Flash News

മുസ്ലിം പള്ളികളില്‍ അഞ്ചു നേരവും ബാങ്ക് വിളിയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് സിറ്റി കൗണ്‍സില്‍ പ്രാഥമിക അനുമതി നല്‍കി

February 28, 2020

Patterson City Hallന്യൂജെഴ്സി: മുസ്ലിം പള്ളികളില്‍ അഞ്ചു നേരവും ബാങ്ക് (അദാന്‍) വിളിയ്ക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സിന് പാറ്റേഴ്സണ്‍ സിറ്റി കൗണ്‍സിലില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ചു.

കൗണ്‍സിലര്‍ ഷാഹിന്‍ ഖാലിക്ക് അവതരിപ്പിച്ച പുതുക്കിയ ശബ്ദ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ കൗണ്‍സില്‍ അംഗങ്ങള്‍ 7-0-2 വോട്ടു ചെയ്തു. ഓര്‍ഡിനന്‍സില്‍ ഇങ്ങനെ പറയുന്നു, ‘അദാന്‍ ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനയിലേക്കുള്ള വിളികളെ ശബ്ദ മലിനീകരണ ഓര്‍ഡിനന്‍സില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.’ മുമ്പത്തെ ഓര്‍ഡിനന്‍സില്‍ രാവിലെ 6 മുതല്‍ രാത്രി 10 വരെയായിരുന്നു സമയപരിധി. എന്നാല്‍ പുതുക്കിയ ഓര്‍ഡിനന്‍സില്‍ സമയ നിയന്ത്രണം ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞയാഴ്ച ഖാലിക്ക് ഈ ഓര്‍ഡിനന്‍സ് അനുമതിയ്ക്കായി അവതരിപ്പിച്ചതിനു ശേഷം ഈ നടപടിയെ എതിര്‍ത്തുകൊണ്ട് നിരവധി പേരില്‍ നിന്ന് ടെലഫോണ്‍ കോളുകളും ഇ-മെയിലുകളും മറ്റു കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് കൗണ്‍സില്‍ പ്രസിഡന്റ് മാരിറ്റ്സ ഡാവില പറഞ്ഞു. ഇ-മെയിലുകളുടേയും ടെലഫോണ്‍ കോളുകളുടേയും ഒരു പ്രവാഹം തന്നെയായിരുന്നു എന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളിലും എതിര്‍പ്പ് രൂക്ഷമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തില്‍ ധാരാളം വിവാദങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖാലിക് പറഞ്ഞു. ഓര്‍ഡിനന്‍സിനെക്കുറിച്ച് അഭിപ്രായം പറയാന്‍ കൗണ്‍സിലിന് മുന്നില്‍ ഹാജരാകാന്‍ ജനങ്ങളെ പ്രേരിപ്പിച്ച മേയര്‍ ആന്‍ഡ്രേ സയേഗിനെ ഖാലിക് വിമര്‍ശിച്ചു.

എന്നാല്‍, മേയര്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷത പ്രകടിപ്പിച്ചു. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തന്‍റെ പ്രതിച്ഛായ വളര്‍ത്താന്‍ രണ്ടാം വാര്‍ഡ് കൗണിസിലര്‍ ഖാലിക് നടത്തിയ ഗൂഢാലോചനയാണ് ഈ ഓര്‍ഡിനന്‍സ് എന്ന് വിമര്‍ശകര്‍ പറയുന്നു. 2010 ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ന്യൂജേഴ്സി സ്റ്റേറ്റ് പോലീസ് ഖാലികിനെ അറസ്റ്റ് ചെയ്തതായ വിവരം ഈ മാസം ആദ്യം പുറത്തായത് ഖാലികിന് തിരിച്ചടിയായി.

അദാന് നിലവിലുള്ള ഡെസിബെല്‍ പരിധി പാലിക്കേണ്ടതുണ്ടെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. അദാന് 80 ഡെസിബെലില്‍ കവിയാന്‍ പാടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്ക്കുകള്‍ എന്നിവയ്ക്കുള്ള ശബ്ദ ഓര്‍ഡിനന്‍സിന് മതപരമായ ഇളവുകള്‍ ഈ നടപടി നല്‍കുന്നുണ്ടെന്ന് കൗണ്‍സില്‍മാന്‍ അല്‍ അബ്ദെലസിസ് പറഞ്ഞു. മതപരമായ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ‘മണികള്‍, മണിനാദം അല്ലെങ്കില്‍ സംഗീത ഉപകരണം’ എന്നിവയുടെ ശബ്ദം നിജപ്പെടുത്തിയിട്ടുണ്ട്.

ഇത് പ്രാര്‍ത്ഥനയിലേക്ക് എല്ലാവര്‍ക്കുമുള്ള ഒരു ആഹ്വാനമാണ്. മുസ്ലീങ്ങള്‍ക്ക് മാത്രമുള്ളതല്ല, എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് അബ്ദെലാസിസ് പറഞ്ഞു.

എല്ലാവര്‍ക്കും പ്രാര്‍ത്ഥനയിലേക്കുള്ള ആഹ്വാനമാണെങ്കില്‍ അതിനെ എതിര്‍ക്കുന്നില്ല. പക്ഷെ, ഓര്‍ഡിനന്‍സിലെ ‘അദാന്‍’ എന്ന വാക്ക് ചൂണ്ടിക്കാണിച്ച് കൗണ്‍സില്‍ വുമണ്‍ ലിസ മിംസ് സംശയം പ്രകടിപ്പിച്ചു. ഈ നടപടിയെ താന്‍ എതിര്‍ക്കുന്നില്ലെന്നും, നഗരത്തിലെ മുസ്ലിം സമൂഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു.

ചില കൗണ്‍സില്‍ അംഗങ്ങള്‍ ഓര്‍ഡിനന്‍സിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്തു.

ബ്രോഡ്‌വേയിലെ മസ്ജിദ് സലാഹുദ്ദീന്‍ പതിറ്റാണ്ടുകളായി പ്രാര്‍ത്ഥനയ്ക്ക് ബാങ്ക് വിളിക്കാറുണ്ടെന്ന് കൗണ്‍സില്‍ വുമന്‍ റൂബി കോട്ടണ്‍ പറഞ്ഞു.

നിയമപാലകരില്‍ നിന്നോ മറ്റു അധികൃതരില്‍ നിന്നോ അവര്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെങ്കില്‍ പിന്നെ നമ്മളെന്തിനാണ് ഇതേക്കുറിച്ച് വേവലാതി പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് റൂബി കോട്ടണ്‍ പറഞ്ഞു. മസ്ജിദ് സലാഹുദ്ദീന്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. അദാനെക്കുറിച്ച് അവിടത്തെ താമസക്കാരില്‍ നിന്ന് ഒരിക്കലും പരാതി ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ ഏകദേശം രണ്ട് ഡസന്‍ ആളുകള്‍ പങ്കെടുത്തു. നിരവധി പേര്‍ ഇതിനെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു സംസാരിച്ചു.

കൗണ്‍സില്‍ അംഗങ്ങളായ അബ്ദെലാസിസ്, കോട്ടണ്‍, മൈക്കല്‍ ജാക്സണ്‍, ഖാലിക്ക്, മിംസ്, റിവേര, ഡാവില എന്നിവര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ മക്കോയിയും വെലസും വിട്ടുനിന്നു.

ഓര്‍ഡിനന്‍സിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മാര്‍ച്ച് 10 ന് സിറ്റി ഹാളില്‍ പൊതുയോഗം നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top