യ വ്യവസായവല്‍ക്കരണവും പ്രോത്സഹിപ്പിച്ചിരുന്നു. ഒരു ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവും പദ്ധതി തയ്യാറാക്കുമ്പോളുണ്ടായിരുന്നു. വലിയ തോതിലുള്ള വ്യവസായങ്ങള്‍ക്കും വ്യവസായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കിയിരുന്നു. ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണ ഫാക്ടറികളും രാസ നിര്‍മ്മാണ ഫാക്ടറികളും സ്ഥാപിക്കാനും പദ്ധതികളിട്ടു. അതുപോലെ യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്കും പ്രാധാന്യം നല്കി. നൂതനമായ വ്യവസായ പദ്ധതികള്‍ ആവിഷ്ക്കരിച്ചത് രണ്ടാം പഞ്ച വത്സര പദ്ധതി കാലത്താണ്. വളര്‍ച്ച നിരക്ക് 4.5 ശതമാണ്, ലക്ഷ്യമിട്ടതെങ്കിലും 4.27 ശതമാനം മാത്രമേ കൈവരിക്കാന്‍ സാധിച്ചുള്ളൂ. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഉരുക്കുവ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിച്ചു. ഭിലായ്, റൂര്‍ക്കല, ദുര്‍ഗാപ്പൂര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി. പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സോവിയറ്റ് യൂണിയന്, ബ്രിട്ടന്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സഹായങ്ങളുമുണ്ടായിരുന്നു.
3. 1961 മുതല്‍ 1966 വരെ മൂന്നാം പദ്ധതിയുടെ കാലഘട്ടമായിരുന്നു. സാമ്പത്തിക സ്വയം പര്യാപ്തത നേടുകയെന്നതു ലക്ഷ്യമായിരുന്നു. അതുപോലെ സാമ്പത്തിക നേട്ടങ്ങള്‍ക്കായുള്ള കര്‍മ്മ പരിപാടികളും തുടങ്ങി വെച്ചു. എന്നിരുന്നാലും രണ്ടാം പദ്ധതിയിലെ കൃഷി വികസന ആസൂത്രണ പദ്ധതികള്‍ വേണ്ടത്ര വികസിച്ചില്ല. അത് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് തടസമായി നിന്നു. അതുകൊണ്ട് മൂന്നാം പദ്ധതിയിലും കൃഷിക്ക് പ്രാധാന്യം നല്‍കേണ്ടി വന്നു. 1961ലെ ഇന്ത്യ ചൈന യുദ്ധം മൂലം പഞ്ചവത്സര പദ്ധതികള്‍ക്ക് നീക്കി വെച്ചിരുന്ന ഫണ്ടുകള്‍ ചെലവാക്കേണ്ടി വന്നു. 1965-66 ലെ ഇന്‍ഡോ പാക്ക് യുദ്ധം മൂലവും വികസന പദ്ധതികള്‍ക്കു തടസം വന്നു. പോരാഞ്ഞ്, 1965-1966 ല്‍ കനത്ത വരള്‍ച്ച കാരണം കൃഷികളും നശിച്ചു. അത് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ഭക്ഷ്യക്ഷാമം വരാനും കാരണമായി. മൂന്നാം പദ്ധതി അപൂര്‍ണ്ണമാവുകയും അതിന്റെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു. ചൈനയും പാക്കിസ്ഥാനും ഇന്ത്യയോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടതിനാല്‍ വളര്‍ച്ച നിരക്ക് വളരെ മോശമായിരുന്നു. 5.6 ശതമാനം പ്രതീക്ഷിച്ചിടത്ത് 2.4 ശതമാനം വളര്‍ച്ച നേടാന്‍ മാത്രമേ സാധിച്ചുള്ളൂ. രാഷ്ട്രീയമായ അസ്ഥിരതയുമുണ്ടായിരുന്നു. നെഹ്റു, നന്ദ, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നീ പ്രധാനമന്ത്രിമാര്‍ മൂന്നാം പഞ്ചവത്സര പദ്ധതികളെ അതാത് കാലങ്ങളില്‍ നയിച്ചു. ഹരിതക വിപ്ലവം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. 1965ലെ പാക്കിസ്താനുമായുള്ള യുദ്ധം മൂലം നാലാം പദ്ധതി ആരംഭിക്കാന്‍ സാധിച്ചില്ല.
1966ല്‍ നാലാം പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്ന വേളയില്‍ വരള്‍ച്ചയും രൂപയുടെ മൂല്യം കുറച്ചതും വിലപ്പെരുപ്പവും, സാമ്പത്തിക അപര്യാപ്തതയും മൂലം പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്തു. അതുകൊണ്ടാണ് 1966 മുതല്‍ മൂന്നു വര്‍ഷം സര്‍ക്കാര്‍ വാര്‍ഷിക പദ്ധതികള്‍ക്കായി രൂപകല്‍പ്പന ചെയ്തത്. ഈ കാലഘട്ടത്തെ പദ്ധതിയുടെ അവധിക്കാലമെന്നും പറയാം.
4. 1969 മുതല്‍ 1974 വരെയുള്ള നാലാം പദ്ധതിയില്‍ ഭക്ഷണം ഇറക്കുമതി നിര്‍ത്തല്‍ ചെയ്യാന്‍ കരടുരൂപം തയ്യാറാക്കിയിരുന്നു. എന്നാല്‍ നാലാം പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലക്ഷ്യപ്രാപ്തിയിലെത്തുകയും ചെയ്തു. 1971ല്‍ പി.എല്‍. 480 പ്രകാരമുള്ള ധാന്യം ഇറക്കുമതി പരിപൂര്‍ണ്ണമായും നിര്‍ത്തല്‍ ചെയ്തു. ദേശീയ വരുമാന വളര്‍ച്ചയും രാജ്യത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയെന്നതും നാലാം പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ദേശീയ വരുമാനം 5.5 നേടുക എന്നതായിരുന്നു ലക്ഷ്യം. അതുപോലെ സമൂഹത്തിലെ താണവരായവരെയും ദരിദ്രരെയും പുനരുദ്ധരിക്കുക എന്നതും ലക്ഷ്യമിട്ടിരുന്നു. ‘ഗരീബി ഹട്ടാവോ’ എന്നും ഈ പദ്ധതിക്ക് മുദ്ര നല്‍കിയിരുന്നു. ദൗര്‍ഭാഗ്യ വശാല്‍ 1971-1972ല്‍ മറ്റൊരു ഇന്ത്യ പാക്കിസ്ഥാന് യുദ്ധമുണ്ടായി. അത് സാമ്പത്തികം തകര്‍ക്കുകയും നാലാം പദ്ധതിയ്ക്ക് തടസ്സമാവുകയുമുണ്ടായി. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത നേടുകയെന്നതും പദ്ധതിയുടെ പ്രത്യേകതയായിരുന്നു. കൃഷിയില്‍ ഇറക്കുമതി ആശ്രയിക്കാതെ രാജ്യത്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും തയ്യാറാക്കിയിരുന്നു. വ്യവസായ പുരോഗതിയ്ക്കും വ്യവസായ ഉല്‍പ്പന്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതിയിട്ടിരുന്നു. 3.8 ശതമാനം മാത്രം ഈ പദ്ധതി കാലത്ത് ഇന്ത്യ വളര്‍ച്ച നേടി.
5.1974 മുതല്‍ 1979 വരെയുള്ള കാലഘട്ടം അഞ്ചാം പദ്ധതിയായി ആസൂത്രണം ചെയ്തു. അഞ്ചാം പദ്ധതിയുടെ അടിസ്ഥാന ഉദ്ദേശ്യവും സ്വയം പര്യാപ്തി പ്രാപിക്കുകയെന്നതായിരുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി ധാന്യ വിളകളുടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. അത്യാവശ്യമുള്ള ഉപഭോഗ വസ്തുക്കളും, അസംസ്കൃത വസ്തുക്കളും മാത്രം ഇറക്കുമതി ചെയ്തിരുന്നു. കയറ്റുമതിയെ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചു. അതുമൂലം വിദേശനാണ്യവും നേടാനുള്ള ശ്രമമുണ്ടായിരുന്നു. ജിഡിപി വര്‍ദ്ധിപ്പിക്കുക, രാജ്യത്തിന്റെ വരുമാനം സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്കും നീതിപൂര്‍വം വിതരണം ചെയ്യുക, സ്വാശ്രയം നടപ്പാക്കുക മുതലായവകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, ദേശീയ സുരക്ഷാ പദ്ധതികള്‍, നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു . ഭവന രഹിതര്‍ക്ക് വീടുകള്‍, കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം മുതലാവകള്ക്കും ഫണ്ട് അനുവദിച്ചു. പദ്ധതി കൂടാതെ 1978 മുതല്‍ 1980 വരെ മറ്റൊരു വാര്‍ഷിക പദ്ധതിയും നടപ്പാക്കി. ഇത് മുന്‍വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ സാധിക്കാഞ്ഞ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു. ദാരിദ്ര്യം ഉന്മൂലനം ചെയ്യണമെന്നുള്ള ലക്ഷ്യമുണ്ടായിരുന്നു. 1975 ല്‍ ഇന്ദിരാഗാന്ധി ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ ഇരുപതിന പരിപാടികള്‍ നടപ്പാക്കിയിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ക്ക് കാലതാമസം നേരിട്ടിരുന്നു. ‘ഗരീബി ഹഠാവോ’ ഈ പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു. ശരാശരി 5.1 ശതമാനം വളര്‍ച്ച നിരക്ക് നേടി.
1978-80ല്‍ മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നപ്പോള്‍ പഞ്ചവത്സര പദ്ധതികള്‍ അവസാനിപ്പിച്ചിരുന്നു. പകരം റോളിംഗ് പദ്ധതി നടപ്പാക്കി. എന്നാല്‍ 1980 ല്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതികള്‍ പുനരാരംഭിക്കുകയും ചെയ്തു.
6. 1980 മുതല്‍ 1985 വരെയുള്ള കാലഘട്ടം ആറാം പദ്ധതി കാലമാണ്. സാമ്പത്തിക തലങ്ങളില്‍ ഉള്ള ഫ്യൂഡല്‍ വ്യവസ്ഥിതി അവസാനിപ്പിക്കുക എന്നതായിരുന്നു ആറാമത്തെ പദ്ധതിയുടെ കരടു പത്രികയില്‍ തയ്യാറാക്കിയിരുന്നത്. കൊളോണിയല്‍ സാമ്പത്തിക ശാസ്ത്രത്തില്‍നിന്നും പൂര്‍ണ്ണമായ ഒരു വിടുതലും ആവശ്യമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാനപരമായ ഒരു ആധുനിവല്‍ക്കരണവും ലക്ഷ്യമിട്ടിരുന്നു. വ്യവസായങ്ങള്‍ ആധുനികരിക്കാനും പദ്ധതി മുന്‍ഗണന നല്കി. ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ദാരിദ്ര്യം തുടച്ചു നീക്കുകയും ലക്ഷ്യങ്ങളായിരുന്നു. ഗ്രാമീണ പദ്ധതിയനുസരിച്ച് എല്ലാ ഗ്രാമങ്ങളെയും തുല്യമായി പരിഗണിക്കണമെന്നുമുണ്ടായിരുന്നു. കാര്‍ഷിക മേഖലകള്‍ സാങ്കേതിക വിദ്യ ഉപയോഗിപ്പിച്ച് മെച്ചമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടു. ഗ്രാമീണ സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും മെച്ചമായ ജീവിത സൗകര്യത്തിനായി ഫണ്ട് അനുവദിച്ചു.
7. ഏഴാം പദ്ധതി 1985ല്‍ തുടങ്ങി 1990ല്‍ അവസാനിക്കുന്നു. മനുഷ്യാവകാശങ്ങളും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലും സാമൂഹിക തലങ്ങളില്‍ തുല്യ നീതിയും നടപ്പാക്കുന്നതും പദ്ധതിയുടെ നക്കലിലുണ്ടായിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ വര്‍ദ്ധനവും പ്രതീക്ഷിച്ചു. ഈ പദ്ധതി കാലത്ത് ഇന്ത്യക്ക് വാര്‍ത്താ വിനിമയ കാര്യത്തില്‍ പുരോഗതി നേടാന്‍ സാധിച്ചു. സാമ്പത്തിക വളര്‍ച്ച 5.9 ശതമായിരുന്നു. തൊഴിലുകളും ഉല്‍പ്പാദന മേഖലകളും വര്‍ദ്ധിപ്പിക്കാനുള്ള ലക്ഷ്യങ്ങളുമുണ്ടായിരുന്നു. സാമൂഹിക നീതി, സ്വാശ്രയം, ആധുനിവല്‍ക്കരണം മുതലാവകളും നടപ്പിലാക്കണമായിരുന്നു.
8.1992 മുതല്‍ 1997 വരെ എട്ടാം പദ്ധതികള്‍ തുടങ്ങി വെച്ചു. എന്നാല്‍ കേന്ദ്രത്ത്രില് രാഷ്ട്രീയ മാറ്റങ്ങളും സര്‍ക്കാര്‍ മാറ്റങ്ങളും കാരണം പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ തടസങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് പ്ലാനിങ് കമ്മീഷനില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. ഒടുവില്‍ 1992ല്‍ എട്ടാം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അക്കാലത്ത് രാജ്യം ഒരു സാമ്പത്തിക അരാജകത്വത്തില്‍ പോയിരുന്നു. സര്‍ക്കാര്‍, പുതിയ പരീക്ഷണങ്ങളോടെ സാമ്പത്തിക തലങ്ങള്‍ മറ്റൊരു ദിശയില്‍ക്കൂടി നയിച്ചിരുന്നു. വ്യവസായങ്ങളെ ആധുനിവല്‍ക്കരിക്കുക ലക്ഷ്യമായിരുന്നു. സ്വയം തൊഴിലുകള്‍ കണ്ടുപിടിക്കുന്നതിനും പ്രായോഗി പരിശീലനം നല്‍കുന്നതിനും പദ്ധതി ലക്ഷ്യങ്ങളിലുണ്ടായിരുന്നു. ജനസംഖ്യ നിയന്ത്രണവും പ്രധാന അജണ്ടകളില്‍ ഉള്‍പ്പെടുത്തി. 1993ല്‍ നരസിംഹ റാവുവിന്റെ കാലത്ത് ‘പഞ്ചായത്ത് രാജ്’ വന്നു.1992ലാണ് ‘നാഷണല്‍ സ്റ്റോക്ക് എക്ചേഞ്ച്’ സ്ഥാപിച്ചത്.
9.1997 മുതല്‍ 2002 വരെയായിരുന്നു ഒമ്പതാം പദ്ധതി നടപ്പാക്കിയ കാലം. ആരോഗ്യ സംരക്ഷണം, ശുദ്ധജലം ലഭ്യമാക്കുക, പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്നെല്ലാം ലക്ഷ്യങ്ങളായിരുന്നു. ദരിദ്രര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുന്നതും പദ്ധതികളിലുണ്ടായിരുന്നു. ഗ്രാമീണ റോഡുകള്‍ പരസ്പരമുള്ള ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനു കാരണമായി. സൗത്ത് ഏഷ്യയിലെ സാമ്പത്തിക തകരാറുകള്‍ ഇന്ത്യന്‍ എക്കണോമിയെയും ബാധിച്ചിരുന്നു. ഉദാരവല്‍ക്കരണം മൂലം ഇന്ത്യ മുഴുവന്‍ വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ശുദ്ധ ജലം, പ്രാഥമികമായ മെഡിക്കല്‍ സഹായം, നിര്‍ബന്ധിത പ്രൈമറി വിദ്യാഭ്യാസം, വീടില്ലാത്തവര്‍ക്ക് വീട്, മുതലായവകള്‍ നടപ്പാക്കാനും പദ്ധതിയിട്ടു. കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം കൊടുക്കുന്നതിള്ള ഫണ്ടുകളും നീക്കി വെച്ചു. കൃഷിക്ക് മുന്‍ പദ്ധതികള്‍ പോലെ ഈ പദ്ധതിയിലും പ്രാധാന്യവും കല്പിച്ചിരുന്നു.
10. പത്താം പദ്ധതി 2002 മുതല്‍ 2007 വരെയുള്ള കാലഘട്ടമാണ്. പൊതു ജനങ്ങളുടെ പങ്കാളിത്തം, ഭക്ഷ്യ ധാന്യ വിളകള്‍ വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സുരക്ഷാ പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ ആസൂത്രണ പരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. അടുത്ത പത്തു വര്‍ഷം കൊണ്ട് ആളോഹരി വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ആധുനിക ജീവിത സൗകര്യങ്ങളോടെയുള്ള വളര്‍ച്ചകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
11. 2007 മുതല്‍ 2012 വരെ പതിനൊന്നാം പദ്ധതിയുടെ ആസൂത്രണ കാലഘട്ടമായിരുന്നു. നാനാ ജാതി ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്ര പദ്ധതിക്കായിരുന്നു തുടക്കമിട്ടിരുന്നത്. ‘പ്രസവത്തോടെ’യുള്ള മാതൃ മരണങ്ങള് കുറയ്ക്കാനുള്ള മെഡിക്കല്‍ ഫണ്ടുകളും അനുവദിച്ചിരുന്നു. വര്‍ദ്ധിച്ചു വരുന്ന ജനന നിരക്കു നിയന്ത്രിക്കാനും കുടുംബാസൂത്രണ പദ്ധതികള്‍ ബലപ്പെടുത്താനും മുന്‍ഗണനയുണ്ടായിരുന്നു. ശുദ്ധജലം സംഭരിച്ച് നാടിന്റെ നാനാ ഭാഗത്തും വിതരണം ചെയ്യാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചു. പതിനൊന്നാം പഞ്ചവത്സര പദ്ധതി സാമ്പത്തിക വളര്‍ച്ച ഏറ്റവും നേടിയ കാലഘട്ടമായിരുന്നു. ദേശീയ വളര്‍ച്ച പ്രതീക്ഷിച്ചതിലും വളരെയേറെയായിരുന്നു. 9 ശതമാനം വളര്‍ച്ചയുണ്ടായി. ആളോഹരി വരുമാനം 7.5 ശതമാനവും വര്‍ദ്ധിച്ചു. സാധാരണക്കാരുടെ ജീവിത നിലവാരത്തിനും മാറ്റമുണ്ടായി. ദാരിദ്ര്യം ഇല്ലാതാക്കി തൊഴിലുകള്‍ കണ്ടെത്തുക എന്നത് ലക്ഷ്യമായിരുന്നു. പാവങ്ങള്‍ക്കുള്ള വിദ്യാഭ്യാസവും ആരോഗ്യ പദ്ധതികളും നടപ്പാക്കണമായിരുന്നു. ഗ്രാമീണര്‍ക്ക് തൊഴില്‍ പദ്ധതികള്‍ ആരംഭിച്ചു. പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീ സമത്വവും ഒപ്പം കാര്യക്ഷമതയുള്ള ഭരണ സംവിധാനവും പദ്ധതികളുടെ ഭാഗമായിരുന്നു.
12. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17)യില്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയിരുന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. ഒമ്പതു ശതമാനം വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചു. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നു. കൃഷിയില്‍ നാലുശതമാനം വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയും ആസൂത്രണം ചെയ്തിരുന്നു. വികസന പദ്ധതികളും പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മാറി. സാമൂഹിക സേവന മേഖലകളുടെ വളര്‍ച്ചയും പരിഗണനയില്‍പ്പെടുത്തിയിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കു പകരം രാജ്യത്തെ ശക്തിമത്താക്കാന്‍ പ്രതിരോധത്തിനു പ്രാധാന്യം നല്കിയിരിക്കുന്നു. 2020 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധത്തിനായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് 65.86 ബില്യണ്‍ ഡോളര്‍ (₹471,378 crores) ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 47.7 ലക്ഷം കോടി (477,000 crores) രൂപയായിരുന്നു പന്ത്രണ്ടാം പദ്ധതിയുടെ ബഡ്ജറ്റ്. അത് പതിനൊന്നാം പദ്ധതിയെക്കാള്‍ 135 ശതമാനം കൂടുതലായിരുന്നു.
പഞ്ചവത്സര പദ്ധതികള്‍ കൊണ്ട്, ഇന്ത്യ പുരോഗതി നേടിയെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉല്പാദനം ഗണ്യമായി വര്‍ദ്ധിച്ചുവെന്നുള്ളതാണ് ഒരു നേട്ടം. ഭക്ഷണ കാര്യങ്ങളില്‍ ഇന്ത്യ സ്വയം പര്യാപ്തമാവുകയും ചെയ്തു. കൂടാതെ വ്യവസായ കാര്യങ്ങള്‍ക്കായി മറ്റുള്ള രാജ്യങ്ങളെ ആശ്രയിച്ച് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന മെഷിനറികളുടെയും മറ്റു വിലപിടിപ്പുള്ള വ്യവസായ ഉപകരണങ്ങളുടെയും ഇറക്കുമതികള്‍ നിയന്ത്രിക്കാന്‍ സാധിച്ചു. ഫാക്റ്ററികള്‍ക്ക് ആവശ്യമുള്ള പല ഉപകരണങ്ങളൂം ഇന്ത്യ സ്വയം നിര്‍മ്മിക്കാനും ആരംഭിച്ചു. എന്നാലും, മറ്റു നിരവധി കാര്യങ്ങളിലും ഇനിയും നമുക്ക് നേട്ടങ്ങള്‍ കെവരിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ വിദേശക്കടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചത് ഒരു കാരണമായിരുന്നു. അതായത്, സാമ്പത്തിക വ്യവസായങ്ങളില്‍ ഇന്ത്യ ഇനിയും സ്വയം പര്യാപ്തി നേടേണ്ടതായുണ്ട്. ഭാഗീകമായി സ്വയം പര്യാപ്തത വിജയിച്ചതല്ലാതെ ഇന്ത്യയുടെ പ്രയത്നങ്ങള്‍ നാളിതുവരെ സഫലീകരിച്ചിട്ടില്ല.
ആധുനിക ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികള്‍ ഇനി ആവശ്യമുണ്ടോ എന്നും ചോദ്യം വരുന്നു. അനേക വര്‍ഷങ്ങളായി വൈവിധ്യങ്ങള്‍ നിറഞ്ഞ കേന്ദ്രീകൃതമായ ഭാരതത്തില്‍ പഞ്ചവത്സര പദ്ധതികള്‍ക്കെതിരെ പരാതികളും ഉയര്‍ന്നിരുന്നു. പ്ലാനിംഗ് കമ്മീഷന് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതുകൊണ്ട് പലപ്പോഴും കേന്ദ്രത്തിന്റെ നയങ്ങളെ അനുകൂലിക്കാത്ത സ്റ്റേറ്റുകളെ കേന്ദ്രം തഴയാറുമുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫണ്ട് വീതിക്കുമ്പോള്‍ പദ്ധതിയുടെ പങ്ക് കൊടുക്കാറുണ്ടായിരുന്നില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply