- Malayalam Daily News - https://www.malayalamdailynews.com -

ഡല്‍ഹി കലാപത്തിന് ഉത്തരവാദിയായ ബിജെപി നേതാവ് കപില്‍ മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍

Delhi-CAA-Violence-PTI-1ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി അക്രമത്തില്‍ ഇതുവരെ 22 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അതില്‍ ഡല്‍ഹി പോലീസിന്‍റെ ഹെഡ് കോണ്‍സ്റ്റബിളും ഉള്‍പ്പെടുന്നു.

അക്രമത്തില്‍ പരിക്കേറ്റവര്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബിജെപി നേതാവ് കപില്‍ മിശ്രയാണ് ഈ അക്രമത്തിന് ഉത്തരവാദിയെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.

ജിടിബി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹരി സിംഗ് സോളങ്കിക്ക് മകന്‍ രാഹുല്‍ സോളങ്കിയെ ഈ അക്രമത്തില്‍ നഷ്ടപ്പെട്ടു. വീട്ടില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ 26 കാരനായ രാഹുല്‍ പുറത്തിറങ്ങിയപ്പോഴാണ് കഴുത്തിന് വെടിയേറ്റത്.

അക്രമത്തിന് പ്രേരിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം ബിജെപി നേതാവ് കപില്‍ മിശ്രയാണെന്ന് സോളങ്കിയുടെ കുടുംബം പറഞ്ഞു. മാത്രമല്ല, മറ്റ് കുടുംബങ്ങളും പരിക്കേറ്റവരുടെ ബന്ധുക്കളും മിശ്രയാണ് ഈ അക്രമണത്തിന്റെ ഉത്തരവാദിയെന്നും, കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Screenshot-395

മജ്പൂർ ലാൽബട്ടിക്ക് സമീപം ബിജെപി നേതാവ് കപിൽ മിശ്രയും ഡിസിപി (നോർത്ത് ഈസ്റ്റ്) വേദ് പ്രകാശ് സൂര്യയും

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ നിരവധി പേര്‍ക്ക് മക്കളെ നഷ്ടപ്പെടുമെന്ന് ഹരി സിംഗ് സോളങ്കി മാധ്യമങ്ങളോട് പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും സോളങ്കി പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം മുതല്‍ നടന്ന അക്രമത്തില്‍ ഇതുവരെ ഇരുപത്തിരണ്ട് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 250 ലധികം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ ജിടിബി ആശുപത്രി, ലോക്നായക് ആശുപത്രി, ജഗ് പ്രവേഷ് ചന്ദ്ര ആശ്രുപത്രി, പട്പര്‍ഗഞ്ചിലെ മാക്സ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

അക്രമത്തിന് ശേഷം ഏറ്റവും കൂടുതല്‍ രോഗികളെ ജിടിബി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും വെടിയേറ്റവരാണെന്ന് ജിടിബി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍ പറഞ്ഞു. ഇതുവരെ 150 രോഗികളെ പ്രവേശിപ്പിച്ചതില്‍ നിന്ന് 13 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ പകുതിയിലധികം പേര്‍ക്കും വെടിയേറ്റതാണ്.

52 കാരനായ സലിം ഖാന്‍ പറയുന്നത് കപില്‍ മിശ്രയുടെ പ്രസംഗമാണ് അക്രമത്തിന് കാരണമെന്നാണ്. സലീമിന്‍റെ 32 കാരനായ മകന്‍ ആസിഫ് അക്രമത്തില്‍ മരിച്ചു. മിശ്രയുടെ പ്രസംഗത്തിനുശേഷം ഞങ്ങളുടെ പ്രദേശത്തെ സ്ഥിതി അക്രമാസക്തമായി … സുഹൃത്തുക്കളെപ്പോലെ താമസിക്കുന്ന അയല്‍ക്കാര്‍ പോലും പരസ്പരം ഏറ്റുമുട്ടിയെന്ന് സലിം ഖാന്‍ പറയുന്നു.

19 കാരനായ വിവേക് ചൗധരിയുടെ തലയ്ക്കാണ് അടിയേറ്റത്. ചൊവ്വാഴ്ച രാവിലെ അദ്ദേഹം ശിവ് വിഹാറിലേക്ക് പോവുകയായിരുന്നുവെന്നും, കാരവല്‍ നഗറില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു സംഘം തന്നെ തടഞ്ഞുനിര്‍ത്തി പേരും ഐഡിയും ആവശ്യപ്പെട്ടതായും വിവേക് അത് ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ ആക്രമിച്ചെന്നും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]