കൊച്ചി: യുവനടിയെ വാഹനയാത്രക്കിടെ ആക്രമിച്ച കേസില്‍ പതിനൊന്ന് മണിയോടെ സാക്ഷിവിസ്താരം തുടങ്ങി. മൊഴി നല്കാന് ഒമ്പതേ മുക്കാലോടെ തന്നെ മഞ്ജു വാര്യര്‍ കോടതിയിലെത്തിയിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമായിരുന്നു ചര്‍ച്ച.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. യുവനടി അക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് താര സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും ജയിലിലാക്കുന്നതും.
സാക്ഷിവിസ്താരത്തിനിടെ മഞ്ജു വാര്യര്‍ ഇക്കാര്യം കോടതിയിലും ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതില്‍ ഈ മൊഴി നിര്‍ണ്ണായകവും ആണ്.
5 വര്‍ഷം മുമ്പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തില്‍ തന്നെയാണ് നടിയെ ആക്രമിച്ച കേസും പരിഗണിക്കുന്നത് .
സിദ്ദിഖ് , ബിന്ദു പണിക്കര്‍ എന്നിവരുടെ സാക്ഷിവിസ്താരവും ഇന്ന് (വ്യാഴാഴ്ച) തന്നെ നടക്കും.