ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ‘പുരസ്കാരസന്ധ്യ 2020’, ഫെബ്രുവരി 29 ന് കോട്ടയത്ത്; കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു

puraskaram1ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാകാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ‘പുരസ്കാര സന്ധ്യ 2020’ ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കോട്ടയത്ത് ഹോട്ടല്‍ അര്‍കാഡിയയില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങില്‍ മലയാള കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നല്‍കി ആദരിക്കുന്നു.

ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ജനറല്‍ കോഓഡിനേറ്റര്‍ റജി നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നടത്തും. ലണ്ടന്‍ മലയാള സാഹിത്യവേദി കോഓഡിനേറ്ററും പത്താം വാര്‍ഷികാഘോഷങ്ങളുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററുമായ സി.എ. ജോസഫ് സ്വാഗതവും, പുരസ്കാര സന്ധ്യയുടെ കോഓര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിപ്രകാശനവും ചെയ്യും.

പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം.പി യും മുന്‍ കേരള സര്‍ക്കാര്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. പോള്‍ മണലിലും ആശസകള്‍ നേര്‍ന്ന് സംസാരിക്കും.

കിളിരൂര്‍ രാധാകൃഷ്ണന്‍ (സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭവനക്ക്), കെ.എ. ഫ്രാന്‍സിസ് (ചിത്രരചനാ രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നല്‍കിയ സമഗ്ര സംഭവനക്ക്), കാരൂര്‍ സോമന്‍ (സാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭവനക്ക്), മാത്യു നെല്ലിക്കുന്ന് (സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നല്‍കിയ സമഗ്ര സംഭവനക്ക്), ജോസ് പുതുശ്ശേരി (സാംസ്കാരിക രംഗത്തും പത്രപ്രവര്‍ത്തന രംഗത്തും നല്‍കിയ സമഗ്ര സംഭവനക്ക്) എന്നിവരെ പുരസ്കാരം നല്‍കി ആദരിക്കും.

കിളിരൂര്‍ രാധാകൃഷ്ണന്‍ ചെറുകഥാ സമാഹാരങ്ങള്‍, നോവലുകള്‍, വിവര്‍ത്തനങ്ങള്‍, ബാല സാഹിത്യകൃതികള്‍ അടക്കം നൂറോളം കൃതികളുടെ രചയിതാവും പുസ്തക പ്രസാധക രംഗത്ത് സാമ്യമില്ലാത്ത വ്യക്തിയുമാണ്. രണ്ടു തവണ ഭീമാ ബാലസാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ കിളിരൂര്‍ രാധാകൃഷ്ണന്‍ 20 വര്‍ഷം ഡി.സി ബുക്സിന്‍റെ ജനറല്‍ മാനേജരായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

കെ.എ. ഫ്രാന്‍സിസ് കേരളം അറിയുന്ന ചിത്രകാരനും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമാണ്. മലയാള മനോരമ ആഴ്ചപ്പതിപ്പിന്‍റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്.

കാരൂര്‍ സോമന്‍ പ്രവാസി ആണെങ്കിലും മലയാള സാഹിത്യരംഗത്ത് 50 ല്‍പരം കൃതികളുടെ രചയിതാവാണ്. സാഹിത്യത്തിന്‍റെ സമസ്ത മേഖലകളിലും കൃതികള്‍ രചിച്ച കാരൂര്‍ സോമന്‍ ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും നിരന്തരം എഴുക്കൊണ്ടിരിക്കുന്നു. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ലണ്ടനില്‍ താമസിക്കുന്നു.

മാത്യു നെല്ലിക്കുന്ന് അമേരിക്കയില്‍ ടെക്സസ്സിലെ ഹൂസ്റ്റണില്‍ താമസിക്കുന്നു. 1974 ല്‍ അമേരിക്കയില്‍ എത്തിയ മാത്യു നെല്ലിക്കുന്ന് നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനും ആയ അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തും വളരെ സജീവമാണ്. നിരവധി പ്രസിദ്ധീകരണങ്ങളുടെ ചുമതലകള്‍ വഹിക്കുന്ന മാത്യു നെല്ലിക്കുന്ന് നോവല്‍, കഥ, ഹാസ്യം, ലേഖനം എന്നീ സാഹിത്യ ശാഖകളില്‍ 20 ല്‍ പരം കൃതികള്‍ രചിച്ചിട്ടുണ്ട്.

ജോസ് പുതുശ്ശേരി യൂറോപ്പിലെ സാംസ്കാരിക കലാ രംഗത്ത് പകരം വെക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയാണ്. പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു. കേരളം സര്‍ക്കാര്‍ രൂപം കൊടുത്ത ലോക കേരള സഭയിലെ അംഗവുമായ ജോസ് പുതുശ്ശേരി നിരവധി സാഹിത്യ സമ്മേളനങ്ങള്‍ ജര്‍മനിയില്‍ നടത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ആധുനിക കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഡിജിറ്റല്‍ യുഗത്തിന്‍റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ലണ്ടന്‍ മലയാള സാഹിത്യവേദി നിരവധി കര്‍മ്മപരിപാടികള്‍ക്കാണ് രൂപം കൊടുക്കുന്നത്. നിരവധി സര്‍ഗ്ഗാത്മക പരിപാടികളിലൂടെ യുകെയിലെ പ്രമുഖ സംഘടനകളില്‍ ഒന്നായി വളര്‍ന്നിരിക്കുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തന മേഖലയില്‍ കേരളവും ഉള്‍പ്പെടുത്തി പ്രവര്‍ത്തന മേഖല വിപുലമാക്കുന്നതിന്‍റെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്ന പുരസ്കാരസന്ധ്യയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

puraskaram2


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment